ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 33

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 33

ഡെറാഡൂണ്

ഡൂണ്‍ താഴ്‌വര എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഡെറാഡൂണ്‍ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയര്‍ നില്‍ക്കുന്ന ഈ സ്ഥലം ശിവാലിക്‌ മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഡെറാഡൂണിന്റെ കിഴക്ക്‌ വശത്തു കൂടി ഗംഗയും പടിഞ്ഞാറ്‌ വശത്തു കൂടി യമുനയും ഒഴുകുന്നു. ഡെറാഡൂണ്‍ എന്ന പേര്‌ താവളം എന്നര്‍ത്ഥം വരുന്ന `ഡെറ' , മലനിരകളുടെ താഴ്‌ വാരം എന്നര്‍ത്ഥം വരുന്ന `ഡൂണ്‍' എന്നീ രണ്ട്‌ വാക്കുകളിലില്‍ നിന്നാണുണ്ടായത്‌. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ്‌ ഡൂണിലെ വനങ്ങളിലേക്ക്‌ നാട്‌ കടത്തിയ സിഖ്‌ ഗുരുവായ റാം റായി ഇവിടെ ഒരു ക്ഷേത്രവും താവളവും പണിതു എന്നാണ്‌ ചരിത്രം പറയുന്നത്‌. പ്രമുഖ ഇന്ത്യന്‍ പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഈ സ്ഥലത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌.

രാവണനെ വധിച്ച ശേഷം ശ്രീരാമ ദേവന്‍ സഹോദരനായ ലക്ഷ്‌മണനൊപ്പം ഡെറാഡൂണ്‍ സന്ദര്‍ശിച്ചതായാണ്‌ പറയപ്പെടുന്നത്‌. ഒരു കാലത്ത്‌ ഗുരു ദ്രോണാചാര്യര്‍ ഇവിടെ വസിച്ചിരുന്നതായും കഥകളുണ്ട്‌. ഇവിടെ കാണപ്പെടുന്ന ക്ഷേത്രങ്ങള്‍ക്കും അവശിഷ്‌ടങ്ങള്‍ക്കും രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്‌.

ഡെറാഡൂണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

എല്ലാ വര്‍ഷവും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്‌. പ്രസന്നമായ കാലാവസ്ഥയും പ്രകൃതി മനോഹാരതിയും ഡെറാഡൂണിനെ വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാക്കിയിട്ടുണ്ട്‌. അതിന്‌ പുറമെ ഉത്തരാഖണ്ഡിലെ മറ്റ്‌ മനോഹര സ്ഥലങ്ങളായ മുസ്സോറി, നൈനിറ്റാള്‍, ഹരിദ്വാര്‍, ഓലി, ഋഷികേശ്‌ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണിവിടം. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി, ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഡൂണ്‍ പബ്ലിക്‌ സ്‌കൂള്‍ തുടങ്ങിയ നിരവധി ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡെറാഡൂണ്‍-ചക്രത റോഡില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മിലിട്ടറി അക്കാഡമി 1932 ഒക്‌ടോബര്‍ 1ന്‌ ബ്രിഗേഡിയര്‍ എല്‍. പി കോളിന്‍സിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചതാണ്‌. അക്കാഡമിയില്‍ ഒരു മ്യൂസിയം , യുദ്ധ സ്‌മാരകം, ഷൂട്ടിങ്‌ പ്രകടന മുറി, ഫ്രിംസ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌ എന്നിവയുണ്ട്‌.

കൗലഗഡ്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ ഡെറാഡൂണിലെ മറ്റൊരു പ്രശസ്‌തമായ ഗവേഷണ സ്ഥാപനം. 1906 ലാണ്‌ ഇത്‌ സ്ഥാപിച്ചത്‌. 2000 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന കൊട്ടാര സദൃശ്യമായ കെട്ടിടം ഗ്രീക്ക്‌- റോമന്‍ കോളോണിയല്‍ ശൈലികള്‍ കൂടിച്ചേര്‍ന്നുള്ള നിര്‍മാണത്തിന്‌ ഉത്തമോദാഹരണമാണ്‌. സഹസ്രധാര, രാജാജി നാഷണല്‍ പാര്‍ക്‌, മാല്‍സി ഡീര്‍ പാര്‍ക്‌, എന്നിവയാണ്‌ ഡെറാഡൂണിലെ മറ്റാകര്‍ഷണങ്ങള്‍. ഡെറാഡൂണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ അരുവിയാണ്‌ സഹസ്രധാര. പിക്‌നിക്കിനായി വിനോദസഞ്ചാരികള്‍ക്ക്‌ പുറമെ തദ്ദേശ വാസികളും ഇവിടെ ധാരാളമായി എത്താറുണ്ട്‌. അരുവിയുടെ ആഴം ഏകദേശം 9മീറ്ററോളം വരും. ത്വക്‌ രോഗമുള്ളവര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ കഴിയുന്ന ഔഷധ ഗുണം ഈ ജലത്തിനുണ്ടെന്നാണ്‌ കരുതുന്നത്‌. പുരാതനവും മനോഹരവുമായ മതകേന്ദ്രങ്ങളാലും ഈ സ്ഥലം പ്രശസ്‌തമാണ്‌. ലക്ഷ്‌മണ്‍ സിദ്ധ്‌ ക്ഷേത്രം, തപകേശ്വര്‍ മഹാദേവ ക്ഷേത്രം, സന്താല ദേവി ക്ഷേത്രം, തപോവന്‍ എന്നിവ ഡെറാഡൂണിലെ പ്രശസ്‌തങ്ങളായ ചില ക്ഷേത്രങ്ങളാണ്‌. ഹിന്ദു ദേവനായ പരമശിവനെ ആരാധിക്കുന്ന പ്രശസ്‌തമായ ഗുഹ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ തപകേശ്വര്‍ മഹാദേവ ക്ഷേത്രം. തപക്‌ ഒരു ഹിന്ദി വാക്കാണ്‌. ഇറ്റിറ്റു വീഴുക എന്നാണ്‌ ഈ വാക്കിനര്‍ത്ഥം. ക്ഷേത്രത്തിലെ ശിവലിംഗം ഗുഹയുടെ മുകള്‍തട്ടില്‍ നിന്നും വെള്ളം ഇറ്റിറ്റ്‌ വീണ്‌ പ്രകൃതിദത്തിമായി രൂപപ്പെട്ടതാണന്നാണ്‌ കരുതപ്പെടുന്നത്‌.

