ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 August 2019

ഗംഗ

ഗംഗ

ഗംഗാനദി

ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ'എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ - പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഭാരതം, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.

കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം.

ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് എന്ന സ്ഥലത്തുനിന്നുമാണ് ഗംഗയുടെ ഉത്ഭവം. ഗംഗോത്രി എന്നിപ്പോൾ ഈ പ്രദേശം പ്രസിദ്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽനിന്നും ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ഗൌളീഗംഗ, പിണ്ഡർ എന്നീ അഞ്ചു മലയൊഴുക്കുകൾ ചേർന്നാണ് ശരിക്കും ഗംഗ രൂപം കൊള്ളുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ ഭാഗീരഥിയും, അളകനന്ദയുമാണ്. ഉത്തരകാശിയിൽ ഗംഗോത്രിക്കു തെക്കുള്ള ഹിമഗുഹയായ ഗോമുഖിൽ നിന്നാണ് ഭാഗീരഥിയുടെ ഉത്ഭവം. നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. മറ്റനേകം ചെറു ഹിമാനികളും ഗംഗയുടെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്.

ഉത്ഭവസ്ഥാനം മുതൽ ബംഗാൾ സമുദ്രം വരെ 2500 കി.മീ. ആണ് ഗംഗയുടെ ദൈർഘ്യം (ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിയ്ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത് (ജൂലൈ മുതൽ ഒക്ടോബർ വരെ) അങ്ങനെയും, ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം നൽകുന്നു.

പോഷക നദികൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ളത് ഗംഗയ്ക്കാണ്. ഉത്തർപ്രദേശിലെ യമുനോത്രി ഹിമാനിയിൽ നിന്നുമുത്ഭവിച്ച് പുരാതന നഗരമായ പ്രയാഗിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദി. ഗംഗയിൽ ചേരുന്നതിനു തൊട്ടുമുമ്പ് യമുനയിൽ ചേരുന്ന ചംബൽ, ബത്വ, കെൻ എന്നീ നദികളും ചിലപ്പോൾ ഗംഗയുടെ പോഷകനദികളായി കണക്കാക്കാറുണ്ട്. തിബത്തിൽ നിന്നുമുത്ഭവിക്കുന്ന സരയൂ നദിയാണ് (ഗാഘരാ നദി) ഗംഗയുടെ മറ്റൊരു പ്രധാനപോഷകനദി . മധ്യേന്ത്യയിൽ വച്ച് ഗംഗയിൽ പതിയ്ക്കുന്ന സോൺ നദി മറ്റൊരു പ്രധാന പോഷകനദിയാണ്. ബംഗ്ലാദേശിൽ സമുദ്രത്തിൽ പതിയ്ക്കുന്നതിനു തൊട്ടുമുമ്പ് ഗംഗയിൽ മേഘ്ന നദി ചേരുന്നു. സംഗമശേഷം ഗംഗ അനേകം കൈവഴികളായി പിരിഞ്ഞ് സമുദ്രത്തിൽ പതിയ്ക്കുന്നു.

ഗംഗാദേവി ഭൂമിയിൽ

ഹിന്ദുമത വിശ്വാസ പ്രകാരം ശാന്ത ഭാവങ്ങളോടുകൂടിയ ദേവിയായി ഗംഗാദേവിയെ കരുതുന്നു. അതുപോലെതന്നെ ഗംഗാദേവിയുടെ ജനനത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്. വൈഷ്ണ വിശ്വാസപ്രകാരം ബ്രഹ്മദേവന്റെ കമണ്ഡലുവിൽ നിന്നും ഗംഗാദേവി ജനിച്ചതായി കരുതുന്നു. മഹാവിഷ്ണുവിന്റെ വാമനവതാര കാലത്ത് ഭൂമി അളന്നതിനുശേഷം സ്വർഗ്ഗവും സത്യലോകവും അളക്കാനായി ഉയർത്തിയ വാമനന്റെ പാദത്തെ ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിനാൽ അഭിഷേകം ചെയ്യുകയും പാദത്തിൽ നിന്നും ഒഴുകിയ നദിയാണ് ഗംഗ എന്നും കരുതുന്നു.

