ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 08

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 08

ഹരിദ്വാർ

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഹരിദ്വാർ. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിന്ദുക്കളുടെ ഒരു പുണ്യനഗരമാണ്. ഹിന്ദുക്കൾ ഇവിടെ ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന പ്രസിദ്ധമാണ്. ഹരിദ്വാർ എന്ന പദത്തിന്റെ അർത്ഥം ദൈവത്തിലേക്കുള്ള വഴി എന്നാണ്. ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലെ ഗോമുഖ് ഹിമാനിയിൽ നിന്നും 253 കിലോമീറ്റർ സഞ്ചരിച്ച് നദി ഉത്തര ഇന്ത്യയിലെ സമതലത്തിലേക്ക് പ്രവേശിക്കുന്ന ഇടമാണ് ഹരിദ്വാർ. ഇങ്ങനെയാണ് ഈ പ്രാചീന നഗരത്തിന് ഗംഗദ്വാര എന്ന പേര് ലഭിച്ചത്.

ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏഴു പുണ്യസ്ഥലങ്ങളിൻ ഒന്നായാണ് ഹരിദ്വാർ കണക്കാക്കപ്പെടുന്നത്. പാലാഴി മഥന ശേഷം ലഭിച്ച അമൃത് ഗരുഡൻ കൊണ്ടുപോകുന്നതിനിടയിൽ ദേവന്മാരുടെ കൈയിൽ നിന്നും അബദ്ധത്തിൽ തുളുമ്പി തെറിച്ചു വീണ ഇടങ്ങളിൽ ഒന്നാണിതത്രെ. മറ്റു സ്ഥലങ്ങൾ ഉജ്ജയിനി, നാസിക്, അലഹബാദ് എന്നിവയാണ്. ഈ വിശ്വാസ്പ്രകാരമാണ് ഒരോ മൂന്നു വർഷം കൂടുമ്പോഴും ഈ സ്ഥലങ്ങളിൽ ഒരോരിടത്തായി കുംഭമേള നടത്തുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് ഹരിദ്വാറിൽ കുംഭമേള നടത്തുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.

ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി ഹിന്ദുമത വിശ്വാസികൾ കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ് ഹിന്ദുക്കൾ കരുതി വരുന്നത്. ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.

മഹാഭാരതത്തില്‍ ധൌമ്യമുനി യുധിഷ്ഠിരനോട് ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളെ കുറിച്ച് പറയുന്ന കൂട്ടത്തില്‍ ഗംഗാദ്വാര്‍ (ഹരിദ്വാര്‍), കങ്കല്‍ എന്നിവയെ പറ്റി പറയുന്നുണ്ട്. ക്രിസ്ത്വാബ്ധം തുടങ്ങുന്നതിനു മുമ്പ് മയൂര രാജവംശത്തിനു കീഴിലായിരുന്ന ഹരിദ്വാര്‍ പിന്നീട് കുഷാന്‍ രാജാക്കന്‍‌മാരുടെ അധീനത്തിലായി. ഹുയാംഗ് സാങ് സന്ദര്‍ശിച്ചത് ഹര്‍ഷവര്‍ദ്ധന രാജാവിന്‍റെ കാലത്താണെന്നാണ് വിശ്വാസം.

അക്ബറിന്‍റെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടില്‍ അബുള്‍ ഫൈസല്‍ ഐനി അക്ബറി എന്ന പുസ്തകത്തില്‍ ഹരിദ്വാറിനെ മായാപൂര്‍ എന്നാണ് വിശേഷിച്ചത്. അക്ബറിന്‍റെ നാണയ കമ്മട്ടം ഹരിദ്വാറില്‍ ഉണ്ടായിരുന്നു.

അം‌ബറിലെ രാജാ മാന്‍സിംഗാണ് ഇന്ന് കാണുന്ന ഹരിദ്വാര്‍ നഗരം പുനരുദ്ധരിച്ച് നിലനിര്‍ത്തിയതും ഹരി കി പൌലി എന്ന സ്നാനഘട്ടം ഉണ്ടാക്കിയതും.

കപില മഹര്‍ഷിയുടെ ശാപത്തെ തുടര്‍ന്ന് നാമാവശേഷമായ തന്‍റെ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് ശാന്തിയേകാനായി ഭഗീരഥന്‍ എന്ന രാജാവ് തപസ്സ് നടത്തിയത് ഹരിദ്വാറിലാണ്. ഈ തപസ്സിന്‍റെ ഫലമായാണ് ഗംഗാനദി ഭൂമിയില്‍ എത്തിയത് എന്നാണ് വിശ്വാസം.

ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടമാണ് ഹരിദ്വാര്‍. വിഷ്ണുവിന്‍റെ അവതാരമായ നരനാരായണ ഋഷിമാര്‍ ബദരീനാഥിലേക്ക് തപസ്സിനു പോയത് ഇവിടെനിന്നാണ് എന്നാണ് വിശ്വാസം.

ദേവഭൂമിയായ ഹിമാലയത്തിലാണ് സാക്ഷാല്‍ പരമശിവന്‍റെ ആസ്ഥാനമായ കൈലാസവും മാനസസരോവരവും കേദാര്‍നാഥും എല്ലാം. ശ്രീപരമേശ്വരന്‍റെ തപോഭൂമിയായ ഇവിടേക്ക് കടക്കാനുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍ എന്ന് പറയാം.

ശ്വേതകേതു മഹാരാജാവ് ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത് ഹരിദ്വാറില്‍ വച്ചാണ്. ദക്ഷപ്രജാപതിയെ നിഗ്രഹിച്ച് സംഹാര നൃത്തമാടിയ പരമശിവനെ ഭക്തജനങ്ങള്‍ സ്തുതിഗീതങ്ങളാല്‍ ശാന്തമാക്കിയത് ഈ ഭൂമിയില്‍ വച്ചാണ്. ശിവന്‍ ഭക്തരെ അനുഗ്രഹിച്ചതുകൊണ്ട് ഈ പുണ്യക്ഷേത്രത്തിന് ശിവപുരി എന്നും പേരുണ്ടായി.

ബ്രഹ്മ വിഷ്ണു മഹേശ്വരന്‍‌മാരുടെ പാദസ്പര്‍ശമേറ്റ പുണ്യസ്ഥലമാണ് ഹരിദ്വാര്‍. ലോകത്തിലാദ്യമായി ഭാഗവത സപ്താഹം നടന്നത് ഹരിദ്വാറിലാണ്. ഗംഗാനദി, ഗോമുഖിയില്‍ ഉദ്ഭവിച്ച് മഞ്ഞുമലകളിലൂടെ ഒഴുകി സമതലത്തില്‍ കടക്കുന്നത് ഹരിദ്വാറില്‍ വച്ചാണ്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ കുംഭമേള നടക്കാറുണ്ട്.

ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാങ് സാങ് ഹരിദ്വാറിനെ ഗംഗാതീരത്തുള്ള മയൂര എന്നാണ് വിശേഷിപ്പിക്കുന്നത്. ഹരിദ്വാര്‍ ഗാന്ധര്‍വ്വം എന്ന പേരിലും ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. കപില മഹര്‍ഷിയുടെ ആശ്രമം ഉണ്ടായിരുന്ന പ്രദേശം കപിലസ്ഥാന്‍ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ പുണ്യ സങ്കേതങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയുടെ തുടക്കവും ഹരിദ്വാറില്‍ നിന്നാണ്. പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ കുംഭമേളയും ആറ് കൊല്ലത്തില്‍ ഒരിക്കല്‍ അര്‍ഥ കുംഭമേളയും നടക്കുന്നു. ഗാന്ധര്‍വ്വ, കംഗല്‍, നീലപര്‍വ്വത, ബില്വതീര്‍ഥ, കുശാവര്‍ത്ത എന്നിവയാണ് ഹരിദ്വാറിലെ പുണ്യതീര്‍ത്ഥങ്ങള്‍.

പ്രധാനപ്പെട്ട സ്നാനഘട്ടം ഹരികിപൈരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടത്തെ ചുവരുകളില്‍ ഒന്നില്‍ മഹാവിഷ്ണുവിന്‍റെ കാലടിപ്പാട് കാണാം എന്നാണ് വിശ്വാസം.

നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൊട്ടടുത്തുള്ള ഗംഗദ്വാര ക്ഷേത്രം. ഇവിടെ എല്ലാദിവസവും വൈകിട്ട് ഏഴ് മണിക്ക് ഗംഗാ ആരതി നടക്കുന്നു. തൊട്ടടുത്താണ് മായാപുരി, കങ്കല്‍ എന്നീ ടൌണുകള്‍. ദക്ഷയാഗം നടന്ന കംഗലിലാണ് ദക്ഷേശ്വര ക്ഷേത്രമുള്ളത്.

കുംഭം രാശിയിലേക്ക് വ്യാഴം കടക്കുന്ന പുണ്യദിനത്തില്‍ ഹരിദ്വാറിലെ ബ്രഹ്മകുണ്ഡില്‍ മുങ്ങിക്കുളിക്കുന്നത് വളരെ വിശേഷമാണെന്ന് ഹിന്ദുക്കള്‍ കരുതുന്നു. അമൃതിന്‍റെ ഒരു തുള്ളി വീണ സ്ഥലമാണ് ബ്രഹ്മകുണ്ഡ് എന്നാണ് വിശ്വാസം.

