ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 August 2019

എപ്പോൾ ജപിക്കണം?

എപ്പോൾ ജപിക്കണം?

എല്ലാവർക്കും തുല്യത എന്നതല്ല മറിച്ചു എല്ലാവർക്കും തുല്യമായി വികസിക്കാനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണ് ഭാരതീയ കാഴ്ചപ്പാട്. അവിടെ എല്ലാവർക്കും വികസിക്കാം. അതിനാണീകാണുന്ന സാധനാപദ്ധതികൾ വികസിപ്പിച്ചെടുത്തത്. യാതൊരു വിധതുലുമുള്ള നിയന്ത്രണം സാധനയിൽ വെച്ചിട്ടില്ല ഋഷിമാർ. ഈ സമയത്തെ ജപിക്കാവൂ എന്നോ ഇന്നസ്ഥലത്തുവെച്ചേ അതാകാവൂ എന്നോ ഒരിടത്തും നിർവ്വചിക്കപ്പെട്ടിട്ടില്ല. എപ്പോൾ വേണമെങ്കിലും ജപിക്കാം. നിങ്ങൾക്കെപ്പോൾ ജപിക്കാൻ തോന്നുന്നുവോ അതാണ് ബ്രാഹ്മമുഹൂർത്തം. ബ്രഹ്മത്തെ എപ്പോൾ ഉള്ളിൽ യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിയുന്നുവോ അതാണ് ബ്രഹ്മമുഹൂർത്തം. നിങ്ങളെപ്പോഴാണ് വെള്ളം കുടിക്കുക? ദാഹിക്കുമ്പോൾ എന്നായിരിക്കുമല്ലോ നിങ്ങളുടെ മറുപടി. എപ്പോഴാണ് നിങ്ങൾ ഭക്ഷണം കഴിക്കുക? വിശക്കുമ്പോൾ. അതേപോലെയാണ് ജപവും. ആവിശ്യമുള്ളപ്പോഴാണ് ജപിക്കേണ്ടത്. ഇതൊരിക്കലും യാന്ത്രികമാവരുത്. ചിലർ കൃത്യസമയം ജപത്തിനെന്നു പറഞ്ഞു മാറ്റിവെക്കുന്നു. പിന്നീടാകൃത്യസമയം നോക്കി ജപം തുടങ്ങുന്നു. ഒന്നോ രണ്ടോ നാൾ കഴിഞ്ഞാൽ ജപം യാന്ത്രികമായി മാറുന്നു. ജപിക്കുന്നത് ഈശ്വരീയതക്കുവേണ്ടിയല്ല, ആസമയത്തിനുവേണ്ടി മാത്രമാകുന്നു. അതൊരു ബന്ധനമാണ്. ആദ്ധ്യാത്മികതയുടെ മുഖ മുദ്ര തന്നെ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി സ്വാതന്ത്ര്യമില്ലാതാക്കുന്നതിൽ യാതൊരർത്ഥവുമില്ല.

നമുക്ക് സർവ്വ സ്വാതന്ത്ര്യം വേണം, ജപിക്കാനെന്നപോലെ ജപിക്കാതിരിക്കാനും. ആ ധൈര്യമുണ്ടായെങ്കിലേ നിങ്ങൾ ആദ്ധ്യാത്മികനാവാനാകൂ. ജപിക്കുന്ന ഒരാൾക്കേ ഉൾക്കരുത്തുണ്ടാവുകയുള്ളൂ. ഉൾക്കരുത്തുണ്ടാകുമ്പോൾ ചില്ലറ പ്രശനങ്ങൾ നമ്മെ സ്പർശിക്കുകയേയില്ല. നമുക്ക് രക്ഷപ്പെടണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാധന അനിവാര്യതയാണ്. സർവ്വതോൻമുഖമായ ഐശ്വര്യം നമ്മുടെ ജീവിതത്തിൽ വേണമെങ്കിൽ മസ്തിഷ്കത്തിൽ മാറ്റം വരണം. ഹിന്ദു ധർമ്മം കേവലം അലൗകികമായ ഒരുശക്തി എന്ന നിലയിലല്ല ദൈവത്തെ കാണുന്നത്. മറിച്ചു ശാസ്ത്രീയമായ ജീവിതക്രമമാണ്. ആ ക്രമത്തിൽ, താളത്തിൽ നിങ്ങൾ എത്തുമ്പോൾ മാറ്റം അനിവാര്യമായും നിങ്ങൾക്കുണ്ടാകും.

No comments:

Post a Comment