ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 August 2019

നാരദമഹർഷിയുടെ അഹങ്കാരം

നാരദമഹർഷിയുടെ അഹങ്കാരം

ഒരിക്കൽ നാരദമഹർഷി ഭഗവാൻ ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകയിലെത്തി..
വിശേഷങ്ങളൊക്കെ പങ്ക് വെച്ച ശേഷം നാരദർ പെട്ടെന്ന് തന്നെ യാത്രക്കൊരുങ്ങി..

അപ്പോൾ കൃഷ്ണൻ ചോദിച്ചു ; " എവിടേക്കാണ് മഹർഷേ ഇത്ര തിടക്കത്തിൽ ..!!
അൽപ്പനേരം കൂടി ഇവിടെ ചിലവഴിച്ചിട്ട് പോയാൽ പോരേ..!
നാരദർ പറഞ്ഞു ; " അയ്യോ .. പൊറുക്കണം ഭഗവാനേ .. എനിക്കുടനെ ദേവലോകത്ത് എത്താനുള്ളതാണ് അവിടെ ദേവേന്ദ്രനും ദേവൻമാരും അപ്സരസ്സുകളുമെല്ലാം എൻറ്റെ വീണവായനയും പാട്ടും കേൾക്കുവാനായി കാത്തിരിക്കുകയാണ്..
അത് കഴിഞ്ഞ് എനിക്ക് ഗന്ധർവ്വലോകത്തും ചെല്ലേണ്ടതായുണ്ട് "..

കൃഷ്ണൻ അൽപ്പം ആശ്ചര്യത്തോടെ ചോദിച്ചു ..
" ഗന്ധർവ്വൻമാരും അങ്ങയുടെ സംഗീതം ആസ്വദിക്കുവാനായി കാത്തു നിൽക്കയാണോ..?
നാരദർ പറഞ്ഞു ; " ദോഷം പറയരുതല്ലോ കണ്ണാ .. അവരെല്ലാം നല്ല സംഗീതജ്ഞർ തന്നെ .. എന്നിരുന്നാലും എൻറ്റെ അത്ര കേമൻമാരല്ല എന്നാണ് പൊതുവിലെ സംസാരം..

കൃഷ്ണൻ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു...
ശരിയായിരിക്കാം മഹർഷേ .. പക്ഷേ  അങ്ങ് ഭഗവാൻ പരമശിവൻറ്റെ സമക്ഷത്തിൽ പാടിയിട്ടുണ്ടോ..

നാരദർ സ്വൽപ്പം നിരാശയോടെ പറഞ്ഞു ; " ഇല്ല ഭഗവാനേ.."

കൃഷ്ണൻ  സ്വതസിദ്ധമായ ശൈലിയിൽ ഇപ്രകാരം ചോദിച്ചു..
" ഹൈ .. ഇത്ര കാലമായിട്ടും ഉമാമഹേശ്വരൻമാർക്ക് അങ്ങയുടെ പാട്ട് കേൾക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലേ..!!

കൃഷ്ണൻറ്റെ വാക്കുകളിലെ ധ്വനിയെ തനിക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് അൽപ്പം ഗർവ്വോടു കൂടി നാരദർ  പറഞ്ഞു  ; " കൈലാസത്തിൽ വെച്ച് നാം ഇതുവരെ പാടിയിട്ടില്ല കണ്ണാ.."

കൃഷ്ണൻ സങ്കടഭാവത്തോടെ പറഞ്ഞു ; " അത് വളരെ മോശമായിപ്പോയി കേട്ടോ..
മഹാദേവനും ദേവിക്കും അവരുടെ സവിധത്തിൽ വെച്ച് അങ്ങയുടെ സംഗീതമികവ് കേട്ടാസ്വദിക്കണമെന്ന് തീർച്ചയായും ആഗ്രഹം കാണില്ലേ ..
വിരോധമില്ലെങ്കിൽ അങ്ങ് ആദ്യം തന്നെ കൈലാസത്തിൽ ചെന്ന് വീണമീട്ടി ഒരു ഗാനം  ആലപിക്കണമെന്നതാണ് എൻറ്റെ അഭിപ്രായം.."

അത്യഭിമാനത്തോടെ നാരദർ പറഞ്ഞു ; "  ശരി , രണ്ട് ദേവാദിദേവൻമാരുടെ ഇഷ്ടം പോലെയാകട്ടെ..
അങ്ങനെയാണെങ്കിൽ  കൈലാസത്തിലേക്ക് കണ്ണനും കൂടി വരുന്നോ..?

