ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 March 2020

ഭക്തന് കാവലായി ഭഗവാൻ...

ഭക്തന് കാവലായി ഭഗവാൻ...

ഒരിക്കൽ ലങ്കാധിപതി രാവണൻ പാതാളം കാണുവാൻ പോയി

ഭൂമിയിൽ നിന്നും ആറു  ലോകങ്ങൾ  കടന്നാലേ പാതാളത്തിൽ എത്താൻ സാധിക്കൂ. 

ഹിന്ദു വിശ്വാസം അനുസരിച്ചു പതിനാലു ലോകങ്ങൾ ഉണ്ട്. ഭൂമിക്ക് മുകളിൽ ഏഴു ലോകം. 

ഏറ്റവും മുകളിൽ സത്യലോകം, തപലോകം. ജ്ഞാനലോകം, മഹാലോകം, സ്വർഗ്ഗലോകം, ഭുവർലോകം, ബഹുലോകം. 

ഭൂമിക്കു താഴേക്ക്  ഏഴു ലോകം അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം. 

ഓരോ ലോകവും കണ്ടു രാവണൻ സുതലത്തിൽ എത്തി. 

അതി മനോഹരമായ ഉദ്യാനത്തോട് കൂടിയ സുതലം വിസ്തരിച്ചൊന്നു കാണുവാൻ രാവണൻ തീരുമാനിച്ചു. 

ഉദ്യാനം ആസ്വദിച്ചു നടക്കുമ്പോൾ  ഒരു അതിമനോഹരമായ  രാജകൊട്ടാരം കണ്ടു.. 

ഭൂമിക്ക് അടിയിൽ ഇത്രയും മനോഹരമായ ഒരു കൊട്ടാരമോ ?  രാവണന്  അത്ഭുതം തോന്നി.. കൊട്ടാരം ഉള്ളിൽ കേറി കാണുവാൻ തീരുമാനിച്ചു. 

കൊട്ടാരത്തിന്റെ പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു.. അടുത്തു ചെല്ലും തോറും അതിന്റെ മനോഹാരിത കൂടി വരുന്നു.. 

കൊട്ടാരത്തിനു മുൻപിൽ എത്തിയപ്പോൾ കൊട്ടാരത്തിനു കുന്തവും പിടിച്ചു കാവൽ നില്കുന്നതാകട്ടെ ഒരു കൊച്ചു കുട്ടി.

കുട്ടിയെ വകവെക്കാതെ രാവണൻ ഗോപുരം കടക്കാൻ ഒരുങ്ങിയപ്പോൾ ആ കുട്ടി വഴി തടഞ്ഞു. 

അല്ലയോ മഹാനുഭാവ രാജാവിന്റെ അനുവാദം ഇല്ലാതെ ആരെയും ഉള്ളിലേക്ക് കടത്തി വിടരുത് എന്ന് ഉത്തരവ് ഉണ്ട്.. അതുകൊണ്ടാണ് ഞാൻ ഇവിടെ കാവൽ നിൽക്കുന്നത്.. 

അങ്ങ് ദയവായി കുറച്ചു നേരം കാത്തു നിൽക്കുമോ, ഞാൻ ഉള്ളിൽ ചെന്ന് മഹാരാജാവിന്റെ അനുവാദം വാങ്ങി വേഗം വരാം.  

കൊച്ചു കുട്ടി ആദരവോടെ പറഞ്ഞു. 

ഓഹോ സുതലത്തിൽ വേറെ രാജാവോ.. 

കുഞ്ഞേ.. ആരാണ് മനോഹരമായ ഈ കൊട്ടാരത്തിൽ താമസിക്കുന്ന രാജാവ്..?  രാവണൻ ചോദിച്ചു. 

പ്രഹ്ലാദ പൗത്രൻ മഹാബലി ചക്രവർത്തിയാണ് ഈ കൊട്ടാരത്തിൽ താമസിക്കുന്നത്..  കുട്ടി പറഞ്ഞു. 

