ഭൂതനാഥോപാഖ്യാനം: സ്വാമി അയ്യപ്പന്റെ ആധികാരിക ചരിത്രം
ശബരിമലയിലെ പ്രതിഷ്ഠാതത്ത്വത്തെപ്പറ്റി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായല്ലോ. ഈ സന്ദര്‍ഭത്തില്‍, ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാ സാന്നിദ്ധ്യത്തെപ്പറ്റിയും, ശ്രീധര്‍മ്മശാസ്താവ്, അയ്യപ്പന്‍, മണികണ്ഠന്‍ എന്നീř ദേവതാ സങ്കല്‍പത്തെപ്പറ്റിയും ഒരു പഠനം നടത്തുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. നിലവിലെ ശാസ്താ/അയ്യപ്പ/മണികണ്ഠ സങ്കല്‍പങ്ങള്‍ക്ക് ആധാരമായിട്ടുള്ളത് പലപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അയ്യപ്പന്‍/ശാസ്താം പാട്ടുകളും ഐതിഹ്യങ്ങളുമാണെന്നു പറയാം. എന്നാല്‍ വിശ്വാസങ്ങള്‍ക്കടിസ്ഥാനമായിട്ടുള്ള ഏറ്റവും പ്രചാരത്തിലും വിശ്വാസത്തിലുമുള്ള ആധികാരികഗ്രന്ഥം ഭൂതനാഥോപാഖ്യാനമാണ്.
ഈ കൃതി ബ്രഹ്മാണ്ഡപുരാണത്തില്‍ നിന്നുള്ളതാണെന്നും,15 അദ്ധ്യായങ്ങളിലായി വിസ്തരിക്കപ്പെട്ടിട്ടുള്ളതായും പ്രസ്താവങ്ങളുണ്ട് കല്ലറയ്ക്കല്‍ കൃഷ്ണന്‍ നായര്‍ കിളിപ്പാട്ടു രീതിയിലും, പി.എന്‍ കൃഷ്ണനുണ്ണി തര്‍ജ്ജിമയായി ഗദ്യത്തിലും രചിച്ച കൃതികള്‍ മലയാളികളില്‍ അയ്യപ്പഭക്തിനിറയ്ക്കാന്‍ ഏറെ സാഹായകമായിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ആധികാരികമായ ഒരു ഗ്രന്ഥത്തിനു വേണ്ടി ദാഹിച്ചിരുന്ന മലയാളികള്‍ ഈ ഗ്രന്ഥങ്ങളെ സാദരം സ്വീകരിക്കുകയുമുണ്ടായി. ഇതോടൊപ്പം കുറുമുള്ളൂര്‍ നാരായണപിള്ള ‘ഭൂതനാഥസര്‍വ്വസ്വം’ എന്നൊരു ഗ്രന്ഥവും രചിക്കുകയുണ്ടായി. ഇതില്‍ അദ്ദേഹം വെറും കഥ പറയുകമാത്രമല്ല ചെയ്തിട്ടുള്ളത്. പുസ്തകത്തിന്റെ 3-ാം ഭാഗം ക്രിയാത്മകമായ ഗവേഷണ-പഠനങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ സംരംഭം ആദരവോടുകൂടിയെ നമുക്കു കാണാന്‍ കഴിയുകയുള്ളൂ. വളരെയേറെ ഗ്രന്ഥങ്ങളും അയ്യപ്പന്‍ പാട്ടുകളും ഐതിഹ്യങ്ങളും (സംസ്‌കൃതത്തിലും തമിഴിലും മലയാളത്തിലുമുള്ളവ) അദ്ദേഹത്തിന്റെ പഠനത്തിനുവിധേയമായിട്ടുണ്ട്. എങ്കിലും യുക്തിസഹവും കാലഗണനയ്ക്കനുസൃതമായുളള വ്യക്തമായ ധാരണ ലഭിക്കുന്നതിന് അതു സഹായകമായിട്ടില്ല. പക്ഷേ ആ പഠനങ്ങളില്‍ നിന്നും ചില യാഥാര്‍ത്ഥ്യങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കുന്നുണ്ട്.
കാലപരിഗണന
മൂന്നു കാര്യങ്ങള്‍ക്ക് കാലപരിഗണന ഇവിടെ പ്രസക്തമാണ്. പാലാഴിമഥനാനന്തരം ലഭ്യമായ ‘അമൃത്’ അസുരന്മാര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ അവരില്‍ നിന്നും തിരികെ നേടാന്‍ വേണ്ടി മഹാവിഷ്ണു മോഹിനിയായി അവതരിച്ച് ദാനവരെ കൗശലത്തില്‍നിന്ന് മോഹിപ്പിച്ച് തിരികെ നേടി ദേവന്മാര്‍ക്ക് കൊടുത്തതും, ഈ മോഹിനീ രൂപം കാണാനുള്ള ആഗ്രഹം, പരമശിവന്‍ പ്രകടിപ്പിച്ചുവെന്നും - ഹരിഹരാത്മജ ജന്മം മഹിഷീമര്‍ദ്ദനത്തിനനിവാര്യമായിരുന്നു. അവരുടെ സമാഗമത്തിലൂടെ ധര്‍മ്മശാസ്താവിന്റെ ജനനം ഉണ്ടായതായുമാണ് നാം അറിയുന്നത്.
