ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 09

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 09

ഋഷികേശ്

ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശം. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശം സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശം. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശത്തിൽ വെച്ചാണ്. 

ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് എന്ന ടൗണിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഹൈന്ദവര്‍ ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്. ചാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല. ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.

എത്തിച്ചേരാന്‍ 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര. പോകാന്‍ പറ്റിയ സമയം : മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. റാംജൂളയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.

തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.

ശ്രീരാമൻ ‌ധ്യാനിച്ച സ്ഥലം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്‍ ഇവിടെ വച്ച് ഗംഗാനദിക്ക് കറുകെ കടന്നതായും പറയപ്പെടുന്നു. ഗംഗയ്ക്ക് കുറുകേയായി റാം ജൂല, ലക്ഷ്മൺ ജൂല എന്നീ പാലങ്ങൾ ഇ‌വിടെ കാണാം.

ലക്ഷ്മൺ ഝൂല
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഋഷികേശിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ദൂരത്താണ് ലക്ഷ്മൺ ഝൂല. രാമായണ കഥയിലെ ശ്രീരാമ സോദരൻ ലക്ഷ്മണൻ കയറിൽ തൂങ്ങി നദി മുറിച്ചു കടന്നത് ഇതു വഴിയാണ് എന്ന സങ്കല്പത്തിലാണ് ഈ തൂക്കുപാലത്തിന് “”ലക്ഷ്മൺ ഝൂല”” എന്ന പേര് ലഭിച്ചത്. 1929 ൽ നിർമ്മാണം പൂർത്തിയായ ഈ ഇരുമ്പ് തൂക്കുപാലം ””തെഹ് രി ഗഡ് വാൾ മലനിരകളിലെ ”തപോവൻ ” എന്ന ഗ്രാമത്തെയും ””പൗരി ഗഡ് വാൾ മലനിരകളിലെ ”ജോങ്ക്” എന്ന ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഇപ്പോഴുള്ള തൂക്കുപാലത്തിന് മുൻപ് ഒന്നു രണ്ട് പാലങ്ങൾ ഗംഗയിലെ ജലം ക്രമാതീതമായപ്പോൾ കുത്തിയൊലിച്ചു പോയിരുന്നു. അതിനു ശേഷമാണ് കുറച്ചു കൂടി ഉയരത്തിൽ ഇപ്പോഴുള്ള പാലം പണിതത്. എന്തായാലും ഇതിന്റെ മുകളിലുടെ ചെറുവാഹനങ്ങൾ കടന്നു പോകാറുണ്ട്.

രാം ഝൂല
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മൺ ഝൂലയേക്കാൾ നീളം കൂടിയ മറ്റൊരു തൂക്കുപാലമാണ് “രാം ഝൂല” ഇതിന്റെയും നിർമ്മാണം ഇരുമ്പിലാണ്.”” ശിവനന്ദ ഗ്രാമത്തെയും””സ്വർഗ്ഗാശ്രം”” എന്ന ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതിനാണ് രാം ഝൂല നിർമ്മിച്ചത്. നിരവധി ആശ്രമങ്ങളാൽ സമ്പന്നമാണ് ഈ രണ്ടു ഗ്രാമങ്ങളും. എന്നിരുന്നാലും തൂക്കുപാലത്തിലെ മുട്ടിടിപ്പ് തന്നെയായിരിക്കും നമുക്ക് കൂട്ട്.

കുഞ്ചപുരി ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഭര്‍ത്താവായ ശിവന്‍ കൈലാസത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ സതീദേവിയുടെ ശരീരഭാഗം ഇവിടെ പതിച്ചതായി പറയപ്പെടുന്നു. സതീദേവിയുടെ കബന്ധം നിലത്തുവീണ സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

നീലകണ്ഠ മഹാദേവ ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരിടം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്താണ് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നത്.

ഋഷികുണ്ഡ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രിവേണിഘടിന് സമീപത്തുള്ള ഋഷികുണ്ഡാണ് ഇവിടെ കാണാതെ പോകരുതാത്ത മറ്റൊരു സ്ഥലം. യമുനാനദിയിലെ പുണ്യജലം നിറഞ്ഞ ഒരു കുളമാണിത്.

വസിഷ്ഠ ഗുഹ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഋഷികേശിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ ഗുഹ (വസിഷ്ഠഗുഫ).

ആശ്രമങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വസിഷ്ഠ ഗുഹയ്ക്ക് സമീപത്തായാണ് പ്രമുഖ ധ്യാന കേന്ദ്രമായ സ്വാമി പുരുഷോത്തമാനന്ദ ജിയുടെ ആശ്രമം. ശ്രീ ബാബ വിശുദ്ധ നന്ദാജി സ്ഥാപിച്ച കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം ഇവിടത്തെ കണ്ടിരിക്കേണ്ട കാഴ്ചകകളിലൊന്നാണ്. ഈ ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റൊരു പ്രധാന ആശ്രമമായ ശിവാനന്ദ ആശ്രമം സ്ഥാപിച്ചത് സ്വാമി ശിവാനന്ദയാണ്.

ഓംകാര ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1967 ല്‍ സ്ഥാപിക്കപ്പെട്ട ഓംകാരേശ്വര ക്ഷേത്രമാണ് ഋഷികേശിലെ മറ്റൊരു കാഴ്ച. സ്വാമി ഓംകാരാനന്ദയുടെ നേതൃത്വത്തിലുള്ള ഈ ആശ്രമത്തിന്റെ നടത്തിപ്പ് ഒരുകൂട്ടം ഹിന്ദുസന്യാസിമാരാണ് നിര്‍വഹിക്കുന്നത്.

ശിവപുരി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഋഷികേശിന് 16 കിലോമീറ്റര്‍ ദൂരത്തുള്ള ശിവപുരിയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ഗംഗാനദിയുടെ തീരത്തുള്ള ശിവപുരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പേരുസൂചിപ്പിക്കുന്നത് പോലെ ശിവനാണ്.

നീലകണ്ഠ മഹാദേവ ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഋഷികേശിലെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്ന്. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്താണ് നീലകണ്ഠ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സംഹാരമൂര്‍ത്തിയായ ശിവനാണ് നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

സമുദ്രനിരപ്പില്‍ നിന്നും 1330 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം. കാളകൂടം കുടിച്ച് കഴുത്ത് നീലിച്ചുപോയതിനാലാണ് ശിവന്‍ നീലകണ്ഠന്‍ എന്ന പേരിലും അറിയപ്പെടുന്നത് എന്നാണ് ഐതിഹ്യം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്ത് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നു.

മദ്യവിമുക്തമാണ് ഋഷികേശ്. ഒപ്പം ട്രാഫിക് തടസ്സങ്ങളില്ല എന്നതും ഇവിടുത്തെ അന്തരീക്ഷത്തിന് ശാന്തഭാവമേകുന്നു. ശരികുമൊരു സ്വർഗ്ഗഭൂമി. ഭാഗീരഥിയുടെ വള കിലുക്കങ്ങളിലലിഞ്ഞ് അവളുടെ പുളിനങ്ങളിൽ കിന്നാരം ചൊല്ലി, പ്രകൃതിസൗന്ദര്യത്തിന്റെ രസക്കൂട്ടുകൾ തേടി, ശുദ്ധവായു ഒന്ന് ആഞ്ഞ് ശ്വസിച്ച് ആടിപ്പാടി മതി വരുവോളം ഈ പാവനമണ്ണിൽ ചിലവഴിക്കാം.






No comments:

Post a Comment