ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 August 2019

സതി എന്ന ദുരാചാരം

സതി എന്ന ദുരാചാരം

ഹൈന്ദവ സമൂഹത്തെ പ്രാകൃതമെന്നു മുദ്ര കുത്താൻ കാരണമായതും ഭാരതീയ സംസ്കൃതിയിൽ കയറിക്കൂടിയ ദുരാചാരങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നതും സതി ആണെന്നുള്ളതിൽ സംശയമൊന്നുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിലും ഭർത്താക്കന്മാരെ അനുഗമിക്കുന്ന ഭാര്യമാരുണ്ടായിരുന്നുവെങ്കിലും ഭാരതത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ ഈ അനാചാരം ക്രമാതീതമായി വളർന്നു. നിർബന്ധമായി സ്ത്രീകളെ ചിതയിലേക്ക് തള്ളി വിടുന്ന സ്ഥിതി വിശേഷമുണ്ടായതിനെ തുടർന്ന് സതി നിരോധിക്കപ്പെട്ടു. എങ്കിലും സതിയെ ഭാരതീയ സംസ്കൃതിക്ക് നേരെയുള്ള ആയുധമായി ഇന്നും യഥേഷ്ടം ഉപയോഗിച്ച് പോരുന്നു.

പൗരാണിക ഗ്രന്ഥങ്ങളിൽ

ഭാരതത്തിൽ സതിയുടെ ചരിത്രം അങ്ങേയറ്റം ദുരൂഹമാണ്. ഇന്ന് നാമറിയുന്ന രൂപത്തിൽ അനുഷ്ടിക്കപ്പെട്ടിരുന്നതിന് കൃത്യമായൊരു തെളിവ് സതിക്കില്ല എന്നതാണ് സത്യം. മനുസ്മൃതി പ്രകാരം സതി എന്ന വാക്കിന് പരിശുദ്ധ എന്നർത്ഥമേ ഉള്ളൂ . പിന്നീടെപ്പോഴാണ് വാക്കിന്റെ അർഥം മാറി സതി ഒരാചാരത്തിന്റെ രൂപമെടുത്തത് ?

വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ , ആരണ്യകങ്ങളിലോ , ധർമ്മ ശാസ്ത്രങ്ങളിലോ സതിയെക്കുറിച്ച് സൂചനയില്ല. എന്നാൽ ഭർത്തൃ മരണത്തിൽ ദുഖിതയായി അയാളുടെ ശരീരത്തിന് സമീപം കിടക്കുന്ന ഭാര്യയെ എഴുന്നെല്പ്പിക്കുന്ന വരികൾ ഋഗ്വേദത്തിൽ (10.18.8) കാണാം . ഈ വരികളെ ഉദ്ധരിച്ചാണ് ശ്രീ.സാക്കിര് നായിക്കിനെ പോലുള്ളവർ (അഗ്രേ എന്ന പദത്തെ അഗ്നെ എന്ന് തിരുത്തി) വേദങ്ങളിൽ സതി നിലവിലുണ്ട് എന്ന് വരുത്തി തീർക്കുന്നത്. നിർബന്ധമായിട്ടല്ലെങ്കിലും ഭർത്താവിനോടൊപ്പം മരിക്കുന്ന സ്ത്രീക്ക് സ്വർഗം ലഭിക്കും എന്നൊരു പരാമർശം വിഷ്ണു , പരാശര സ്മൃതികളിൽ കാണാം. ഭാരതീയ ഗ്രന്ഥങ്ങളിൽ സതിക്കുള്ള നിർണ്ണായക തെളിവ് ഇത് മാത്രമാണ്. പരാശരസ്മൃതിയിൽ തൊട്ടു മുന്പിലുള്ള ശ്ലോകങ്ങൾ വിധവാ വിവാഹം സാധൂകരിക്കുന്നതാണ് എന്നത് ഈ ശ്ലോകങ്ങൾ പ്രക്ഷിപ്തമാണോ എന്ന സംശയം ജനിപ്പിക്കുന്നുമുണ്ട്.

