ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2019

ഗണേശനും ലോഭാസുരനും

ഗണേശനും ലോഭാസുരനും

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു. 

ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം. 

ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്. 

ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍. 

ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന  ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ. 

കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം. 

എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ. 

ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി. 

കൊടും വനത്തില്‍  ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു. 

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച്  ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു. 

 ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു. 

ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം. 

എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍. 

ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു. 

ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ  മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.

ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു. 

No comments:

Post a Comment