ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

ഗാർഗ്യ മഹർഷിമാർ

ഗാർഗ്യ മഹർഷിമാർ

വിശ്വാമിത്ര മഹർഷിയുടെ പുത്രന്മാരിൽ ഒരാളാണ് ഗാർഗ്യൻ അഥവാ ഗാർഗ്ഗൻ. ത്രിജടൻ എന്നും ഇദ്ദേഹത്തിന് പേരുണ്ട്. ഗുവന്മാരുടെ പുരോഹിതനായി മാറിയ ഈ മഹർഷി രചിച്ചതാണ് ഗാർഗ്ഗസ്മൃതി എന്ന ഗ്രന്ഥം. 

വനയാത്രയ്ക്ക് പുറപ്പെടാൻ നേരം ശ്രീരാമൻ നല്കിയ ദാനത്തെ കുറിച്ച് അറിഞ്ഞു ഗാർഗ്യ മഹർഷിയുടെ ഭാര്യ അദ്ദേഹത്തെ ശ്രീരാമനരികിലീയ്ക്ക് പറഞ്ഞയച്ചു. ശ്രീരാമൻ, ഗാർഗ്യനെ യമുനയുടെ അരികിൽ മേയുന്ന എണ്ണമറ്റ കാലികൂട്ടത്തിനരികിലേയ്ക്കു കൂട്ടികൊണ്ടു പോയിട്ട് അവിടെയ്ക്ക് ഒരു കമ്പ് നീട്ടിയെറിയാൻ ആവശ്യപ്പെട്ടു. ആ കമ്പ് ചെന്ന് പതിച്ച സ്ഥലം വരെ എത്തിനിന്ന ഗോവൃന്ദത്തെ രാമൻ ഗാർഗ്യനു ദാനം നൽകി. 

അതിഥി ദേവോഭവ എന്ന തത്വം മുറുകെ പിടിച്ചു പാലിക്കണമെന്നും മാംസം വർജ്ജിക്കണമെന്നും ഗോഹിംസയും ബ്രാഹ്മണ ഹിംസയും അരുതെന്നും യാഗനിഷ്ഠപാലിക്കുക എന്നതും മുനിയുടെ ധർമ്മതത്ത്വമായി അറിയപ്പെടുന്നു.

ഗുരുപരമ്പരയിലുൾപ്പെട്ട ഗാർഗ്യൻ, വ്യാസൻ വഴി കൈമാറിവന്ന വേദശാഖയിൽ, ബാഷ്ക്കലനിൽ നിന്ന് ബാലായനി, ഗാർഗ്യൻ , സംസാരൻ എന്നിവർക്കായി ലഭിച്ചിട്ടുളളതാണ് ബാലഖില്യശാഖ. ഗാർഗ്യൻ എന്നും ഇന്ദ്രസഭയിൽ ശോഭിക്കുന്നു.

ഗർഗ മഹർഷിയുടെ പുത്രനായി അഹങ്കാരിയായ മറ്റൊരു ഗാർഗ്യമുനിയുണ്ട്. ശരിക്കുളള പേര് ബാലകി. അഹങ്കാരിയായതിനാൽ ജനങ്ങൾ ദൃപ്തബാലകി എന്ന് വിളിച്ചു. 

ബാലകി മഹർഷി കാശിരാജാവായ അജാതശത്രുവിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞു " ഞാൻ അങ്ങേയ്ക്കു ബ്രഹ്മജ്ഞാനം ഉപദേശിക്കാം " ദക്ഷിണയായി ആയിരം പശുക്കളെ നല്കാമെന്ന് രാജാവും പറഞ്ഞു. ആകാശത്തെ സൂര്യനെ ചൂണ്ടി അതാണ് ബ്രഹ്മം എന്ന് ബാലകി പറഞ്ഞു. അത് തനിക്കറിയാമെന്നും അറിയാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ ഉപദേശിക്കാനും രാജാവു പറഞ്ഞു. പറഞ്ഞു പറഞ്ഞു ബാലകി രാജാവിന്റെ ശിഷ്യനായി. രാജാവ് ബാലകിയെ ഉറക്കത്തിലായിരുന്ന ഒരാളുടെ അരികിൽ കൊണ്ട് പോയി. " ഉറങ്ങുന്ന അവസ്ഥയിൽ ഇയാൾ എവിടെയായിരിക്കും ? ഉണർന്നുകഴിയുന്ന അവസ്ഥയിൽ അയാൾ വരുന്നതെവിടെ നിന്ന്? " രാജാവ് ചോദിച്ചു.. ഉത്തരം അറിയാതിരുന്ന ബാലകിയോട് രാജാവ് പറഞ്ഞു. " ആത്മ സാരൂപ്യം പ്രാപിക്കുന്ന അവസ്ഥയാണ് ഒരുവൻറെ ഉറക്കം. നമ്മൾ ആ അവസ്ഥയിലാണെന്നൊട്ടറിയുന്നേയില്ല. എന്നാൽ ഉണർന്നിരിക്കുമ്പോൾ നമുക്ക് ആത്മ സാരൂപ്യം അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിൽ അതാണ് ബ്രഹ്മാനന്ദം. ആത്മാവിനാൽ എല്ലാം സൃഷ്ടിക്കപ്പെടുകയും വ്യാപിക്കുകയും നിയന്ത്രിക്കപ്പെടുകയും ഉണ്ടാകുന്നു. അഗ്നിയിൽ സ്ഫുലിംഗങ്ങൾ എന്ന പോലെ, അഥവാ വലയുടെ മദ്ധ്യത്തെ ചിലന്തിയെന്ന പോലെ. " ഈ സംഭവത്തോടെ ബാലകിയുടെ ഉളളിൽ നിന്നും അഹങ്കാരം കഴുകിപ്പോവുകയും  ജ്ഞാനിയായിത്തീരുകയുമുണ്ടായി.

 

No comments:

Post a Comment