ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 43

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 43

നൗകുചിയാതാള്

ഉത്തര്‍ഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഒരു ഗ്രാമമാണ് നൗകുചിയാതാള്‍. സമുദ്രനിരപ്പില്‍ നിന്ന് 1219 അടി ഉയരത്തിലുള്ള തടാകതീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് ഇത്. നൗകുചിയാതാളിലെ തടാകവും, സാഹസിക ടൂറിസത്തിനുള്ള അവസരവും ഇവിടം ഒരു അവധിക്കാല സഞ്ചാരകേന്ദ്രമാക്കുന്നു. വൈവിധ്യപൂര്‍ണ്ണമായ പക്ഷികളുടെയും, ശലഭങ്ങളുടെയും കേന്ദ്രമായ ഇവിടെ പക്ഷിനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലമാണ്. ബോട്ടുസവാരി, നീന്തല്‍, ചൂണ്ടയിട്ട് മീന്‍പിടുത്തം എന്നിവയൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളില്‍ പെടുന്നു. നൗകുചിയാതാളിന്‍റെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള സാഹസികമായ മൗണ്ടന്‍ ബൈക്കിങ്ങും ഒരു പ്രധാന ആകര്‍ഷണമാണ്.

നൗകുചിയാതാള്‍ തടാകം ഒമ്പത് മൂലകളുള്ള തടാകം എന്നും അറിയപ്പെടുന്നു. ധ്യാനത്തിന്‍റെ പൂര്‍ണ്ണതയായ നിര്‍വ്വാണാവസ്ഥയിലെത്തിയാല്‍ ഈ ഒമ്പത് മൂലകളും കാണാനാവുമെന്നാണ് സങ്കല്പം. ഏറെ ഉറവകളുള്ള ഈ തടാകം വര്‍ഷം മുഴുവന്‍ ഒരേ പോലെ ജലസമൃദ്ധമാണ്. തടാകത്തിലെ ബോട്ട് സവാരിയും, സമീപപ്രദേശങ്ങളിലൂടെയുള്ള പാരാഗ്ലൈഡിങ്ങും ഇവിടുത്തെ പ്രധാന വിനോദങ്ങളാണ്. ഏറെ തടാകങ്ങളുള്ള സ്ഥലമായ ഭീംതാള്‍ ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ്. മറ്റൊരു ആകര്‍ഷണകേന്ദ്രം ഏഴ് തടാകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സാത്താളാണ്. നൗകുചിയാതാളില്‍ നിന്ന് ആറുകിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.

വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെല്ലാം നൗകുചിയാതാളില്‍ എത്തിച്ചേരാം. പാന്ത് നഗര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാതഗോഡമാണ്. നൈനിറ്റാള്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. വേനല്‍ക്കാലവും, മഴക്കാലത്തിന് ശേഷവുമാണ് ഇവിടെ സന്ദര്‍ശകരേറെയും എത്തുന്നത്.

അടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വ്വീസ് നൗകുചിയാതാളിലേക്കുണ്ട്. നൈനിറ്റാളില്‍ നിന്ന് 26 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്തിച്ചേരാം. ഡെല്‍ഹിയില്‍ നിന്ന് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.




No comments:

Post a Comment