ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2019

ശിവനടനത്തിന്റെ അകപ്പൊരുള്‍

ശിവനടനത്തിന്റെ അകപ്പൊരുള്‍

ഭാരതീയ വിശ്വാസമനുസരിച്ച് ആദി നര്‍ത്തകന്‍ പരമശിവനാണ്.

ശിവസ്വരൂപം നാലുവിധത്തിലുണ്ട്.
സംഹാരമൂര്‍ത്തി
ദക്ഷിണാമൂര്‍ത്തി
അനുഗ്രഹമൂര്‍ത്തി
നടരാജമൂര്‍ത്തി
എന്നൊരു നൃത്തഭാവവും ശിവനുണ്ട്.

108 വിധത്തിലുള്ള ശിവന്റെ കരണങ്ങള്‍ എന്ന നൃത്തഭാവങ്ങള്‍ അതിന്റെ പൂര്‍ണമായ തെളിവാണ്.

ശിവസങ്കല്‍പത്തില്‍ ലോകമെല്ലാം ആംഗികമായും ഭാഷകളെല്ലാം വാചികമായും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആഹാര്യമായുമുള്ള സാത്വിക സ്വരൂപമാണ്, വിശ്വരൂപാത്മകമാണ്.

പ്രപഞ്ചത്തിന്റെ ചലനംതന്നെ ശിവന്റെ അംഗചലനങ്ങളാണ്.

വിവേകാനന്ദ സ്വാമികൾ ശിവനൃത്തത്തെപ്പറ്റി പാടുന്നു:

”താഥയ്യാ തഥയ്യാ ചെയ്യുന്നു നൃത്തം
പാടുന്നു ബംബബയെന്ന് താളത്തില്‍.
ഡിമിഡിമിതായുതിരുന്നു
ഡമരു നിര്‍ഘോഷം;
ആടുന്നു തലയോട്ടിമാല കഴുത്തില്‍
അലറുന്നു ജടനടുവില്‍ ആകാശഗംഗ,
കത്തുന്നു തീപ്പൊരി തുപ്പും ത്രിശൂലം
ധഗധഗിതി കത്തുന്നു നെറ്റിപ്പടത്തില്‍
ചെഞ്ചിടക്കെട്ടലമരും ശശാങ്കന്‍.”

ശിവ സങ്കല്‍പ്പം മഹിതമാണ്.

ഈ പ്രപഞ്ചത്തിലടങ്ങിയിരിക്കുന്ന സര്‍വവിധ ചലനങ്ങളുടെയും ഉറവിടമായ നടരാജന്റെ താളലയാത്മകത്വപ്രധാനമായ ലീലാവിനോദത്തിന്റെ ബാഹ്യരൂപത്തെയാണ് നടരാജവിഗ്രഹത്തില്‍ കാണുന്ന പ്രഭ പ്രദ്യോതിപ്പിക്കുന്നത്.

സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷ സ്‌തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ:

ത്രിലോകമാതാവിനെ രത്‌നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടനാക്കിയിട്ട് കൈലാസോപരി സര്‍വദേവന്മാരാലും ചുറ്റപ്പെട്ട ശൂലപാണി നൃത്തം ചെയ്യുന്നു.

സരസ്വതി ദേവി വീണയും ഇന്ദ്രദേവന്‍ വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മീദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തല മേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷകിന്നരഗന്ധര്‍വാദികളും അപ്‌സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട മൂന്നുലോകങ്ങളിലുമുള്ള സര്‍വജീവജാലങ്ങളും ശിവനെ ചുറ്റിനില്‍ക്കുന്നു.”

മഹാദേവനായ ശിവന്‍ നടനും സംഗീതജ്ഞനുമാണ്. ഈ പ്രപഞ്ചം തന്നെ ഭഗവാന്റെ നടനശാലയാണ്.

ആനന്ദഭൈരവി രാഗാലാപം നടത്തവേ അതു കേട്ടിരുന്ന ശ്രീകൃഷ്ണപരമാത്മാവ് അതില്‍ അലിഞ്ഞലിഞ്ഞ് നദിയായിത്തീര്‍ന്നു എന്നും, അതാണ് ആകാശഗംഗയെന്നും പുരാണം ഘോഷിക്കുന്നു.