ഇതില്‍ ചില അസാംഗത്യം കടന്നുകൂടിയതായി കാണാം. ഒന്നാമത്, കാലമാണ്. മഹാവിഷ്ണുവിന്റെ കൂര്‍മ്മാവതാരത്തോടനുബന്ധമായിട്ട് ചതുര്‍യുഗാരംഭകാലത്തു നടന്നിരിക്കാനാണ് സാദ്ധ്യത. ഇത്രയേറെ പഴക്കം ധര്‍മ്മശാസ്താവിന് അവകാശപ്പെടാനാകുമോ? രണ്ടാമത് ഒരു ‘മഹിഷി’യായ അസുര സത്രീ, തന്റെ വരദാനപ്രാപ്തിയാല്‍ മഹാശക്തിയായി രൂപാന്തരപ്പെട്ട്, ഇന്ദ്രനെപ്പോലും ഓടിച്ച് ഇന്ദ്രപദവി കൈക്കലാക്കി ദേവന്മാരെ മുഴുവന്‍ ആജ്ഞാനുവര്‍ത്തിയാക്കി ഭരിക്കുമ്പോള്‍, അസുര -ദേവ ഐക്യത്തിലൂടെ പാലാഴി കടയലിനുള്ള സാദ്ധ്യത കുറവാണല്ലോ.
എന്നാല്‍ മറ്റുചില ഐതിഹ്യങ്ങളിലൂടെയും പുരാണാന്തര്‍ഗതമായ കഥകളിലൂടെയും കൂടുതല്‍ വിശ്വസനീയമായ ഐതിഹ്യം വൃകാസുര ചരിത്രത്തിനു കാണുന്നുണ്ട്.
വൃകാസുരനിഗ്രഹം
വൃകാസുരകഥയ്ക്ക് പാലാഴിമഥനത്തോളം പഴക്കം ഉണ്ടാകാനിടയില്ല. വൃകാസുരന്‍, ചൂണ്ടോദരന്‍, ഭസ്മാസുരന്‍ തുടങ്ങി പലപേരില്‍ അറിയപ്പെടുന്നുണ്ട്. കഠിനമായ തപസ്സിലൂടെ പരമശിവനെ പ്രത്യക്ഷമാക്കിയ ഭസ്മാസുരന്‍, താന്‍ ആരുടെയെങ്കിലും ഉച്ചിയില്‍ തൊട്ടാല്‍ ഉടന്‍ അയാള്‍ ഭസ്മമായിത്തീരണം എന്ന വരം സംമ്പാദിക്കുകയുണ്ടായി. പരമേശ്വരനായ ഭഗവാനെ നശിപ്പിച്ചാല്‍ ഒരു പക്ഷേ മഹിഷിയേയും വധിച്ച് ബ്രഹ്മാണ്ഡം മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കാമെന്നു കരുതിയ അസുരന്‍, ഭഗവാനില്‍ തന്റെ തന്നെ വരം പരീക്ഷിക്കുവാന്‍ ശ്രമിച്ചു. ഭഗവാന്‍ ഒഴിഞ്ഞു മാറിക്കഴിഞ്ഞു. ഇതിനുപരിഹാരമായി, മഹാവിഷ്ണു ഒരിക്കല്‍കൂടി മോഹിനീവേഷം കൈക്കൊള്ളുകയും വൃകാസുരനെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും സ്വന്തം തലയില്‍ തന്നെ തൊടുവാന്‍ പ്രേരിപ്പിക്കുകയും, അസുരന്റെ അന്ത്യം കുറിക്കുകയുമുണ്ടായി.
മഹിഷി ഇന്ദ്രപദം കയ്യടക്കിയിരിക്കുന്നതുകണ്ടതുകൊണ്ടാകാം വൃകാസുരന്, പ്രത്യേകിച്ചും നാരദന്റെ പ്രേരണയാല്‍ ഇപ്രകാരം മോഹമുണ്ടായതെന്നു കരുതാം. പ്രായേണ സത്യയുഗങ്ങളുടെ അവസാനഭാഗത്തേക്കാകാനിടയുണ്ട് മഹിഷി -വൃകാസുരസംഭവങ്ങള്‍ എന്നു കരുതാം.
മഹിഷീമര്‍ദ്ദനത്തിനായി, ഹരിഹരപുത്രന്റെ അവതാരം ഉണ്ടാകേണ്ടതുകൊണ്ട് മഹാവിഷ്ണുവിന്റെ ഈ രണ്ടാം മോഹിനി അവതാരം ഹേതുഭൂതമായതാകാം. മറാഠി ഭാഷയിലുള്ള ‘ശിവലീലാമൃതം’ എന്ന ഒരു ഗ്രന്ഥത്തില്‍ ഇപ്രകാരമുള്ള പാരമര്‍ശം ഉള്ളതായി പറയുന്നു. മഹാഭാഗവതത്തില്‍ പോലും പാലാഴി മഥനത്തോടനുബന്ധമായി (മൂലം) ശാസ്താവിന്റെ ജനനമുണ്ടായതായി പ്രതിപാദ്യമില്ല.
