ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 August 2019

വാല്മീകി രാമായണവും നാരദ മഹർഷിയും

വാല്മീകിക്ക് രാമായണവും നാരദ മഹർഷിയും

നാരദൻ വാല്മീകിയോട് ഇപ്രകാരം പറഞ്ഞു. എല്ലാ ഗുണങ്ങളോടുകൂടിയവനും ദശരഥന് ആദ്യജാതനും ആയ രാമനെ പ്രജാ ഹിതമനുസരിച്ച്  യുവരാജാവായി അഭിഷേകം ചെയ്യുവാൻ ദശരഥൻ ആഗ്രഹിച്ചു. അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. ഇതുകണ്ടപ്പോൾ ദശരഥ ഭാര്യയായ കൈകേയി താൻ പണ്ട് ദശരഥനിൽ നിന്നും നേടിയവരം അപ്പോൾ നല്കണമെന്നഭ്യർത്ഥിച്ചു. ശ്രീരാമനെ കാട്ടിൽ അയക്കുക, ഭരതനെ രാജാവായി അഭിഷേകം ചെയ്യുക എന്നീ 2വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു. സത്യവാക്കുകളാലും ധർമ്മപാശത്താലും കെട്ടപ്പെട്ട ദശരഥൻ പ്രിയപുത്രനായ രാമനെ കാട്ടിലേക്കയച്ചു. പിതാവിന്റെ ആജ്ഞ പാലിച്ചുകൊണ്ടും കൈകേയിയുടെ പ്രിയത്തിനും വേണ്ടിവനത്തിലേക്ക് പോയി. സുമിത്രാനന്ദ വർദ്ധനനും വിനയ സമ്പന്നനും രാമന് പ്രിയപ്പെട്ടവനുമായ സഹോദരൻ ലഷ്മണൻ രാമനെ പിന്തുടർന്നു. രാമന്റെ പ്രിയ ഭാര്യ സീതയും അവരെ അനുഗമിച്ചു. കുറേ ദൂരം ജനങ്ങളും ദശരഥനും കൂടെപ്പോയി. പിന്നീട് ഗംഗാതീരത്ത്,  ശൃംഗവേര പുരത്തു വച്ചു നിഷാദാധിപതിയും പ്രിയപ്പെട്ടവനുമായ ഗുഹനെ കണ്ടു. ശേഷം തേരാളിയെ തിരിച്ചയച്ച് രാമാദികൾ ഗുഹ -
നോടൊത്ത് ധാരാളം വനങ്ങളും നിറഞ്ഞ പുഴകളും കടന്ന് ചിത്രകൂടത്തിലെത്തി.

ഭരദ്വാജ മഹർഷിയുടെ നിർദ്ദേശമനുസരിച്ച് അവിടെ പർണ്ണശാല നിർമിച്ച് അവർ 3 പേരും അവിടെ വസിച്ചു. ഈ സമയത്ത് പുത്ര ശോകത്താൽ ദശരഥൻ സ്വർഗ്ഗം പൂകി. അപ്പോൾ പ്രമുഖരായ വസിഷ്ഠാദികളായ ദ്വിജർ ഭരതനോട് രാജ്യം ഭരിക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ മഹാബലവനായ ഭരതൻ രാജ്യം ആഗ്രഹിച്ചില്ല. രാമനെ പ്രീതിപ്പെടുത്തി തിരികെ കൊണ്ടുവരുവാൻ ഭരതൻ വനത്തിലേക്ക് പോയി. അവിടെ ചെന്ന് ഭരതൻ രാമനോട് " ധർമ്മജ്ഞനായ അങ്ങു തന്നെ രാജാവാകണം" എന്നപേക്ഷിച്ചു. എന്നാൽ പിതാവിന്റെ വാക്കുപാലിക്കുവാൻ വേണ്ടി രാമൻ രാജ്യം ഇച്ഛിച്ചില്ല. രാമൻ തന്റെ പാദുകങ്ങൾ ഭരതന് കൊടുത്തിട്ട് നിർബന്ധിച്ച് തിരിച്ചയച്ചു. നിരാശനായ ഭരതൻ രാമനെ നമസ്കരിച്ചിട്ട് തിരിച്ചു പോയി. പിന്നീട് രാമന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നന്ദിഗ്രാമത്തിൽ വച്ച് രാജ്യഭരണം നടത്തി. ഭരതൻ പോയപ്പോൾ ഇനിയും ജനങ്ങൾ ഇങ്ങോട്ടേക്കു വരുമെന്നു കരുതി രാമൻ ദണ്ഡകാരണ്യത്തിലേക്കു പോയി.

