ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

ച്യവനമഹർഷി

ച്യവനമഹർഷി

ഭൃഗുവിൻറെ പത്നിയായിരുന്നു പുലോമ. പുലോമൻ എന്ന രാക്ഷസൻ , അവളെ മോഹിച്ചു. 
ഭൃഗു - പുലോമാ പരിണയം വിധിപ്രകാരമല്ലെന്നറിഞ്ഞ പുലോമൻ, ഭൃഗു സ്നാനകർമങ്ങൾക്കായി പോയ സമയം ഒരു വരാഹ രൂപത്തിൽ എത്തി ഗർഭിണിയായിരുന്ന പുലോമയെ കാട്ടിലേയ്ക്ക് കടത്തിക്കൊണ്ടു പോയി. വനത്തിൽ വച്ച് ഗർഭത്തിൽ നിന്നൂർന്നുവീണ ശിശുവാണ് ച്യവനൻ. (ച്യവനം ചെയ്യപ്പെട്ടവൻ) ശിശുവിൻറെ ചൈതന്യ ജ്വാലയിൽ പുലോമൻ ചാമ്പലായി. പുലോമയടെ അശ്രുധാര 'വധൂസര' എന്ന പുഴയായി ഒഴുകി. തൻറെ പത്നിയെ അപഹരിക്കാൻ വഴിയൊരുക്കിക്കൊടുത്ത അഗ്നി, ഭൃഗുശാപത്താൽ 'സർവ്വഭക്ഷക' നുമായി. 

വർഷങ്ങൾ നീണ്ട തപസ്സിലായിരുന്ന ച്യവനനെ വാല്മീകത്തിനുളളിലാക്കി, ആ ചിതൽപുറ്റിൽ വളളികൾ പടരുകയും അവിടെ പറവകൾ കൂടു വയ്ക്കുകയും ചെയ്തു. കാട്ടിനുളളിൽ വിനോദത്തിനു വന്ന, ശയ്യാതിരാജാവിൻറെ പുത്രി സുകന്യയും വളളിപ്പടർപ്പിനുളളിലെ തിളക്കം കണ്ടു. ഒരു കളളിമുളളടർത്തി സുകന്യ ആ തിളക്കത്തിലേക്ക് അടുപ്പിച്ചു. ച്യവനമുനിയുടെ രണ്ടു കണ്ണിലും മുളളു തറച്ചു കയറി. കുമാരിയും തോഴിമാരും ചോര കണ്ട് പരിഭ്രമിച്ചോടി. മുനി ശപിച്ചില്ലെങ്കിലും രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി. ച്യവനമുനിയുടെ കണ്ണിൽ മുറിവുണ്ടാക്കിയത് തൻറെ മകളാണെന്നറിഞ്ഞ് രാജാവ് മഹർഷിയോട് മാപ്പ് ചോദിച്ചു. പ്രായശ്ചിത്തമായി സുകന്യയെ ഭാര്യയായി നല്കാൻ മഹർഷി ആവശ്യപ്പെട്ടു. രാജാവിന് വിസമ്മതമുണ്ടായിരുന്നെങ്കിലും സുകന്യ അതിന് തയ്യാറായി. 

സോമപാനം നിഷേധിക്കപ്പെട്ട് അലഞ്ഞുതിരിഞ്ഞു അശ്വിനീദേവതമാർ ച്യവനാശ്രമത്തിൽ വന്നെത്തി. അവിടെ മഹർഷിയെ പരിചരിക്കുന്ന സുന്ദരിയായ സുകന്യയെ കണ്ടു. 

ഒരു പ്രഭാതത്തിൽ നദിയിൽ കുളിച്ചു ജലവുമായി വരുന്ന സുകന്യയ്ക്ക് മുന്നിലെത്തിയ അശ്വിനി ദേവതമാർ അന്ധനായ മഹർഷിയെ പരിചരിച്ചു ദുഃഖിക്കാതെ തങ്ങളിലൊരാളെ ഭർത്താവായി സ്വീകരിക്കാൻ പറഞ്ഞു. അവരുടെ അപേക്ഷ അവജ്ഞയോടെ തളളിയ അവൾക്ക് മുന്നിൽ അവർ മറ്റൊരു ഉപാധി വച്ചു. ച്യവന മഹർഷിയെ ചികിത്സിച്ച് സുഖപ്പെടുത്താം അതിന് ശേഷം മൂന്നു പേരും ഒരു പോലെയിരിക്കും അവരിൽ ഒരാളെ ഭർത്താവായി സ്വീകരിക്കുമോ? 