ഇതിനു രണ്ടുകാരണങ്ങള്‍ ഉണ്ടാകാം ഒന്നാമത് ‘ഭാഗവത’ രചനയ്ക്കുശേഷമാകാം. ധര്‍മ്മ ശാസ്താവിന്റെ അവതാരം. അഥവാ, ഭാരതത്തിന്റെ ഈ തെക്കേയറ്റത്തു നടന്ന ഈ കഥയ്ക്കു കൂടുതല്‍ പ്രസിദ്ധി കിട്ടിയിട്ടുണ്ടാകില്ല. മാത്രവുമല്ല, ശബരിമലയ്ക്കും അയ്യപ്പനും വലിയ പ്രചാരമുണ്ടായിട്ടുള്ളത് അടുത്തകാലത്ത്-ഏതാണ്ടൊരു 100 വര്‍ഷങ്ങള്‍ക്കിപ്പുറം മാത്രമാണെന്നതുമാകാം.
ധര്‍മ്മശാസ്താവ്
മഹിഷിയുടെ ശല്യംമൂലം പൊറുതിമുട്ടിയ ദേവന്മാരും മഹര്‍ഷിമാരും ഹരിഹരാത്മജന്റെ അവതാരത്തില്‍ അതീവസന്തുഷ്ടരായിത്തീര്‍ന്നു. ബ്രഹ്മാവുതന്നെ ബാലകന് നാമകരണം ചെയ്തു. നാല് നാമങ്ങളാണ് നല്‍കിയത്.
1. ധര്‍മ്മശാസകനാകയാല്‍ - ധര്‍മ്മശാസ്താവ്.
2. ഭൂതങ്ങള്‍ക്ക് (സകലചരാചരങ്ങള്‍ക്കും) പഞ്ചഭൂതങ്ങള്‍ക്കും നാഥനായതിനാല്‍ - ഭൂതനാഥന്‍
3. പരമതത്ത്വങ്ങള്‍ (ശ്രേഷ്ഠ തത്വങ്ങള്‍) തന്നില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പരായഗുപ്തന്‍.
ആര്യന്മാര്‍ക്ക്(ശ്രേഷ്ഠന്മാര്‍ക്ക്) പിതൃതുല്യന്‍ -ആര്യതാതന്‍ ശ്രേഷ്ഠന്മാര്‍ക്ക് ‘ആര്യന്‍’ എന്നും മോശപ്പെട്ടവര്‍ക്ക് ‘ദസ്യു’ എന്നുമാണ് വിവക്ഷ.
ഇതില്‍ അയ്യപ്പ, മണികണ്ഠ നാമങ്ങളില്ലാത്തതിനാല്‍, ധര്‍മ്മശാസ്താവില്‍ നിന്നും വിഭിന്നമാണെന്നു കരുതാവുന്നതാണല്ലോ. ശാസ്താവില്‍നിന്നുമുണ്ടായ അവതാരങ്ങളാണെന്നു പിന്നീടുള്ള പഠനങ്ങളില്‍നിന്നും വ്യക്തമാകുന്നതാണ്. ധര്‍മ്മശാസ്താവ്, ശിവനോടൊത്താണുള്ളത്. അച്ഛനായ പരമശിവനില്‍നിന്നും സകലവിദ്യകളും അഭ്യസിക്കുകയുണ്ടായി. ജന്മോദ്ദേശ്യം ‘മഹിഷീമര്‍ദ്ദനമാണ്.’ എന്നാല്‍ മഹിഷിക്കുനല്‍കിയ വിവരങ്ങളില്‍ ‘ഹരിഹരാത്മജന്‍, 12വര്‍ഷം ഭൂമിയില്‍ സേവനം ചെയ്യണമെന്നുകൂടി ഉണ്ടായിരുന്നു. ഇക്കാലയളവിനുള്ളില്‍ എങ്ങനെയും തിരിച്ചറിഞ്ഞ് നശിപ്പിച്ചുകളയാമെന്നായിരിക്കാം മഹിഷി ഉദ്ദേശിച്ചത്.
അയ്യപ്പന്‍
ഭൂമിയില്‍ മനുഷ്യഭാവത്തില്‍ ജന്മമെടുത്തെങ്കിലല്ലേ മനുഷ്യസേവനം സാദ്ധ്യമാകൂ. ഈ സമയം ‘വീരപാണ്ഡ്യനെന്ന തമിഴ്‌നാട്ടിലെ, പരമഭക്തനായ ഒരു രാജാവ് പരമേശ്വരനോട് തന്റെ നാടിന്റെ രക്ഷയ്ക്കും സഹായത്തിനുമായി അപേക്ഷിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തില്‍ ആയോധനമുള്‍പ്പടെ സകലവിദ്യകളും നേടിയ, യൗവ്വനയുക്തനായ മകനോട്, തമിഴ്‌രാജാവിന് (പാണ്ഡ്യരാജാവ്) ശേവുകം വഹിക്കുവാന്‍ പരമശിവന്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍പ്രകാരം ധര്‍മ്മശാസ്താവ്, അയ്യപ്പനായി ഭൂമിയില്‍ അവതരിച്ചു. ആയുധധാരിയായി ഒരു കുതിരപ്പുറത്ത് (സൈന്യസമേതമെന്നും പരാമര്‍ശമുണ്ട്) യൗവ്വനയുക്തനായി രാജസന്നിധിയിലെത്തുകയും ഭയഭക്തിബഹുമാനങ്ങളോടെ പാണ്ഡ്യരാജാവ് സ്വീകരിച്ചാദരിച്ച് സര്‍വ്വസൈന്യാധിപത്യവും മന്ത്രിസ്ഥാനവും നല്‍കുകയുമുണ്ടായി.
