ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസവും അനുഭവവും ആണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും ദൃഷ്ടിദോഷം ബാധിക്കാം. മരങ്ങളിൽ നിറയെ പൂവിട്ട ശേഷം കായ്‌ഫലം കുറയുകയോ ഫലങ്ങൾ കേടുവന്നു ഉപയോഗ ശൂന്യമായി പോവുകയോ ചെയ്‌താൽ പഴമക്കാർ കണ്ണുകിട്ടി” എന്നു പറയും. ഇത് അന്ധവിശ്വാസമാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞാലും ആധുനിക കാലത്ത് ഒളിഞ്ഞും തെളിഞ്ഞും ദൃഷ്ടിദോഷ പരിഹാരങ്ങൾ ചെയ്യുന്നവരുണ്ട്. അവരരവരുടെ സ്വന്തം കാര്യം വരുമ്പോൾ ദോഷ സാധ്യത ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കും.
പുതിയതായി ഒരു കെട്ടിടം പണിയാൻ തുടങ്ങിയാൽ അതിനു മുന്നിൽ കോലം വയ്ക്കുന്നതും കള്ളിമുൾച്ചെടി തൂക്കുന്നതും ഷീറ്റ് ഉപയോഗിച്ച് കെട്ടി മറയ്ക്കുന്നതെല്ലാം നാം കാണാറുണ്ട്. പുതിയതായി വാഹനം വാങ്ങിയാൽ അതിന്റെ മുന്നിലായി പൂജിച്ച മാലയോ ശംഖോ ശ്രദ്ധയാകർഷിക്കുന്ന മറ്റു വസ്തുക്കളോ തൂക്കിയിടുന്നത് പതിവാണ് . ഇവയെല്ലാം ദൃഷ്ടിദോഷം ബാധിക്കാതിരിക്കാൻ ചെയ്യുന്നവയാണ്. ചില പ്രത്യേക വ്യക്തികളുടെ കൺ ദൃഷ്ടിക്ക് രൂക്ഷതയേറും. അതുപോലെ തന്നെ അസൂയാലുക്കളുടെയും ശത്രുതാ മനോഭാവവും മത്സര സ്വഭാവവും ഉള്ളവരുടെയും നിരന്തരമായ ദൃഷ്ടിയും ചില അവസരങ്ങളില് ആപത്കരമാകുവാൻ ഇടയുണ്ട്.
കുഞ്ഞുങ്ങളെ പുറത്തേക്കു കൊണ്ടുപോകുന്ന അവസരത്തിൽ കണ്ണേറ് ഏൽക്കാതിരിക്കാൻ കറുത്തപൊട്ട് ഇടുക, കരിവളകൾ അണിയിക്കുക, ഒരു പാണലിന്റെ ഇല കുഞ്ഞിന്റെ ദേഹത്തെവിടേലും മറ്റുള്ളവർ കാണാത്ത രീതിയിൽ വയ്ക്കുക എന്നീ ആചാരങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും ചെയ്തു വരാറുണ്ട്. ഗർഭിണികൾ പുറത്തിറങ്ങുമ്പോൾ കണ്ണു കിട്ടാതിരിക്കാൻ കൈയിൽ ഒരു ഇരുമ്പുകഷണമോ പാണൽ ഇലയോ കരുതാൻ പഴമക്കാർ പറയും. പുറത്തുപോയിട്ട് വരുമ്പോഴും അപരിചിതർ കുഞ്ഞിനെ കാണാൻ വരുമ്പോഴും കണ്ണേറു പറ്റാതിരിക്കാന്‍ പണ്ടുള്ളവർ ചെയ്യുന്ന ആചാരമാണ് കടുകും മുളകും ഉഴിഞ്ഞിടൽ. കടുകു തൂവാതെ ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്.
കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും എളുപ്പത്തിൽ കണ്ണേറു പറ്റാൻ സാധ്യതയുള്ളതിനാൽ 28 കെട്ട് ചടങ്ങു നടത്തുമ്പോൾ കെട്ടുന്ന കറുത്ത ചരടിൽ പഞ്ചലോഹങ്ങളും ഉൾപ്പെടുത്തുന്നു. ഇപ്രകാരം വാമൊഴിയായും പഴമക്കാരുടെ ആചാരങ്ങളായും പാരമ്പര്യമായും പ്രാദേശികമായും പകർന്നു കിട്ടിയ ഒട്ടനവധി ദൃഷ്ടിദോഷ പരിഹാര മാര്ഗങ്ങള് ഉണ്ടെങ്കിലും വളരെയധികം ഫലപ്രാപ്തിയുള്ള ദൃഷ്ടി ദുർഗാ മന്ത്രത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. ദൃഷ്ടിദോഷം ഒഴിയാൻ ഇതിലും നല്ല പരിഹാരമില്ല. അല്പം കുങ്കുമം ഒരു ഇലക്കീറിലോ തളികയിലോ എടുത്ത് അതിൽ മോതിരവിരൽ കൊണ്ട് സ്പർശിച്ചു കൊണ്ട് ഈ മന്ത്രം 108 ഉരു ജപിച്ച ശേഷം ആ കുങ്കുമം തനിക്കും മറ്റുള്ളവർക്കും വിശിഷ്യാ കൺ ദോഷം ബാധിച്ച ആൾക്കും നെറ്റിയിൽ അണിയാൻ നൽകുക. കടുത്ത ദോഷം ഉള്ളപ്പോഴും വീടിനോ സ്ഥാപനത്തിനോ ദൃഷ്ടി ദോഷം ബാധിക്കുമ്പോഴും ദൃഷ്ടി ദുർഗാ ഹോമം ഒരു കാർമികനെ കൊണ്ട് ചെയ്യിക്കുന്നതും ഉത്തമമാണ്.
ഓം ഹ്രീം ദും ദുർഗേ ഭഗവതീ
മനോഗൃഹ മന്മഥ മഥ ജിഹ്വാ
പിശാചീ രുത് സാധയോത് സാധയ
ഹിതദൃഷ്ടി അഹിതദൃഷ്ടി പരദൃഷ്ടി
സർപ്പദൃഷ്ടി സർവ്വദൃഷ്ടി
വിഷം നാശയ നാശയ ഹും ഫട് സ്വാഹാ
No comments:
Post a Comment