ഒന്നും മിണ്ടാതെ ആശ്രമത്തിലേയ്ക്ക് നടന്ന സുകന്യ തൻറെ പതിയോട് നടന്നതൊക്കെ വിവരിച്ചു. ച്യവനൻ അവളെ വിട്ട് അശ്വിനി ദേവതമാരെ വിളിപ്പിച്ചു ചികിത്സയ്ക്ക് അനുമതി കൊടുത്തു. ചികിത്സ കഴിഞ്ഞ് മുനിയെയും കൂട്ടി ദേവതമാർ നദിയിലിറങ്ങി. നദിയിൽ മുങ്ങി നിവർന്നപ്പോൾ മൂന്നു പേരും ഒരുപോലെ. തൻറെ ഭർത്താവിനെ തിരിച്ചറിയാൻ കഴിയണേ എന്ന് ദേവിയെ പ്രാർത്ഥിച്ച് അവൾ വിരൽചൂണ്ടിയത് സ്വന്തം ഭർത്താവായ ച്യവനന് നേരെ. 

അശ്വിനി ദേവന്മാർക്ക് സോമപാനം നല്കാനായി ച്യവനൻ ഒരു സോമയാഗം ആരംഭിച്ചു. യാഗവിഹിതം പറ്റാൻ ഇന്ദ്രൻ ദേവന്മാർക്കൊപ്പമെത്തി. അശ്വിനി ദേവന്മാരും. ഇന്ദ്രൻ അവരെ തടഞ്ഞു. ച്യവനൻ ഇന്ദ്രനെയും. വജ്രായുധമെടുത്ത ഇന്ദ്രനെ മഹർഷി നോക്കി നിശ്ചലനാക്കി. ഹോമകുണ്ഡത്തിൽ നിന്നും വന്ന മദൻ എന്ന അസുരൻ ദേവന്മാരെ ഓടിച്ചു. ഇന്ദ്രൻ ദേവഗുരുവിനെ മനസ്സിൽ ധ്യാനിച്ചു. ച്യവനനെ തന്നെ അഭയം പ്രാപിക്കുന്നതിന് ഗുരു ഉപദേശിച്ചു. ഇന്ദ്രൻറെ സഹായാഭ്യർത്ഥന ച്യവനൻ സ്വീകരിച്ചു. മദനാസുരനെ ചൂതുകളി, നായാട്ട്, കള്ളു കുടി, സ്ത്രീ എന്നീ വിഭാഗങ്ങളിലായി ഉൾക്കൊള്ളിച്ചു. 

ഒരിക്കൽ നർമ്മദയിൽ സ്നാനം ചെയ്കെ കേകരലോഹിതൻ എന്ന ഘോരസർപ്പം മഹർഷിയെ പിടികൂടി പാതാളത്തിലേക്കു  കൊണ്ട് പോയി. നാഗസുന്ദരിമാർ ച്യവനനെ പ്രഹ്ലാദൻറെ കൊട്ടാരത്തിൽ എത്തിച്ചു. ഭൂമിയിലെ തീർത്ഥസ്ഥാനങ്ങൾ  മഹർഷി പ്രഹ്ലാദന് വിവരിച്ചു കൊടുത്തു. ച്യവനാശ്രമവും ച്യവനസരോവരവും പുണ്യസ്ഥലങ്ങളായി . ച്യവനൻറെ ജരാനരകളകറ്റിയ ദിവ്യൗഷധമത്രേ ച്യവനപ്രാശം. ഈ മുനി ബ്രഹ്മസഭയിലും ശോഭിച്ചു. 

തോഴിമാർക്കൊപ്പം വനത്തിൽ കളിച്ചുകൊണ്ടിരിക്കെ ഒരു ചിതൽപ്പുറ്റിനുള്ളിൽ എന്തോ തിളങ്ങുന്നത് കണ്ട സുകന്യ അത് കുത്തിപ്പൊട്ടിക്കുന്നു. തപസ്സ് ചെയ്തുകൊണ്ടിരുന്ന ച്യവന മഹർഷിയുടെ കണ്ണുകളാണ് അവൾ പൊട്ടിച്ചത്. ഇതോടെ നാട്ടിലെങ്ങും ദുർലക്ഷണങ്ങളായി. പരിഹാരം തേടി സമീപിച്ച മഹാരാജാവിനോട് മകൾ സുകന്യയെ വിവാഹം ചെയ്ത് തരാനാണ് ച്യവനമഹർഷി ആവശ്യപ്പെട്ടത്. സുകന്യ ഇതിന് തയ്യാറാവുന്നു. വിരൂപനും അന്ധനുമായ പതിയെ സുകന്യ ശുശ്രൂഷിച്ചുപോന്നു. ഇതിനിടെ ദേവവൈദ്യന്മാരായ അശ്വനികുമാരന്മാർ സുകന്യയെ പരീക്ഷിക്കുന്നു. ച്യവനനോടൊപ്പം ഒരേ രൂപത്തിൽ അവർനിന്നു. മൂവരിൽ നിന്നും സ്വന്തം ഭർത്താവിനെ സുകന്യ തിരിച്ചറിഞ്ഞു. ഇതിൽ പ്രസാദിച്ച അശ്വനികുമാരന്മാർ ച്യവനന്റെ യൗവ്വനം വീണ്ടെടുത്തു. 

No comments:

Post a Comment