ഹരിദ്വാറില്‍ ഇപ്പോഴും ഒട്ടേറെ സന്യാസിമാര്‍ തപസ്സ് അനുഷ്ഠിക്കുന്നത് കാണാം. ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ ഒട്ടേറെ ക്ഷേത്രങ്ങളും ആശ്രമങ്ങളും ഇവിടെയുണ്ട്.

ബ്രഹ്മകുണ്ഡ് മാനസാദേവി ക്ഷേത്രം, ചണ്ഡികാദേവി ക്ഷേത്രം, സപ്തസരോവരം, കങ്കല്‍ - നീലധാര എന്നിവയാണ് ഹരിദ്വാറിലെ പ്രധാന തീര്‍ത്ഥാടന സങ്കേതങ്ങള്‍. ഭൂമാനികേതന്‍ അഖണ്ഡസച്ചിദാനന്ദ ആശ്രമം, പവന്‍ ധാം, മാനവകല്യാണ ആശ്രമം തുടങ്ങി ഒട്ടേറെ ആശ്രമങ്ങളും ഹരിദ്വാറിലുണ്ട്. ഇവയില്‍ പലതും നയനാനന്ദകരമായ ശില്‍പ്പങ്ങളാല്‍ അലംകൃതമാണ്.

ബ്രഹ്മകുണ്ഡ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ബ്രഹ്മദേവന്‍ അമൃതം ചൊരിഞ്ഞ സ്ഥലമാണ് ബ്രഹ്മകുണ്ഡ്. ഗംഗോത്രിയില്‍ എന്നപോലെ ഇവിടേയും ഗംഗാദേവി ക്ഷേത്രമുണ്ട്. ഹരിദ്വാറില്‍ ചെന്നാല്‍ ഗംഗാപൂജ നടത്തേണ്ട സ്ഥലം ബ്രഹ്മകൂണ്ഡാണ്.

ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ഗംഗയ്ക്ക് എന്നും വൈകുന്നേരം ഭക്തജനങ്ങള്‍ പൂജയും ദീപാരാധനയും നടത്തുന്നു. പ്രദോഷ സന്ധ്യയ്ക്ക് എല്ലാ ദിവസവും പരമ്പരാഗതമായ ഈ ആചാരം നടക്കാറുണ്ട്.

ഹരിദ്വാറില്‍ മാത്രമാണ് ഭക്തജനങ്ങള്‍ ഗംഗയ്ക്ക് ആരതി ഉഴിഞ്ഞ് പുഷ്പാര്‍ച്ചന നടത്തി ആരാധന നടത്തുന്നത്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇവിടെ കര്‍പ്പൂര ദീപാരാധനയും പൂവ് നിറച്ച ഇലക്കുമ്പിളില്‍ ദീപം കത്തിച്ച് ഒഴിക്കിവിടുന്ന ചടങ്ങും നടക്കുന്നു. ഏത് ഭക്തന്‍റേയും മനം കവരുന്ന ദിവ്യമായ ചടങ്ങാണിത്.

ദിവ്യമായ സൌന്ദര്യത്തിലേക്കും അനശ്വരമായ സത്യത്തിലേക്കും ഉള്ള കവാടമാണ് ഇവിടെ തുറക്കുന്നത്.

മാനസാദേവി ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹരിദ്വാറിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമാണ് ശിവാലി കുന്ന്. ഇതിനു മുകളിലാണ് മാനസാദേവിയുടെ ക്ഷേത്രം. ദുര്‍ഗ്ഗയും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെത്താന്‍ പടികള്‍ നടന്ന് കയറണം. റോപ്പ് വേ സൌകര്യവുമുണ്ട്.

വാസ്തവത്തില്‍ ഹരിദ്വാറിന്‍റെ വിഹഗവീക്ഷണം ഇവിടെ നിന്നാണ് സാധ്യമാവുന്നത്. മാനസാദേവി ക്ഷേത്ര നടയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഹരിദ്വാറിന്‍റെ ദൃശ്യം വാക്കുകള്‍ക്ക് അതീതമാണ്.