അയ്യപ്പ നാമത്തെ വിശകലനം ചെയ്യുന്നവര്‍ ‘അഞ്ചിന്റെ+അപ്പന്‍’ (അധിപന്‍) എന്നര്‍ത്ഥം വ്യാഖ്യാനിക്കുന്നതായി കാണുന്നില്ല. അഞ്ച് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പഞ്ചഭൂതങ്ങളെയാണ്. അപ്പോള്‍ ഈ നാമത്തിന്റെ അര്‍ത്ഥം ‘ഭൂതനാഥന്‍’ എന്നു തന്നെയാണ്.
മേല്‍പ്രസ്താവിച്ച ഐതിഹ്യമാണ് യാഥാര്‍ത്ഥ്യവുമായി ഒത്തുചേര്‍ന്നു പോകുന്നത്. പാണ്ടിനാട്ടില്‍ അയ്യനാര്‍ കാവുകളുണ്ട്. ഇതിനോടുചേര്‍ന്ന്, മുന്‍കാലുകള്‍ ഉയര്‍ത്തിനില്‍ക്കുന്ന വെളുത്ത കുതിരപ്പുറത്ത് ആയുധ ധാരിയായ ഒരു യുവാവിന്റെ പ്രതിമയും കാണാം. അയ്യനാര്‍ എന്നത് അയ്യപ്പന്‍ തന്നെയെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ളതായ,
ശൂര്‍പ്പകന്‍കവി പുലിപ്പാല്‍ശ്ശേവം തുടങ്ങി
പാണ്ടിശ്ശേവം പന്തളശ്ശേവം അനേകം എളവര്‍ശ്ശേവം വാവരങ്കം ഈഴശ്ശേവം അയ്യപ്പന്‍ പാട്ടുകള്‍ നിലവിലുണ്ട്. ശാസ്താവിനെ ഭാഷാന്തരത്തില്‍ ചാത്തന്‍ എന്നു വിളിച്ചുവരുന്നതാണെന്നും, അയ്യപ്പനെന്നും, അയ്യനാരെന്നും ചാത്തനെന്നും മാചാത്തനെന്നും പലനാമങ്ങള്‍ തമിഴ് നിഘണ്ടുവില്‍ ഉള്ളതായും അറിയുന്നു.
12 വര്‍ഷക്കാലത്തെ സേവനത്തിനുശേഷം, മഹിഷീമര്‍ദ്ദനത്തിന് യോഗ്യതനേടിയ അയ്യപ്പന്‍ കൈലാസത്തിലെത്തി ധര്‍മ്മശാസ്താവാകുകയും, മഹിഷീമര്‍ദ്ദനം നടത്തുകയുമുണ്ടായി. മഹിഷിയെ തലയ്ക്കു ചുഴറ്റി ഭൂമിയിലേക്കെറിയുകയും അഴുതയില്‍ വന്നു വീഴുകയും മഹിഷീമര്‍ദ്ദനം നടത്തുകയും ശാപമോചനം നേടി ‘മഞ്ചാംബികയായി’ മഹിഷി ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു.
മഹാഭക്തനായ”വീരപാണ്ഡ്യന്‍” തകര്‍ന്നടിഞ്ഞുപോയിരുന്ന ധര്‍മ്മശാസ്താക്ഷേത്രം പുനരുദ്ധരിച്ച് ‘അയ്യപ്പ’ഭാവത്തില്‍ പ്രതിഷ്ഠയും നടത്തി. പ്രളയവും യുഗാവര്‍ത്തനവും മൂലം നഷ്ടമായിരുന്ന, പരശുരാമ പ്രതിഷ്ഠിതമായിരുന്ന ശബരിമലക്ഷേത്രം ഇപ്രകാരം വീണ്ടും ചൈതന്യവത്തായിത്തീര്‍ന്നു.
മണികണ്ഠന്‍
മണികണ്ഠനായുള്ള അവതാരത്തിന് മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു.
(1) വിജയബ്രാഹ്മണന് കഴിഞ്ഞ ജന്മം നല്‍കിയ വാഗ്ദാനം-”അടുത്തജന്മം ബ്രാഹ്മണന്‍ പന്തളത്തു രാജാവായി ജനിക്കുമ്പോള്‍ പുത്രനായിത്തീരാം.”
