ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 August 2019

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലാണ്‌ പുരാതനാമായ ആദിത്യപുരം സൂര്യദേവ ക്ഷേത്രം. മറ്റുക്ഷേത്രങ്ങളെപ്പോലെ തന്നെ നിത്യപൂജയുള്ള ഒരേയൊരു സൂര്യക്ഷേത്രം. ഒറിസയിലെ കൊണാര്‍ക്കിലുള്ള സൂര്യക്ഷേത്രം പ്രസിദ്ധമാണല്ലോ. ഇരവിമംഗലം ഗ്രാമത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. പണ്ട്‌ ഇവിടം രവി മംഗലം എന്നറിയപ്പെട്ടിരുന്നു. പിന്നീട്‌ ഇരവിമംഗലമായതാകാം എന്ന്‌ കരുതുന്നു. എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആദിത്യപുരമായി അറിയപ്പെടാന്‍ തുടങ്ങിയതാവാം. സൂര്യദേവന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശം ഐശ്വര്യസമൃദ്ധമാണ്‌. ഈ ക്ഷേത്രത്തിന്‌ വടക്കുപടിഞ്ഞാറായി ആയാംകുടി മഹാദേവ ക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവായാംകുടി മഹാദേവക്ഷത്രവും സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ കുളം. കിഴക്ക്‌ താഴ്ചയില്‍ നെല്‍പാടങ്ങള്‍. അഴകാര്‍ന്ന എട്ടുതൂണുകളില്‍ നടപ്പന്തല്‍. ഓടുമേഞ്ഞ നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലില്‍ സൂര്യദേവന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനം നല്‍കുന്നു. നാല്‌ കൈകളുള്ള ശിലവിഗ്രഹം. ഈ വിഗ്രഹത്തിനുമുണ്ട്‌ സവിശേഷത. എണ്ണകൊണ്ടുള്ള അഭിഷേകം കഴിഞ്ഞാല്‍ ജലാഭിഷേകം മതി എണ്ണമയം ഇല്ലാതാകാന്‍ എന്ന പ്രത്യേകതയും ബിംബത്തിനുണ്ട്‌. ശംഖും ചക്രവും ഓരോ കൈയിലും മറ്റ്‌ രണ്ടുകൈ രണ്ടും മടിയില്‍ വച്ച്‌ തപസ്‌ അനുഷ്ഠിക്കുന്ന ഭാവത്തില്‍ ഭഗവാന്‍ ഇരിക്കുന്നു. പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത്‌ ആദിത്യന്‌ മാത്രമേ പ്രത്യക്ഷരൂപം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തി മറ്റുദേവീദേവന്മാരെ പോലെയും. അതില്‍ തൃപ്തനാകാതെ ആദിത്യന്‍ തപസ്‌ തുടങ്ങി. ഉടനെ മഹാമായ പ്രത്യക്ഷപ്പെടുകയും കൂടുതല്‍ ശക്തിയുണ്ടാകാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ആറുനാഴിക പുലരുന്നതുവരെ മറ്റ്‌ ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്നായിരുന്നു ആ അനുഗ്രഹം. അങ്ങനെ തപസനുഷ്ഠിച്ച അതേ രൂപത്തിലുമായി ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രശ്രീകോവിലിന്റെ നേരെ എതിര്‍വശത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമേകി ദുര്‍ഗയുണ്ട്‌. മറ്റ്‌ ഉപദേവന്മാരായി നാലമ്പലത്തിന്‌ പുറത്ത്‌ ശാസ്താവും യക്ഷിയും പ്രത്യേകം കോവിലുകളില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പൂജമാത്രം. നാലരയ്ക്ക്‌ നട തുറന്നാല്‍ ഉച്ചയ്ക്ക്‌ രണ്ടുവരെയും വൈകിട്ട്‌ അഞ്ചരമുതല്‍ ഏഴരവരെയുമാണ്‌ നട തുറന്നിരിക്കുക. രക്തചന്ദനമാണ്‌ പ്രസാദമായി നല്‍കുക. ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാട്‌ ആദിത്യപൂജയാണ്‌. കൂടാതെ രക്തപുഷ്പാഞ്ജലിയും കാവടി വഴിപാടുമുണ്ട്‌. പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി രക്തചന്ദനമുട്ടി നടയ്ക്കുവയ്ക്കുന്ന ചടങ്ങുമുണ്ട്‌. ത്വക്ക്‌ രോഗം മാറുന്നതിന്‌ ഭഗവാന്‌ കിട്ടിയ എണ്ണയും ചാര്‍ത്തിയ രക്തചന്ദനവും പ്രസാദമായി ലഭിക്കും. കണ്ണുരോഗം മാറാന്‍ മഷിയും നല്‍കിവരുന്നു. മേടമാസത്തിലാണ്‌ ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശ്വേഷപ്പെട്ടതാണ്‌. പത്താമുദയം സൂര്യദേവന്‌ പ്രധാനമാണല്ലോ. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകവുമുണ്ട്‌. ഉച്ചപൂജ സമയത്താണ്‌ ഈ അഭിഷേകം. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്‌. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന്‌ കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തുമാത്രമേ പ്രദക്ഷിണമുള്ളൂ. അകത്തും പുറത്തും ഓരോ പ്രദക്ഷിണം മാത്രം. മലയാളമാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകള്‍ പ്രധാനമാണ്‌. സൂര്യസേവയായ ഞായറാഴ്ച വ്രതം കൊണ്ട്‌ മനുഷ്യര്‍ക്ക്‌ ആത്മപ്രകാശം ലഭിക്കുന്നു. മലയാളിയുടെ വീട്ടുമുറ്റത്തെ പൊങ്കാലയ്ക്ക്‌ പണ്ടുമുതലേ പ്രസിദ്ധിയുണ്ട്‌. ശനിയാഴ്ച രാത്രിയിലെ ഭക്ഷണം ഉപേക്ഷിച്ച്‌ ഞായറാഴ്ച പ്രഭാതത്തില്‍ ദേഹശുദ്ധിവരുത്തി വീട്ടുമുറ്റത്ത്‌ വട്ടത്തില്‍ ചാണകം കൊണ്ട്‌ മെഴുകി ആദിത്യമന്ത്രങ്ങള്‍ ഉരുവിട്ട്‌ പുത്തന്‍കലത്തിലോ ഉരുളിയിലോ ഉണക്കലരി പറ്റിച്ച്‌ ഗണപതിക്കൊരുക്കി നമസ്കരിച്ച്‌ ആദിത്യഭഗവാന്‌ അര്‍പ്പിക്കുന്നതാണ്‌ പൊങ്കാല. 

No comments:

Post a Comment