സതിയുടെ ഉത്ഭവമായി രണ്ടു സംഭവങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദക്ഷപുത്രിയായ സതിയുടെ ദേഹത്യാഗവും സീതയുടെ അഗ്നി പ്രവേശവും. എന്നാൽ ഭർത്താക്കന്മാർ ജീവിച്ചിരിക്കെ ആണ് ഈ രണ്ടു സംഭവങ്ങളിലും ഭാര്യമാർ അഗ്നി പ്രവേശം നടത്തുന്നത്. അതുകൊണ്ട് സതി ഇവിടെ മുതൽ തുടങ്ങുന്നു എന്ന് പറയാൻ സാധ്യമല്ല. സ്ത്രീകള് അഗ്നിയിൽ ദേഹത്യാഗം ചെയ്തു എന്നത് കൊണ്ട് മാത്രം അത് സതിയാകുന്നില്ല. സീതയുടെ പൂർവ ജന്മമെന്നു കരുതുന്ന വേദവതിയും അഗ്നിയിൽ ദേഹത്യാഗം ചെയ്തവരിൽ പെടും. അവിടെയും കൂടി സതിയുടെ വിത്തുകൾ തിരുകാൻ ചരിത്രകാരന്മാർ മറന്നു പോയതാകും എന്ന് തോന്നുന്നു. സതിയുടെ തുടക്കം എവിടെ നിന്ന് എന്നതിന് വ്യക്തമായൊരു സൂചനയും ഭാരതീയ ചരിത്രരേഖകളിൽ ഇല്ല എന്നതാണ് സത്യം .

ഇനി പൌരാണിക കാലത്ത് സതിയനുഷ്ടിച്ചതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത് മഹാഭാരതത്തിൽ മാദ്രിയുടെയും ( ആദി പർവ്വം) വസുദേവന്റെയും കൃഷ്ണന്റെയും ഭാര്യമാരുടെയും (മുസല പർവ്വം) ചിതാ പ്രവേശമാണ്. പാണ്ഡുവിന്റെ മരണം കൊണ്ടുണ്ടായ കുറ്റബോധമാണ് മാദ്രിയെ അദ്ദേഹത്തിന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പികുന്നത്. ആചാരമല്ല, മറിച്ച് ആഘാതമാണ് 5 ഭാര്യമാരെ കൃഷ്ണന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പിക്കുന്നത്.കൃഷ്ണന്റെ മരണ ശേഷം ദേഹമുപെക്ഷിച്ചവരിൽ വസുദേവനും ബലരാമനും കൂടി ഉൾപ്പെടും. അങ്ങനെയെങ്കിൽ അതും സതിയുടെ കണക്കിൽപ്പെടുത്തേണ്ടി വരും. കൃഷ്ണന്റെ മറ്റു ഭാര്യമാർ വനത്തിലേക്ക് പോയി എന്നും ഭാരതം. ഇതൊരു ആചാരമെങ്കിൽ അവരും സതിയനുഷ്ടിക്കെണ്ടതല്ലേ.?

മഹാഭാരതത്തിലെ സതിയെന്നു മുദ്രകുത്തപ്പെടുന്ന രണ്ടു മരണങ്ങളും വികാരപരമായ സമീപനങ്ങളുടെ ബാക്കിപത്രങ്ങളായെ കണക്കാക്കാനാകൂ. എന്നാൽ അത്യന്തം ഹീനമായ ഒരു ദുരാചാരത്തെ സാധൂകരിക്കാൻ പിന്‍ക്കാലത്ത് ഈ സംഭവങ്ങൾ ദൃഷ്ടാന്തമായി എന്നത് ഹൈന്ദവ സംസ്കൃതിയുടെ തീർത്താൽ തീരാത്ത ദൗർഭാഗ്യമാണ്‌.

അധികമാരും പറഞ്ഞു കേൾക്കാത്ത, വളരെ ശ്രദ്ധിക്ക്യേണ്ട മറ്റൊരു ചരിത്ര സത്യമുണ്ട്. സാമൂഹ്യ പരിഷ്കർത്താക്കളായ ഗുരുക്കന്മാരിൽപ്പെടുന്ന ബുദ്ധനോ മഹാവീരനൊ ആദിശങ്കരനോ തുടങ്ങി ആരും തന്നെ സതിയെക്കുറിച്ച് പരാമർശിക്കുകയോ ഈ അനാചാരത്തിനെതിരെ ശബ്ദമുയർത്തുകയോ ചെയ്യുന്നില്ല എന്നതാണത്. മൃഗബലിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ബുദ്ധനും മഹാവീരനും സ്ത്രീകളെ ചുട്ടുകരിക്കുന്നത് കണ്ട് മിണ്ടാതിരുന്നു എന്നത് വിശ്വാസയോഗ്യമാണോ? ഇതിനർത്ഥം ആ കാലഘട്ടങ്ങളിൽ സതിയെന്ന ആചാരം നിലവിലില്ല എന്ന് തന്നെയല്ലേ? അമൂല്യ ഗ്രന്ഥ സമ്പത്തിനുടമകളായ ദ്രാവിഡ പാരമ്പര്യത്തിലെങ്ങും സതിയെക്കുറിച്ച് പരാമർശമില്ല. എന്ത് കൊണ്ട്? സതി തെക്കേ ഇന്ത്യയിൽ ഇല്ലാതിരുന്നത് കൊണ്ട് എന്നൊരു ഉത്തരമേ അതിനുമുള്ളൂ.