ചണ്ഡികാദേവി ക്ഷേത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശിവാലികുന്നിന്‍റെ എതിര്‍വശത്തായി മറ്റൊരു കുന്നുണ്ട് - ചണ്ഡി ഹില്‍‌സ്. ഇവിടെയാണ് ചണ്ഡികാദേവി പ്രതിഷ്ഠയുള്ള ക്ഷേത്രം. റോപ്പ് വേ വഴി ഇവിടേക്ക് എത്തിച്ചേരാം. ദുര്‍ഗ്ഗാ ദേവി ക്രൂരരാക്ഷസന്‍‌മാരായ ചണ്ഡമുണ്ഡന്‍‌മാരെ നിഗ്രഹിച്ചത് ഈ പര്‍വതത്തില്‍ വച്ചാണ് എന്നാണ് വിശ്വാസം. ഗംഗയുടെ മറുകരയിലാണ് ചണ്ഡികാദേവി ക്ഷേത്രം. ഹരിദ്വാറില്‍ നിന്ന് ഇവിടെയെത്താന്‍ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.

1929 ല്‍ കാശ്മീര്‍ രാജാവ് സുചത് സിംഗാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ചണ്ഡീ ഘട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മലകയറിയാലേ ക്ഷേത്രത്തില്‍ എത്താനാവു. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.

ഹനുമാന്‍റെയും അഞ്ജനാദേവിയുടേയും ഓരോ ക്ഷേത്രം ഇതിനു തൊട്ടടുത്തായുണ്ട്. അഞ്ജനാദേവി ഹനുമാന് ജന്‍‌മം നല്‍കിയത് ഈ പര്‍വതത്തില്‍ വച്ചാണ് എന്നാണ് വിശ്വാസം. ഒട്ടേറെ കുരങ്ങന്‍‌മാരെയും ഇവിടെ കാണാം. അവയ്ക്ക് ഭക്ഷണം നല്‍ക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.

സപ്തസരോവരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗംഗ ഹരിദ്വാറില്‍ ഏഴായി പിരിഞ്ഞാണ് ഒഴുകുന്നത്. ആശ്രമം കെട്ടി തപസ്സ് അനുഷ്ഠിച്ചിരുന്ന സപ്തര്‍ഷിമാര്‍ക്കായി ഗംഗ ഏഴ് കൈവഴികളായി പിരിഞ്ഞ് ഓരോ ആശ്രമത്തിനു സമീപത്തുകൂടിയും ഒഴുകി എന്നാണ് ഐതിഹ്യം.

ഗംഗ ഏഴായി പിരിഞ്ഞ് ഒഴുകുന്ന പ്രദേശം സപ്തസരോവരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഏഴ് കൈവഴികളും പിന്നീട് ഒന്നിച്ച് ഒരു നദിയായി ഒഴുകുന്നു.

കംഗല്‍ - നീലധാര
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാര്‍വ്വതി ദേവിയുടെ അച്ഛനായ ദക്ഷപ്രജാപതിയുടെ ആസ്ഥാനമായിരുന്നു കങ്കല്‍. ഈ സ്ഥലത്താണ് ഭര്‍ത്താവിനെ കുറിച്ചുള്ള ആക്ഷേപ വാക്കുകളും അപമാനവും സഹിക്കാതെ പാര്‍വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി നടത്തിയത്. ഇതേ സ്ഥലത്താണ് വിവരം അറിഞ്ഞെത്തിയ പരമശിവന്‍ സംഹാര താണ്ഡവം ആടിയത്.

കങ്കലിലെ നീലധാരയിലാണ് സന്യാസിമാര്‍ ജലസമാധി സ്വീകരിക്കുന്നത്. സ്വാമി അഭേദാനന്ദ മഹാരാജ് സമാധിയായപ്പോള്‍ ഗംഗയില്‍ ലയിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം കങ്കലാണ്.

ഹിമാലയ യാത്ര തുടങ്ങുന്നതിനു മുമ്പും തിരിച്ചെത്തിയ ശേഷവും തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പൂജയും അര്‍ച്ചനയും നടത്തുകയും പുണ്യാത്മാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഗംഗാനദി ഇവിടെ പൂര്‍ണ്ണത പ്രാപിച്ച് ഒഴുകുന്നു എന്നാണ് വിശ്വാസം.

ഏതാണ്ട് 12302 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഹരിദ്വാര്‍ സമുദ്രനിരപ്പില്‍ നിന്ന് 294 മീറ്റര്‍ ഉയരത്തിലാണ്. എല്ലാ കാലത്തും സുഖദമായ കാലാവസ്ഥയാണ്. എന്നാലും വേനല്‍ കാലത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാറുണ്ട്. തണുപ്പ് കാലത്ത് താപനില -06 വരെ താഴാറുമുണ്ട്.

41 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണിലെ വിമാനത്താവളമാണ് ഹരിദ്വാറിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളുമായും റയില്‍ ബന്ധമുണ്ട്.

ദില്ലിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം 214 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഹരിദ്വാറിലെത്താം.

പ്രസിദ്ധമായ രാജാജി ദേശീയ ഉദ്യാനം ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ്.

No comments:

Post a Comment