ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീപരമ ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ ശ്രീ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശ്രീപരമശിവനെ തൊഴുന്നതിനുമുമ്പ് ശ്രീ നന്ദിയെ തൊഴണമെന്നാണ് ചിട്ട. ശ്രീ നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും ശ്രീ നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശ്രീ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ ശ്രീ നന്ദിവിഗ്രഹവും. മാത്രവുമല്ല, ശ്രീ നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. ശ്രീ നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്. അതിങ്ങനെ:
തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരനായ ഒരു പറയൻ, കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:
മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു പറയന്റെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!
പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശ്രീ ശിവവാഹനമായ നന്ദികേശ്വരൻ തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ശ്രീ നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.
ഈ നന്ദിവിഗ്രഹത്തിൽ ഇടയ്ക്ക് ചില വ്രണങ്ങളുണ്ടാകാറുണ്ട്. ഇത് മറ്റൊരു അത്ഭുതമാണ്. എന്നാൽ, ഇത്തരം വ്രണങ്ങളുണ്ടാകുന്നത് ഒരു അപശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് വലിയ അത്യാഹിതങ്ങൾ നടക്കുമ്പോഴാണ് വ്രണമുണ്ടാകുന്നതും അവ പൊട്ടുന്നതും എന്നാണ് കഥ. തിരുവിതാംകൂർ രാജാക്കന്മാർ നാടുനീങ്ങിയ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങൾക്കുമുമ്പും ഇത്തരത്തിൽ വന്നിരുന്നു. ഇപ്പോൾ ഈ നന്ദിവിഗ്രഹം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ടെങ്കിലും വ്രണമുണ്ടാകുന്നത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.
No comments:
Post a Comment