ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 August 2019

ദുഃഖങ്ങൾ വന്നു മനസ്സിൽ നിറയുമ്പോൾ എങ്ങനെ മുന്നോട്ടു പോകണം?

ദുഃഖങ്ങൾ വന്നു മനസ്സിൽ നിറയുമ്പോൾ എങ്ങനെ മുന്നോട്ടു പോകണം?

ഒരു ദിവസം ഒരു സന്യാസിയും ശിഷ്യരും അവരുടെ യാത്രാമദ്ധ്യേ ഒരാൾ ഒരു പശുവിനെയും കൊണ്ട് പോവുന്നത് കണ്ടു. പശുവിന്റെ കഴുത്തിൽ കെട്ടിയ കയറു പിടിച്ചു കൊണ്ട് മുന്നേ ഇയാൾ പോകുന്നു, പുറകെ മനസ്സില്ലാമനസ്സോടെ പശുവും. ഇത് കണ്ട സന്യാസി ശിഷ്യരോട് ചോദിച്ചു "ആ പോകുന്ന മനുഷ്യനെയും പശുവിനെയും കണ്ടോ? അതിൽ ആര് ആരുടെ നിയന്ത്രണത്തിലാണ് എന്ന് പറയുക. ആരാണ് സ്വതന്ത്രൻ, ആരാണ് ബന്ധനതിലുള്ളത് ? "

ശിഷ്യർ യാതൊരു സംശയവുമില്ലാതെ മറുപടി പറഞ്ഞു.. "ആചാര്യ, ഒരു സംശയവും ഇല്ല... ആ മനുഷ്യൻ തന്നെയാണ് യജമാനൻ.  പശു അയാളുടെ നിയന്ത്രണത്തിലാണ് ."

സന്യാസി ഉടനെ പശുവിന്റെ കെട്ടഴിച്ചു . അപ്പോൾ തന്നെ പശു ഓടിപ്പോയി...തന്റെ പശു നഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോൾ ഉടമസ്ഥൻ പശുവിനെ പിടിക്കാനായി അതിന്റെ പുറകെ ഓടി. സന്യാസി വീണ്ടും ശിഷ്യരോട് ചോദിച്ചു "ഇപ്പോൾ മനസ്സിലായോ യഥാർത്ഥത്തിൽ ആരാണ് ആരുടെ നിയന്ത്രണതിലെന്നു? പശു  ഇഷ്ടമുണ്ടായിട്ടല്ല ആ ആളിന്റെ പുറകെ പോവുന്നത്. കയറിട്ടു കെട്ടി ബുദ്ധിമുട്ടി അയാൾ കൂടെ വലിച്ചു കൊണ്ടുപോവുകയാണ്‌. ഇത് പോലെയാണ് നമ്മുടെ മനസ്സിനുള്ളിൽ നമ്മൾ കുത്തിനിറച്ചു വച്ചിരിക്കുന്ന സംഗതികളും. അവ നമ്മെ പിന്തുടരുന്നത് അവയ്ക്ക് നമ്മുടെ കൂടെ വരാൻ ഇഷ്ടമുണ്ടായിട്ടല്ല. നമ്മളാണ് യഥാർത്ഥത്തിൽ നമ്മുടെ മനസ്സിലെ ചിന്തകളെ ഇത് പോലെ കെട്ടി വലിച്ചു നമ്മുടെ കൂടെ കൊണ്ട് നടക്കുന്നത്."

ദുഖത്തിന്റെ കാര്യത്തിൽ മാത്രമല്ല... മനസിലെ എല്ലാ ചിന്തകളുടെ കാര്യത്തിലും ഇത് സത്യമാണ് എന്ന് കാണാം. നമ്മൾ  കെട്ടഴിച്ചാൽ ചിന്തകൾ മനസ്സിൽ നിന്ന് ഓടി മാറും. അല്ലാതെ ചിന്തകൾക്ക് നമ്മുടെ മനസ്സിൽ ഇരിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല അവ നമ്മെ പിന്തുടരുന്നത്. ചിന്തകൾ മനസ്സിൽ നിന്ന് മാറുന്നതോടെ മനസ്സ് സ്വതന്ത്രമാവും. ആ മനുഷ്യന് ശാന്തിയും ലഭിക്കും.

No comments:

Post a Comment