(2) സൈനികശേഷിയില്ലാതിരുന്ന പന്തളരാജാവിന് സഹായമേകുക. ഛിന്നഭിന്നമായ നാടിനെ ശക്തമാക്കുകയും, യുവാക്കന്മാരില്‍ ധര്‍മ്മബോധവും കളരികളെ സമുദ്ധരിച്ച് രാജ്യസ്‌നേഹവും ആരോഗ്യവും പ്രദാനംചെയ്യുക.
(3) പന്തളത്തു രാജകുമാരിയെ അപഹരിക്കുകയും ശബരിമലക്ഷേത്രം നശിപ്പിച്ച് കൊള്ളയടിക്കുകയും മേള്‍ശാന്തിയെ വധിക്കുകയും ചെയ്തു ‘ഉദയനന്‍’ എന്ന കൊള്ളക്കാരനെ (കരിമലക്കോട്ടയില്‍ ആസ്ഥാനമുറപ്പിച്ച) വധിക്കുകയും ചെയ്യുക.
ജനങ്ങളില്‍ നിലവിലുള്ള ഒരു ഐതിഹ്യമനുസരിച്ച്, അപഹരിക്കപ്പെട്ട രാജകുമാരിയെ ഈശ്വരകൃപയാല്‍-രക്ഷപ്പെടുത്തി വധിക്കപ്പെട്ട മേല്‍ശാന്തിയുടെ യുവാവായ മകന്‍’ജയന്തന്‍’ തന്റെ സഹധര്‍മ്മിണിയാക്കുകയുണ്ടായി. ഇവരുടെ ശക്തമായ ഉപാസനയുടെ ഫലമായി ധര്‍മ്മശാസ്താവ് മണികണ്ഠനായി, അവരുടെ പുത്രനായി പിറക്കുകയുണ്ടായി. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം, പമ്പാസരസ്സില്‍ വേട്ടയാടിവന്നു വിശ്രമിക്കുന്ന പന്തളരാജാവിന്റെ ശ്രദ്ധയില്‍വരത്തക്കവണ്ണം, രഹസ്യമായി കുട്ടിയെ കിടത്തുകയും ചെയ്തു.
പുത്രദു:ഖം അനുഭവിച്ചുവന്ന പന്തളരാജാവിന്റെ ശ്രദ്ധയില്‍പ്പെട്ട് ‘മണികണ്ഠനെ’ സ്വീകരിക്കുവാന്‍ മടിച്ചുനിന്ന രാജാവിനോട് അവിടെ പ്രത്യക്ഷപ്പെട്ട ഒരു വൃദ്ധബ്രാഹ്മണന്‍’മടികൂടാതെ കുട്ടിയെ സ്വീകരിച്ചുകൊള്ളുക, ഇവന്‍ ക്ഷത്രിയകുല ജാതനാണെന്നും, മഹത്വമേറിയ ജന്മമാണെന്നും’ പറയുന്നതായി ഭൂതനാഥസര്‍വ്വസ്വത്തില്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്. മേല്‍ പ്രസ്തവിച്ച ഐതിഹ്യം കൂടുതല്‍ വിശ്വസനീയവും,യുക്തിസഹവുമാണെന്നു കരുതാം.
ഭൂതനാഥോപാഖ്യാനപ്രകാരം മണികണ്ഠന്‍ പുലിപ്പാലിനായി വനത്തില്‍ എത്തിയപ്പോള്‍ ദേവന്മാരും മഹര്‍ഷിമാരും അവിടെ ആഗതരാവുകയും മഹര്‍ഷിമാര്‍ യോഗസിദ്ധിയാല്‍, മന:ശ്ശക്തികൊണ്ട് പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും മണികണ്ഠനെ അവിടെ ഇരുത്തുകയും ചെയ്തു. ഇതിന് എത്രയോ മുമ്പുതന്നെ പൊന്നമ്പലമുണ്ട്. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന തപസ്വിയായ ശബരിയുടെ ഉപദേശപ്രകാരം പുത്രദു:ഖം അനുഭവിച്ചുവന്ന ഒരു തമിഴ് ബ്രാഹ്മണന് (വിജയബ്രാഹ്മണന്‍) ഒരു മണ്‍കുടം ശബരിനല്‍കുകയും അതില്‍ ഉരക്കുഴിയില്‍ വീഴുന്ന തീര്‍ത്ഥം സ്വീകരിച്ച് പാപവിമുക്തി നേടുവാനുമായതായി ഐതിഹ്യമുണ്ടല്ലോ. പൊന്നമ്പലമേട്ടില്‍ പ്രതിഷ്ഠിതനായ ധര്‍മ്മശാസ്താവിന് ആകാശഗംഗയില്‍നിന്നുമുള്ള ജലത്താല്‍ ദേവന്മാരും മഹര്‍ഷിമാരും അഭിഷേകം നടത്തിവരുന്നു. ആ പുണ്യാഭിഷേക തീര്‍ത്ഥമാണ് കുമ്പളം തോട്ടിലൂടെ ഒഴുകുന്നത് (വിജയ ബ്രാഹ്മണന്റെ കൈവശമുണ്ടായിരുന്ന മണ്‍കുടത്തിലേയ്ക്കു ശക്തമായി ജലം പതിക്കുകയും, മണ്‍കുടമുടഞ്ഞ് പലകഷണങ്ങളായി തെറിച്ചു വീഴുകയും അവ പത്മദളങ്ങളായി തീരുകയുമുണ്ടായല്ലോ. അങ്ങനെയാണല്ലോ ‘കുംഭദളം’ (പറഞ്ഞു ലോപിച്ച്) ‘കുമ്പളം’ തോടെന്ന പേര് ലഭ്യമായത്.