ഈ ലോകത്തിലെ സകല കലകളും ശ്രീപരമേശ്വരന്‍ വഴി വന്നതാണ്. ഇതിനെല്ലാം ആത്മീയവും തത്ത്വചിന്താപരവുമായ അടിസ്ഥാനമുണ്ട്. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഭാഗവതമേള, നാടകം, യക്ഷഗാനം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി, അസാമീസ് നൃത്തം എന്നിവയെല്ലാം ഭാരതത്തിലെ ശാസ്ത്രീയ നാട്യകലകളില്‍പ്പെടുന്നതാണ്.

സകല ഭാരതീയകലകളുടെയും ആത്മാവ് അദ്ധ്യാത്മചിന്തയാണ്.

ഭഗവത്കഥകള്‍ ആടിയും പാടിയും മനഃസന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ് ക്ഷേത്രകലകള്‍ എന്നതാണ് സത്യം.

ആചാരപരമായ ക്ഷേത്രച്ചടങ്ങുകള്‍ കലകളായി അവതരിപ്പിക്കപ്പെടുന്നു.

കൂടിയാട്ടം, കൂത്ത്, സര്‍പ്പംപാട്ട്, തെയ്യം, തിറ, കുംഭകുടം, കളംപാട്ട്, കളമെഴുത്ത്, തീയാട്ട്, ഗരുഡന്‍ തൂക്കം, പൂരക്കളി, പടയണി, മുടിയേറ്റ്, കാളിയാട്ടം, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, കാക്കാരിപ്പാട്ട്, പാന, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, മോഹിനിയാട്ടം, കുറത്തിയാട്ടം, നാഗപ്പാട്ടുകള്‍, യക്ഷഗാനം, അഷ്ടപദി, പാഠകം, കോലംതുള്ളല്‍ തുടങ്ങിയ ദൃശ്യകലകളുണ്ട്. ഇവയെല്ലാം മനുഷ്യന് ആനന്ദാനുഭൂതി നല്‍കുന്നതിനുപുറമെ ആത്മീയമായ ചൈതന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ശിവന്റെ തമോഗുണപ്രധാനമായ സംഹാരതാണ്ഡവത്തില്‍ ഭൈരവരൂപമാണ് ശിവന്‍ കൈക്കൊള്ളുന്നത്.

പത്തുകരങ്ങളോടുകൂടിയ ഭൈരവന്‍ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. ഉമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈയവസരത്തില്‍ ഉണ്ടായിരിക്കും. ശൈവപുരാണത്തില്‍ ഇതെല്ലാം വിവരിക്കുന്നുണ്ട്.

ലോകത്തിന്റെ നശ്വരകാലത്ത് ലോകത്തെയല്ല സംഹരിക്കുന്നത്. ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയെയാണ് നശിപ്പിക്കുന്നത്.

ശ്മശാനഭൂമി ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്. ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു. മാനവന്റെ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു.

മായ, വിഭ്രാന്തി, മറവി, അജ്ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്തിരിക്കുന്ന ബീഭത്സരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ശിവന്റെ വലതുകൈയില്‍ വച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്. ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ്. ഇടതുകൈയില്‍ ചന്ദ്രക്കലയോടൊപ്പം കാണുന്ന പ്രകാശമാനമായ തീനാളം. രണ്ടാമത്തെ വലതുകൈയില്‍ അഭയമുദ്രയും രണ്ടാമത്തെ ഇടതുകൈയില്‍ ഇടതുപാദത്തെ ചൂണ്ടിക്കാണിക്കുന്ന മുദ്രയുമാണ്.

പൊക്കിപ്പിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ആ പാദമുദ്രയെ ഇടതുകൈകൊണ്ട് ചൂണ്ടിക്കാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാവിനിയോഗമുറയിലാണ്.

കൈകൊണ്ടും പാദംകൊണ്ടും അഭയം നല്‍കുന്ന ഈശ്വരന്‍ നടരാജമൂര്‍ത്തിയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിന്റെ സംഹാരത്തെയും പ്രതിരൂപണം ചെയ്തിരിക്കുന്നു. നടരാജവിഗ്രഹത്തിന് ചുറ്റുമുള്ള തീനാളങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു. അതാണ് വിശ്വത്തിലെ അവിരാമസൃഷ്ടി.

"ശങ്കരഭഗവത്പാദരുടെ താഴെ ചേര്‍ത്തിരിക്കുന്ന പദ്യം കാണുക":-

”പ്രപഞ്ചസൃഷ്ട്യുന്മുഖ ലാസ്യകായൈ
സമസ്തസംഹാരക താണ്ഡവായ
ജഗജ്ജനസൈ്യ ജഗദേകപിത്രേ
നമഃശിവായൈ ച നമഃശിവായ"

No comments:

Post a Comment