അവിടെ ചെന്നപ്പോൾ വിരാധനനെന്ന രാക്ഷസനെ നേരിട്ട് വധിച്ചതിനു ശേഷം ശരഭങ്ഗ മഹർഷിയെ കണ്ടു. തുടർന്ന് സുതീഷ്ണൻ, അഗസ്ത്യൻ എന്നീ മഹർഷിമാരെയും സഹോദരനെയും കണ്ടു വന്ദിച്ചു. അഗസ്ത്യനിൽ നിന്നും ഇന്ദ്രൻ നല്കിയ അമ്പ്, വില്ല്,  ഖഡ്ഗം, അമ്പൊടുങ്ങാത്ത ആവനാഴി എന്നിവ രാമൻ സ്വീകരിച്ചു. വനവാസികളായ ഋഷിമാർ വന്ന് അസുരരാക്ഷസരെ വധിക്കണമെന്ന് രാമനോട് ആവശ്യപ്പെട്ടു. രാമൻ രാക്ഷസനിഗ്രഹ പ്രതിജ്ഞ നടത്തി. അവിടെ ജനസ്ഥാനത്ത് വസിച്ചിരുന്ന കാമരൂപിണിയായ ശൂർപ്പണഖയെന്ന രാക്ഷസിയെ വികലാംഗയാക്കി.

