ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2019

തേനുപുരീശ്വരർ ക്ഷേത്രം

തേനുപുരീശ്വരർ ക്ഷേത്രം

തമിഴ്മാട്ടിലെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അതിനു പിന്നിലെ കഥകളാണ്. ചരിത്രവും കെട്ടുകഥകളും മിത്തും ഒക്കെ കെട്ടിപ്പിണഞ്ഞ്, ഏതിൽ നിന്നും ഏത്, എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയാതെ കിടക്കുന്ന ഒരായിരം കഥകൾ. കഥകളായി പലപ്പോഴും എഴുതിത്തള്ളുമ്പോഴും അവയ്ക്ക് പിന്നിലെ വിശ്വാസം അത്രയധികം ശക്തമാണ് എന്നതു തന്നെയാണ് യാഥാർഥ്യം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് തഞ്ചാവൂരിലെ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തേനുപുരീശ്വരർ ക്ഷേത്രം. വിശ്വസിക്കുവാൻ പ്രയാസമായ കഥകൾ കൊണ്ട് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക്.

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനുപുരീശ്വരർ ക്ഷേത്രം. ശിവലിംഗത്തിൽ തേനുപുരീശ്വരനായി ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. സോമകമലാംബികയായാണ് പാർവ്വതി ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

നാല് ഏക്കർ വരുന്ന മതിലകത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴു നിലയുള്ള കവാടം കടന്നു വേണം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ. പ്രധാന കോവിൽ കൂടാതെ മറ്റ് അനേകം ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. തേനുപുരീശ്വരർ, സോമകമലാംബിക, ദുർഗ എന്നിവരാണ് അക്കൂട്ടത്തിലെ പ്രധന പ്രതിഷ്ഠകൾ. വലിയ കരിങ്കൽ പാളികൾ കൊണ്ടാണ് ഓരോ ചെറിയ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്.

ഇവിടുത്തെ ആദ്യ ക്ഷേത്രം നിർമ്മിച്ചത് ചോള രാജാക്കന്മാരായിരുന്നുവത്രെ. കാലക്രമത്തിൽ അതിനെ പല രാജവംശങ്ങളും പുതുക്കിപ്പണിയുകയുണ്ടായി. ഇപ്പോൾ കാണുന്ന രീതിയിൽ ക്ഷേത്ര നിർമ്മാണം നടത്തിയത് 16-ാം നൂറ്റാണ്ടിൽ നായക് വംശത്തിൽപെട്ട രാജാക്കന്മാരാണ്. ഇപ്പോൾ ഈ ക്ഷേത്രം സംരക്ഷിക്കുന്നത് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്മെന്‍റാണ്.

തമിഴിലെ പ്രധാന ജ്ഞാനികളിൽ ഒരാളായ തിരുജ്ഞാനസംബന്ധരും ഈ ക്ഷേത്ര ചരിത്രവും തമ്മിൽ വളരെയധകികം ബന്ധമുണ്ട്. കഠിന ശിവഭക്തനായാണ് അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ശിവനെ ആരാധിക്കുവാനായി അദ്ദേഹം ഇവിടേക്ക് പുറപ്പെട്ടുവത്രെ. എന്നാൽ കഠിനമായ ചൂട് കാരണം യാത്ര പൂർത്തിയാക്കുവാൻ പറ്റാത്തതിനാൽ അദ്ദേഹം പകുതിയിൽ യാത്ര നിർത്തുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ പരമശിവൻ തന്റെ ഭൂതഗണങ്ങളോട് അദ്ദേഹത്തിനു വേണ്ടി തിരുജ്ഞാനസംബന്ധർ നടക്കുന്ന വഴി മുത്തുകൾ കൊണ്ട് ഒരു പന്തലൊരുക്കുവാൻ ആവശ്യപ്പെട്ടു. താൻ ആവശ്യപ്പെടാതെ ശിവൻ അറിഞ്ഞ് തണലൊരുക്കിയതിൽ അതിശയിച്ച ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...

ഇത് കൂടാതെ ധാരാളം വേറെയും കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച ഇടം കൂടിയാണിത്. കാമധേനുവിന്റെ മകളായ പാട്ടി ഇവിട വെച്ചാണത്രെ ശിവനെ ആരാധിച്ചിരുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാട്ടിശ്വരം എന്നുപേരുണ്ടായത് എന്നൊരു കഥയുണ്ട്. ബാലിയെ വധിച്ചതിൽ ദുഖിതനായ ശ്രീരാമൻ അതിന്റെ പരിഹാരം ചെയ്ത സ്ഥലവും ഇവിടമാണത്രെ. കൂടാതെ, നവഗ്രഹങ്ങൾ സൂര്യനെ ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഇടവും ഇവിടെയാണ്. പാർവ്വതി തപസ്സ് അനുഷ്ഠിച്ച ഇടം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

ഗോപുരങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു ക്ഷേത്രമാണിത്. അഞ്ച് ഗോപുരങ്ങളും മൂന്ന് പ്രകാരങ്ങളുമാണ് ഇവിടെയുള്ളത്. ശിവലിംഗരൂപത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. കൂടാതെ ശിവൻരെ ശ്രീ കോവിലിനു അടുത്തായി സപ്തമാതാ, മഹാലക്ഷ്മി, നവഗ്രഹ, സൂര്യൻ, ചന്ദ്രൻ, ഭാരവൻ തുടങ്ങിയവരുടെ പ്രതിഷ്ഠകളും കാണാം. മൂന്നു ഭാവങ്ങളിലായി ക്ഷേത്രത്തിന്റെ മൂന്നിടങ്ങളിൽ വിനായകരെയും കാണാം. പാർവ്വതി ദേവിക്ക് വേറെ തന്നെ ഒരു ശ്രീകോവിലുണ്ട്.

കുംഭകോണം-ആവൂർ റോഡിൽ കുംഭകോണത്തു നിന്നും എട്ട് കിലോമീറ്റർ അകലെയാണ് പട്ടേശ്വരം സ്ഥിതി ചെയ്യുന്നത്. ദാരാസുരം എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കുംഭകോണത്തു നിന്നും ബസിലെത്തി ഇവിടെ നിന്നും വേറെ ബസ് മാറിക്കയറി പോകുന്നതാണ് എളുപ്പം. ധാരാസുരത്തു തന്നെയാണ് ഇവിടുത്തെ അടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും.

No comments:

Post a Comment