ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 March 2020

ഭാരതീയ സംസ്കാരം എന്നാലെന്ത്?

ഭാരതീയ സംസ്കാരം എന്നാലെന്ത്?

നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ചൂണ്ടിക്കാട്ടി അതുവഴി നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാണ് ഋഷിവര്യന്മാർ ശ്രീമദ് ഭാഗവതത്തെ പ്രദാനം ചെയ്തിരിക്കുന്നത്. ഭഗവത്ഗീത സത്വഗുണങ്ങളെപ്പറ്റി വിവരിക്കുമ്പോൾ ഭാഗവതം ഓരോരോ അനുഭവങ്ങളിലൂടെ നമ്മുടെ മനസ്സിനെ ആത്മീയ തലത്തിലോട്ടു ഉണർത്താൻ ശ്രമിക്കുന്നു. മാത്രവുമല്ല, ഭാഗവതം നമുക്ക് തരുന്നത് കഥായജ്ഞമല്ല; മറിച്ച്‌ ജ്ഞാനയജ്ഞമാണ്.

ആദിമനുഷ്യൻ പ്രധാനമായി രണ്ടുകാര്യങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു. ഒന്ന്, തൻറെ കൂടെയുള്ളവരുടെ മരണം എങ്ങനെ/എന്തുകൊണ്ട് സംഭവിക്കുന്നു. രണ്ട്, പ്രകൃതിയിൽ ഉണ്ടാകുന്ന ക്ഷോഭങ്ങളിൽനിന്നുള്ള ഭയം. ക്രമേണ ഇതിനെല്ലാം കാരണഭൂതനായ ഒരു ശക്തിയുണ്ടെന്നു മനസ്സിലാക്കുകയും, ആ ശക്തിയെ ഭയക്കാനും ആരാധിക്കാനും തുടങ്ങി. അങ്ങനെ അവൻറെ മനസ്സിൽ ജിജ്ഞാസ (കൂടുതലായിട്ട് അറിയാനുള്ള ആഗ്രഹം) ഉടലെടുത്തു.

അവൻ മനസ്സിലാക്കിയത്, പ്രകൃതിയിൽനിന്നും വന്നതെല്ലാം പ്രകൃതിയിൽത്തന്നെ ചേരുന്നു. കാരണം വൃക്ഷങ്ങളും മൃഗങ്ങളും മനുഷ്യ ശരീരവും ഒടുവിൽ മണ്ണിൽ ലയിച്ചു ചേരുന്നു. അങ്ങനെ ശരീരം പ്രകൃതിയിൽനിന്നും വന്നതാണെന്നും ഒടുവിൽ അത് മണ്ണിൽ ലയിച്ചുചേരുന്നു എന്നും മനസ്സിലാക്കി. ശരീരത്തിൻറെ വളർച്ചക്കും നിലനിൽപ്പിനും ഭക്ഷണം ആവശ്യമാണ്. അത് ഭൂമിയിൽനിന്നും ലഭിക്കുന്നു. ശ്വസിക്കാൻ വായുവും, ദാഹത്തിനു വെള്ളവും, ഭക്ഷണത്തിൻറെ ദഹനത്തിനു അഗ്നിയും, ശരീരചലനങ്ങൾക്കു വ്യാപ്തിയും (space അഥവാ ആകാശം) അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ശരീരം പഞ്ചഭൂത (ഭൂമി, ജലം, വായു, അഗ്നി, ആകാശം) നിർമ്മിതമാണെന്നും അതിൻറെ ഉറവിടം പഞ്ചഭൂതങ്ങളാണെന്നും വ്യക്തമായതോടെ, ശരീരം എവിടെനിന്നും വന്നുവോ അതിലേക്ക് തിരിച്ചുപോകുന്നു എന്നും അതിനെ തടയാൻ ആർക്കും സാധിക്കില്ല എന്നും തിരിച്ചറിഞ്ഞു. 