കൃഷ്ണൻ ; " ഞാനെന്തിനാണ് മഹർഷേ വരുന്നത് അങ്ങ് തനിയെ പോയാൽ പോരേ.."

നാരദർ ; " അങ്ങ് വരികയാണെങ്കിൽ അങ്ങേക്കും എൻറ്റെ പാട്ട് കേൾക്കാലോ..!!

കൃഷ്ണൻ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ച് കൊണ്ട് ശിരസ്സ് ഇരുവശത്തേക്കും അൽപ്പം ഇളക്കിക്കൊണ്ട് പറഞ്ഞു ; " ഹൈ .. ശരിയാണല്ലോ..അവിടെ വരെ വരികയാണെങ്കിൽ എനിക്കും ആ അസുലഭ മുഹൂർത്തത്തിന് നേരിട്ട് സാക്ഷിയാകാലോ..
ഞാനത് ഓർത്തതേ ഇല്ല മഹർഷേ ..
എന്നാൽ നേരം കളയണ്ട , നമുക്ക് എത്രയും പെട്ടെന്ന് യാത്ര ആരംഭിക്കാം.."

അങ്ങനെ അവർ ഇരുവരും കൈലാസം ലക്ഷ്യമാക്കി യാത്ര ചെയ്യവേ ഇടക്ക് ദാഹം മാറ്റുവാനായി ഒരു സരസ്സിന് സമീപത്തേക്ക് ചെന്നു..
ആശ്ചര്യമെന്ന് പറയട്ടെ സരസ്സിന് സമീപത്തായി അവർ അതിസുന്ദരികളായ ഒരുപാട് യുവതികളെ ദർശ്ശിച്ചു..
ഇരുവരും സുന്ദരിമാരെ വണങ്ങി..
അവരും പ്രത്യഭിവാദനം ചെയ്തു..

നാരദർ അത്ഭുതത്തോടെ അവരെ നോക്കി നിൽക്കേ ഒരു കാര്യം ശ്രദ്ധിക്കാനിടയായി...
യുവതികൾ സുന്ദരികളാണെങ്കിലും ഓരോരുത്തർക്കും ചില വൈകല്യങ്ങൾ ഉണ്ടായിരുന്നു..

ഒരു യുവതിയുടെ കൈകൾക്കാണ് വൈകല്യമെങ്കിൽ മറ്റുള്ളവരുടെ കണ്ണിന് , മൂക്കിന് ഒരാൾക്ക് മുടന്ത് അങ്ങനെ എല്ലാവർക്കും ഓരോ വികലതകൾ..

നാരദർ കൃഷ്ണനെ നോക്കി ചോദിച്ചു ; ഇവരെല്ലാം ആരാണ് ഭഗവാനേ .. സുന്ദരികളാണെങ്കിലും ഇവർക്ക് ഈ വികലതകൾ എങ്ങനെ വന്നു..!!

കൃഷ്ണൻ പറഞ്ഞു ; മഹർഷേ അങ്ങ് തന്നെ അവരോട് ചോദിച്ചു നോക്കിയാലും "

നാരദർ യുവതികളോടായി ചോദിച്ചു ;
" അല്ലയോ ഭവതികളേ സുന്ദരികളായിട്ടും എന്തോ ശാപം ബാധിച്ച പോലെ നിങ്ങൾക്കെല്ലാം ഈ വൈകല്യങ്ങൾ എങ്ങനെ വന്നു ചേർന്നു..!! എന്താണ് ഇതിന് കാരണം ..?

ആ യുവതികൾ പറഞ്ഞു ; " ഞങ്ങളെല്ലാം കല്യാണി , മോഹനം , സിന്ധുഭൈരവി , പുഷ്യരാഗം എന്നിങ്ങനെയുള്ള  രാഗിണിമാരാകുന്നു.."
ഈ വൈകല്യങ്ങൾ വരാൻ കാരണം
" നാരദരെന്നൊരു മാമുനി
ശുദ്ധമാം രാഗങ്ങളെല്ലാം വികലമാക്കി
ലോകായ ലോകങ്ങൾ പാടി നടക്കയാൽ
ഈ ഗതി ഞങ്ങൾക്ക് വന്നു ചേർന്നു.. "
പതിഞ്ഞ ശബ്ദത്തിൽ പാടി അവർ വിഷയം അവതരിപ്പിച്ചപ്പോൾ നാരദ മഹർഷിയാകെ സ്തബ്ദനായി പോയി..
ദുഖഭാരം കൂടുന്നതിനനുസരിച്ച് മഹർഷിയുടെ കണ്ണുകൾ നിറഞ്ഞു..
ഒരു ആശ്രയത്തിനെന്നോണം നാരദർ കൃഷ്ണനെ ദയനീയമായി നോക്കി..

