ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 21

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 21

ഭീംകാളി ക്ഷേത്രം

ഹൈന്ദവ-ബുദ്ധ നിർമ്മാണ മാതൃകകളുടെയ സമന്വയവുമായി ഹിമാലയത്തിന്‍റെ മടക്കുകളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം.. പുരാണങ്ങളിലെയും മിത്തുകളിലെയും പല സന്ദർഭങ്ങളുടെയും വേരുകൾ കണ്ടെത്തുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ മാത്രമല്ല, സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും പ്രിയപ്പെട്ട ഇടമാണ്. മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത നിർമ്മാണരീതി കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും പേരുകേട്ടതാണ് ബീംകാളി ക്ഷേത്രം...

ഹിമാചൽ പ്രദേശിലെ സഹാരാൻ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ ക്ഷേത്രമാണ് ഭീംകാളി ക്ഷേത്രം. കാളിയെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ഇതിന് പുരാണങ്ങളുമായി ബന്ധപ്പെട്ട ഏറെ കഥകൾ പറയുവാനുണ്ട്.

സതീദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അതിനു പിന്നിൽ ഒരു കഥയുമുണ്ട്.
തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ അസ്വാരസ്യങ്ങൾ പിതാവിനും പുത്രിയ്ക്കുമിടയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. എന്നാൽ വിളിക്കപ്പെട്ടില്ലെങ്കിലും ശിവന്റെ വാക്കുകൾ അവഗണിച്ച് സതി ദേവി യാഗത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു. തന്ന അച്ഛൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പോയ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ ചെവി ഭാഗം വീണ സ്ഥലമാണ് ഭീംകാളി ക്ഷേത്രം എന്നാണ് വിശ്വാസം.

മഹാവിഷ്ണു സതീ ദേവിയുടെ ശരീരം സുദർശന ചക്രമുപയോഗിച്ച് കഷ്ണങ്ങളാക്കിയപ്പേൾ 51 ഭാഗങ്ങളായാണത്രെ ശരീരം ഭൂമിയിൽ പതിച്ചത്. അതിൽ ചെവി ഭാഗം വീണ്ട ഇടത്താണ് ഭിം കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങൾ ശക്തി പീഠങ്ങൾ എന്ന പേരിൽ ഇന്നും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളാണ്.

ക്ഷേത്ര വിശ്വാസങ്ങളും ചരിത്രവും ഒക്കെ പറയുന്നത് ശരിയാണെങ്കിൽ ഈ ക്ഷേത്രത്തിന് 800 വർഷത്തിലധികം പഴക്കമുണ്ട്. പുരാണത്തിൽ പരാമർശിക്കുന്ന സോനിത്പൂർ ഈ സ്ഥലമാണെന്നും പറയപ്പെടുന്നു.

ഭീംകാളി ക്ഷേത്രത്തിന് പ്രത്യേകതയുള്ള ഒരുപാട് കഥകളുണ്ട്. 1905 ലെ ഭൂമികുലുക്കത്തിൽ ക്ഷേത്രം ഒരു വശത്തേയ്ക്ക് ചെറുതായി തിരിയുകയുണ്ടായി. പിന്നീട് അത് തനിയെ നേരെയാവുകയാണുണ്ടായത്. കൂടാതെ ഇവിടെ ക്ഷേത്രത്തിൽ ഒരു രഹസ്യ തുരങ്കമുണ്ടത്രെ. സമീപത്തെ റാൻവിൻ ഗ്രാമത്തിൽ നിന്നും പുരോഹിതന്മാർക്ക് ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിപ്പെടുവാനായി അവർ ഉപയോഗിച്ചിരുന്നതാണത്രെ. പിന്നാട് 1927ൽ പതിയ ഒരു തുരങ്കം നിർമ്മിച്ചു. ഇന്ന് രണ്ടു നിലകളിലായുള്ള ക്ഷേത്രത്തിൽ ഒന്നാമത്തെ നിലയിൽ ഭീംകാളിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രൂപം സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവിടേക്ക് ആർക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടെ എത്തുന്നവർ രണ്ടാം നിലയിലാണ് പോകേണ്ടത്.

ഭീംകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണൺത്തിന്റെ പേരാണ് സാർഹാൻ. ശിവൻ ധ്യാനം നടത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സാരാഹൻ സമുദ്ര നിരപ്പിൽ നിന്നും 5155 അടി ഉയരത്തിലാണ് കിടക്കുന്നത്. ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന കിന്നൗറിന്റെ കവാടം കൂടിയാണ് സാഹാരൻ. ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമന്നും യക്ഷികളുടെ വാസസ്ഥലമെന്നും ഒക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ് കിന്നൗർ.

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. ഓരോ കാലാവസ്ഥയിലും ഓരോ തരത്തിലുള്ള ഭംഗിയാണ് ക്ഷേത്രത്തിന്. തണുപ്പുകാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിനാൽ അതിനൊത്ത വസ്ത്രങ്ങളും വൂളനും ഒക്കെ കരുതണം. വേനലിലാണെങ്കിൽ മനോഹരമായ കാലാവസ്ഥയായിരിക്കും. മാർച്ച് മുതൽ നവംബർ വരെയാണെങ്കിൽ മിതമായ കാലാവസ്ഥയായിരിക്കും.

ഹിമാചൽ പ്രദേശിലെ സർഹാൻ എന്ന സ്ഥലത്താണ് ഭീംകാളി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഷിംലയിൽ നിന്നും 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഡെൽഹിയിൽ നിന്നും 570 കിലോമീറ്റർ അകലെയാണ്. ട്രെയിനിൽ വരുമ്പോൾ കൽക്കയിലിറങ്ങി ബാക്കി ദൂരം റോഡ് മാർഗ്ഗം സാരാഹനിനെത്തണം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലാണ്. ഷിംലയിൽ നിന്നും സാരാഹനിലേക്ക് ബസ് മാർഗ്ഗം 6 മുതൽ 8 മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ തണുപ്പു കാലങ്ങളിൽ പ്രതീക്ഷിക്കാതെ മലയിടിച്ചിലും മറ്റുമുണ്ടാകുമ്പോൾ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടും. ആ സമയങ്ങളിൽ സാൻജ് വഴി ഇവിടെ എത്താം.










No comments:

Post a Comment