പൊന്നമ്പലവാസവും, മഹിഷീമര്‍ദ്ദനവും മണികണ്ഠനില്‍ ആരോപിക്കുന്നത് യുക്തിസഹമല്ല. അയ്യപ്പ അവതാരം വഴി പല യുക്തിദോഷങ്ങളും പരിഹരിക്കാനാകും.
സംഘേശക്തി കലൗയുഗേ
ഈ ആപ്തവാക്യം അന്വര്‍ത്ഥമാക്കുവാന്‍ മണികണ്ഠന്‍ പരിശ്രമിച്ചു വിജയിക്കുകയുണ്ടായി. രാജകുമാരിയെ, കൊള്ളക്കാരനായ ഉദയന്‍ അപഹരിച്ചു കൊണ്ടു പോകുമ്പോള്‍ തടയുവാനോ പ്രതികരിക്കുവാനോപോലുമുള്ള ശക്തി പന്തളത്തു രാജാവിനില്ലാതെ പോയിരുന്നല്ലോ. ഛിന്നഭിന്നമായിപ്പോയ നാട്ടുക്കൂട്ടങ്ങളെയും. കളരി ഗുരുക്കന്മാരെയും ഒന്നിച്ചു ചേര്‍ത്തു കൊണ്ട് രാജ്യശക്തി നേടുവാന്‍ മണികണ്ഠന് കഴിഞ്ഞു. പന്തളം മുതല്‍ അമ്പലപ്പുഴ, ആലങ്ങാട്ട് (കാലടിക്കടുത്ത്) വരെ സഞ്ചരിച്ചും ചേര്‍ത്തലയ്ക്കടുത്തുള്ള ചീരപ്പന്‍ ചിറമൂപ്പനെന്ന കളരി ഗുരുവില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചും ചില പ്രത്യേക ആയോധനാ മുറകള്‍വരെ സ്വീകരിക്കുവാനും മണികണ്ഠന്‍ ശ്രമിച്ചു.
അക്കാലത്തെ സ്ഥിതി അനുസരിച്ച്, രാജാവ് ഏതാനും പട്ടാളക്കാരെമാത്രമേ തലസ്ഥാനത്ത്‌നിലനിര്‍ത്തുകയുണ്ടായിരുന്നുള്ളൂ. കുറുപ്പ്, പണിക്കര്‍,കൈമള്‍ മുതലായ സ്ഥാനപ്പേരുകളുള്ള കളരി ഗുരുക്കന്മാരുടെ യോദ്ധാക്കളെ ആവശ്യം വരുമ്പോള്‍ സ്വരൂപിച്ച് യുദ്ധത്തിന് തയ്യാറാക്കുകയായിരുന്നു വ്യവസ്ഥ. രാജസ്ഥാനത്തുനിന്നും കളരികള്‍ക്കു സഹായവും കരമൊഴിവായി വസ്തുവകകളും നല്‍കിയിരുന്നു. മണികണ്ഠന്‍ യുവാക്കന്മാരെ ധര്‍മ്മബോധവും ഉത്തരവാദിത്തവും, രാജ്യസ്‌നേഹവുമുള്ളവരാക്കി ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് ധര്‍മ്മഭ്രംശം ഉണ്ടാകാതിരിക്കുവാനായി ഗുരുസ്വാമിമാരെ നിശ്ചയിക്കുകയുമുണ്ടായി.
നല്ലൊരുയോദ്ധാവായിരുന്ന ‘വാവരെ’ വശത്താക്കി. അമ്പലപ്പുഴ, ആലങ്ങോട്ടു ഭടന്മാരെ (യോഗക്കാരെ) സംഘടിപ്പിച്ചു. എല്ലാവരും ഒത്തുകൂടി (എരുമേലിയില്‍) അഴുതകടന്ന് കരിമലക്കോട്ടയിലെത്തി ഉദയനനെ വധിച്ചു. സര്‍വ്വസൈന്യാധിപരും മഹായോദ്ധാക്കളുമായിരുന്ന കടുത്തമാരെയും കൂടെക്കൂട്ടി തന്റെയാള്‍ക്കാരാക്കി.