കൃഷ്ണൻ പറഞ്ഞു ; " ഇത്തരമൊരു സാഹചര്യത്തിൽ  മഹാദേവൻ  അങ്ങയെ കൈവെടിയുകയില്ല..
അങ്ങ് പാടിത്തുടങ്ങിക്കോളൂ..
പരമേശ്വരസ്തുതിയാൽ ഈ പ്രദേശമാകെ മുഖരിതമാകട്ടെ.."

നാരദർ വളരെ നേരം പാടിയിട്ടും മഹാദേവൻ പ്രത്യക്ഷനായില്ല..
തനിക്ക് ക്ഷീണം സംഭവിക്കുന്നതായും
തൻറ്റെ ഹൃദയഭാഗത്ത് ഒരു തണുപ്പ് രൂപപ്പെടുന്നതായും നാരദർക്ക് അനുഭവപ്പെട്ടു..
എങ്കിലും
ഉള്ളിലെ സകല ഭക്ത്യാദരവോടെയും മഹർഷി പാട്ട് തുടർന്നു..

കണ്ണുനീരൊഴുക്കി കൊണ്ട് പാട്ട് തുടർന്ന നാരദർക്ക് ഹൃദയത്തിലെ തണുപ്പ് ഉരുകുന്നതായും ക്രമേണ അവിടെമാകെ ശൂന്യതയും അനുഭവപ്പെട്ടു..
അഹങ്കാരമെല്ലാം ഉരുകിയൊലിച്ചു പോയി എന്ന് സാരം..

ഏറെ താമസിയാതെ തന്നെ  പ്രത്യക്ഷനായ ഭഗവാൻ രുദ്രനെ
നാരദർ സാഷ്ടാംഗം നമസ്കരിച്ചു..
താഴ്മയോടെ ശിഷ്യത്വത്തിനായി അപേക്ഷിച്ചു..
സംഗീതം അഭ്യസിച്ചു..

പിന്നീട് ശിഷ്യന് ഭഗവാൻ ഒരു വീണയും സമ്മാനിച്ചു..

നാരദർക്ക് രുദ്രവീണ സമ്മാനമായി ലഭിച്ച സ്ഥലം പിൽക്കാലത്ത് ' രുദ്രപ്രയാഗ ' എന്നറിയപ്പെട്ടു..

അങ്ങനെ ബ്രഹ്മാവിൻറ്റെ പുത്രനായ നാരദരുടെ അഹങ്കാരത്തെ ഭഗവാൻ രുദ്രൻ സംഹരിച്ച ശേഷം
ആവിശ്യമുള്ള വരദാനങ്ങൾ നൽകി സംതൃപ്തനാക്കി..

ഗർവ്വോടു കൂടി നടന്ന ഭക്തനെ കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്നെത്താതെ ,  തൻറ്റെ അവതാരമായ ശ്രീകൃഷ്ണനിലൂടെ  മഹാവിഷ്ണു സംരക്ഷിച്ചു..

( അല്ലയോ .. കുന്തീപുത്രാ ദൃഢമായി വിശ്വസിച്ചു കൊൾക എൻറ്റെ ഭക്തൻ ഒരിക്കലും നശിക്കുന്നില്ല..
ഭഗവദ് ഗീത 9 : 31)

ഞാനെന്ന ഭാവത്തേക്കാൾ ഭക്തി  മുന്നിൽ നിന്നതിനാൽ നാരദർ രക്ഷപ്പെട്ടു..
നാരദർ പരമേശ്വര സ്തുതിക്കായിട്ട് ആസനസ്ഥനായ ശില ഇപ്പോഴും രുദ്രപ്രയാഗയിലുണ്ട്..
അഹങ്കാരത്തിൻറ്റെ കണിക ലവലേശമില്ലാതെ ആ ശിലയിൽ അൽപ്പനേരം ഇരുന്നാൽ ഇന്ദ്രിയങ്ങൾക്കതീതമായ  സംഗീതം ശ്രവിക്കാമത്രേ...

No comments:

Post a Comment