സൂര്യവംശ രാജാവ്. അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെ പുത്രനാണ് ഭഗീരഥൻ. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ നിരവധി ത്യാഗങ്ങൾ അനുഭവിച്ച സൂര്യവംശരാജാവായിരുന്നു അദ്ദേഹം. ഭഗീരഥന്റെ ബഹുമാനാർത്ഥമാണ് ഗംഗാനദിയ്ക്ക് ഭാഗീരഥി എന്നപേർ ലഭിച്ചത്. ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിക്കാനായി അദ്ദേഹം നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി. പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.

ഗംഗ അത്യുഗ്രശക്തിയായി ഭൂമിയിലേക്കു നദിയായി പതിച്ചു. ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തി. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു. (ശിവൻ അങ്ങനെ ഗംഗാധരനായി). ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്തി. താനായി തപസ്സാരംഭിച്ചു. ഭഗീരഥനിൽ അനുഗൃഹീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴോട്ട് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി. (ഗംഗ അങ്ങനെ ജാഹ്നവിയായി).

അവസാനം എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഗംഗാനദിയെ പാതാളത്തിൽ കപിലാശ്രമത്തിൽ എത്തിക്കുകയും സഗര പുത്രന്മാരായ തന്റെ പിതാമഹന്മാരെ പനഃരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭഗീരഥനാണ് ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലും, പിന്നീട് പാതാളത്തിലും എത്തിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ ഗംഗയ്ക്ക് ഭാഗീരഥി എന്ന് മറ്റൊരു പേർ കൂടി ലഭിച്ചു.

പൂർവ്വ ജന്മം - ശന്തനുവിന്റെ പത്നി

മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ശന്തനു മഹാരാജാവ്. ഹസ്തിനപുരത്തിലെ കുരുവംശ രാജാവായിരുന്നു. പാണ്ഡവരുടെയും കൌരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം.

ശന്തനുവിന്റെ ആദ്യഭാര്യ ഗംഗാദേവിയായിരുന്നു. ഒരിക്കൽ സവാരിക്കിറങ്ങിയ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിന് എട്ടാമത്തെ പുത്രനെ നല്കി ഗംഗ പോകുകയും ചെയ്തതു. ഈ പുത്രൻ പിന്നീട് ദേവവ്രതൻ എന്ന പേരിൽ വളരുകയും ഭീഷ്മർ എന്ന പേരിൽ പ്രസിദ്ധനാകുകയും ചെയ്തു. [ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.]

ഗംഗ ആരതി

ഗംഗ ആരതിയെപറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം എത്തുക വാരാണസി ആണ്. നയനമോഹനമായ ഗംഗ ആരതിക്ക് പേരുകേട്ട സ്ഥലമാണ് വാരാണസി എന്നാലും സമാനമായ ദൃശ്യാനുഭൂതി പകരുന്ന മറ്റ് സ്ഥലങ്ങളുമുണ്ട്.

ശ്രീ രാം ഘട്ട്, ഉജ്ജയിനി, മധ്യപ്രദേശ്

ക്ഷിപ്ര നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാം ഘട്ട് ഉജ്ജയിനിയിലെ ഏറ്റവും പ്രാചീനമായ സ്നാനഘട്ടങ്ങളില്‍ ഒന്നാണ്. ഹര്‍സിദ്ധി ഘട്ടിനുസമീപത്താണ് ഇത്. അന്നേ ദിവസം ഇവിടെ നദിയില്‍ സ്നാനം ചെയ്യുന്നത് പുണ്യകര്‍മമായാണ് കരുതപ്പെടുന്നത്. നീണ്ട അംഗവസ്ത്രം ധരിച്ച പുരോഹിതന്മാര്‍ പ്രകാശം പരത്തുന്ന വിളക്കുകളും കൈകളിലേന്തി വൈകുന്നേരം ആരതിക്കെത്തുന്നു.

ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍: ഉജ്ജയിനി റെയില്‍വേ സ്റ്റേഷന്‍

ഗാന്ധി ഘട്ട്, പറ്റ്ന, ബീഹാര്‍

ഗാന്ധിഘട്ടില്‍ 51 വിളക്കുകളുമായാണ് പുരോഹിതര്‍ ആരതി ചെയ്യുന്നത്. ശംഖ് മുഴക്കത്തോടെയും സുഗന്ധത്തിരികളുടെ പരിമളം പരത്തിക്കൊണ്ടുമാണ് ചടങ്ങിന്‍റെ തുടക്കം. പ്രധാനമായും വാരാന്ത്യങ്ങളിലാണ് ആരതി നടത്തുന്നത്. ആരതിയുടെ നദിയില്‍നിന്നുള്ള കാഴ്ച ലഭിക്കാനായി വിനോദസഞ്ചാരികള്‍ക്ക് ബി എസ് ടി സി ബോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: പറ്റ്ന

സംഗമം ഘട്ട്, അലഹാബാദ്, ഉത്തരപ്രദേശ്

ഈ ഘട്ടിലാണ് ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്നത്. ഭക്തജനങ്ങള്‍ ഈ തൃവേണി സംഗമസ്ഥാനത്ത് സ്നാനം ചെയ്ത് വൈകുന്നേരത്തെ ആരതി ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നു. വര്‍ണാഭമായ മേലങ്കികളണിഞ്ഞ പുരോഹിതര്‍ കത്തിച്ച ചന്ദനത്തിരികളും തിരിതെളിച്ച വിളക്കുകളുമായി ആരാധന നടത്തുന്നു. പശ്ചാത്തലത്തില്‍ ഉയരുന്ന മന്ത്രധ്വനികള്‍ ആ അന്തരീക്ഷത്തിന് ഒരു ദിവ്യ പരിവേഷം പകരുന്നു.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: അലഹാബാദ്

പരമതീര്‍ത്ഥ് നികേതന്‍ ആശ്രമം, ഋഷികേശ്, ഉത്തരാഖണ്ഡ്

മനസ്സിനെ ആഴത്തില്‍ സപര്‍ശിക്കുന്ന ഒരു ആത്മീയാനുഭവമാണ് ഇവിടത്തെ ആരതി. ആശ്രമത്തിലെ അന്തേവാസികളാണ് ഇവിടെ ആരതി നിര്‍വഹിക്കുന്നത്. അവര്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ഹോമവും ആരതിയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ഘട്ട് വളരെ തിരക്കേറിയതാകാറുള്ളതിനാല്‍ നേരത്തെതന്നെ ഇവിടെ വന്നെത്തുന്നതാണ് നല്ലത്.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: ഹരിദ്വാര്‍

ഹര്‍-കി- പൗരി ഘട്ട്, ഹരിദ്വാര്‍, ഉത്തരാഖണ്ഡ്

സഞ്ചാരകുതുകികള്‍ ഹരിദ്വാറിലെ ഗംഗ ആരതിയെ “ഏറ്റവും സംവേദനാത്മക|” മെന്ന് കരുതുന്നു. ഇവിടത്തെ ആരതിയില്‍ എല്ലാമുണ്ട്-വന്‍ ജനക്കൂട്ടം, വര്‍ണവസ്ത്രധാരികളായ പുരോഹിതര്‍, സന്യാസിമാര്‍, വിവിധ ദേവതകളുടെ ബിംബങ്ങള്‍, ഉച്ചഭാഷിണികള്‍, മുഴങ്ങുന്ന മണിനാദങ്ങള്‍, ഭക്തിഗാനാലാപനം, സുഗന്ധത്തിരികള്‍, പൂക്കള്‍, കണ്ണഞ്ചിപ്പിക്കുന്ന ദീപനാളങ്ങള്‍!
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: ഹരിദ്വാര്‍

