ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 March 2020

ദുർവാസാവ്

ദുർവാസാവ്

അനസൂയക്കും അത്രിമഹർഷിക്കും ശിവാംശത്തിൽ പിറന്ന പുത്രനാണ് ദുർവാസാവ് അഥവാ ദുർവാസസ്സ്. 

ദുർവാസാവ് മഹർഷിയുടെ ജനനത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ നിലവിലുണ്ട്. ശീലാവതിയുടെ ശാപത്തിൽ നിന്നും സൂര്യദേവനെ മോചിപ്പിക്കാൻ ത്രിമൂർത്തികൾ അനസൂയയുടെ സഹായമഭ്യർത്ഥിച്ചു . ശീലാവതിയെ കൊണ്ട് ശാപം പിൻവലിച്ച അനസൂയ ത്രീമൂർത്തികൾ മക്കളായി പിറക്കണമെന്ന് വരം ആവശ്യപ്പെട്ടു എന്നും അതിനാൽ ശിവാംശമായി ദുർവാസാവ് മഹർഷി ജനിച്ചു എന്നും ഒരു കഥ. അനസൂയയടെ പാതിവ്രത്യം പരീക്ഷിക്കാൻ വന്ന ത്രിമൂർത്തികളെ അനസൂയ തപശക്തിയാൽ കുഞ്ഞുങ്ങളാക്കിയെന്നും, പൂർവ്വരൂപം ലഭിക്കാൻ അനസൂയയുടെ മക്കളായി ജനിക്കാമെന്ന വരം നല്കിയെന്നും ഒരു കഥ. ബ്രഹ്മമഹീശ്വരന്മാർ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ കോപാകുലനായ ശിവരൂപം കണ്ട് പാർവതി പരിഭ്രമിച്ചെന്നും, അത് മനസ്സിലാക്കിയ പരമേശ്വരൻ, ദുർവാസഹേതുവായ കോപാംശത്തെ അനസൂയയുടെ ഗർഭത്തിൽ നിക്ഷേപിച്ചു എന്നും മറ്റൊരു കഥ. ബ്രഹ്മമഹേശ്വര യുദ്ധത്തിനിടയിൽ ശിവൻ നരനാരയണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണ മഹർഷിയുടെ ആവശ്യപ്രകാരം ശിവൻ മഹർഷിയുടെ ഇടതു കൈയിൽ ശൂലത്താൽ കുത്തുകയും അതിൽ നിന്നും മൂന്നു രക്തധാരകൾ പ്രവഹിക്കുകയും അതിലൊന്ന് ദുർവാസാവായി പരിണമിച്ചു എന്നും ഒരു കഥ. ത്രിപുരദഹനത്തിൽ ശിവൻ തൊടുത്തുവിട്ട അമ്പുകളിലൊന്ന് ത്രിപുരാസുരന്മാരെ നശിപ്പിച്ച ശേഷം ഒരു ബാലൻറെ രൂപത്തിൽ ശിവൻറെ മടിത്തട്ടിലേയ്ക്ക് മടങ്ങവേ , അവനെ ദുർവാസാവ് എന്ന്പേരിട്ടു എന്നും മറ്റൊരു കഥ. എന്തുതന്നെയായലും ശിവാംശവും ഉഗ്രകോപിയുമായ മഹാമഹർഷിയാണ് ദുർവാസാവ്. 

ബാലികയായിരുന്ന കുന്തി ദേവിയുടെ പരിചരണത്തിൽ പ്രസന്നനായി മഹർഷി കുന്തിദേവിക്ക് അഞ്ചുമന്ത്രങ്ങൾ  വരങ്ങളായി നല്കി. ഒരിക്കൽ ദ്വാരക സന്ദർശിച്ച ദുർവാസാവ് ശ്രീകൃഷ്ണനോട് പായസം ആവശ്യപ്പെടുകയും ചൂടു പായസം കൃഷ്ണൻറെ ദേഹത്ത് പൂശാൻ ആവശ്യപ്പെടുകയും രഥം വരുത്തി തന്നെ അതിലിരുത്തി കൃഷ്ണനും രുഗ്മിണിയും കൂടി വലിച്ച് കൊണ്ട് പോവുകയും വേണമെന്ന് ആവശ്യപ്പെട്ടു. വനാന്ത്യത്തിൽ രഥം നിർത്തിച്ചിറങ്ങിയ മഹർഷി കൃഷ്ണൻറെ ശരീരത്തിൽ പായസം പുരണ്ട ഭാഗത്തൊന്നും അമ്പുകൾ തറയ്ക്കില്ലെന്ന് അനുഗ്രഹിക്കുകയും ചെയ്തു. പായസം പുരാളാത്ത പാദാഗ്രത്തിലാണ് വേടൻറെ അമ്പ് തറച്ചത്. 