എന്നാൽ ശരീരത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശക്തി അഥവാ ചൈതന്യം പ്രകൃതിയിൽനിന്നും വന്നതല്ല. അച്ഛൻറെയും അമ്മയുടെയും ഉത്പാദനത്തിൽക്കൂടി വന്നതാണെങ്കിൽ അവരുടെ എല്ലാ മക്കൾക്കും ഒരേ സ്വഭാവഗുണം ആണല്ലോ വേണ്ടത്. എന്നാൽ ഒരേമാതാപിതാക്കളുടെ എല്ലാ മക്കൾക്കും ഒരേസ്വഭാവഗുണം ഒരിടത്തും കാണില്ല. അപ്പോപ്പിന്നെ ഈ സ്വഭാവം (മനസ്സ്) എവിടെനിന്നും വന്നു. ഇതാണ് അടുത്ത കണ്ടെത്തൽ..... ആ കണ്ടെത്തലിനെയാണ് നാം ഭാരതീയ സംസ്കാരം എന്നു വിശേഷിപ്പിക്കുന്നത്.

മനസ്സ് അഥവാ ചൈതന്യമാകുന്ന ആത്മാവിൻറെ വിയോഗത്തെത്തുടർന്നു പ്രാണനും വേർപെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ മരണം സംഭവിച്ച്‌ ഏകദേശം മൂന്നു മണിക്കൂർവരെ ശരീരത്തിൽ പ്രാണൻ ഉണ്ടായിരിക്കും എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ആ ശരീരത്തിലെ അവയങ്ങൾ പുറത്തെടുത്തു വേറൊരു മരണപ്പെടാത്ത ശരീരത്തിൽ ഘടിപ്പിക്കുന്നതും അവയെ വീണ്ടും പ്രവർത്തിപ്പിക്കുന്നതും. ചൈതന്യമറ്റ ശരീരത്തെ കീറിമുറിക്കുമ്പോൾ വേദന അനുഭവപ്പെടാൻ സാധ്യമല്ല; കാരണം അതിൽ മനസ്സ് അഥവാ ആത്മാവ് ഇല്ലാത്തതുകൊണ്ടാണ്. അപ്പോൾ, ആരാണോ ഈ മനസ്സിനെ ഉണർത്തുന്നത്, ഉണർന്ന മനസ്സിനെ പ്രവർത്തിപ്പിക്കുന്നത്, അതിനെ നിലനിർത്തുന്നത് ആ ചൈതന്യത്തെയാണ് ഋഷിമാർ "ഈശ്വരൻ അഥവാ ബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നത്. വേദങ്ങളിൽ ഈ ബ്രഹ്മത്തെ " പുരുഷൻ " എന്ന പദത്തിലാണറിയപ്പെടുന്നത്. എങ്ങനെയാണോ ശരീരം തിരിച്ചു പഞ്ചഭൂതങ്ങളിലേക്ക് ലയിച്ചുപോകുന്നുവോ, അതുപോലെ മനസ്സും തിരിച്ചു ആ ചൈതന്യത്തിലേക്ക് തന്നെ പോയി ലയിക്കണം. ഇതാണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.

ഈശോപനിഷത്തിനൊടുവിൽ കാണുന്ന ശാന്തിമന്ത്രം ഇവിടെ ഓർമ്മിക്കാം:

" ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി: ”

"അതും ഇതും പൂർണ്ണമാണ്; പൂർണ്ണത്തിൻൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു"

ഭഗവത്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഇപ്രകാരം പറയുന്നു: (അദ്ധ്യായം 12, ശ്ലോകങ്ങൾ 3, 4)

" എൻറെ വ്യക്തിരൂപത്തിൽത്തന്നെ മനസ്സുറപ്പിച്ച്‌ അതീന്ദ്രിയമായ ദൃഢവിശ്വാസത്തോടെ എല്ലായ്പ്പോഴും എന്നെ ആരാധിക്കുന്നതിൽ മുഴുകിയിരിക്കുന്നവരാണ് ഏറ്റവും പരിപൂർണതയുള്ളവരെന്നു ഞാൻ കരുതുന്നു. എന്നാൽ ഇന്ദ്രിയങ്ങളെല്ലാം നിയന്ത്രിച്ച്‌ എല്ലാവരിലും സമഭാവനയോടെ സർവ്വജീവികളുടെയും നന്മയിൽ തൽപ്പരരായിക്കൊണ്ട് ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്തതും അവ്യക്തവും സർവ്വവ്യാപ്തവും അചിന്ത്യവും സ്ഥിരവും മാറ്റവുമില്ലാത്തതും ഉറച്ചതുമായതിനെ പൂർണ്ണമായും ഉപാസിക്കുന്നവരും ഒടുവിൽ എന്നെത്തന്നെ പ്രാപിക്കുന്നു ". 