തന്റെ ഈശ്വരീയമായ ശക്തി-സിദ്ധിവിശേഷങ്ങളെ വെളിപ്പെടുത്തുവാനായി പുലികളെ കൂട്ടിക്കൊണ്ടുവന്ന,് ജനങ്ങളില്‍ ഭയ-ഭക്തി ആദരങ്ങള്‍ സൃഷ്ടിച്ചു. രാജാവിന് ധര്‍മ്മോപദേശം നല്‍കി. തന്റെ ദൗത്യം പൂര്‍ണ്ണമാക്കി. ശബരിമലയില്‍ തകര്‍ന്നുകിടന്ന ക്ഷേത്രം പുനരുദ്ധരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി. മറ്റുവ്യവസ്ഥകളും ആചാരാനുഷ്ഠാനങ്ങളും നിര്‍ദ്ദേശിക്കുവാന്‍ അഗസ്ത്യമഹര്‍ഷിയെ ചുമതലപ്പെടുത്തിശേഷം അന്തര്‍ധാനം ചെയ്തു. ക്ഷേത്രപ്രതിഷ്ഠയോടുകൂടി, സ്വയം അഷ്ടസിദ്ധികളിലൂടെ അയ്യപ്പവിഗ്രഹത്തിലൂടെ വിലയം പ്രാപിച്ചു. ഈശ്വര അവതാരശക്തികള്‍ക്കും, യോഗീശ്വരന്മാര്‍ക്കും കരഗതമാകുന്ന ശക്തി-സിദ്ധിവിശേഷങ്ങളാണ് അഷ്ടസിദ്ധികള്‍ ഇതില്‍ പ്രാപ്യം എന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായി രൂപാന്തരപ്പെട്ടത്.
പരമശിവന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്, ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകമായ സംസ്‌കാരവും ആദ്ധ്യാത്മികതയും നല്‍കുവാനായി, അഗസ്ത്യമുനിയെ ദക്ഷിണേന്ത്യയിലേക്കയച്ചത്. അയ്യപ്പനായും, മണികണ്ഠനായും ഇതേ ലക്ഷ്യത്തിലാണ്, ധര്‍മ്മശാസ്താവിനെയും നിയോഗിച്ചത്. സുബ്രമണ്യസ്വാമിയും ഇതേ ലക്ഷ്യത്തിനായി പഴനിയില്‍ വാണരുളുന്നു. മഹാവിഷ്ണുവിന്റെ അവതാരമെങ്കിലും, പരമശിവഭക്തനായ പരശുരാമന്‍ ‘കടേലാടുമല, പാണ്ഡി, രാമേശ്വരമടങ്ങുന്ന ദക്ഷിണേന്ത്യയുടെ സംരക്ഷണത്തിനായി ഏറ്റവും ഉയരം കൂടിയകൊടുമുടിയായ ശബരിമലയില്‍ ‘ധര്‍മ്മശാസ്താവിനെ’ പ്രതിഷ്ഠിച്ചു.
ശബരിമല അയ്യപ്പസ്വാമി
പന്തളത്തുരാജാവ് ശബരിമലയില്‍ ക്ഷേത്രപുനരുദ്ധാരണം നടത്തുവാന്‍ തയ്യാറാവുമ്പോള്‍ ഏതുവിധമാണ് വിഗ്രഹം നിര്‍മ്മിക്കേണ്ടതെന്ന് നിശ്ചയിക്കാനാകാതെ കുഴഞ്ഞപ്പോള്‍, ചിരഞ്ജീവിയായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി അവിടെ എത്തുകയും പട്ടബന്ധനസ്ഥനായി, ചിന്മുദ്രാങ്കിതഹസ്തനായി, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയായി പ്രതിഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
ഇപ്പോള്‍ ശബരിമല ക്ഷേത്രത്തില്‍ വിരാജിച്ചരളുന്ന ധര്‍മ്മശാസ്താഭാവം ‘അയ്യപ്പസ്വാമിയുടേതുതന്നെയെന്നതിനു സംശയമില്ല’. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന നവാക്ഷരീമന്ത്രത്തിന്റെ ദേവതയാണ് ഭഗവാന്‍. അടുത്തകാലത്തുരചിച്ച ‘അയ്യപ്പഭാഗവതത്തിലും’ ഇതേ (ത്രൈയക്ഷര ചൈതന്യ)നവാക്ഷരീ മന്ത്രത്തെയാണ് ആധാരമാക്കിയിരിക്കുന്നത്.
താരതമ്യേന പുരാണങ്ങളുടെ രചനയ്ക്കു ശേഷമാണ് ഹരിഹരാത്മജ ജനനം എന്നു മനസ്സിലാക്കാവുന്നതാണ്. ബി.സി 500നും എ.ഡി പ്രാരംഭകാലത്തിനുമിടയില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്ന ‘ശങ്കരാചാര്യസ്വാമികളും’ ഇതേ കാരണത്താലാകാം ധര്‍മ്മശാസ്താവിനെ പരാമര്‍ശിക്കാത്തത്. ഇതുകൊണ്ടാണ് താരതമ്യേന പാലാഴിമഥനത്തെക്കാള്‍ പിന്നീട് നടന്നിരിക്കാനിടയുള്ള ശൂര്‍പ്പക (ഭസ്മാസുര) കഥയാകാം ഹരിഹരാത്മജജന്മമായി ബന്ധപ്പെട്ടിട്ടുള്ളത് എന്ന് അഭിമാനിക്കാന്‍ കാരണം.
