ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 January 2023

അരൂർ കാർത്യായനി ദേവി ക്ഷേത്രം

അരൂർ കാർത്യായനി ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ അരൂരിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ദേവീ ക്ഷേത്രമാണ് അരൂർ കാർത്ത്യായനി ദേവി ക്ഷേത്രം. ആലപ്പുഴ നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. അരൂരിൻറെ ആദ്യകാല പേര് അതിരൂർ (അതിർത്തിക്കടുത്തുള്ള ഗ്രാമം) എന്നായിരുന്നുവെന്ന് ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്തശേഷം ഗുരുവായൂർക്ക് മടങ്ങവേ അതിരൂരിലെത്തിയ (അരൂർ) വില്വമംഗലത്ത് സ്വാമിയാർ ഒരു വലിയ മരത്തിൻറെ ചുവട്ടിൽ വിശ്രമിക്കവെ. പെട്ടെന്ന് അവിടെ ദേവിയുടെ സാന്നിദ്ധ്യം കണ്ടു . തൻറെ ജ്ഞാനത്താൽ അത് കാർത്ത്യായനി ദേവിയാണെന്ന് മനസ്സിലാക്കി ദേവിക്കായി ഒരു ക്ഷേത്രം പണിതു. ദേവിയെ ആരാധിച്ചുകൊണ്ട് അദ്ദേഹം കുറച്ചുകാലം അവിടെ താമസിച്ചുവെന്നും പിന്നീട് ആ ക്ഷേത്രത്തിൻറെ ഭരണം വിവിധ നമ്പൂതിരി കുടുംബങ്ങളെ ഏൽപ്പിച്ചുവെന്നും പഴമൊഴി. കേരളത്തിലെമ്പാടും പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദേവീക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത് എന്നും ഇവിടം "കാട്ടിൽ പിഷാരം" എന്നറിയപ്പെട്ടുവെന്നും പരാമർശമുണ്ട്.

അരൂരിൻറെ ദേശപരദേവതയാണ് ശ്രീ കാർത്ത്യായനി ദേവി എന്നാണ് സങ്കല്പം. കണ്ണങ്കുളങ്ങര കൈമൾ അരൂരിൽ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് കാണുന്ന കാഞ്ഞിരത്തിൽ ഇരിക്കുന്ന ദേവിയെ കാണാൻ ഇടയായി. ദേവി അദ്ദേഹത്തോട് കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെട്ടു. തന്നോട് ഈ അവശ്യം ഉന്നയിച്ചത് ശ്രീ കാർത്ത്യായനി ദേവി തന്നെ എന്ന് മനസ്സിലാക്കിയ അദ്ദേഹം താൻ തിരിച്ചുവരും വരെ ഇവിടെത്തന്നെ ഇരുന്നുകൊള്ളാമെന്ന് ദേവിയെകൊണ്ട് സത്യം ചെയ്യിച്ചശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു. അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു. അങ്ങനെയാണ് ഇവിടെ ഈ ക്ഷേത്രം ഉടലെടുക്കാൻ കാരണം എന്ന് ഒരു ഐതിഹ്യം ഉണ്ട്. അദ്ദേഹത്തിൻറെ അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, അയ്യപ്പൻ, നാഗദേവതകൾ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ് പായസവും.
ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിൻറെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഭരണം നടത്തുന്നത്.

No comments:

Post a Comment