ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 March 2020

സൃഷ്ടിയുടെ അടിസ്ഥാനപരമായ കാര്യം

സൃഷ്ടിയുടെ അടിസ്ഥാനപരമായ  കാര്യം

"ജീവൻവയ്ക്കുന്നു ദേഹം വിധിയുടെ കനിവാൽ സൃഷ്ടിതേടുന്നു ചെന്മേ
ഭാവംരൂപം തുടങ്ങിപ്പലപലനിലയിൽ പുഷ്ടിവന്നിട്ടൊടുക്കം,
പാവം ഗർഭത്വസത്വം ഹരിവരമായ് പരിതിൽ വന്നശേഷം
ജീവത്താമാദിമൂല പ്രകൃതിയിലൊടുവിൽ വന്നുചേരുന്നുവല്ലോ"

സൃഷ്ടിയുടെ അടിസ്ഥാനപരമായ ഒരു കാര്യം, ആത്മാവിന് അത് സ്വീകരിക്കുന്ന ശരീരത്തിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്നതാണ്. ആത്മാവ് ഒരു സിംഹത്തിന്റെ ശരീരം സ്വീകരിച്ചാൽ അത് പൂർണമായും സിംഹത്തിന്റെ സ്വഭാവം കാണിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും, തനതായ സ്വഭാവ വിശേഷതയുണ്ട്. മനുഷ്യനും മാലാഖക്കും സ്വന്തം നിയമങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യാനാവില്ല. അതേ സമയം, ഓരോ വർഗത്തിന്റെയും പൊതുസ്വഭാവത്തിനുള്ളിൽ തന്നെ വൈജാത്യങ്ങളുമുണ്ട്. സാമ്യങ്ങളും വൈവിധ്യവും പ്രകടമായിരിക്കും. അതിനാൽ തന്നെ ആത്മാവ് മനുഷ്യശരീരം സ്വീകരിക്കുമ്പോൾ അത് മനുഷ്യന്റെ നാശവും മരണവും ഉൾപ്പടെയുള്ള പൊതുവായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അത് മനുഷ്യസഹജമായ ദൌർബല്യങ്ങളും കരുത്തും കാണിക്കുന്നു. ഒരു പ്രത്യേക വംശത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങൾ  ഒഴിവാക്കുവാൻ ആർക്കും സാധ്യമല്ല.   ഓരോ വംശത്തിനും പൊതുസ്വഭാവങ്ങൾ ഉണ്ട്. അവയുടെ ആവശ്യങ്ങളും ഒരേ പോലെയുള്ളതാണ്. സസ്യഭുക്കായ പശുവിനു പുല്ല് മാത്രമേ വേണ്ടു. എന്നാൽ കടുവക്ക് മാംസം തന്നെ ആഹാരമായി വേണം. അതിനു പുല്ല് കൊണ്ട് എന്ത് പ്രയോജനം? ഒരു മാലാഖയുടെ പ്രവർത്തനതലം അതിനു ലക്ഷ്യം നേടാൻ വേണ്ടത്ര ഉയർന്നത് ആയിരിക്കും. ലക്ഷ്യബോധത്തോട് കൂടിയുള്ള അതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട ശക്തിയും അതിനുണ്ടായിരിക്കും. ഓരോരുത്തരുടെയും പ്രവർത്തനതലങ്ങൾ അവരവരുടെ ലക്ഷ്യം നേടാൻ സഹായകമായ അത്ര ഔന്നത്യമുള്ളതായിരിക്കും. ഉന്നത ആത്മീയ വികാസം നേടിയവർ, മനുഷ്യസഹജമായ ദൌർബല്യങ്ങൾക്ക് അതീതരായിരിക്കും എന്നുള്ളത് അബദ്ധധാരണ മാത്രമാണ്. ദൌർബല്യത്തിന്റെ തോതിൽ വ്യത്യാസം വന്നേക്കാം. പക്ഷെ വർഗ്ഗ സ്വഭാവം മാറ്റാൻ കഴിയില്ല. അത് മാറണമെങ്കിൽ ദേഹവും, വംശവും മാറണം. ഒരു നരി മനുഷ്യശരീരം സ്വീകരിച്ചാൽ അത് മനുഷ്യന്റെ രൂപവും ഭാവവും സ്വീകരിക്കുന്നു. പലപ്പോഴും അത് നരിയുടെ സ്വഭാവം കാണിച്ചെക്കാം എങ്കിൽപ്പോലും അത് മനുഷ്യസഹജമായ ശക്തിയും ദൌർബല്യവും പ്രകടിപ്പിക്കും. ആത്മാവ് ഒരു ശരീരം സ്വീകരിക്കുമ്പോൾ അതിന്റെ വംശീയമായ സ്വഭാവം കൂടിയാണ് സ്വീകരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അതിനു ബാധകമാണ്. ശരീരം ജരാനരകൾക്കും, മരണത്തിനും വിധേയമാണ്.  

നമ്മുടെ അവബോധത്തെ മനസ്, ബുദ്ധി, ശരീരം എന്നിവ നിരന്തരം പ്രലോഭിപ്പിക്കുന്നു. എപ്പോൾ ഒരാൾ നിരന്തര സ്ഥൈര്യത്തോടെ മനസ്, ശരീരം, ബുദ്ധി എന്നിവയുടെ തലത്തിൽ നിന്നും ഉന്നതമായ ആത്മീയ അവബോധത്തിലെക്ക് ഉയരുന്നുവോ അപ്പോൾ, അയാൾ കൈവല്യം കൈവരിക്കുന്നു.

എപ്പോൾ ഒരു ആത്മാവ് സ്വയം സ്വീകരിച്ച ശരീരത്തിന്റെ ആവശ്യങ്ങൾക്കും അപ്പുറത്തേക്ക് വികസിക്കുന്നുവോ, അപ്പോൾ അത് മുക്തമായി തീരുന്നു. എന്നിരുന്നാലും സ്വന്തം ആത്മാവിൽ ഊന്നിയുള്ള നിരന്തര ശ്രദ്ധ ആവശ്യമായ ഒരു പ്രക്രിയ ആണത്.

No comments:

Post a Comment