ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 57

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 57

ചമ്പാവത്

ബ്രിട്ടീഷ് വേട്ടക്കാരനായ ജിം കോര്‍ബറ്റ് രചിച്ച ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന പുസ്തകം വായിക്കുമ്പോള്‍ രക്തം ഉറഞ്ഞുപോകുന്ന ഭാഗമാണ് 430ഓളം മനുഷ്യരെ കൊലപ്പെടുത്തിയ ഒരു ബംഗാള്‍ പെണ്‍കടുവയുടെ സംഭവ കഥ. ഈ കഥയിലൂടെയാണ് ഉത്തരഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ചമ്പാവത് എന്ന ഗ്രാമത്തെ പുറംലോകമറിഞ്ഞത്. 19ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നേപ്പാളില്‍ 200 പേരെ കൊന്ന ഈ പെണ്‍കടുവയെ നേപ്പാള്‍ പട്ടാളം ഇന്ത്യന്‍ അതിര്‍ത്തികടത്തി വിടുകയായിരുന്നു. ചമ്പാവതിലും നരവേട്ട തുടര്‍ന്ന ഈ കടുവ 1907ലാണ് ജിം കോര്‍ബറ്റിന്റെ തോക്കിനിരയായത്.

ചമ്പാവതില്‍ നിന്ന് ലോഹാഘാട്ടിലേക്കുള്ള വഴിയരികില്‍ ഛാത്തര്‍ പാലത്തിന് സമീപം കടുവ വെടിയേറ്റ് വീണ സ്ഥലത്ത് ആ നരഭോജിയുടെ ഓര്‍മക്ക് എന്ന വണ്ണം ഒരു സിമെന്‍റ് ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഈ സിമെന്‍റ് ബോര്‍ഡിന് ഒരുകിലോമീറ്റര്‍ അകലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ഹൗസിന് സമീപമാണ് കടുവ വെടിയേറ്റ് വീണത്. സമുദ്രനിരപ്പില്‍ നിന്ന് 1615 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം 1997ലാണ് പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചത്. അഴകുവിടര്‍ത്തുന്ന ഹിമാലയ താഴ്വരകളുടെ മനോഹാരിതക്കൊപ്പം നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

1613 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ജില്ല നേപ്പാളിനൊപ്പം ഉദ്ധംസിംഗ് നഗര്‍, നൈനിറ്റാള്‍, അല്‍മോറ ജില്ലകള്‍ക്കൊപ്പവും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഒരിക്കല്‍ ചന്ദ് രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു ഹിമഗിരികളിലെ ഈ മനോഹരി. അര്‍ജുന്‍ ദിയോസ് രാജാവിന്റെ മകളായ ചമ്പാവതിയുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് ചരിത്രം. ഹൈന്ദവ വിശ്വാസമനുസരിച്ച് മഹാവിഷ്ണു തന്റെ കൂര്‍മ അവതാരത്തില്‍ ചമ്പാവതിലാണ് പ്രത്യക്ഷപ്പെട്ടതത്രേ.

ഹൈന്ദവ വിശ്വാസികള്‍ ഏറെ ഭക്തിപുരസ്കരം കരുതുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്രാന്തേശ്വര്‍ മഹാദേവ ക്ഷേത്രം, ബാലേശ്വര്‍ ക്ഷേത്രം, പൂര്‍ണഗിരി ക്ഷേത്രം, ഗ്വാല്‍ ദേവത, ആദിത്യ ക്ഷേത്രം, ചാമു ക്ഷേത്രം, പട്ടാല്‍ രുദ്രേശ്വര്‍ ക്ഷേത്രം എന്നിവയാണ് ഇവിടെ വിശ്വാസികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍. കുമയൂണ്‍ മേഖലയിലെ പുരാതന ശില്‍പ്പകലയുടെ ഗാംഭീര്യവും മനോഹാരിതയും കണ്ടറിയണമെങ്കില്‍ നാഗനാഥ് ക്ഷേത്രം സന്ദര്‍ശിച്ചേ മതിയാകൂ.  

ചമ്പാവതില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഏക് ഹതിയാ കാ നൗലാ എന്നറിയപ്പെടുന്ന കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ കലാകാരന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമാണ്. നൂറോളം തൊഴിലാളികള്‍ ഒരൊറ്റ രാത്രി കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നതാണ് ചരിത്രം. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തിലുള്ള മായാവതി ആശ്രമവും വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

മാസ്മരിക ഭൂപ്രകൃതിയാല്‍ കശ്മീര്‍ കഴിഞ്ഞാലുള്ള ഭൂമിയുടെ സ്വര്‍ഗം എന്ന് വിളിപ്പേരുള്ള ലോഹാഘട്ട് ചമ്പാവതില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇവിടെ നിരവധി ക്ഷേത്രങ്ങളും ഉണ്ട്. ബാരാഹി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ക്ഷേത്രം. ലോഹാഘട്ടില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ദേവിദുര്‍ഗയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ രക്ഷാബന്ധന്‍ ദിനത്തില്‍ നടക്കുന്ന ഭംഗവാള്‍ മേളയാണ് പ്രധാന ഉല്‍സവം.

ഷോപ്പിംഗ് പ്രിയര്‍ക്കായി ഖാദി ബസാറും ഇവിടെയുണ്ട്. മധ്യകാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബാണാസുര്‍ കാ കില എന്നറിയപ്പെടുന്ന കോട്ടയാണ് മറ്റൊരു ആകര്‍ഷണം. ബാണാസുര്‍ എന്നറിയപ്പെടുന്ന രാക്ഷസനെ ശ്രീകൃഷ്ണന്‍ ഇവിടെവെച്ച് കൊലപ്പെടുത്തിയെന്നാണ് വിശ്വാസം. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ശ്വാസംനിലക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന ട്രക്കിംഗ് റൂട്ടുകളും ഇവിടെയുണ്ട്. ചമ്പാവതിനെ പഞ്ചേശ്വര്‍, ലോഹഘട്ട്, വനസൂര്‍, തനക്പുര്‍, വ്യാസ്തുര, പൂര്‍ണഗിരി, കാണ്ഡേശ്വര്‍ മഞ്ച് എന്നിവയുമായി ട്രക്കിംഗ്റൂട്ടുകളിലെ അപകടകരമായ സാഹസികത അനുഭവിച്ചറിയാന്‍ നിരവധി പേര്‍ എത്താറുണ്ട്.

വിമാനമാര്‍ഗം വരുന്നവര്‍ക്ക് പിറ്റോര്‍ഗഡിലെ നൈനിസാഹ്നി എയര്‍പോര്‍ട്ടോ പാന്ത്നഗര്‍ എയര്‍പോര്‍ട്ടോ ഉപയോഗിക്കാം. ഇവിടെ നിന്ന് ചമ്പാവതിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും. കാതോഗ്ഡാം ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നുമെല്ലാം ഇങ്ങോട് ടാക്സി, ബസ് സര്‍വീസുകള്‍ ധാരാളമായി ഉണ്ട്. വേനല്‍ക്കാലവും തണുപ്പുകാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

നൈനിറ്റാള്‍, പിറ്റോര്‍ഗഡ് തുടങ്ങി സമീപനഗരങ്ങളില്‍ നിന്നെല്ലാം ചമ്പാവതിലേക്ക് എ.സി,നോണ്‍ എ.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പിറ്റോര്‍ഗഡില്‍ നിന്ന് 74 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.

No comments:

Post a Comment