കൂടാതെ ദക്ഷിണേന്ത്യയുടെ തെക്കേഭാഗത്തുനടന്നതായ ‘ഹരിഹരാത്മജ ജന്മം’ വടക്കേഇന്ത്യയില്‍ പ്രചാരത്തിലെത്തിയിരുന്നില്ല എന്നും അനുമാനിക്കാം. അനന്തരം, ബ്രാഹ്മണ-ദ്രാവിഡ ശൈവ-വൈഷ്ണവ വിശ്വാസ സങ്കല്‍പങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനങ്ങള്‍ നിയന്ത്രണാതീതമായ ഒരു സമയത്ത് സമന്വയത്തിനായി കണ്ടെടുത്തതാകാം (കേരളത്തിലും തമിഴ്‌നാട്ടിലും പ്രചാരത്തിലുണ്ടായിരുന്ന) ശാസ്താ ജനനം ഏതാണ്ടൊരുനൂറ്റാണ്ടിനിപ്പുറമാണല്ലോ? ശബരിമലയും ധര്‍മ്മശാസ്താവും അയ്യപ്പനും അസാമാന്യമായ പ്രചാരം ഉണ്ടായിട്ടുള്ളതും.
തമിഴിലെ ഐതിഹ്യ-പാട്ടുകളില്‍
”മണികണ്ഠനാമവും,കേരളത്തിലെ
പാട്ടുകളിലും ഐതിഹ്യങ്ങളില്‍
” അയ്യപ്പനാമവും കാണുന്നില്ല.
ഇതൊരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയുണ്ട്. അയ്യനാര്‍/അയ്യപ്പആരാധന തമിഴ്‌നാട്ടില്‍ 1100 വര്‍ഷങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്നു. മലബാറിലെ ഒരു തളി ക്ഷേത്രത്തിലെ, എ.ഡി 900-ാംമാണ്ട് രേഖപ്പെടുത്തിയ ശിലാലിഖിതത്തില്‍, ഗണപതി അയ്യനാര്‍ ദേവതകളെപ്പറ്റി പരാമര്‍ശമുണ്ട്. അപ്പോള്‍ അയ്യപ്പ അവതാരത്തിന് 1500 വര്‍ഷങ്ങളിലധികം പഴക്കം ഉണ്ടാകാമല്ലോ. ഇത്രയും പഴക്കമുള്ളതും തമിഴ്‌നാട്ടില്‍ നടന്നതുമായതു കൊണ്ടാകാം, മലയാളത്തില്‍ അയ്യപ്പപരാമര്‍ശം ഉണ്ടാകാതെ പോയത്.
മണികണ്ഠ സ്വാമിയുടെ ജനനത്തിന് എട്ടു നൂറ്റാണ്ടിലധികം പഴക്കമില്ലതന്നെ. പന്തളത്ത് പാണ്ഡ്യരാജാക്കന്മാര്‍ വാസമുറപ്പിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ ലഭ്യമാണല്ലോ.
മഹിഷീമര്‍ദ്ദകന്‍, മണികണ്ഠസ്വാമിയല്ല എന്നനുമാനിക്കാവുന്നതാണ്. കുഞ്ഞായികിട്ടിയ മണികണ്ഠന്‍ 12കൊല്ലക്കാലം പന്തളത്തു രാജധാനിയില്‍ വളര്‍ന്നതായാണല്ലോ പ്രസ്താവ്യം. ഈ പ്രായത്തിനുള്ളില്‍, എത്ര അത്ഭുതശക്തി-സിദ്ധി വിശേഷങ്ങളുണ്ടായാലും അസംഭവ്യമായ കാര്യങ്ങളാണല്ലോ മണികണ്ഠന്‍ കാഴ്ചവച്ചത്.
ജനങ്ങള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്നനിലവാരത്തിലെത്തുവാനും, ധര്‍മ്മനിരതരായിജീവിക്കുവാനും(ധര്‍മ്മ ശാസ്താവാണല്ലോ) ശാരീരിക ആരോഗ്യം നേടുവാനും (വര്‍ഷത്തില്‍ 41 ദിനവ്രതം) പ്രതീകാത്മകമായി തന്നിലെ ജീവാത്മാവിനെ പരമാത്മാവായ ഭഗവാനില്‍ വിലയം പ്രാപിപ്പിക്കുവാനും(ജീവിത ധര്‍മ്മം) ഉള്ള വ്യവസ്ഥകളാണ് ഭഗവാന്‍തന്നെ നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. മുദ്രധരിക്കുന്ന നാള്‍ മുതല്‍ താനും ഭക്തനും ഒന്നെന്നുള്ള സങ്കല്‍പം(എല്ലാമെല്ലാം അയ്യപ്പന്‍, എല്ലാറ്റിന്‍ പൊരുളയ്യപ്പന്‍) എത്ര ഉദാത്തവും, അദ്വൈതസിദ്ധാന്തത്തിന്റെ നിദര്‍ശനവുമാണെന്നു കാണാവുന്നതാണ്. ഇതാണ് ശബരിമലയുടെ പ്രത്യേകത! ആത്മ-ബ്രഹ്മൈക്യം! ലോകത്തിനാകമാനമായിട്ടുള്ള വിശ്വക്ഷേത്രം.”
No comments:
Post a Comment