മഹാവിഷ്ണു പാതാളത്തിലേക്ക്  ചവുട്ടി താഴ്ത്തിയ മഹാബലി ചക്രവർത്തിയാണോ ഇവിടെ താമസിക്കുന്നത്. 

മഹാവിഷ്ണുവിനെ പേടിച്ചു പാതാളത്തിൽ കഴിയുന്ന മഹാബലിയെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു. 

കുഞ്ഞേ രാക്ഷസരാജാവായ ലങ്കാധിപതി രാവണൻ കാണാൻ വരുന്നു എന്ന് രാജാവിനെ അറിയിക്കൂ. 

കുട്ടി അകത്തേക്ക് നടന്നു പോയി.. മഹാബലിയുടെ അരികിൽ നിന്നും അനുവാദം വാങ്ങി   തിരികെ വന്ന് രാവണന്  അകത്തേക്ക് പോകുവാൻ അനുവാദം കൊടുത്തു. 

രാവണൻ മഹാബലിയെ നേരിട്ടു കണ്ടു.. 
തങ്കകിരീടവും അണിഞ്ഞു സിംഹാസനത്തിൽ പ്രൗഢിയോടെ ഇരിക്കുന്ന മഹാബലി ... സുതല ലോകം വാഴുന്ന സാക്ഷാൽ മഹാബലി  ചക്രവർത്തി.. 

മഹാബലിയെ കണ്ടതും രാവണൻ പറഞ്ഞു. അല്ലയോ മഹാബലി അങ്ങ് എന്തിനു മഹാവിഷ്ണുവിനെ പേടിച്ചു ഭൂമിക്കടിയിൽ ഒളിച്ചു താമസിക്കണം.. 

അങ്ങ് ഭൂമിയിലേക്ക് വരൂ ലങ്കാധിപതി രാവണൻ ഉള്ളപ്പോൾ അങ്ങയെ മഹാവിഷ്ണു ഒന്നും ചെയ്യില്ല. 

കൈലാസ പർവ്വതം ദാ ഈ കൈകളിൽ ഉയർത്തിയ രാക്ഷസ രാജാവ് രാവണന്റെ പേര് കേട്ടാൽ തന്നെ പതിനാലു ലോകവും വിറക്കും... പിന്നല്ലേ ഈ മഹാവിഷ്ണു.!!!. 

മഹാവിഷ്ണു വാമനനായി വേഷം മാറി ചതിച്ചല്ലെ അങ്ങയെ സുതലത്തിലേക്ക് താഴ്ത്തിയത്. 

ഈ മഹാവിഷ്ണുവിനു നേർക്ക് നേരെ യുദ്ധം ചെയ്തു തോല്പിക്കാൻ കഴിയില്ല. അതുകൊണ്ടാണ് വേഷം മാറി വന്ന് വരം ചോദിച്ചു  തോല്പിച്ചത്.!!!. 

എന്നിട്ട് ഒരു വരവും തന്നു.  വർഷത്തിൽ ഒരു ദിവസം തിരുവോണം നാളിൽ സ്വന്തം പ്രജകളെ കാണുവാൻ.. ഭൂമിയിൽ വന്നോളാൻ.. ഏതാണ്ട് ഔദാര്യം പോലെ.. 

കള്ളവും ചതിവും ഇല്ലാത്ത രാജ്യം വാണിരുന്ന മഹാബലിയുടെ  കീർത്തി പതിനാലു ലോകവും അറിയുമല്ലോ.. 

മഹാബലി എന്റെ കൂടെ വന്നാലും.. രാവണൻ  ഉള്ളപ്പോൾ മഹാബലിയെ ആരും തൊടില്ല.. 

മഹാവിഷ്ണു മാത്രമല്ല ലോകത്തിലെ ഒരു ശക്തിയും രാവണനെ തോല്പിക്കില്ല.. സംശയിക്കേണ്ട.!!!. 

മഹാബലി ഒന്നും മറുപടി പറഞ്ഞില്ല. 

രാവണനെ കൊട്ടാരം കാണിച്ചു കൊടുക്കുവാൻ ക്ഷണിച്ചു  കൊണ്ടു പോയി. 