ശൂർപ്പണഖാവാക്യം കേട്ട് ഖരദൂഷണത്രിശിരസ്സുകളും സർവ രാക്ഷസന്മാരും യുദ്ധത്തിനെത്തുകയും അവരെയെല്ലാം രാമൻ വധിക്കുകയും ചെയ്തു. ബന്ധുക്കളെല്ലാം കൊല്ലപ്പെട്ടതറിഞ്ഞ രാവണൻ ക്രോധം പൂണ്ട് മാരീചനെന്ന രാക്ഷസന്റെ സഹായത്താൽ രാമന്റെ ആശ്രമത്തിലെത്തി രാമലഷ്മണന്മാരെ അവിടെ നിന്നും അകറ്റി രാമപത്നിയെ അപഹരിച്ചു. പോകും വഴി ജടായുവെന്നെ ഗൃധ്രത്തെ സാരമായി പരിക്കേൽപ്പിച്ചു. പരിക്കേറ്റ ജടായുവിനെ കണ്ട് മൈഥിലി അപഹരിക്കപ്പെട്ടതറിഞ്ഞ രാമൻ വിലപിച്ചു. ജടായുവിനെ സംസ്കരിച്ചതിനു ശേഷം സീതയെ കാനനത്തിൽ അന്വേഷിച്ചലയുമ്പോൾ കബന്ധനെന്ന വികൃത ഘോര രൂപിയായ രാക്ഷസനെ കണ്ടു. അവനെ വധിച്ച് ശരീരം ദഹിപ്പിച്ചപ്പോൾ അവൻ തന്റെ പഴയ ഗന്ധർവ്വരൂപം സ്വീകരിച്ച് സ്വർഗ്ഗത്തിലേക്കു പോയി. അവന്റെ നിർദ്ദേശമനുസരിച്ച് രാമൻ തപസ്വിനിയായ ശബരിയെ കണ്ടു. പിന്നീട് പമ്പാതീരത്ത് വച്ച് വാനരനായ ഹനുമാനെ കാണുകയും അവരൊരുമിച്ച് സുഗ്രീവനെ കാണുകയും ചെയ്തു. തന്റെ കഥ പൂർണ്ണമായും രാമൻ സുഗ്രീവനെ കേൾപ്പിച്ചപ്പോൾ സുഗ്രീവൻ രാമനുമായി അഗ്നിസാക്ഷികമായി സഖ്യം ചെയ്തു. തുടർന്ന് സുഗ്രീവൻ തന്റെ സഹോദരൻ ബാലിയുമായുണ്ടായ ശത്രുതയുടെ ചരിത്രമുൾപ്പെടെയുള്ള തന്റെ ദു:ഖ കഥ രാമനോട് പറഞ്ഞു. അപ്പോൾ ബാലിയെ വധിക്കാമെന്ന് രാമൻ പ്രതിജ്ഞ ചെയ്തു. എന്നാൽ രാമന്റെ ബലത്തിൽ സംശയാലുവായ സുഗ്രീവന് വിശ്വാസം വരുവാനായി മഹാ പർവ്വതം പോലെ കിടന്നിരുന്ന ദുന്ദുഭിയുടെ ശരീരാവശിഷ്ടം രാമൻ കാലിന്റെ പെരുവിരൽ കൊണ്ട് 10 യോജന ദൂരേക്കെറിഞ്ഞു. ഒരു അമ്പെയ്ത് 7 സാലമരങ്ങളെ പിളർന്നു. അമ്പ് ഗിരിശൃംഗങ്ങളെയും ഭേദിച്ച് രസാതലങ്ങളെയും പിളർന്നതുകൂടി കണ്ടപ്പോൾ സുഗ്രീവന് രാമന്റെ ബലത്തിൽ പൂർണ്ണ വിശ്വാസമായി. സുഗ്രീവൻ രാമനോടു കൂടി കിഷ്കിന്ധയിലെ ഗുഹാ ദ്വാരത്തിലെത്തി. സുഗ്രീവൻ ഉച്ചത്തിൽ ഗർജ്ജിച്ചും കൊണ്ട് ബാലിയെ പോരിനു വിളിച്ചു. സുഗ്രീവന് അതിശക്തനായ ഒരു സഹായിയുണ്ടാകുമെന്നുള്ള താരയുടെ ഉപദേശത്തെ സ്വീകരിക്കാതെ യുദ്ധത്തിനായി പുറത്തു വന്ന ബാലിയെ ഒറ്റ അമ്പു കൊണ്ടു തന്നെ രാമൻ നിഗ്രഹിച്ചു. തുടർന്ന് സുഗ്രീവനെ
രാജാവാക്കി. സുഗ്രീവൻ എല്ലാ വാനരന്മാരെയും സീതാന്വേഷണത്തിന് നിയോഗിച്ചു. ഗൃധ്ര രാജനായ സമ്പാതിയുടെ വാക്കുകൾ കേട്ട് 100 യോജന വിസ്താരമുള്ള ലവണ സമുദ്രംചാടിക്കടന്ന് ലങ്കാപുരിയിലെത്തി. അവിടെ അശോകവനികയിൽ ശ്രീരാമധ്യാനനിമഗ്നയായിരിക്കുന്ന സീതയെ കണ്ട് അടയാള മോതിരം നൽകുകയും വർത്തമാനങ്ങളൊക്കെ അറിയിക്കുകയും ചെയ്തിട്ട് ഉദ്യാനത്തിന്റെ പുറംഗോപുരം തകർക്കുകയും 5 സേനാപതികളെയും 7 മന്ത്രി പുത്രന്മാരേയും രാവണപുത്രനായ അക്ഷ കുമാരനെയും വധിക്കുകയും ചെയ്തു. അനന്തരം ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തിന് കീഴടങ്ങി ബന്ധിക്കപ്പെട്ടു. പിന്നീട് സീത വസിക്കുന്ന സ്ഥലമൊഴികെയുള്ള ലങ്കാപുരിയെ ദഹിപ്പിച്ചു. പിന്നീട് ഹനുമാൻ സമുദ്രംചാടിക്കടന്ന് തിരിച്ചെത്തി രാമനെ പ്രദക്ഷിണം വച്ച് " കണ്ടു സീതയെ " എന്നറിയിച്ചു. തുടർന്ന് രാമൻ സുഗ്രീവാദികളോടൊപ്പം സമുദ്രതീരത്തെത്തുകയും ആദിത്യ തുല്യശരങ്ങളാൽ സമുദ്രത്തെ ക്ഷോഭിപ്പിക്കുകയും ചെയ്തു. ഭീതനായ വരുണൻ പ്രത്യക്ഷനായി സേതുബന്ധനം ചെയ്യാൻ സമ്മതിച്ചു. നളൻചിറ കെട്ടി. അനന്തരം ശ്രീരാമൻ ആ ചിറയുടെ മുകളിലൂടെ ലങ്കാപുരിയിലെത്തുകയും യുദ്ധത്തിൽ രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. സീത അന്യഗ്രഹത്തിൽ കുറച്ച് കാലം വസിച്ചതിനാൽ സീതയെ ജനങ്ങൾ അവിശുദ്ധയെന്ന് പഴിക്കുമെന്ന് ചിന്തിച്ച് ജനക്കൂട്ടത്തിനു മുന്നിൽ വച്ച് രാമൻ സീതയോടു പരുഷ വാക്കുകൾ പറഞ്ഞു. അതു കേൾക്കെ സീത അഗ്നിപ്രവേശം ചെയ്യുകയും യാതൊരു കളങ്കവുമില്ലാത്തവളാണ് സീതയെന്ന് അഗ്നിദേവൻ പറയുകയും സന്തുഷ്ടനായ രാമൻ സീതയെ സ്വീകരിക്കുകയും ചെയ്തു. ത്രിലോകങ്ങളും രാമന്റെ പ്രവൃത്തിയിൽ സന്തുഷ്ടരായി. രാക്ഷസേന്ദ്രനായ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്യുകയും ദേവന്മാരുടെ വരത്താൽ നിര്യാതരായ വാനരന്മാരെയെല്ലാം ജീവിപ്പിക്കുകയും ചെയ്തു. പിന്നീട് അയോദ്ധ്യയിലേക്ക് പോയി. രാമൻ ഭരദ്വാജ ആശ്രമത്തിലെത്തിയിട്ട് ഹനുമാനെ ഭരത സമീപത്തേക്കയച്ചു. കഥയെല്ലാം വിവരിച്ച് സുഗ്രീവനോടൊപ്പം പുഷ്പകത്തിലേറി നന്ദിഗ്രാമത്തിലേക്കു പോയി. നന്ദിഗ്രാമത്തിലെത്തിയ രാമൻ സഹോദരങ്ങളൊന്നിച്ച് 

