ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 August 2019

അഹല്യ

അഹല്യ

ബ്രഹ്മാവിന്റെ പുത്രി. അതി സുന്ദരി. അഹല്യക്ക്‌ തുല്യം അഹല്യ മാത്രം. ദേവലോകം മുഴുവനും അവള്‍ക്കൊരു വരനെ തെരഞ്ഞു പരാജിതന്‍ ആയ ബ്രഹ്മാവ്‌ ഭൂമിയില്‍ അവള്‍ക്കൊരു വരനെ കണ്ടെത്താന്‍ ആയി ഇറങ്ങി. അവിടെ ഗൌതമന്‍ എന്നാ മുനിയുടെ ആകാര സ്വഭാവ ഭംഗികളില്‍ ആക്രുഷ്ടന്‍ ആയ അദ്ദേഹം മകളെ ഗൌതമ മുനിക്ക്‌ വിവാഹം ചെയ്തു കൊടുക്കുന്നു.
ഇന്ദ്രന് പണ്ട് തന്നെ അഹല്യയില്‍ ഒരു നോട്ടം ഉണ്ടായിരുന്നു. തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരൂ എന്ന് ഇന്ദ്രന്‍ പല തവണ ബ്രഹ്മാവിനോട് അപേക്ഷിച്ചിട്ടും ഉണ്ട്. എന്നാല്‍ ബ്രഹ്മാവ് അത് ചെവിക്കൊണ്ടില്ല.

ഗൌതമന്‍ ഗാര്‍ഹാസ്ത്യ ജീവിതം സ്വീകരിച്ചതും അഹല്യയെ വിവാഹം ചെയ്തതും നിത്യ നൈമിത്തിക കര്‍മങ്ങളും തപസ് യജ്ഞം മുതലായവയും ശാസ്ത്ര വിധിപ്രകാരം അനുഷ്ടിച്ചു ഉത്തമ ഗൃഹസ്ഥന്‍ ആയി ദിവസങ്ങള്‍ കഴിച്ചു വന്നത് ഇന്ദ്രന് അത്ര ഇഷ്ടമായിരുന്നില്ല. അഹല്യയോടു കാമം മൂത്തവനും ഗൌതമനോട് അസൂയാലുവും ആയി തീര്‍ന്ന ഇന്ദ്രന്‍ ഗൌതമന് ഒരു പണി കൊടുക്കാന്‍ തക്കം പാര്‍ത്തു വേഷ പ്രച്ഛന്നന്‍ ആയി ആ ” കാമി ” അവരുടെ ആശ്രമ പരിസരത്തു തക്കം പാര്‍ത്തു വന്നു പൊയ്ക്കൊണ്ടിരുന്നു.

അങ്ങനെ ഒരുനാള്‍ ഇന്ദ്രന്‍ ആഗ്രഹിച്ചു നടന്ന ദിവസം അദ്ദേഹത്തിനു ഒത്തു കിട്ടി. ദൂരെ ഒരു യാത്രയ്ക്കായി ഗൌതമ മുനി പോയ സന്ദര്‍ഭം നോക്കി ഇന്ദ്രന്‍ ഗൌതമന്റെ വേഷം ധരിച്ചു അഹല്യയെ പ്രാപിച്ചു. എന്നാല്‍ വിധിഹിതം പോലെ ആ സമയം ഗൌതമ മുനി ആശ്രമത്തില്‍ എത്തി ചേരുകയും ആശ്രമ സ്ഥിതിയും പരിസര രംഗവും ഏതോ അനര്‍ത്ഥം വിളിച്ചോതുന്നു എന്ന് മനസ്സിലാക്കിയ മുനി തല്‍ക്ഷണം ദിവ്യ ദൃഷ്ടി തുറന്നു ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിച്ചു . ആശ്രമത്തിനു ഉള്ളില്‍ കടന്ന ഋഷി വിഷണ്ണന്‍ ആയി നില്‍ക്കുന്ന ഇന്ദ്രനെ കാണുകയും മുനിയെ കണ്ട പാടെ പൂച്ചയുടെ വേഷം ധരിച്ചു പുറത്തു ചാടാന്‍ ശ്രമിച്ച ഇന്ദ്രനെ മുനി ശപിക്കുകയും ചെയ്തു.

”നിന്റെ പദവിക്ക് നിരക്കാത്ത അധര്‍മം ചെയ്ത നീ സഹസ്രഭഗന്‍ ആയി തീരട്ടെ“
നാണം കെട്ട ഇന്ദ്രന്‍ ആരുമറിയാതെ സ്വര്‍ഗത്തില്‍ ഒരിടത് ഒളിച്ചിരുന്നു, പിന്നീട് ദേവഗുരു ആയ ബ്രുഹസ്പതിയെ വിളിച്ചു തനിക്കു ഉണ്ടായ ദുരന്തത്തെ വിശദീകരിച്ചു. ”അതി കാമികള്‍ക്ക് വരുന്ന ആപത്തു ഇങ്ങനെ തന്നെ ആയിരിക്കും . ഗൌതമന്റെ വാക്കുകള്‍ പാഴാകില്ല എന്നിരുന്നാലും നിന്നെ കാണുന്നവര്‍ക്ക് ഈ ഭാഗങ്ങള്‍ എല്ലാം നേത്രങ്ങള്‍ ആണെന്നെ തോന്നുക ഉള്ളൂ. അങ്ങനെ അന്ന് മുതല്‍ ഇന്ദ്രന്‍ സഹസ്രാക്ഷന്‍ ആയി .
ഗൌതമനെ ശപിച്ച മുനി തന്റെ മുന്നില്‍ വിറ പൂണ്ടു നില്‍ക്കുന്ന അഹല്യയെ കാണുകയും കോപാന്ധന്‍ ആയ മുനി ഇത്ര കുടിലം ആയ “പര പരിഗ്രഹം” ചെയ്ത നീ കല്ലായി പോകട്ടെ എന്ന് ശപിക്കുകയും ചെയ്തു. അഹല്യ തന്റെ നിരപരാധിത്തം മുനിയോടു വിശദീകരിച്ചു ശാപ മോക്ഷം തരണം എന്ന് കാലു പിടിച്ചു . “നിവൃത്തി ഇല്ല. ശാപം ഫലിക്കും. എന്നാല്‍ ത്രേതാ യുഗത്തില്‍ വിഷ്ണു സൂര്യ വംശ രാജാവ് ആയ ദശരഥന്റെ മകന്‍ ആയി അവതരിക്കുന്ന സമയം അദ്ദേഹത്തിന്‍റെ പാദസ്പര്‍ശം നിനക്ക് ഉണ്ടാകാന്‍ ഇട വരികയും നീ ശാപ മോചിത ആകുകയും ചെയ്യും“.

No comments:

Post a Comment