വൈകാരിക പ്രകടനങ്ങളുടെ ബാക്കിപത്രം

സതി ഒരാചാരമായിരുന്നില്ല മറിച്ച് ഒരു വികാര പ്രകടനമായിരുന്നു എന്നാണു ഗ്രന്ഥങ്ങളിൽ കൂടി വ്യക്തമാകുന്നത്. ഇന്നും തമിഴ്നാട്ടിലും മറ്റും സിനിമാ താരങ്ങളോടുള്ള ആരാധന മൂലം ചിലർ അവരുടെ മരണത്തോടെ ജീവനനൊടുക്കുന്നില്ലേ? അത് ഏതെങ്കിലും ആചാരത്തിന്റെയോ മറ്റോ ഭാഗമാണോ? ആചാരമായിരുന്നെങ്കിൽ സത്യവതിയോ , കുന്തിയോ , ഉത്തരയോ , ഭാനുമതിയൊ, മഹാഭാരത യുദ്ധത്തിൽ മരിച്ച യോദ്ധാക്കന്മാരുടെ ഭാര്യമാരോ ആരും തന്നെ ശേഷിക്കുകയില്ലായിരുന്നു. ആചാരമായിരുന്നെങ്കിൽ യമധർമ്മനെ അനുഗമിച്ചു ഭർത്താവിനെ തിരികെ നേടുവാൻ മുതിരാതെ വളരെയെളുപ്പത്തിൽ സാവിത്രി സത്യവാന്റെ ചിതയെ അനുഗമിക്കുമായിരുന്നു. രാമായണത്തിലാകട്ടെ താരയും മണ്ഡൊദരിയും ദശരഥ പത്നിമാരും ചിതയെ അനുഗമിക്കുമായിരുന്നു. ഇവരെല്ലാം തന്നെ ഭർത്താവിന്റെ മരണ ശേഷവും ജീവിച്ചവരാണ്. അത് കൊണ്ട് തന്നെ സതി ഒരാചാരമായിരുന്നില്ല എന്ന് സ്പഷ്ടമാണ്. തികച്ചും വ്യക്തിപരമായ വികാരപ്രകടനമായെ ഭാര്യമാരുടെ (പ്രിയപ്പെട്ടവരുടെയും) ജീവനോടുക്കലിനെ കാണാനാകൂ. എന്നാൽ ഈ വികാര പ്രകടനം ഒരാചാരമായി മാറിയതെപ്പോഴാണ്? അതിലേക്കു നയിച്ച കാരണങ്ങളെന്തെല്ലാമാണ്? സതി അനുഷ്ടിക്കപ്പെട്ടത് വടക്കേ ഇന്ത്യയിലാണ് എന്നും 12–18 നൂറ്റാണ്ടുകളിലായാണ് സതി വ്യാപകമായി വളർന്നത് എന്നതും അനുഷ്ടിച്ചത് ക്ഷത്രിയ സ്ത്രീകളായിരുന്നുവെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കുന്നതോടെ അവയുടെ ഉത്തരങ്ങൾ ഏകദേശം സ്പഷ്ടമാകെണ്ടതാണ്.

ചരിത്രരേഖകളിൽ

ക്രിസ്തുവിനു അര നൂറ്റാണ്ടിനു ശേഷം ഭാരതത്തിൽ ചെറിയ തോതിൽ സതിക്കുള്ള അന്തരീക്ഷം ഒരുങ്ങിത്തുടങ്ങിയതായ് കാണാം. അലക്സാണ്ടറുടെ ആക്രമത്തിൽ മരിച്ച പടയാളിയുടെ ഭാര്യമാരിൽ ഒരാൾ സതി അനുഷ്ടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാസനും കാളിദാസനും ശൂദ്രകനും തങ്ങളുടെ ചില കൃതികളിൽ അവയുടെ മൂല കൃതികളിൽ നിന്നും വ്യതിചലിച്ച് ഭർത്താക്കന്മാർക്കൊപ്പം ജീവനോടുക്കാനോരുങ്ങുന്ന ഭാര്യമാരെ ചിത്രീകരിച്ചു തുടങ്ങിയതും ഇതേ സമയത്താണ്. എങ്കിലും സതി സ്ത്രീകളനുഷ്ടിക്കുന്ന ഒരാചാരമായി ഒതുങ്ങിയത് വീണ്ടും കാലമേറെ കഴിഞ്ഞാണ്. കാരണം ഹർഷ വർദ്ധനന്റെ പിതാവായ പ്രഭാകരവർദ്ധനന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രധാന ജോലിക്കാരെല്ലാം അഗ്നിപ്രവേശം നടത്തി എന്ന് ചരിത്രം. പ്രിയപ്പെട്ടവരേ മരണത്തിലും അനുഗമിക്കുക എന്നതായിരുന്നു ഈ പ്രവർത്തികളുടെ ഉദ്ദേശം. പ്രഭാകരവർദ്ധനന്റെ മരണം ഉറപ്പായതോടെ, (അദ്ദേഹത്തിന്റെ മരണത്തിനു മുൻപേ ) തന്നെ അദ്ദേഹത്തിന്റെ പത്നി യശോമതി ജീവിതം അവസാനിപ്പിച്ചു എന്നതും ജീവനൊടുക്കുന്നത് ഒരാചാരത്തിന്റെ ഭാഗമായായിരുന്നില്ല എന്നതിന് ദൃഷ്ടാന്തമാണ്.

