ഭാഗം : 58
ജഗേശ്വര്
ഉത്തര്‍ഘണ്ഡിലെ അല്‍മോറ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജഗേശ്വര്‍ ഈശ്വര ചൈതന്യമുള്ള പട്ടണമാണ്. വിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഈ ക്ഷേത്രനഗരി സമുദ്ര നിരപ്പില്‍ നിന്ന് 1870 മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്. ലകുലിശ് ശൈവിസത്തിന്‍റെ ഹൃദയകേന്ദ്രമായിരുന്നു മുന്പ് ഈ പ്രദേശമെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ശൈവിസത്തിന്‍റെ അവാന്തര വിഭാഗമാണ് ലകുലിശ് ശൈവിസം. ജതഗംഗ നദീതടത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തെ ഇവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു.
ശിവഭഗവാന്‍റെ പ്രതീകമായ 12 ജ്യോതിര്‍ലിംഗങ്ങളില്‍ എട്ടാമത്തേത് ഇവിടെയാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. നാഗേശ് എന്നറിയപ്പെടുന്ന ഈ ജ്യോതിര്‍ലിംഗത്തിന്‍റെ സാന്നിദ്ധ്യമാണ് ജഗേശ്വര പട്ടണത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ചെറുതും വലുതുമായി 124 ശിവക്ഷേത്രങ്ങളാണ് ജഗേശ്വറില്‍ ഉള്ളത്. ക്ഷേത്രനഗരം എന്ന് ജഗേശ്വറിനെ വിളിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ഒന്‍പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലെ കാലഘട്ടമാണ് ഈ ക്ഷേത്രങ്ങളുടേയെല്ലാം ചരിത്രത്തിന്‍റെ പിന്നാന്പുറം.
ദണ്ഡേശ്വര ക്ഷേത്രം, ജഗേശ്വര ക്ഷേത്രം, ഛണ്ഡികാ ക്ഷേത്രം, മഹാ മൃത്യുഞ്ജയ ക്ഷേത്രം, കുബേര ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, നന്ദദേവി ക്ഷേത്രം എന്നിവ ഇവിടത്തെ പ്രശസ്തമായ അനേകം ക്ഷേത്രങ്ങളില്‍ ചിലതാണ്. ഇവയില്‍ മൃത്യുഞ്ജയ ക്ഷേത്രമാണ് ഏറ്റവും പഴക്കം ചെന്നത്. വലിപ്പത്തില്‍ ദണ്ഡേശ്വര ക്ഷേത്രം മറ്റു ക്ഷേത്രങ്ങളെ പിന്നിലാക്കുന്നു. ഇനിയുമുണ്ട് ജഗേശ്വറില്‍ കാണാന്‍ ഒരുപാട് കാഴ്ചകള്‍. ബദ് ജഗേശ്വര ക്ഷേത്രം, പുഷ്ടി ഭഗവതി ക്ഷേത്രം, പുരാവസ്തു മ്യൂസിയം എന്നിങ്ങനെ ആ പട്ടിക നീളുന്നു.
ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തില്‍ അഥവാ ജൂലൈ 15 നും ആഗസ്റ്റ് 15 നും ഇടയില്‍ വര്‍ഷംതോറും ഇവിടെ ആഘോഷിക്കുന്ന ജഗേശ്വര്‍ മണ്‍സൂണ്‍ ഫെസ്റ്റിവല്‍ എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാണ്. കൂടാതെ മഹാശിവരാത്രിയും ഈ ശൈവഭൂമികയില്‍ അത്യധികം ഭക്ത്യാദരവോടെയും ആവേശപൂര്‍വ്വവും കൊണ്ടാടുന്നു.
വിമാനമാര്‍ഗ്ഗവും റെയില്‍, റോഡുകള്‍ വഴിയും ഈ പുണ്യഭൂമിയില്‍ സഞ്ചാരികള്‍ക്ക് അനായാസം വന്നെത്താം. പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.തീവണ്ടി യാത്രികര്‍ക്ക് അധികം ദൂരെയല്ലാതെ കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമുണ്ട്. ബസ്സ് യാത്രയില്‍ തല്‍പരരായവര്‍ക്ക് പിതോരഘര്‍, ഹല്‍ദവാനി, അല്‍മോറ എന്നീ പട്ടണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും ലഭ്യമാണ്. സുഖപ്രദമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന വേനല്‍കാലമാണ് ജഗേശ്വര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.
ജഗേശ്വറില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് നിരന്തരം ബസ്സുകളുണ്ട്. അല്‍മോറ, പിതോരഘര്‍, ഹല്‍ദവാനി എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ജഗേശ്വറിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
No comments:
Post a Comment