ഇതാണ് ജീവന്മുക്തി; ജീവാത്മപരമാത്മ സംയോഗം. ഇവിടെ സമഭാവന അഥവാ സമബുദ്ധിയെ വിവേക ബുദ്ധിയെന്നും സമബുദ്ധിയില്ലാത്തതിനെ അവിവേകബുദ്ധിയെന്നും പറയുന്നു. അവിവേകബുദ്ധി മായയാൽ മൂടപ്പെട്ടിരിക്കുന്നു. അപ്പോൾ ശരീരമല്ല, ചുറ്റുപാടല്ല മറിച്ച്‌ അവിവേകമനസ്സാണ് മനുഷ്യനെ തളർത്തുന്നത്.

അങ്ങനെയുള്ള മനസ്സിനെ ഉയർത്തണമെങ്കിൽ സനാതനധർമ്മം അനുഷ്ഠിക്കേണ്ടതുണ്ട്. മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിൻറെ പൂര്‍ണ്ണതയില്‍ ദര്‍ശിച്ച സംസ്‌കൃതിയാണ് സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം. സമസ്ത ജീവരാശികള്‍ക്കും നന്മയും ശ്രേയസ്സും പ്രദാനംചെയ്യുന്ന തത്ത്വങ്ങളും ആദര്‍ശങ്ങളുമാണ് സനാതനധര്‍മ്മം ലോകത്തിന് കാഴ്ചവച്ചത്. മനസ്സ് നേരത്തെ ഉള്ളതുകൊണ്ട് അത് വീണ്ടും ഉണ്ടാകുന്നു (വേറൊരു ശരീരത്തിൽ കൂടി). ഇതിനെയാണ് പുരജന്മം എന്ന് വിശേഷിപ്പിക്കുന്നത്. മനസ്സിനെ ഉണർത്തിയുയർത്തിയാൽ അത് മോക്ഷപ്രാപ്തിയിലെത്തും. അതിനു പുനർജന്മമില്ല.

ധർമ്മം രണ്ടു തരത്തിലാണ്. ഒന്ന് ശരീരധർമ്മം (ഭൗതികം). രണ്ട് മനസ്സിൻറെ ധർമ്മം (ആത്മീയം അഥവാ സനാതനധർമ്മം). ആത്മീയ മാർഗ്ഗങ്ങൾ പലതരത്തിലുണ്ടെങ്കിലും (കർമ്മമാർഗ്ഗം, ജ്ഞാനമാർഗ്ഗം, ഭക്തിമാർഗ്ഗം, പ്രാണായാമം തുടങ്ങിവ) ലക്ഷ്യം ഒന്നുതന്നെയാണ്. എന്നുപറഞ്ഞാൽ നമ്മുടെ വേദങ്ങളും (ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം) ഉപനിഷത്തുക്കളും പല മാർഗ്ഗങ്ങളിൽക്കൂടി ലക്ഷ്യസ്ഥാനമായ ജീവന്മുക്തിക്കുവേണ്ടി ഉപദേശിക്കുന്നു.

ഭാരതീയ സംസ്കാരം വളർന്നത് ഗുരുശിഷ്യ സംസ്കാര പരമ്പരയിലൂടെയാണ്. ഉദാഹരണം, ഭഗവാൻ നാരായണനിൽനിന്നും ബ്രഹ്‌മാവിനും, ബ്രഹ്‌മാവിൽനിന്നും നാരദമഹർഷിക്കും, നാരദമഹർഷിയിൽനിന്നും വ്യാസഭഗവാനും, വ്യാസഭഗവാനിൽനിന്നും ശ്രീശുകനും, ശ്രീശുകനിൽനിന്നും പരീക്ഷിത്ത് മഹാരാജാവിനും, അതുകേട്ട് സൂതനും, പിന്നീട് ശൗനകാദികൾക്കും ഭാഗവതം കേൾക്കാനും മനനം ചെയ്യാനും സാധിച്ചു.

No comments:

Post a Comment