ഗംഗയുടെ മാഹാത്മ്യം

ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ. ഗംഗാജലത്തിന്റെ സ്പര്‍ശമേറ്റിട്ടുള്ളവന്‍ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശിക്കും. ഗംഗാജലം ലഭിക്കാത്ത ദേശങ്ങള്‍ ചന്ദ്രനില്ലാത്ത രാത്രി പോലെയും പൂക്കളില്ലാത്ത വൃക്ഷങ്ങളെപ്പോലെയും ശൂന്യമായിരിക്കും. മൂന്നു ലോകത്തിലുമുള്ള ജീവജാലങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനു ഗംഗാജലം മാത്രം മതിയാകുന്നതാണ്. ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിക്കുന്നവനും ഗംഗാജലത്തില്‍ ശരീരം ഉപേക്ഷിക്കുന്നവനും തുല്യരാണ്. ഗംഗയില്‍ പതിച്ചവന് അനേകലക്ഷം വര്‍ഷം തലകീഴായിക്കിടന്നു തപസ്സു ചെയ്യുന്നവനേക്കാള്‍ പ്രാധാന്യമാണ് ഈശ്വരന്‍ കല്പിക്കുന്നത്. ദുഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യനദിയിലെ ജലസ്പര്‍ശത്താല്‍ സന്തുഷ്ടരായിത്തീരും. ഗംഗാനദീതീരത്തെ മണല്‍ ശരീരത്തില്‍ പൂശുന്നവന്‍ ആദിത്യനെപ്പോലെ പ്രകാശിക്കും. ഈ പുണ്യ നദിയെ സ്പര്‍ശിച്ചു വരുന്ന കാറ്റ് ഏറ്റാല്‍ത്തന്നെ ജീവികളുടെ പാപം നശിക്കുന്നതാണ്. ഇപ്രകാരം സര്‍വ്വപാപ വിനാശത്തിനും ഹേതുവായ വസ്തു പുണ്യഗംഗാജലം തന്നെയാണെന്ന് ധരിക്കേണ്ടതാകുന്നു.

അഗ്നിപുരാണം നൂറ്റിപ്പത്താം അദ്ധ്യായത്തില്‍ ഗംഗാദേവിയുടെ മാഹാത്മ്യങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നോക്കുക.

  ഏതു ദേശങ്ങളുടെ മദ്ധ്യത്തിലൂടെ ഗംഗാനദി ഒഴുകുന്നുവോ, ആ ദേശങ്ങള്‍ പരിപാവനങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു. സദ്ഗതി ആരായുന്ന സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയം പുണ്യ ഗംഗാനദി മാത്രമാകുന്നു. ഗംഗയെ നിത്യവും സേവിച്ചാല്‍ അത് ഒരു പോലെ ഇരു വംശങ്ങളെയും (മാതാവിന്റെയും പിതാവിന്റെയും വംശങ്ങളെ) ദുര്‍ഗ്ഗതികളില്‍നിന്നു കരകയറ്റുന്നതാണ്. ഗംഗയിലെ ജലം പാനം ചെയ്യുന്നത് ആയിരം ചന്ദ്രായണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമമത്രെ. ഒരു മാസക്കാലം ഗംഗയെ സേവിച്ചാല്‍ സര്‍വ്വയാഗങ്ങളും ചെയ്താലുള്ള ഫലം സിദ്ധിക്കും. ഗംഗാദേവി സര്‍വ്വ പാപങ്ങളെ അകറ്റുന്നതും സ്വര്‍ഗ്ഗലോകത്തെ പ്രദാനം ചെയ്യുന്നതുമാകുന്നു. ഒരു മനുഷ്യന്റെ അസ്ഥി എത്ര കാലത്തോളം ഗംഗയില്‍ കിടക്കുന്നുവോ അത്ര കാലത്തോളം അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗാതീര്‍ത്ഥത്തില്‍നിന്നുണ്ടായ മണ്ണ് ധരിക്കുന്നവന്‍ സൂര്യനെപ്പോലെ പാപഹാരിയായി ഭവിക്കുന്നതാണ്.

No comments:

Post a Comment