ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 54

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 54

നൈനിറ്റാൾ

ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ത്രി ഋഷി സരോവര്‍ എന്നാണ്‌ സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.

അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക്‌ യാത്രയ്‌ക്കിടെ നൈനിറ്റാളില്‍ വച്ച്‌ കഠിനമായ ദാഹം അനുഭവപ്പെട്ടു. ഇവര്‍ അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ വെളളം കൊണ്ട്‌ വന്ന്‌ അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ്‌ വിശ്വാസം. ശിവ പത്‌നിയായ സതിയുടെ ഇടതു കണ്ണ്‌ വീണ സ്ഥലത്ത്‌ കണ്ണിന്റെ ആകൃതിയിലുള്ള നൈനി തടാകം രൂപപ്പെട്ടെന്നും ഐതിഹ്യമുണ്ട്‌.

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകളാണ്‌ മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക്‌ കൈപിടിച്ചു നടത്തിയതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ്‌ കോളനി സ്ഥാപിച്ചു. നൈനിറ്റാളിന്റെ സൗന്ദര്യം തന്നെയാണ്‌ ബാരനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. നൈനിറ്റാളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രശസ്‌ത ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിക്കാവുന്നതാണ്‌. നൈനാദേവി ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്‌.

നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കില്‍ബുറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ്‌. ഓക്ക്‌, പൈന്‍, റോഡോഡെന്‍ഡ്രോണ്‍ തുടങ്ങിയ മരങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്ന കാടിനകത്ത്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ കില്‍ബുറി മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ബ്രൗണ്‍ വുഡ്‌ ഔള്‍, കോളേര്‍ഡ്‌ ഗ്രോസ്‌ബീക്‌സ്‌, വൈറ്റ്‌ ത്രോട്ടഡ്‌ ലാഫിംഗ്‌ ത്രഷ്‌ തുടങ്ങിയവ ഉള്‍പ്പെടെ 580ല്‍ അധികം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌ ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന്‌ 2481 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലരിയകാന്തയാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ നിന്നാല്‍ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള കാഴ്‌ച ലഭിക്കും. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്‌ ലരിയകാന്ത. നൈനിറ്റാളില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.

ലാന്‍ഡ്‌സ്‌ എന്‍ഡാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഖുര്‍പാത്തല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്‌. പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന്‌ ചുറ്റുമുള്ള മലനിരകളുടെയും ദൃശ്യചാരുത നമുക്ക്‌ മുന്നില്‍ തുറന്ന്‌ വയ്‌ക്കാനും ലാന്‍ഡ്‌സ്‌ എന്‍ഡിന്‌ കഴിയുന്നുണ്ട്‌. കേബിള്‍ കാറിലാണ്‌ ഇവിടെ എത്തേണ്ടത്‌. 705 മീറ്റര്‍ ദൂരം പിന്നിട്ടാണ്‌ കേബിള്‍ കാറുകള്‍ ലാന്‍ഡ്‌സ്‌ എന്‍ഡില്‍ എത്തുന്നത്‌. ഒരു കേബിള്‍ കാറില്‍ ഒരു സമയം പന്ത്രണ്ട്‌ ആളുകള്‍ക്ക്‌ വരെ യാത്ര ചെയ്യാന്‍ കഴിയും. കേബിള്‍ കാര്‍ യാത്രയ്‌ക്കിടെ മഞ്ഞുമൂടിയ മലനിരകളുടെയും ഹിമാലയത്തിന്റെയും മനോഹാരിത ആസ്വദിക്കാനാകും. ലാന്‍ഡ്‌സ്‌ എന്‍ഡ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന ഒരു ബോണസ്‌ ആണ്‌ ഇത്തരം കാഴ്‌ചകള്‍.

നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ്‌ ഏക ആശ്രയം. ടിഫിന്‍ ടോപ്‌ അഥവാ ഡൊറോത്തീസ്‌ സീറ്റ്‌ പ്രശസ്‌തമായ ഉല്ലാസകേന്ദ്രമാണ്‌. ബ്രിട്ടീഷ്‌ കലാകാരി ആയിരുന്ന ഡൊറോത്തി കെല്ലെറ്റ്‌ ഒരു വാമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അവരുടെ ഭര്‍ത്താവാണ്‌ ഈ പ്രദേശം വികസിപ്പിച്ചെടുത്തത്‌. പ്രകൃതിയോട്‌ ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതരീതി സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന ഇക്കോ കേവ്‌ ഗാര്‍ഡന്‍ നൈനിറ്റാളിലെ പ്രശസ്‌തമായ കാഴ്‌ചയാണ്‌.

രാജ്‌ഭവന്‍, മൃഗശാല, ദ ഫ്‌ളാറ്റ്‌സ്‌, ദ മാള്‍, സെന്റ്‌ ജോണ്‍ പള്ളി, പാന്‍ഗോട്ട്‌ എന്നിവയും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്നു. തണ്ടി സഡക്‌, ഗര്‍ണി ഹൗസ്‌, ഖുര്‍പതാല്‍, ഗുവാനോ കുന്നുകള്‍, അരബിന്ദോ ആശ്രമം എന്നിവയും സന്ദര്‍ശന യോഗ്യമായ സ്ഥലങ്ങളാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ കുതിര സവാരി, ട്രെക്കിംഗ്‌, ബോട്ടിംഗ്‌ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും നൈനിറ്റാളില്‍ ഉണ്ട്‌.

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും നൈനിറ്റാളില്‍ എത്താവുന്നതാണ്‌. വേനല്‍ക്കാലമാണ്‌ നൈനിറ്റാള്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

നൈനിറ്റാളിലേക്ക്‌ സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ സ്വകാര്യ വോള്‍വോ ബസ്സുകളും ലഭിക്കും. അല്‍മോറ, റാണിഖേത്‌, ബദരീനാഥ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ നൈനിറ്റാളിലേക്ക്‌ സെമി ഡീലക്‌സ്‌ ബസ്സുകളും ഡീലക്‌സ്‌ ബസ്സുകളും ലഭിക്കും. സഞ്ചാരികള്‍ക്ക്‌ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്‌.

No comments:

Post a Comment