ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2019

യോഗയുടെപ്രസക്തിഇന്ന്

യോഗയുടെപ്രസക്തിഇന്ന്

ഭാരതത്തിന്റെ തനതായ ഒരു കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗ. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും, അത്ഭുതകരവുമായ ശക്തിയും, ചൈതന്യവും ഉണര്‍ത്തി വികസിപ്പിച്ച് അതിനെ പരിപൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് യോഗ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ സമാധാനമാണ് സന്തോഷം. ഇവ രണ്ടും യോഗയിലൂടെ നേടാന്‍ കഴിയും. ശരീരത്തിന്റേയും മനസ്സിന്റേയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ യോഗയ്ക്ക് കഴിയുമെന്നുള്ളതുകൊണ്ട് പ്രാചീനമായ ഈ യോഗവിദ്യ വിദേശികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഒരുപോലെ അഭ്യസിക്കുന്നു. സ്ത്രീപുരുഷപ്രായഭേദമെന്യേ ഏവര്‍ക്കും എപ്പോഴും എവിടെവച്ചും യോഗ അഭ്യസിക്കാവുന്നതാണ്. മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ പ്രക്ഷുബ്ദതകളും ഇല്ലായ്മചെയ്യാനുള്ള ഒരു സൂത്രമാണ് യോഗ.
പേശികളുടേയും ഇന്ദ്രിയങ്ങളുടേയും തലച്ചോറിന്റേയും തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ബിസിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം തലവേദനയും ക്ഷീണവും ടെന്‍ഷനുമൊക്കെ  പലപ്പോഴും ഉണ്ടാകാറുണ്ട്. പുകവലി, മദ്യപാനം, ദീര്‍ഘയാത്ര, ഉറക്കക്കുറവ്, പകലുറക്കം, മാംസാഹാരം, റേഡിയേഷന്‍, ഭാവനകളും സങ്കല്പങ്ങളും തുടങ്ങിയ പല ഘടകങ്ങളും മാനസിക പിരിമുറുക്കവും, ക്ഷീണവും, തലവേദനയും സൃഷ്ടിക്കും. തലയിലേയും മുഖത്തേയും ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകി ശരീരവും മനസ്സും ക്ഷീണാവസ്ഥയിലെത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേദനസംഹാരികള്‍ കഴിക്കുന്നതോ മദ്യപിക്കുന്നതോ ഒട്ടും തന്നെ ആശ്വാസകരമല്ലെന്നു മാത്രമല്ല, ഇവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മനസ്സിന്റേയും ശരീരത്തിന്റേയും അസ്വസ്ഥതകള്‍ മാറ്റാനുള്ള ഏക പോംവഴി ഞരമ്പുകള്‍ക്കും പേശികള്‍ക്കും അധികം ക്ലേശമുണ്ടാക്കാത്ത, ക്ഷീണമുണ്ടാക്കാത്ത, ഊര്‍ജ്ജനഷ്ടം ഇല്ലാത്ത, ശ്വാസത്തിന്റെ നിയന്ത്രണമുള്ള യോഗപോലുള്ള വ്യായാമങ്ങള്‍ ശീലിക്കുക എന്നതാണ്. യോഗാഭ്യാസം നിത്യവും ശീലിക്കുന്നവര്‍ക്ക് പ്രായാധിക്യം നിമിത്തമുള്ള അന്ത: സ്രാവഗ്രന്ഥികളുടെ ശക്തിക്ഷയവും, ഓര്‍മ്മക്കുറവും, മാനസിക പിരിമുറുക്കവും പിടിപെടുകയില്ല.
വ്യായാമമില്ലായ്മയുടെ ദൂഷ്യഫലങ്ങള്‍ ഇന്ന് ഒട്ടുമിക്കവരേയും അലട്ടുന്നുണ്ട്. അതുകൊണ്ട് അവരുടെ നട്ടെല്ലും സന്ധികളും പേശികളും വഴക്കമില്ലാതെയും കഠിനമായും ഇരിക്കുന്നു. അതിനാലാണ് പ്രായമേറുമ്പോള്‍ നടുവുവേദന, സന്ധിവേദന, പിടലിവേദന, കൈകാല്‍കഴപ്പ്, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുന്നത്. കൂടാതെ, പലതരം രോഗങ്ങളും ഇത്തരക്കാരെ അലട്ടാന്‍ തുടങ്ങും. വളയാന്‍ കഴിയാത്തതാണ് വാര്‍ദ്ധക്യലക്ഷണം. ഇങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ശക്തമായ മറുമരുന്നാണ് യോഗാഭ്യാസം. പ്രായം കൂടുന്തോറും നട്ടെല്ലിന്റെ വഴക്കം കുറയും. നട്ടെല്ല് കൂടുതല്‍ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്ന വ്യായാമങ്ങളാണ് യോഗാസനങ്ങളില്‍ അധികവും. നട്ടെല്ല് എന്തുമാത്രം വഴക്കമുള്ളതാണോ അത്രയും വാര്‍ദ്ധക്യലക്ഷണങ്ങള്‍ ഇല്ലാതാകും. ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത, ആയുസ്, യൗവനം എന്നിവയെല്ലാം തണ്ടെല്ലിന്റെ വഴക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. വാര്‍ദ്ധക്യത്തോട് അടുക്കുന്തോറും നമ്മുടെ നട്ടെല്ലും കഴുത്തും മുന്‍പോട്ട് വളയും. അതിനാല്‍ പ്രായം കൂടുന്തോറും പുറകോട്ട് വളയുന്ന വ്യായാമങ്ങളാണ് നാം കൂടുതല്‍ ചെയ്യേണ്ടത്. അങ്ങനെ വാര്‍ദ്ധക്യലക്ഷണങ്ങളെ നമുക്ക് തടയാന്‍ സാധിക്കും. ഏതു പ്രായത്തിലുള്ളവര്‍ക്കും ഔഷധസേവയോ ചികിത്സകളോ ഇല്ലാതെയും അധിക പണച്ചെലവില്ലാതെയും എവിടേയും ചെയ്യാവുന്നതാണ് യോഗാസനങ്ങള്‍. ശരീരത്തിന്റെ രണ്ട് പ്രധാന വ്യവസ്ഥകളായ രക്തചംക്രമണ-ശ്വസനപ്രക്രിയകളെ ശുദ്ധിയാക്കി ക്രമപ്പെടുത്തി പേശികളേയും നാഡികളേയും സിരകളേയും ധമനികളേയും നട്ടെല്ലിനേയും ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതും ശരീരത്തിനും മനസ്സിനും വളരെയധികം ഗുണം ചെയ്യുന്നതുമാണ് യോഗ. ഇത് നിത്യയൗവ്വനത്തെ പ്രദാനം ചെയ്യുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് നിലവിലുള്ള എല്ലാ അസ്വസ്ഥതകളേയും മാറ്റുകയും ചെയ്യും. രോഗികള്‍ക്കും വൃദ്ധരായവര്‍ക്കും മനസ്സിന് അസ്വസ്ഥത ഉള്ളവര്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യോഗകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പ്രക്ഷുബ്ദമായ മനസ്സിന്റെ ഉടമകളാണ് ഇന്ന് ഏറെ പേരും. ഈ പ്രക്ഷുബ്ദത അകറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത് യോഗയ്ക്ക് മാത്രമാണ്. ജിവിത വിജയത്തിന് അത്യാവശ്യം വേണ്ട ഏകാഗ്രതയും അച്ചടക്കവും യോഗ നേടിത്തരും.
യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റേഷനും മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ ക്ഷീണവും പ്രക്ഷുബ്ദതകളും അകറ്റി കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മാനസിക പിരിമുറുക്കം രോഗപ്രതിരോധശേഷിയേയും ലൈംഗികശേഷിയേയും ബാധിച്ച് അത് നാഡികളുടേയും കോശങ്ങളുടേയും പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു. 18 വയസ്സുവരെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനില്‍ക്കും. അതിനുശേഷം 35 വയസ്സുവരെ കോശങ്ങളുടെ വളര്‍ച്ചയും കോശങ്ങളുടെ നാശവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാല്‍ 35 വയസ്സിനു ശേഷം കോശങ്ങളുടെ നാശം മുന്നിട്ടുനില്‍ക്കും. പോഷകാഹാരത്തിന്റെ ആഗീരണം കുറയുകയും ക്ഷീണവും രോഗങ്ങളും ശരീരത്തെ അലട്ടുകയും ചെയ്യും. ഏതു പ്രായത്തിലും കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനിര്‍ത്തി പോഷകാഹാരങ്ങളുടെ ആഗീരണശേഷി വര്‍ദ്ധിപ്പിക്കുന്ന ഏക വ്യായാമമുറ യോഗ മാത്രമാണ്.

No comments:

Post a Comment