ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 38

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 38

കല്‍സി

ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. യമുന ടോണ്‍സ് പുഴകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജൗന്‍സാര്‍ ബവാര്‍ ഗോത്രവര്‍ഗ മേഖലയിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്ന സ്ഥലമാണ് കല്‍സി. പുരാതന സ്മാരകങ്ങളാലും പിക്നിക് കേന്ദ്രങ്ങളാലും സാഹസിക വിനോദങ്ങളാലും പ്രശസ്തമത്രേ കല്‍സി.

ഇന്ത്യന്‍ ഐതിഹാസിക ചരിത്രത്തിലെ പ്രധാനമായ അശോകന്റെ ശിലാശാസനങ്ങളും കല്‍സിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ബിസി 253ല്‍ മൗര്യരാജാവായ അശോക ചക്രവര്‍ത്തി പാറയില്‍ കൊത്തിവച്ച പതിനാലാമത് ശിലാശാസനമാണ് ഇവിടെയുള്ളത്. പ്രക്രതി ഭാഷയില്‍ ബ്രാഹ്മിലിപിയിലെ ഈ ശാസനങ്ങള്‍ പ്രധാനമായും രാജാവിന്റെ പരിഷ്കാരങ്ങളും ഉപദേശങ്ങളും അടങ്ങയതാണ്. പത്തടി ഉയരത്തിലും എട്ടടി വീതിയിലുമാണ് ഈ ശിലാശാസനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

അപൂര്‍വ ദേശാടന പക്ഷികളുടെ വിശ്രമകേന്ദ്രം എന്നറിയപ്പെടുന്ന ആസാന്‍ ബാറേജിലും സഞ്ചാരികള്‍ക്ക് കാണാന്‍ നിരവധിയുണ്ട്. ഇന്‍റര്‍ നാഷണല്‍ യൂനിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (IUCN) ഇറക്കിയ റെഡ് ഡാറ്റാ ബുക്കില്‍ അപൂര്‍വ ഇനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികള്‍ ഇവിടെയത്തൊറുണ്ട്.

കളഹംസം, ചുവന്ന മകുടമുള്ള പോച്ചാര്‍ഡുകള്‍, ചുവന്ന താറാവ്, നീര്‍ക്കോഴി, നീര്‍ക്കാക്ക, വെള്ളക്കൊക്ക്, വാലാട്ടിപക്ഷി, തടാകകൊക്ക്, മീന്‍പിടിത്തക്കാരന്‍ പല്ലാസ് പരുന്ത്, മാര്‍ഷ് ഹാര്യേഴ്സ്, പുള്ളി പരുന്ത്, മീന്‍കൊത്തിപ്പക്ഷി, പുല്‍പരപ്പ് പരുന്ത് എന്നിങ്ങനെയുള്ള അപൂര്‍വയിനം പക്ഷികളാല്‍ സമ്പന്നമായ ഇവിടെ പക്ഷിനിരീക്ഷകര്‍ക്ക് ചാകരയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലും പതിനൊന്നോളം ദേശാടനപക്ഷികള്‍ ഉള്‍പ്പടെയുള്ള 90 ശതമാനം ജലപക്ഷികളെയും കാണാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

കല്‍സിയയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് വികാസ് നഗര്‍. ചെറുവള്ളത്തിലെ സവാരി, ബോട്ടിങ്, വാട്ടര്‍ സ്കീയിങ്, കപ്പല്‍യാത്ര, ഹവര്‍ക്രാഫ്റ്റ് എന്നിവക്ക് അവസരമൊരുക്കുന്ന ദാക് പഥാര്‍ ആണ് മറ്റൊരു മനോഹരമായ പിക്നിക് കേന്ദ്രം. യമുനാനദിയിലെ മാലിന്യരഹിതമായ ജലത്തിലൂടെ കെട്ടുവള്ള സഞ്ചാരവും ഇവിടെ ആസ്വദിക്കാന്‍ അവസരമുണ്ട്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലും സ്വകാര്യ റിസോര്‍ട്ടുകള്‍ ഇവിടെ മീന്‍പിടിത്തത്തിനും അവസരമൊരുക്കാറുണ്ട്.

തിംലി പാസ് , കട്ടാ പഥാര്‍, ചക്രാത എന്നിവയും ദൃശ്യാനുഭൂതി പകരുന്ന സ്ഥലങ്ങളാണ്. അടുത്ത വിമാനത്താവളമായ ഡെഹ്റാഡൂണില്‍െ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടിലേക്ക് ഇവിടെ നിന്ന് 73 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ.ഡെഹ്റാഡൂണ്‍ വരെയുള്ള റെയില്‍ മാര്‍ഗവും ഇവിടേക്കത്തൊന്‍ സഹായിക്കും. ന്യൂദല്‍ഹിയില്‍ നിന്നും മറ്റു അടുത്ത നഗരങ്ങളില്‍ നിന്നു ബസും ലഭ്യമാണ്. കല്‍സിയലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് വേനല്‍ കാലം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.


No comments:

Post a Comment