ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 August 2019

വസിഷ്ഠേശ്വരർ ക്ഷേത്രം

വസിഷ്ഠേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കാവേരി നദിയോട് ചേർന്ന് തിട്ടൈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. തഞ്ചാവൂർ പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ അകലെ വസിഷ്ഠേശ്വരർക്കായി സമർപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. എഡി 12-ാം നൂറ്റാണ്ടിൽ ചോളൻമാർ പണികഴിപ്പിച്ച ഈ ക്ഷേത്രം സൂര്യഭഗവാൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രമാണിതെന്നും വിശ്വസിക്കുന്നു. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും (ഒരു നാഴിക) ജലം അഭിഷേകമായി കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിൽ ഒഴുകിയെത്തുന്നു. ഇവിടുത്തെ ശിവലിംഗത്തിനു മുകളിലുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.

ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കല്ലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടായിരിക്കാമെന്നും ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണമായും കരുതുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കുന്നു.

വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. തേവാരംസ്തുതികളിൽ ഈ ക്ഷേത്രം വർണ്ണിച്ചിരിക്കുന്നു.

തഞ്ചാവൂരിന് അടുത്തുള്ള തിട്ടൈ ഗ്രാമത്തിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. സ്വയംഭൂതേശ്വരും ഉലഗനായകിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയായ സ്വയംഭൂ ലിംഗത്തിനെയാണ് സ്വയംഭൂതേശ്വരർ എന്നുവിളിക്കുന്നത്. വസിഷ്ഠ മഹർഷി ഇവിടെ ആരാധിച്ചിരുന്നതിനാൽ പ്രധാന പ്രതിഷ്ഠയെ വസിഷ്ഠേശ്വരർ എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർത്ഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചു. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് അവരെ വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാതെ ഈ ക്ഷേത്രം നിലനിൽക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ശിവന് പൂജ ചെയ്യുന്നതിനായി ഇവിടെ എത്തുന്നു. ആവണി മാസത്തിൽ (ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ രശ്മികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്. ഉത്തരായനത്തിലെ പൈങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം

No comments:

Post a Comment