ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 44

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 44

മോറി ഗ്രാമം

മോറി ഗ്രാമം സ്ഥിതിചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3700 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. ടോണ്‍ നദിയുടെ കരയില്‍ ജോന്‍സര്‍ ബാവര്‍ പ്രദേശത്താണ് ഈ ഈ സ്ഥലം. ടോണ്‍നദി തമാസ് എന്നും അറിയപ്പെടുന്നു. മോറി, ടോണ്‍സ് താഴ്വരയുടെ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്. ടോണ്‍ നദിയെപ്പറ്റി പല കഥകളുമുണ്ട്.

അതിലൊന്ന് ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിലെ ബുഭ്രുവാഹന്‍ എന്ന എന്ന കഥാപാത്രത്തിന്‍റെ കണ്ണുനീരില്‍ നിന്നാണ് ടോണ്‍ നദിയുണ്ടായത് എന്നാണ്. അതുകൊണ്ട് തന്നെ തദ്ദേശവാസികള്‍ ഈ പുഴയിലെ വെള്ളം കുടിക്കാറില്ല. എന്നാല്‍ മറ്റ് ചിലരുടെ വിശ്വാസം അനുസരിച്ച് രാമായണത്തിലെ കഥാപാത്രമായ ശൂര്‍പ്പണഖയുടെ കണ്ണുനീരാണ് ഈ നദിയിലെ ജലം.

ഈ പ്രദേശത്തുകാര്‍ വിശ്വസിക്കുന്നത് തങ്ങള്‍ പാണ്ഡവരുടെയും, കൗരവരുടെയും പിന്‍മുറക്കാരാണെന്നാണ്. കൗരവരെ അവര്‍ ആരാധിക്കുകയും ചെയ്യുന്നു. ജഖോള്‍ ഗ്രാമത്തിലെ ഒരു പ്രധാന സന്ദര്‍ശന സ്ഥലം കൗരവരിലെ മൂത്ത പുത്രനായ ദുര്യോധനന്‍റെ ക്ഷേത്രമാണ്. സോര്‍ ഗ്രാമവാസികളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തിങ്ങിനിറഞ്ഞ പൈന്‍മരക്കാടുകളാല്‍ സമ്പന്നമാണ് മോറി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈന്‍മരക്കാടായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ക്യാമ്പ് ചെയ്യാന്‍ അനുയോജ്യമായ ഇവിടെ ധാരാളം സ്വകാര്യ റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യാമയാ തുക മാത്രമേ ഇവര്‍ ഈടാക്കുന്നുള്ളു. അതിന് പുറമേ ബാര്‍ബിക്യു, ബോണ്‍ഫയര്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കി ഇവിടുത്തെ സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ അവര്‍ ശ്രമിക്കുന്നു.

സാഹസിക യാത്രക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ് മോറി. സാഹസിക വിനോദങ്ങളായ ആംഗ്ലിങ്ങ്, റാഫ്റ്റിങ്ങ്, കയാകിങ്ങ് എന്നിവയൊക്കെ ഇവിടെ അനുഭവിച്ചറിയാം. ഇവയൊക്കെ ടോണ്‍ നദിയിലാണ് സംഘടിപ്പിക്കുന്നത്. ടോണ്‍ നദിയുടെ ഉത്ഭവം ബണ്ഡര്‍പുഞ്ച് പര്‍വ്വതത്തില്‍ നിന്നാണ്. യമുനാനദിയുടെ പ്രധാന പോഷകനദിയാണ് ടോണ്‍.. നദിയിലുള്ള സാഹസികതക്ക് പുറമേ ട്രെക്കിങ്ങ്,റാപ്പെല്ലിങ്ങ്,കാനനയാത്രകള്‍, പര്‍വ്വതാരോഹണം എന്നിവക്കും മോറിയില്‍ സൗകര്യമുണ്ട്.

മോറിയിലേക്ക് വിമാനം,ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെല്ലാം എത്തിച്ചേരാം. മോറിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ്. ഇത് നഗരത്തില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ്. രെയില്‍വേസ്റ്റേഷനും ഡെറാഡൂണില്‍ തന്നെയാണ്. മോറിയിലേക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മഴക്കാലവും, വേനല്‍ക്കാലവുമാണ് സന്ദര്‍ശനയോഗ്യമായ കാലം. വേനല്‍ക്കാലത്ത് ട്രെക്കിങ്ങും, മഴക്കാലത്ത് കയാകിങ്ങ്, റാഫ്റ്റിങ്ങ് എന്നിവയും നടത്താം.

റോഡ് മാര്‍ഗ്ഗം വരുമ്പോള്‍ അടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം ബസ് ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ധാരാളം ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

No comments:

Post a Comment