സന്ദര്‍ശകര്‍ക്ക്‌ ഈ സ്ഥലങ്ങള്‍ കാറില്‍ സഞ്ചരിച്ചോ അല്ലങ്കില്‍ നടന്നോ കാണാവുന്നതാണ്‌. പ്രാദേശിക കരകൗശല ഉത്‌പന്നങ്ങള്‍, കമ്പളി വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്‌തകങ്ങള്‍ എന്നിവയാല്‍ പ്രശസ്‌തമാണ്‌ ഇവിടുത്തെ ഷോപ്പുകള്‍. രാജ്‌ പൂര്‍ റോഡ്‌, പല്‍ത്താന്‍ ബസ്സാര്‍, ആഷ്‌ലി ഹാള്‍ എന്നിവയാണ്‌ ഡെറാഡൂണിലെ പ്രധാന ഷോപ്പിങ്‌ സ്ഥലങ്ങള്‍. സ്വാദിഷ്‌ഠമാര്‍ന്ന തിബറ്റര്‍ മോമസിനാല്‍ അറിയപ്പെടുന്നവയാണ്‌ ഇവിടുത്തെ ഭക്ഷണശാലകള്‍.പ്രകൃതി സൗന്ദര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, സ്‌മാരകങ്ങള്‍ എന്നിവയക്കു പുറമെ ഡെറാഡൂണ്‍ ബസ്‌മതി അരിയാലും പ്രശസ്‌തമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ഷോപ്പിങ്‌ നടത്തുന്നതിനും മാത്രമുള്ളതല്ല ഈ സ്ഥലം. സാഹസിക യാത്രികരുടെ പറുദീസ കൂടിയാണിവിടം. പാരാഗ്ലൈഡിങ്‌, സ്‌കീയിങ്‌ പോലുള്ള സാഹസിക വിനോദങ്ങള്‍ ഡൂണ്‍ താഴ്‌ വരയില്‍ ആസ്വദിക്കാം. സാഹസിക യാത്ര പ്രേമികള്‍ക്ക്‌ ഡെറാഡൂണില്‍ നിന്നും മുസ്സോറി വരെയുള്ള ട്രക്കിങ്‌ വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ട്രക്കിങിന്‌ പോകുന്നവര്‍ക്കുള്ള താവളം രാജ്‌പൂര്‍ ആണ്‌.

എങ്ങനെ എത്തിച്ചേരാം

ഡെറാഡൂണ്‍ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി വായു , റെയില്‍, റോഡ്‌ മാര്‍ഗം വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌. നഗര കേന്ദ്രത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ്‌ ജോളിഗ്രാന്റ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളവളത്തിലേക്ക്‌ ഇവിടെ നിന്നും പതിവായി ഫ്‌ളൈറ്റുകളുണ്ട്‌. ഇതാണ്‌ സമീപത്തായുള്ള അന്താരാഷ്‌ട്ര വിമാനത്താവളം. ഡെല്‍ഹി, വാരണാസി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വെസ്റ്റേഷനാണ്‌ ഡെറാഡൂണിലേത്‌. സംസ്ഥാന, പ്രൈവറ്റ്‌ ബസുകളും ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ന്യൂഡല്‍ഹിയില്‍ നിന്നും പതിവായി ഡീലക്‌സ്‌ ബസുകള്‍ ഡെറാഡൂണിലേക്ക്‌ ലഭ്യമാകും.

കാലാവസ്ഥ

വര്‍ഷത്തില്‍ കൂടുതല്‍ സമയവും ഡെറാഡൂണില്‍ മിതമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തിനനുസരിച്ച്‌ ഓരോ സ്ഥലങ്ങളിലെയും കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. വേനല്‍ക്കാലം ചൂടേറിയതായിരിക്കും ഇവിടെ . എന്നാല്‍ ശൈത്യകാലം വളരെ പ്രസന്നമായിരിക്കും. ശൈത്യകാലത്ത്‌ ഇടയ്‌ക്കിടെ മഞ്ഞ്‌ വീഴ്‌ച അനുഭവപ്പെടാറുണ്ട്‌. മഞ്ഞ്‌ വീഴ്‌ച ശക്തമായി അനുഭവപ്പെട്ടേക്കാവുന്ന ജനുവരി ഒഴിച്ച്‌ ഏത്‌ മാസവും ഡെറാഡൂണിലേക്ക്‌ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.


No comments:

Post a Comment