ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 48

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 48

കനറ്റാല്‍

ഹരിത ശോഭയാര്‍ന്ന പ്രകൃതി,മഞ്ഞു പുതച്ച മാമലകള്‍ തുടങ്ങി ഒരു ചിത്രകാരന്റെ പെയിന്റിങ്ങിലെന്ന പോലെ മിഴിവാര്‍ന്നതാണ് കനറ്റാല്‍ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കാഴ്ചകള്‍. ഇടതൂര്‍ന്ന വനങ്ങളും നദികളും പക്ഷിമൃഗാധികളും നിറഞ്ഞ് തികച്ചും സ്വര്‍ഗീയമായ അനുഭവമാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഉത്തരാഖണ്ടിലെ ടെഹ്‌രി ഗര്‍ഹ്വാള്‍ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിലാണ് ഈ സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 8500 അടിയോളം ഉയരമുണ്ട് ഈ പ്രദേശത്തിന്.

കാലങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന കനറ്റാല്‍ എന്നു പേരുള്ള തടാകത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. എന്നാല്‍ ഈ തടാകം ഇവിടെ നില നിന്നിരുന്നതിന്റെ ഒരു ലക്ഷണവും ഇന്നിപ്പോള്‍ കണ്ടെത്താന്‍ കഴിയില്ല. സുര്‍ഖന്ധ ദേവി ക്ഷേത്രമാണ് കനറ്റാലിലെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. ഭഗവാന്‍ പരമശിവന്‍ പത്നിയായ സതി ദേവിയുടെ മൃത ശരീരവുമായി കൈലാസത്തിലേക്ക് പോകുന്ന വേളയില്‍ ദേവിയുടെ ശിരസ്സ് ഈ പ്രദേശത്തായി വീഴുകയുണ്ടായെന്നാണ് ഐതിഹ്യം.

സതി ദേവിയുടെ വിവിധ ശരീര ഭാഗങ്ങള്‍ വീണ സ്ഥലങ്ങള്‍ ശക്തി പീഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അതിലൊന്നാണ് ഈ സുര്‍ഖന്ധ ദേവി ക്ഷേത്രം. എല്ലാ മാസവും മെയ്‌ ജൂണ്‍ മാസങ്ങളില്‍ ഗംഗ ദശറ ഉത്സവം ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളില്‍ ഒന്നായ ടെഹ്‌രി ഡാം ഇവിടെ സ്ഥിതി ചെയ്യുന്നു. കനറ്റാലിലെ പ്രധാന സന്ദര്‍ശന സ്ഥലമാണിത്. ഭാഗീരഥി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാമില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുള്‍പ്പെടെയുള്ള യാത്രികര്‍ ഒട്ടേറെ സമയം ചെലവിടുന്ന പ്രധാന പിക്നിക് സ്പോട്ടാണ് കോടിയ ജംഗിള്‍. ഇതു വഴിയുള്ള കാനന സഞ്ചാരം തികച്ചും സാഹസികത നിറഞ്ഞതാണ്. യാത്രാമദ്ധ്യേ ഒട്ടനേകം കാട്ടരുവികള്‍ വനത്തിനുള്ളിലായി ഒഴുകുന്നത്‌ കാണാം. കുടാതെ കാട്ടു പന്നികള്‍, കേഴ മാന്‍, ഗോറല്‍, കസ്തൂരി മാന്‍ തുടങ്ങിയ മൃഗങ്ങളെയും ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും.

കനറ്റാലിന് 75 കിലോമീറ്റര്‍ അകലെയായി ശിവ് പുരി സ്ഥിതി ചെയ്യുന്നു. ഒട്ടേറെ ശിവ ക്ഷേത്രങ്ങള്‍ ഈ പരിസരത്തായി സ്ഥിതി ചെയ്യുന്നുണ്ട്. റിവര്‍ റാഫ്റ്റിംഗിന് കൂടി പേര് കേട്ട സ്ഥലമാണിത്. യാത്രികര്‍ക്ക് രാത്രി സമയത്ത് ഇവിടെ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പുകളില്‍ താമസിക്കുകയും രാവിലെ റാഫ്റ്റിംഗിനായി നദിയിലേക്ക് ഇറങ്ങുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷമാണ് യാത്രികരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെയെത്തുന്നു. റോഡ്‌, റെയില്‍, വിമാന മാര്‍ഗങ്ങള്‍ വഴി മറ്റെല്ലാ നഗരങ്ങളില്‍ നിന്നും യാത്രികര്‍ക്ക് കനറ്റാലിലേക്ക് വന്നെത്താം. 92 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലായി സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗ്രാമത്തിനടുത്തുള്ള പ്രധാന വിമാനത്താവളം. ട്രെയിനിന്‍ വരുന്നവര്‍ക്ക് ഋഷികേഷ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളുണ്ട്. മുസ്സോറി, ഡെറാഡൂണ്‍, ഋഷികേഷ്, ഹരിദ്വാര്‍, ടെഹ്‌രി, ചമ്പ, മുസ്സോറി എന്നിവടങ്ങളില്‍ നിന്നും ബസ്സ്‌ സര്‍വീസുകളും ലഭ്യമാണ്. പ്രധാനമായും വേനല്‍ക്കാലവും ശീതകാലവുമാണ് ഇവിടെയുള്ള കാഴ്ചകള്‍ കാണാനും ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സമയം.

ഡെറാഡൂണ്‍, ഋഷികേഷ്, ഹരിദ്വാര്‍, ടെഹ്‌രി, ചമ്പ, മുസ്സോറി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ്സ്‌, ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്. ന്യൂഡല്‍ഹിയിലെ കാശ്മീരി ഗേറ്റ് ഇന്റര്‍ സ്റ്റേറ്റ് ബസ്‌ ടെര്‍മിനലില്‍ നിന്നും മുസ്സോറി, ഋഷികേഷ്, ചമ്പ എന്നിവിടങ്ങളിലേക്ക് ബസുകള്‍ പുറപ്പെടുന്നുണ്ട്. യാത്രികര്‍ക്ക് സൗകര്യാര്‍ത്ഥം എ സി ബസുകളോ അതല്ലെങ്കില്‍ മറ്റു സാധാരണ ബസ് സര്‍വീസുകളോ യാത്രക്കായി തിരഞ്ഞെടുക്കാവുന്നതാണ്‌.

No comments:

Post a Comment