ജടാവല്ക്കലങ്ങളുപേക്ഷിച്ച് സീതാസമേതനായി സിംഹാസനാരോഹണം ചെയ്തു. ശ്രീരാമന്റെ ഭരണത്തിൽ രാജ്യം അഭിവൃദ്ധിയെ പ്രാപിച്ചു. ജനങ്ങൾ സന്തുഷ്ടരും ധാർമ്മികരും അരോഗ്യരും ദുർഭിക്ഷ ഭയങ്ങളില്ലാത്തവരും പുത്രമരണ ദു:ഖം ആർക്കുമുണ്ടാകാതെയും സ്ത്രീകൾ വിധവകളാകാതെയും പതിവ്രതകളായിരിക്കും വണ്ണവും അഗ്നി, ജലം, കാറ്റ്, തസ്കരന്മാർ എന്നിവയിൽ നിന്നുള്ള ഭയമുണ്ടാവാതെയും രാമൻ രാജ്യം ഭരിച്ചു. എല്ലായിടത്തും ധനധാന്യസമൃദ്ധിയുണ്ടായി. കൃതയുഗത്തിലേതുപോലെ എല്ലാവരും മുദിതരായി. പിന്നീട് യാഗങ്ങൾ ചെയ്തും അനേകം സ്വർണ്ണ നാണയങ്ങളെയും 10000 കോടി പശുക്കളെയും വിദ്വജ്ജനങ്ങൾക്ക് വിധി പ്രകാരം ദാനം ചെയ്തുകൊണ്ടും 10000 വർഷം രാജ്യം ഭരിച്ചിട്ട് ബ്രഹ്മലോകം പ്രാപിക്കത്തക്കവണ്ണമായി.

ഈ പാവന ചരിതം പാപങ്ങളെ നശിപ്പിക്കുക മാത്രമല്ല പുണ്യസംവർദ്ധകവും വേദതുല്യവുമാണ്. ഈശ്രീരാമചരിതം പാരായണം ചെയ്യുന്നവർ സർവ്വപാപമുക്തരാകും. ഇതിന്റെ പാരായണം ആയുസ്സിനെ വർദ്ധിപ്പിക്കുവാനും പുത്രപൗത്രാദികളോടൊത്ത് സസുഖം ജീവിക്കുവാനും പരമപദം പ്രാപിപ്പിക്കുവാൻ കൂടിയും ഉതകുന്നതാണ്. ഇത് പാരായണം ചെയ്യുന്ന ബ്രാഹ്മണന് വിജ്ഞാനവും. ക്ഷത്രിയന് രാജ്യലാഭവും, വൈശ്യന് കച്ചവടസമൃദ്ധിയും
ശൂദ്രന് മഹത്വവുമുണ്ടാകും."

ഇത്രയുമാണ് നാരദൻ വാല്മീകിയോടു പറഞ്ഞത്.

നാരദൻ വാല്മീകിയോടു രാമായണ കഥ പറയുമ്പോൾ 
വാല്മീകിയുടെ കൂടെയുണ്ടായിരുന്ന ശിഷ്യനാണ് ഭരദ്വാജൻ.

ഭരദ്വാജൻ വാല്മീകിയുടെ ശിഷ്യനായി വളരെക്കാലം വാല്മീകിയുടെ ആശ്രമത്തിൽ
കഴിഞ്ഞിരുന്നു. ഭരദ്വാജൻ എന്ന പേരിന്റെ ഉൽപ്പത്തിക്കടിസ്ഥാനമായി ഭാഗവതം 20-ാം അദ്ധ്യായത്തിൽ ഒരു കഥ കാണുന്നു.

