ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2023

ഉത്തമ ഭക്തൻ

ഉത്തമ ഭക്തൻ

ഏതു അമ്പലത്തിൽ പോയാലും കാണാം താൻ ഉത്തമ ഭക്തനാണെന്നു കാണിക്കാനുള്ള ചിലരുടെ ശ്രമം .അവരിൽ ചിലർ പറയും "ദിവസവും വരും ,ഭഗവാനെ കാണാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല." മാത്രമല്ല അവിടെ യാ ദൃശ്ചികമായി കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ വീട്ടുകാര്യങ്ങൾ സംസാരിച്ചു നില്ക്കാനാണ് അവർ കൂടുതൻ സമയവും ചിലവഴിക്കുക . ഭഗവാനെ പറ്റി ചിന്തിക്കാൻ അവർക്ക് നേരം ഇല്ല. തന്നെ പറ്റി സ്വയം പുകഴ്ത്തി പറയാനാണ് അവർ എപ്പോഴും ശ്രമിക്കുക.

വലിയനാരായണ ഭക്തനായ നാരദമഹർഷി പോലും താൻ വലിയ ഭക്തനാണെന്ന് ചിന്തിച്ച ഒരു കഥ ഉണ്ട്.
  
ഒരിക്കൽ, താനാണ് ലോകത്തിലെ ഏറ്റവും വലിയഭക്തന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്ന നാരദരെ കണ്ട ഭഗവാൻ നാരദരോട് പറഞ്ഞു "നാരദരെ, ഭൂമിയില്‍ എന്റെ ഏറ്റവും വലിയ ഒരു ഭക്തന്‍ ഉണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു വരൂ". നാരദര്‍ ഇത് കേട്ടു വല്ലാതെ അത്ഭുതപ്പെട്ടു. "തന്നെക്കാള്‍ വലിയ ഭക്തനോ ?" ഭഗവാനോട് ഒന്നും പറയാതെ നാരദര്‍ ഭൂമിയിലെത്തി.

ഭഗവാന്‍ പറഞ്ഞ ഭക്തനെകണ്ടെത്തി. ഒരു സാധാരണ കര്‍ഷകന്‍. കലപ്പയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അയാള്‍ 'ഹരി 'എന്നു പറഞ്ഞു . വയലില്‍ കന്നുപൂട്ടിയപ്പോള്‍ കര്‍ഷകന്‍ വീണ്ടും 'ഹരി 'എന്ന് പറഞ്ഞു . ജോലി എല്ലാം കഴിഞ്ഞുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ വീണ്ടും 'ഹരി' എന്ന് പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൂന്ന് തവണ മാത്രം ഭഗവാനെവിളിക്കുന്ന ഇയാളാണോ ഇത്ര വലിയ ഭക്തന്‍. താനാനെങ്കില്‍ സാദാ സമയവും ഹരിനാമകീര്‍ത്തനം ചൊല്ലിനടക്കുന്നു...

നാരദര്‍ തിരിച്ചു ചെന്ന് മഹാവിഷ്ണുവിനോട്‌ ചോദിച്ചു.. "മൂന്നു പ്രാവശ്യം ഹരിനാമം സ്മരിക്കുന്നവനാണോ ഏറ്റവും വലിയഭക്തന്‍...?" ഭഗവാന്‍ മറുപടി പറഞ്ഞില്ല. പകരം ഒരു ചെറിയ ഭരണിയില്‍ നിറഞ്ഞു തുളുമ്പും വിധംഎണ്ണ നല്‍കിയിട്ട് വൈകുണ്ഠത്തിനു ചുറ്റും ഒരു പ്രദക്ഷിണം വയ്ക്കാന്‍ ആവശ്യപ്പെട്ടു. എണ്ണ ഒരു തുള്ളി പോലും തുളുമ്പി പോകരുതെന്നും നിർദ്ദേശിച്ചു. നാരദര്‍ അത് അനുസരിച്ചു .

ഒരു വട്ടം പ്രദക്ഷിണം ചെയ്തു വന്ന നാരദരോട് ഭഗവാന്‍ ചോദിച്ചു : " നാരദരെ , പ്രദക്ഷിണം ചെയ്യുമ്പോള്‍ അങ്ങ് എത്ര പ്രാവശ്യം നാമംജപിച്ചു ? "എങ്ങനെ ജപിക്കാനാ ഭഗവാനെ ? എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ ഭരണിയില്‍ ആയിരുന്നു . നാരദരെ, സാദാ നാമജപത്തില്‍ മുഴുകി ഇരിക്കുന്ന താങ്കളുടെ ശ്രദ്ധയെ അതില്‍ നിന്നും മാറ്റുവാന്‍ ഈ എണ്ണ ഭരണിക്ക് കഴിഞ്ഞു. ഒരു പ്രാവശ്യം പോലും അങ്ങ് എന്നെ സ്മരിച്ചില്ല .

അപ്പോള്‍ ജീവിതത്തിലെ കഷ്ട്ടപ്പാടുകള്‍ക്കിടയിലും ആ പാവം കര്‍ഷകന്‍ മൂന്ന് പ്രാവശ്യം എന്നെ എന്നും മുടങ്ങാതെ സ്മരിക്കാന്‍ മറക്കുന്നില്ല. അത്തരക്കാരാണ് ശരിയായ ഭക്തർ. നാം ഒന്ന് മനസ്സിലാകുക ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്ന ആളാണ് യഥാര്‍ത്ഥ ഭക്തന്‍. താൻ വലിയ ഭക്തനാണെന്ന് പറഞ്ഞു നടക്കുന്നതിലല്ല കാര്യം. മറ്റു ഭക്തർക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ, ആരെയും താഴ്ത്തി കെട്ടാതെ. മനസ്സിൽ ഈശ്വര നാമങ്ങൾ ജപിച്ചു, മാത്രം ജീവിക്കുക .

ഈശ്വരഭക്തി തിരിച്ചറിയാന്‍ ഈ കഥ ഉപകരിക്കട്ടെ..

No comments:

Post a Comment