ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 29

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 29

ജോഷീമഠ്

ഹിമാലയയാത്ര സഞ്ചാരികള്‍ക്കൊപ്പം, ഹൈന്ദവ വിശ്വാസികളുടെയും സ്വപ്നയാത്രയാണ്. വേദങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം കേട്ട ശിവ സന്നിധി പുല്‍കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊതിക്കാത്ത ഹിന്ദുക്കള്‍ ഉണ്ടാകില്ല. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളെ അറിയുവാനുള്ള യാത്രയില്‍ നിര്‍ബന്ധമായും സഞ്ചരിച്ചിരിക്കേണ്ട സ്ഥലമാണ് ജോഷീമഠ്.

ഉത്തരഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ഹൈന്ദവര്‍ ഏറെ പുണ്യത്തോടെ കാണുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാല് വേദങ്ങളെ പ്രതിനിധീകരിച്ച് ഹൈന്ദവാചാര്യനായ ആദി ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠമാണ് ജോഷീമഠിലെ പുണ്യകേന്ദ്രം. അഥര്‍വ വേദത്തെയാണ് ഈ മഠം പ്രതിനിധാനം ചെയ്യുന്നത്. മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ നിരവധി അമ്പലങ്ങളുമുണ്ട്. മുമ്പ് കാര്‍ത്തികേയപുര എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.

ദൗലിഗംഗ നദിയും അളകനന്ദ നദിയും സംഗമിക്കുന്ന കാമപ്രയാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജോഷീമഠില്‍ നിന്ന് ചമോലി ജില്ലയുടെ ഉയര്‍ന്ന ഭാഗങ്ങളിലേക്ക് ട്രക്കിംഗ് നടത്താനും അവസരമുണ്ട്. ജോഷീമഠില്‍ നിന്ന് പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നന്ദാദേവി ബയോസ്ഫിയറിന്റെ ഭാഗത്തേക്കുള്ള ട്രക്കിംഗാണ് പ്രശസ്തം.

ഭക്തര്‍ക്കും സഞ്ചാരികള്‍ക്കുമായി എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നിരവധി കാഴ്ചകളാണ് ജോഷീമഠ് ഒരുക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള വ്യക്ഷം എന്ന് കരുതുന്ന കല്‍പ്പവൃക്ഷമാണ് ഇതില്‍ പ്രധാനം. 1200 വര്‍ഷം പഴക്കമുള്ള ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ ശങ്കരാചാര്യര്‍ ധ്യാനിച്ചിരുന്നതായാണ് വിശ്വാസം. 21.5 മീറ്ററാണ് ഈ മരത്തിന്റെ ചുറ്റളവ്. നരസിംഹ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായി കരുതുന്ന നരസിംഹം ആണ് ഇവിടത്തെ പ്രതിഷ്ഠ. സന്യാസി ശ്രേഷ്ഠനായ ബദരീനാഥിന്റെ വീടായി കരുതപ്പെടുന്ന ഇവിടത്തെ ദേവന്റെ വിഗ്രഹം ദിനംപ്രതി ചുരുങ്ങിവരുകയാണ്. എന്ന് അത് പൂര്‍ണമായി ചുരുങ്ങി നിലം പതിക്കുന്നുവോ അന്ന് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ബദരീനാഥിലേക്കുള്ള വഴി അടഞ്ഞുപോകുമെന്നാണ് വിശ്വാസം. ജോഷീമഠില്‍ നിന്ന് നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് നന്ദാദേവി ദേശീയ പാര്‍ക്ക്. 1988ല്‍ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ഇവിടവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഡെറാഡൂണ്‍, ഋഷികേശ്, ഹരിദ്വാര്‍, അല്‍മോറ,നൈനിറ്റാള്‍ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെയെല്ലാം ജോഷീമഠുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ഉണ്ട്. ന്യൂഡൽഹിയിൽ നിന്ന് ഇങ്ങോട് ഡീലക്സ് ബസ് സര്‍വീസുകളും ലഭ്യമാണ്.








No comments:

Post a Comment