ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

ജാജലിയും തുലാധരനും

ജാജലിയും തുലാധരനും


ജാജലി എന്ന മഹർഷി തൻറെ ജടയിൽ പക്ഷികളെ വളർത്തിയിരുന്നത്രെ! മഹാഭാരതം ശാന്തിപർവ്വത്തിലാണ് ആ കഥ. ഇന്ദ്രീയ നിഗ്രഹം വരുത്തി കുട്ടിക്കാലം മുതൽ വനത്തിൽ കഴിഞ്ഞു പോന്ന മുനിയാണ് ജാജലി. കാലാവസ്ഥ ഭേദമൊന്നും മഹർഷിയെ ബാധിക്കാറില്ല. ഒരിക്കൽ, ദീർഘകാലം ഒറ്റക്കാലിൽ കുറ്റിമരത്തൂണുപോലെ നിന്നു തപസ്സു ചെയ്ത അദ്ദേഹത്തിന്റെ ജടാശിഖരത്തിലേക്ക് രണ്ടു പക്ഷികൾ ചെന്നിരുന്നു. ഒരു പ്രാണിയെ പോലും ഹിംസിച്ചു കൂടെന്ന പ്രമാണത്തിൽ വിശ്വസിച്ചിരുന്ന മഹർഷി തപസ്സിൽ മുഴുകി. നാരും ചകിരിയും ചുളളികളും ശേഖരിച്ച് കിളികൾ മഹർഷിയുടെ ജടയിൽ കൂടുകൂട്ടി. പെൺകിളി മുട്ടയിട്ടു. മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളികൾ ശബ്ദമുണ്ടാക്കിയിട്ടും മഹർഷി അറിഞ്ഞഭാവം കാണിച്ചില്ല. കുഞ്ഞിക്കിളികളും പറക്കാറായപ്പോൾ ഒരു പ്രഭാതത്തിൽ കൂടുവിട്ട പക്ഷി കുടുംബം ആറു നാൾ കഴിഞ്ഞു മടങ്ങിയെത്താൻ. പിന്നെ ഒരു നാൾ പോയ പക്ഷികൾ ഒരു മാസം കഴിഞ്ഞും വന്നില്ല. ഇനി വരില്ല എന്ന് വിചാരിച്ച മഹർഷി പുഴയിലിറങ്ങി മുങ്ങി നിവർന്നു കൊണ്ട് ആവേശത്തോടെ പറഞ്ഞു " ധർമ്മം അനുഭവിച്ചറിഞ്ഞവർ കരയിലും വെള്ളത്തിലും എന്നെപ്പോലെ മറ്റാരുമില്ല " അതിനു മറുപടിയായി എത്തിയത് ഒരശരീരി. " ഉണ്ട്, കാശിയിലെ വൈശ്യനായ തുലാധരൻ". ജാജലി കുളിച്ചു കയറി നേരെ പുറപ്പെട്ടത് കാശിയിലേക്ക്. നിഷ്ഠയോടെ പിതൃശുശ്രൂഷ അനുഷ്ഠിച്ചുപോരുന്ന തുലാധരനെ അദ്ദേഹം ചെന്നു കണ്ടു. തന്നെക്കാൾ മഹത്വമുളളവനെന്നു കണ്ട് അദ്ദേഹത്തിനു ശിഷ്യപ്പെട്ടു. മറ്റുള്ളവരുടെ മഹത്വം ബോധ്യപ്പെടാതെ സ്വയം മഹാനെന്നു ഭാവിക്കരുതെന്നു പാഠം.

No comments:

Post a Comment