സുതലത്തിലെ അതിമനോഹരമായ കൊട്ടരം കണ്ടു രാവണൻ അത്ഭുതപ്പെട്ടു. 

രണ്ടു പേര് നടന്നു നടന്ന്  കൊട്ടാരത്തിന്റെ നടുത്തളത്തിൽ എത്തി. 

കൊട്ടാരത്തിന്റെ നടുത്തളത്തിന്റെ മധ്യഭാഗത്തായി  രത്നകല്ലുകൾ പതിപ്പിച്ച അതിമനോഹരവും ഭീമാകാരവുമായ  ഒരു സ്വർണ്ണ തളിക  കിടക്കുന്നു.  
ഒരു നുറു പേർക്ക് വട്ടത്തിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള വിസ്താരമുണ്ട്.. 

ഇത്രയും വലിയ തളികയിൽ ആരാണ് ഭക്ഷണം കഴിക്കുന്നത് ? 

അത് മാത്രമല്ല ഇത് എന്തിന് ഈ നടുത്തളത്തിൽ വെച്ചിരിക്കുന്നു. 

ഇതെടുത്തു മറ്റേതെങ്കിലും ഭാഗത്തേക്ക്  മാറ്റി വെച്ചാൽ കൂടുതൽ സൗകര്യവും കിട്ടുമല്ലോ. 

രാവണൻ മഹാബലിയോട് ചോദിച്ചു.. ഈ തളിക ഇവിടുന്ന് മാറ്റി വെച്ചു കൂടെ ? 

നടുത്തളത്തിൽ ഇതിങ്ങനെ കിടക്കുന്നത് അസൗകര്യവും, അഭംഗിയും ആണല്ലോ.. പരിചാരകരോട് പറഞ്ഞാൽ അതെടുത്തു മാറ്റില്ലേ? 

ഞങ്ങൾ എല്ലാവരും അതെടുത്തു മാറ്റുവാൻ പരിശ്രമിച്ചു പരാജയപെട്ടു,  അത്രക്ക് ഭാരമാണ്..  എടുത്തു മാറ്റാൻ ആഗ്രഹമുണ്ട്.. പക്ഷെ ആർക്കും സാധിക്കുന്നില്ല. 

കൈലാസം കൈകളിൽ ഉയർത്തിയ അങ്ങേക്ക് ചിലപ്പോൾ ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.. അങ്ങ് തന്നെ അതൊന്ന് നീക്കി വെച്ചു തന്നാലും.. മഹാബലി പറഞ്ഞു. 

രാവണൻ ഒരു കൈ കൊണ്ട് തളിക ഉയർത്താൻ ശ്രമിച്ചു... അനങ്ങുന്നില്ല.. 

രണ്ടു കൈകളും കൊണ്ട് ഉയർത്താൻ ശ്രമിച്ചു.. തളിക അനങ്ങുന്നില്ല.. 

നിലത്തിരുന്നുകൊണ്ട് രണ്ടു കൈകൾ കൊണ്ട് വീണ്ടു തളിക ഉയർത്താൻ ശ്രമിച്ചു... കൈലാസം കൈകളിൽ ഉയർത്തി ലോകത്തെ വിറപ്പിച്ച  രാവണൻ പരിക്ഷീണനായി തളർന്നു നിലത്തിരുന്നു.. 

മഹാബലിയുടെ മുൻപിൽ രാവണന് ചെറുതായത് പോലെ തോന്നി. 

മഹാബലി അടുത്തേക്ക് ചെന്ന് രാവണനെ വിശ്രമ സ്ഥലത്തേക്ക് കൊണ്ട് പോയി.. 

രാവണനോട് പറഞ്ഞു..  

നീ ഇത്രയും നേരം എടുത്തു ഉയർത്താൻ ശ്രമിച്ചത് വെറുമൊരു തളികയല്ല രാവണാ... 

അത് എന്റെ മുത്തച്ഛൻ ഹിരണ്യകശിപുവിന്റെ  ഒരു കാതിൽ കിടന്ന കുണ്ഡലമാണ്. 