ശ്വേതകി രാജാവിൻറെ സുദീർഘമായ യാഗത്താൽ പുകയേറ്റ് കാർമ്മികരായ ബ്രാഹ്മണർ പിൻവാങ്ങിയപ്പോൾ ശിവനെ പ്രീതനാക്കിയ ശ്വേതകി ദുർവാസാവ് മഹർഷിയാൽ യാഗം പൂർത്തിയാക്കുകയും, നിരന്തരം ഹവിസ്സ് ഭക്ഷിച്ച് അജീർണ്ണം ബാധിച്ച അഗ്നിദേവൻ ഖാണ്ഡവവനം ആഹരിച്ച് ദഹനക്കേട് ശമിപ്പിച്ചു. പാണ്ഡവരുടെ വനവാസക്കാലത്ത് ദുര്യോധനൻറെ പ്രേരണയാൽ പാഞ്ചാലിയുടെ ഭക്ഷണസമയം കഴിഞ്ഞ് അവിടെ എത്തിയ ദുർവാസാവ് മഹർഷി, ഭഗവാൻ കഴിച്ച ചീരയിലയാൽ സർവ്വ ജീവികളുടെ വിശപ്പ് മാറിയതിനാൽ ഭക്ഷണത്തിന് നില്ക്കാതെ രക്ഷപ്പെട്ടു പോയി. സാല്വരാജാവിൻറെ പുത്രന്മാർ കശ്യപാശ്രമം ആക്രമിച്ചപ്പോൾ മറ്റു മഹർഷിമാരോടൊപ്പം  ദ്വാരകയിലെത്തി കൃഷ്ണനോട് പരാതിപ്പെടുകയും കൃഷ്ണൻ സാല്വാ പുത്രന്മാരെ വധിക്കുകയും ചെയ്തു. 

മേനക ദുർവാസാവിനു നല്കിയ കല്പകപ്പൂമാല മഹർഷി ഇന്ദ്രന് നല്കുകയും ഐരാവതം അത് നശിപ്പിച്ചതിൽ കോപിച്ച മഹർഷി ദേവന്മാർക്ക് ജരാനരബാധിക്കാൻ ശപിക്കുകയും, ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് ഭക്ഷിക്കേണ്ടിയും വന്നു. 

മായാബീജമന്ത്രത്താൽ പ്രീതയായ ജഗദംബ ദുർവാസാവിന് നല്കിയ അഭൗമസുഗന്ധിയായ മാല്യം മഹർഷി ദക്ഷന് നല്കുകയും , ദക്ഷൻ അത് കിടപ്പറയിൽ തൂക്കി അശുദ്ധമാക്കിയതിൽ ഉമാമഹേശ്വരന്മാർ ദക്ഷനെ പഴിക്കുകയും അത് ദക്ഷയാഗത്തിനൊടുവിലെ സതീദേഹവിയോഗത്തിലും ദക്ഷനിഗ്രഹത്തിലും കലാശിച്ചു. 

ഇന്ദ്രൻറെ പ്രേരണയാൽ അംബരീഷൻറെ ഏകാദശി വ്രതം മുടക്കാൻ പോയ മഹർഷി സുദർശന ചക്രത്തെ ഭയന്ന് അവസാനം അംബരീഷനെ തന്നെ ശരണം പ്രാപിച്ചു. അവതാരലക്ഷ്യം പൂർത്തിയാക്കിയ ശ്രീരാമനെ കാണാൻ യമധർമ്മനത്തവേ, മറ്റാരും തങ്ങളുടെ കൂടികാഴ്ച്ചക്കിയിടയിൽ വരാൻ പാടില്ലെന്ന് പറഞ്ഞു കാവൽ നിർത്തിയ ലക്ഷമണനരികിൽ ദുർവാസാവ് മഹർഷി എത്തുകയും മഹർഷിയുടെ ശാപം ഭയന്ന് രാമനെ വിവരം ധരിപ്പിക്കാൻ അകത്തു പ്രവേശിച്ച ലക്ഷമണനെ രാമൻ പരിത്യജിക്കുകയും ലക്ഷ്മണൻ സരയൂവിൽ ദേഹത്യാഗം ചെയ്യുകയും ചെയ്തു. 

കണ്വാശ്രമത്തിലെത്തിയ മഹർഷിയുടെ സാന്നിദ്ധ്യം അറിയാതെ പോയ ശകുന്തളയെ നീ ആരെ നിനച്ചിരിക്കുന്നവോ അവൻ നിന്നെ മറക്കാനിടവരട്ടെ എന്ന് ശപിച്ചു. ഒരിക്കൽ ദേഹമാസകലം ഭസ്മവും പൂശി പിതൃലോകത്തെത്തിയ ദുർവാസാവ് മഹർഷി കുംഭീപാകനരകം പിതൃതീർത്ഥമാകാനും കാരണക്കാരനായി. ദുർവാസാവ് മഹർഷി എക്കാലവും ഇന്ദ്രസഭയിൽ വസിക്കുന്നതായും ബ്രഹ്മസഭയിലെ സാമാജികനാണെന്നും വിശ്വസിച്ചു പോരുന്നു.

