ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 45

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 45

ലാന്‍സ്‌ഡൗണ്‍ എന്ന കാലുദണ്ഡ

ഉത്തരാഖണ്ഡിലെ പുരി ജില്ലയിലെ ഒരു കന്റോണ്‍മെന്റാണ്‌ ലാന്‍സ്‌ഡൗണ്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍സ്‌ഡൗണ്‍ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ്‌. കാലുദണ്ഡ എന്നാണ്‌ പ്രാദേശികമായി ഇവിടം അറിയപ്പെടുന്നത്‌. കറുത്ത കുന്നെന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. 1887ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ്‌ ലാന്‍സ്‌ഡൗണ്‍ ആണ്‌ ഈ മലയോര പട്ടണം സ്ഥാപിച്ചത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇവിടം ഗര്‍വാള്‍ റൈഫിള്‍സിന്റെ പരിശീലന കേന്ദ്രമായിരുന്നു. ഇക്കാലത്ത്‌ സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രധാന താവളങ്ങളില്‍ ഒന്നുകൂടിയായിരുന്നു ലാന്‍സ്‌ഡൗണ്‍. ഇന്ത്യന്‍ പട്ടാളത്തിലെ ഗര്‍വാള്‍ റൈഫിള്‍സിന്റെ ആസ്ഥാനം ഇവിടെയാണ്‌. ഓക്കുമരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌ ലാന്‍സ്‌ഡൗണ്‍. അതിനാല്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനുള്ള അവസരവും ഈ മലയോര പട്ടണം പ്രദാനം ചെയ്യുന്നു. ഇതിനെല്ലാം പുറമെ മികച്ച ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്‌ ലാന്‍സ്‌ഡൗണ്‍.

ലാന്‍സ്‌ഡൗണിലും പരിസരങ്ങളിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. കണ്വാശ്രമം ഇവയില്‍ ഒന്നാണ്‌. ക്ഷേത്ര നഗരമായ പുരിയുടെ കവാടം എന്നറിയപ്പെടുന്ന പ്രശസ്‌തമായ ഈ ആശ്രമം കാടിന്‌ നടുവിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിശ്വാമിത്ര മഹര്‍ഷി ഇവിടെ തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശിവ ക്ഷേത്രമായ തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന ആരാധനാലയം. സമുദ്രനിരപ്പില്‍ നിന്ന്‌ 2092 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷം തോറും ആയിരക്കണക്കിന്‌ വിശ്വാസികള്‍ ഇവിടം ദര്‍ശനം നടത്തുന്നു.

ഗര്‍വാള്‍ റൈഫിള്‍സ്‌ റെജിമെന്റിന്റെ യുദ്ധ സ്‌മാരകവും ഗര്‍വാലി മെസ്സും ഇവിടുത്തെ മറ്റു പ്രധാന കാഴ്‌ചകളാണ്‌. 1923 നവംബര്‍ 23ന്‌ അന്നത്തെ ഇന്ത്യന്‍ സൈന്യാധിപനായിരുന്ന ലോര്‍ഡ്‌ റാവ്‌ലിന്‍സണ്‍ ആണ്‌ യുദ്ധ സ്‌മാരകം സ്ഥാപിച്ചത്‌. ഗര്‍വാലി മെസ്സ്‌ ബ്രട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും പഴയ കെട്ടിടങ്ങളില്‍ ഒന്നാണ്‌. 1888ല്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും പ്രശസ്‌തമായ മ്യൂസിയങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്‌ ഗര്‍വാലി മെസ്സ്‌.

ഭുല്ലാ താല്‍ ആണ്‌ ലാന്‍സ്‌ഡൗണിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗര്‍വാള്‍ റൈഫിള്‍സിലെ യുവ സൈനികര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഒരു കൃത്രിമ തടാകമാണ്‌ ഭുല്ലാ താല്‍. ഭുല്ലാ എന്ന ഗര്‍വാലി വാക്കിന്റെ അര്‍ത്ഥം കൊച്ചനുജന്‍ എന്നാണ്‌. തടാകത്തില്‍ ബോട്ടിംഗ്‌, പാഡ്ഡ്‌ലിംഗ്‌ എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരമുണ്ട്‌. കുട്ടികളുടെ പാര്‍ക്ക്‌, മുളയില്‍ നിര്‍മ്മിച്ച ഏറുമാടങ്ങള്‍, മനോഹരമായ കുളങ്ങള്‍ എന്നിവയും ഇവിടെ കാണാം.

റെജിമെന്റല്‍ മ്യൂസിയം, ദുര്‍ഗ്ഗാദേവി ക്ഷേത്രം, ടിപ്‌ ഇന്‍ ടോപ്‌ എന്നിവയും ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ കാനനയാത്ര നടത്താനും ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്‌. മേഖലയിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിംഗ്‌ പാതയാണ്‌ ലവേഴ്‌സ്‌ ലെയ്‌ന്‍. ഇതുവഴിയുള്ള മലകയറ്റം ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. ഇവിടുത്തെ കാടുകള്‍ സസ്യജന്തു ജാലങ്ങളാല്‍ സമ്പന്നമാണ്‌. കാട്ടിലൂടെ നടന്ന്‌ പ്രകൃതി ഭംഗി ആസ്വദിക്കാനും കാഴ്‌ചകള്‍ കാണാനുമുള്ള അവസരവും ഇവിടെയുണ്ട്‌. കാനനയാത്രകളും ട്രെക്കിംഗും സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍മാരുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ഇവയെല്ലാം ആസ്വദിക്കാവുന്നതാണ്‌.

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ ലാന്‍സ്‌ഡൗണില്‍ എത്താം. ഡറാഡമിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. കൊട്വാരയാണ്‌ സമീപസ്ഥമായ റെയില്‍വെ സ്റ്റേഷന്‍. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ മാര്‍ച്ച്‌ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ്‌ ലാന്‍സ്‌ഡൗണ്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ലാന്‍സ്‌ഡൗണില്‍ നിന്ന്‌ സമീപ പ്രദേശങ്ങളിലേക്കെല്ലാം ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. ഡെറാഡം, ഹരിദ്വാര്‍, മുസ്സൂറി എന്നിവിടങ്ങളില്‍ നിന്ന്‌ ലാന്‍സ്‌ഡൗണിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

No comments:

Post a Comment