കൈലാസ പർവതം കൈ കൊണ്ട് ഉയർത്തിയ നിനക്ക് വെറുമൊരു കുണ്ഡലം ഉയർത്താൻ കഴിഞ്ഞില്ല..!!! 

ഇതുപോലെ രണ്ടു കാതിലും കുണ്ഡലം ധരിച്ച ഹിരണ്യകഴിപുവിന്റെ രൂപം പോലും നമുക്ക് ചിന്തിക്കാൻ കഴിയില്ല. 

അങ്ങനെയുള്ള ഹിരണ്യകശിപുവിനെ എടുത്തു മടിയിൽ കിടത്തി നെഞ്ച് പിളർന്നാണ് നരസിംഹമൂർത്തികൊന്നത്.  അതിനു വേണ്ടി മാത്രമാണ്  നാരായണൻ നരസിംഹമായി  അവതാരം എടുത്തത്.!! 

ത്രിലോകവും ഞടുങ്ങുമാറ്‌ ഉച്ചത്തിൽ  അലറിക്കൊണ്ട് ഹിരണ്യകശിപുവിനെ എടുത്തു  മടിയിൽ കിടത്തുമ്പോൾ ഭൂമിയിൽ നിന്നും  സുതലത്തിലെക്ക് തെറിച്ചു വീണ കുണ്ഡലമാണ് നീ അനക്കാൻ ശ്രമിച്ചത്. 

അങ്ങനെയുള്ള ഹിരണ്യകശിപുവിനെ കൊന്ന ശ്രീമഹാവിഷ്ണുവിനെ നീ നിസ്സാരമായി കാണണ്ട. 

സ്വന്തം ഭക്തനായ പ്രഹ്ളാദനെ  രക്ഷിക്കാൻ വേണ്ടി തൂണും പിളർന്നാണ് നാരായണൻ അവതരിച്ചത്. 

ഇനി ഒരു കാര്യം കൂടി കേട്ടോളു മുന്നടി മണ്ണ് അളന്നു കൊടുക്കാൻ സാധിക്കാതിരുന്ന ഞാൻ നാരായണന്റെ മുൻപിൽ എന്റെ ശിരസ്സ് കാട്ടി കൊടുത്തത്.. ഭഗവാന്റെ പാദസ്പർശം എന്റെ ശിരസ്സിൽ പതിയുവാൻ വേണ്ടി ആയിരുന്നു. 

രാവണാ ഇതുപോലെ ഭക്തരെക്ഷകനായ മറ്റൊരു ദേവനെയും കാട്ടി തരാൻ കഴിയില്ല. 

നീ ഇങ്ങോട്ട് കടന്നു വന്നപ്പോൾ കുന്തവും പിടിച്ചു  എന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുന്ന ഒരു കുട്ടിയെ കണ്ടില്ലേ ?  

അത് വെറുമൊരു കുട്ടിയല്ല രാവണാ... അത് ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായ  വാമനമൂർത്തിയാണ്.!! 

ഭൂമിയിൽ നിന്നും എന്നെ നിഷ്കാസിതനാക്കിയ ഭഗവാൻ നാരായണൻ,   ഇന്ന് എനിക്ക് കാവൽ നില്കുന്നു. 

ഭക്തന് വേണ്ടി കാവൽ നിൽക്കുന്ന ഭഗവാൻ..! സാക്ഷാൽ അനന്തശായി നാരായണൻ... !! 

ഭക്തന് കാവൽ നിൽക്കുന്ന ഭഗവാൻ... രാവണാ ഇതിലും വലിയ ഭാഗ്യമൊന്നും എനിക്കിനി ലഭിക്കാനില്ല.. 

ഓം നമോ നാരായണ..! ഇനി അടുത്ത തിരുവോണം വരെ വാമനൻ മഹാബലിക്ക് കാവൽ..!!

1 comment:

  1. ഇത് പുരാണമാണോ പുതിയ കഥയാണോ.
    ഇതിന് മുമ്പ് ഇക്കഥ േകേട്ടിട്ടില്ല.

    ReplyDelete