തുടർന്ന് പാശ്ചാത്യ അധിനിവേശ യുദ്ധങ്ങളിലൂടെ സ്ത്രീകൾക്ക് വ്യാപകമായി ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. കൂട്ടത്തിൽ അധിനിവേശങ്ങളിൽ പിടിച്ചെടുത്ത രാജ്യങ്ങളിലെ സ്ത്രീകളോട് മുസ്ലിം ഭരണാധികാരികളെടുത്ത നിലപാടുകൾ സതിയെ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു . രജപുത്ര സ്ത്രീകൾ ജൗഹർ അനുഷ്ടികുന്നത് പതിവായി ത്തീർന്നു. ജൗഹർ ഒന്നുകൂടി പരിഷ്കരിക്കപ്പെട്ട് ഇന്ന് നാമറിയുന്ന സതിയായി മാറാൻ അധികം താമസമുണ്ടായില്ല. അപ്പോഴും മാനവും സംസ്കാരവും നഷ്ടപ്പെടാതിരിക്കുവാൻ സ്ത്രീകൾ പൂർണ്ണ മനസ്സോടെയായിരുന്നു ജീവനോടുക്കിയിരുന്നത് . അഭിമാനത്തിന് ജീവനേക്കാൾ വില കല്പ്പിച്ച ഈ സ്ത്രീകളെ വീരാംഗനമാരായി കരുതി അവരുടെ പേരിൽ വീരകല്ലുകൾ സ്ഥാപിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നത് പതിവായി തീർന്നു. മുഗളർക്ക് ശേഷം വന്ന ബ്രിട്ടീഷ്‌ ഭരണത്തിൽ നിലവിൽ വന്ന ഭൂനിയമങ്ങളും തത്ഫലമായി ബംഗാളിലെ സമീന്ദാരുകളായി മാറിയ ബ്രാഹ്മണ സമൂഹത്തിന്റെ എല്ലാ തുറകളിലും ഒരു നിർബന്ധ ആചാരമായി സതി വളർന്നു വരുന്ന തിനു കാരണമായില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദായത്തിലെ ചില സ്വാർത്ഥ താല്പര്യക്കാർ സ്വത്തവകാശങ്ങൾക്ക് വേണ്ടി സ്ത്രീകളെ ജീവനൊടുക്കാൻ നിർബന്ധിച്ച് തുടങ്ങിയതോടെ സതി ഒരു ദുരാചാരമായി പരിണമിച്ചു. മടിച്ചു മാറി നിന്ന സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളി വിടാനാരംഭിച്ചതോടെ ക്രൂരത അതിൻറെ പാരമ്യത്തിലെത്തിച്ചേർന്നു. സതി വ്യാപകമാക്കിയതിൽ ഹൈന്ദവ സമുദായത്തിനുള്ള പങ്കിതാണ്. ഈ സമയത്താണ് ശ്രീ.രാജാറാമും മറ്റും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു സതി നിരോധിക്കുന്നത് .

അതായതു, ഹൈന്ദവ സമുദായം തന്നെ ഈ ദുരാചാരം അതിലെ ക്രൂരതയും മനുഷ്യത്വമില്ലായ്മയും മനസ്സിലാക്കി ബഹിഷ്കരിച്ചു. പക്ഷെ കാലങ്ങൾ പിന്നിട്ടിട്ടും ചുരുങ്ങിയ വർഷങ്ങൾ ഭീകരമായി നിലനിന്ന ഈ ദുരാചാരത്തിന്റെ പേരിൽ ഹൈന്ദവ സംസ്കാരം ഇന്നും അപമാനിക്കപെടുന്നു.

No comments:

Post a Comment