കലിമൂത്ത് ദുര്‍വാസാവിനെപ്പോലെ അവന്‍തുള്ളി . ഇത് നാം നിത്യേന ഉപയോഗിക്കുന്ന പദമാണ്. ശുണ്ഠിക്കാരനായിരുന്നു ദുര്‍വാസാവുമുനി. അദ്ദേഹത്തിന്റെ ശാപം ഏല്‍ക്കാത്തവര്‍ കുറവായിരുന്നു. ദേവന്മാര്‍ക്ക് ജരാനരവരട്ടേ എന്നുദുര്‍വാസാവു ശപിച്ചതിനാലാണ് പാലാഴിമഥനം വേണ്ടിവന്നത്. അതിനാല്‍ ദുര്‍വാസാവിന്റെ കലി ലോകപ്രസിദ്ധമായിത്തീര്‍ന്നു. ദുര്‍വാസാവിന്റെ പിറവി ഇങ്ങനെയാണ്. ഒരിക്കല്‍ ശിവനും ബ്രഹ്മാവും തമ്മില്‍ വലിയ കലഹമുണ്ടായി. അതുസംഘര്‍ഷത്തിലേക്കുവരെയെത്തി. ശിവന്റെ കോപംകണ്ട് ദേവകള്‍ വരെ ഓടിഒളിച്ചു. പാര്‍വതിയും ഭയന്നു. അവര്‍ ശിവനോട് പറഞ്ഞു ''ദുര്‍വാസം ഭവതിമേ'' (എനിക്കങ്ങയുടെ കൂടെ സുഖമായി വസിക്കുവാന്‍ കഴിയുന്നില്ല) ഇതുകേട്ടശിവന്‍ തന്റെ പ്രേയസിക്ക് ദുര്‍വാസം വരുത്തിവച്ചതു തല്‍ക്കാലം വന്ന കോപത്തിനാലാണെന്നും ശിവന്‍ മനസ്സിലാക്കി. അതിനാല്‍ പാര്‍വതിയുടെ രക്ഷയ്ക്കായി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്നും ശിവന്‍ നിശ്ചയിച്ചു. പാതിവ്രത്യത്തില്‍ പ്രസിദ്ധമായ ശീലാവതിയും അക്കാലത്തായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ഭര്‍ത്താവ് ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിട്ടും അഭിസാരികയെ പ്രാപിക്കുവാനുള്ളമനസ്സ് വിട്ടുപോയിരുന്നില്ല. അതിനും ഭാര്യ എതിരായിരുന്നില്ല. അവര്‍ നടക്കാനാവാത്ത ഭര്‍ത്താവിനെ തോളിലേറ്റി അവിടെ എത്തിക്കുമായിരുന്നു. അണിമാണ്ഡവ്യന്‍ ഇതിനാല്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു ''സൂര്യോദയത്തിനുമുന്‍പ് നിന്റെ തലപൊട്ടിത്തെറിക്കട്ടെ'' എന്നാല്‍ പതിവ്രതയായ ശീലാവതിയും വിട്ടില്ല. നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടേ എന്ന്പ്രതിശാപവുമുണ്ടായി. സൂര്യന്‍ ഉദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കുഴയുമെന്നതിന്നാല്‍ വേണ്ട നടപടികള്‍ക്ക് ദേവന്മാര്‍ നീക്കമായി. ത്രിമൂര്‍ത്തികളും ദേവകളും ചേര്‍ന്ന് അത്രിമഹര്‍ഷിയുടെ ഭാര്യയായ അനുസൂയയെ സമീപിച്ചു. ഒടുവില്‍ അനുസൂയ ഇടപെട്ട് ശീലാവതിയുടെ ശാപം പിന്‍വലിപ്പിച്ചു. അതിന്റെ സന്തോഷത്താല്‍ അനുസൂയയോട് എന്തുവരമാണ് വേണ്ടതെന്ന് ദേവന്മാര്‍ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ എന്റെ ഗര്‍ഭത്തിലൂടെ അംശാവതാരമെടുക്കണമെന്ന് അനുസൂയ അപേക്ഷിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും അനുസൂയയുടെ പുത്രന്മാരായി. പാര്‍വതിക്കു ദുര്‍വാസ ഹേതുവായി കോപത്തെ ശിവന്‍ അനുസൂയയില്‍ നിക്ഷേപിച്ചു. അനുസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ്.

No comments:

Post a Comment