ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 September 2019

അത്തം

അത്തം

ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങൾ  ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി തുടങ്ങുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തംനാൾ. ഇനി മഹാബലിയെ വരവേല്‍ക്കാന്‍ നീണ്ട കാത്തിരിപ്പിന്റെ പത്തു നാളുകള്‍...

പൂക്കളം ഒരുക്കേണ്ട ചിട്ടകൾ

പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം. അതിന്റെ പ്രതീകമായാണ് ഇല്ലം നിറ നടക്കുന്നത്.

ഇല്ലം നിറ

കേരളീയഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. 'നിറ'യെന്നും 'പൊലി'യെനും. 'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്ന ആ പ്രാർഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.

പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്. ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെൽക്കതിരുകൾ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.

നിറപുത്തിരി ചടങ്ങുകൾ ശബരിമലയിൽ എല്ലാവർഷവും നടക്കാറുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക് നിറപുത്തിരി നടക്കും. ശ്രീകോവിലിനുള്ളിൽ പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് നൽകും.

രാജഭരണകാലം മുതൽ നടന്നുവന്നതും, പിന്നീട് ജനാധിപത്യ ഭരണ സംവിധാനത്തിലും ഹരിപ്പാട് ട്രഷറി ഓഫിസിൽ നിറപുത്തിരി നടന്നുപോരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും പൂജിച്ച് നൽകുന്ന നെൽകതിർ ആചാര്യ മര്യാദകളോട് എഴുന്നള്ളത്തായി ട്രഷറിയിൽ എത്തി ഖജനാവിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്.

ഇല്ലം നിറ പണ്ട് വീടുകളിൽ ആഘോഷിച്ചിരുന്നത് ഇന്നു ക്ഷേത്രങ്ങളിൽ മാത്രമായി. കർക്കിടകത്തിൽ ദാരിദ്ര്യം മഴയിൽ തകർത്താടുമ്പോൾ ചിങ്ങം ഉണ്ണാനും ഉടുക്കാനുമുളള സമ്പന്നത തന്നിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലമായതുകൊണ്ട് ആഘോഷങ്ങൾക്കു പഞ്ഞവുമില്ല.  അതിനുദാഹരണമാണ് ഇന്നു നമ്മൾ ആഘോഷിക്കുന്ന അത്തച്ചമയവും പുലികളിയും സദ്യയും ഓണപ്പൂക്കളവുമെല്ലാം. ഓണം ഒരു കൊയ്ത്തുൽസവമാണ്.

അത്തപ്പൂവ്

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിരപൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കരതുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.

ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.


No comments:

Post a Comment