ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2020

മന്ത്ര രഹസ്യം

മന്ത്ര രഹസ്യം

പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ഗുരുവിനെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. അതില്‍ ഒരു ബ്രഹ്മചാരി സമാരാദ്ധ്യനായ ഗുരുവില്‍ നിന്നു പാവനമായ ഒരു മുഹൂര്‍ത്തത്തില്‍ മന്ത്രോപദേശം നേടി. ഉപദേശം നല്‍കാന്‍ നേരത്ത് ഗുരു ഇങ്ങിനെ താക്കീത് നല്‍കിയിരുന്നു.
”മകനേ! ഈ മഹാമന്ത്രം അതി രഹസ്യമാണ്. ഇതിനു വളരെയധികം ശക്തിയുണ്ട്. അതിനാല്‍ മറ്റാരോടും പറഞ്ഞു പോകരുത്.

ദിവസങ്ങള്‍ നീങ്ങി. പ്രഭാതസ്‌നാനാദികര്‍മ്മങ്ങള്‍ക്ക് ശിഷ്യന്‍ ഒരു ദിവസം നദീതീരത്തേക്ക് പോയി. അപ്പോള്‍ ഒരുസംഘം മഹത് മഹിളകള്‍ കുളി കഴിഞ്ഞ് മടങ്ങുന്നത് ശിഷ്യന്‍ കണ്ടു. ഗുരുവില്‍നിന്നു ലഭിച്ച അതേ മന്ത്രം അവര്‍ ഉച്ചത്തില്‍ പാടിവരുന്നതാണു ശിഷ്യന്‍ കണ്ടത്. അല്ലാ! ഗുരുദേവന്‍ എന്റെ കാതില്‍ ഉപദേശിച്ച മന്ത്രം. ഇവര്‍ എങ്ങിനെ അറിഞ്ഞുവെന്ന് ശിഷ്യന്‍ അത്ഭുതപ്പെട്ടു. സംശയങ്ങള്‍ മെല്ലെ മനസ്സിനെ ഗ്രസിച്ച് തുടങ്ങി.

ഒരു മനുഷ്യനെ കാര്‍ന്നുതിന്നുന്ന വിഷമാണല്ലോ സംശയം. ശിഷ്യന്‍ മടങ്ങുന്നവഴി കാളവണ്ടി തെളിക്കുന്ന ഒരാള്‍ ആകാവുന്നത്ര ഉച്ചത്തില്‍ അതേ മന്ത്രം ആലപിച്ച് ആഹ്ലാദഭരിതനായി വണ്ടി ഓടിക്കുന്നത് കണ്ടു. മുന്നോട്ടുനീങ്ങവേ ഏതാനും കര്‍ഷകര്‍ നിലം ഉഴുതുകൊണ്ട് ജോലിചെയ്യുന്നു. അവരും അതേ മന്ത്രം ഉരുവിടുകയാണ്.

സത്യാന്വേഷണത്തില്‍ ഉത്സാഹം നഷ്ടപ്പെട്ട ശിഷ്യന്‍ ഒടുവില്‍ തന്റെ സംശയങ്ങള്‍ ഗുരുവിനെ അറിയിച്ചു.  ഏതാനും നാള്‍ കഴിഞ്ഞു. ഒരുദിവസം ശിഷ്യനെ അരികില്‍ വിളിച്ച് തിളക്കമേറിയ ഒരു രത്‌നം കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:- ഈ സാധനം കമ്പോളത്തില്‍കൊണ്ടുപോയി പല വ്യാപാരികളെ കാണിച്ച് വില അറിഞ്ഞ് വരണം. പക്ഷേ സാധനം കൈവെടിയരുത്.

ശിഷ്യന്‍ ആദ്യമായി ഒരു മലക്കറി വ്യാപാരിയെയാണ് കാണിച്ചത്. അദ്ദേഹം നിസ്സാരഭാവത്തില്‍ ഏതാനും കത്തിരിക്ക തരാമെന്ന് പറഞ്ഞു. പിന്നെ സമീപിച്ചത് ഒരു അരിക്കച്ചവടക്കാരനെയായിരുന്നു. അയാള്‍ രത്‌നം പരിശോധിച്ചിട്ട് ആയിരംരൂപ വില പറഞ്ഞൂ. പിന്നീട് ഒരു രത്‌നവ്യാപാരിയെയാണ് ശിഷ്യന്‍ കണ്ടത്. രത്‌നവ്യാപാരി ഒരുലക്ഷംരൂപ അതിനു വിലകണ്ടു. പിന്നീട് അതിവിദഗ്ദ്ധനായ വജ്രവ്യാപാരിയെയാണ് കാണാന്‍ കഴിഞ്ഞത്. വജ്ര വ്യാപാരി പറഞ്ഞു, കുഞ്ഞേ, ഇത് വിലമതിക്കാന്‍ കഴിയാത്ത ഒരു രത്‌നമാണ്. സാധാരണക്കാര്‍ക്ക് ഇത് കിട്ടാവുന്നതല്ല.

വിസ്മയ സ്തബ്ധനായ ശിഷ്യന്‍ മടങ്ങിവന്നു നടന്ന കാര്യങ്ങളെല്ലും ഗുരുവിനെ അറിയിച്ചു. അപ്പോള്‍ പ്രശാന്ത ചിത്തനായി ഗുരു പറഞ്ഞു:- മകനേ! നീ കണ്ടില്ലേ പലതരക്കാര്‍ വിവിധരീതയിലാണു ഒരേ വസ്തുവിന്റെ മൂല്യം നിര്‍ണ്ണയിച്ചത്. എന്നാല്‍ സത്യത്തില്‍ ആ രത്‌നം അമൂല്യമാണ്. അര്‍ഹതയുള്ള വ്യാപാരിക്കുമാത്രമേ അതിന്റെ യഥാര്‍ത്ഥ മഹത്വം അറിയാന്‍ കഴിഞ്ഞുള്ളൂ. 

"ഞാന്‍ നിനക്ക് പകര്‍ന്നുതന്ന രാമനാമമന്ത്രം സംസാരസാഗരത്തിന്റെ മറുകര എത്തിക്കുവാന്‍ പര്യാപ്തമായ അമൂല്യ മന്ത്രമാണ്."

No comments:

Post a Comment