"ഒരിക്കൽ ബൃഹസ്പതി ജ്യേഷ്ഠനായ
ഉതത്ഥ്യന്റെ ഗർഭിണിയായ ഭാര്യയിൽ സംയോഗത്തിനായി ശ്രമിച്ചു. രണ്ടാമതൊരു ഗർഭത്തിനിരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട്, ഗർഭസ്ഥനായ ശിശു ബൃഹസ്പതിയെ തടഞ്ഞപ്പോൾ "നീ അന്ധനായി ഭവിക്കുക " എന്ന് ഗർഭസ്ഥ ശിശുവിനെ ശപിച്ചു കൊണ്ട് വീര്യത്തെ ആധാനം ചെയ്തു. അപ്പോൾ ഗർഭസ്ഥ ശിശു ആ വീര്യത്തെ പുറത്തേയ്ക്കു ചവിട്ടിത്തള്ളി. നിലത്തു പതിച്ച ആ ബൃഹസ്പതി വീര്യം ഉടനെ തന്നെ ഒരു കുമാരനായി മാറി. ഈ ശിശുവാണ് ഭരദ്വാജൻ.
വിവരമറിഞ്ഞ് ഭർത്താവ് തന്നെയുപേക്ഷിക്കുമെന്നുള്ള ഭയത്താൽ ഉതത്ഥ്യന്റ ഭാര്യയായ മമതാ ബൃഹസ്പതിയുടെ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തുടങ്ങി. അപ്പോൾ മമതയോട് ദേവന്മാർ പറഞ്ഞു. "പുത്രനെയുപേക്ഷിക്കുന്നത് ഹിംസയ്ക്കു തുല്യമാണെന്നറിയാത്ത മൂഢേ! നിങ്ങൾ 2 പേരിൽ നിന്നു ജനിച്ച ഇവനെ നീ ഭരിക്കുക." എന്നാൽ ഇത് കേൾക്കാതെ ഉപേക്ഷിച്ച് പോകുവാൻ തുടങ്ങിയപ്പോൾ ദേവന്മാർ ബൃഹസ്പതിയോട് " ബൃഹസ്പതേ! നിങ്ങൾ 2 പേരിൽ നിന്നു ജനിച്ച ഇവനെ ഭരിച്ചാലും "എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹവും അത് അംഗീകരിച്ചില്ല. അവർ 2 പേരും ശിശുവിനെ ഭരിക്കാതെ ഉപേക്ഷിച്ചു പോയി. ഇതു കാരണം ഈ ശിശുവിന് ഭരദ്വാജനെന്ന് പേരു വന്നു.

ഇദ്ദേഹം പല യുഗങ്ങൾ ജീവിച്ചതായി പുരാണങ്ങളിൽ കാണുന്നു. വനവാസത്തിനു പുറപ്പെട്ട രാമലഷ്മണന്മാരും സീതയും ആദ്യമായി സന്ദർശിക്കുന്ന ആശ്രമം ഭരദ്വാജന്റേതാണ്.

വാല്മീകി അറിയാതെ ഒരു ദിവ്യശക്തിയാൽ പ്രചോദിതനായി ആ നിഷാദനെ ശപിക്കുന്ന രൂപത്തിലുള്ള ഒരു വാക്ക് അദ്ദേഹത്തിന്റെ നാവിൽക്കൂടെ പുറത്ത് വന്നു. അതാണ് ഈ ശ്ലോക രൂപം. അതു വരെയില്ലാത്തതും അപ്പോൾ പുതുതായി ആരംഭിച്ചതുമാണ് ശ്ലോകഘടന. ഒരു ശ്ലോകത്തിന്റെ രൂപമെന്നത് അക്ഷര സമൂഹത്തെ വൃത്തനിബന്ധനയിലൊതുക്കി ആശയത്തെ വെളിപ്പെടുത്തലാണ്. ഈ സമ്പ്രദായം ലോകത്തിൽ ആദ്യമായി പ്രകടമായത് വാല്മീകിയിലൂടെയാണെന്ന് പറയപ്പെടുന്നു. ഈ ശ്ലോകമാണ് രാമായണ കഥയുടെ ബീജം. ഇവിടെ നിന്നും രാമകഥ ആരംഭിക്കുകയാണ്.

ഹേ വേട! ഈ ക്രൗഞ്ചമിഥുനങ്ങളിൽ കാമമോഹിതമായ ഒന്നിനെ നീ വധിച്ചുവല്ലോ;
അതിനാൽ നീ ഏറിയ കാലം ജീവനോടെയിരിക്കുക എന്ന അവസ്ഥയെ പ്രാപിക്കില്ല."

"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:ശാശ്വതീ: സമാ:
യത് ക്രൗഞ്ചമിഥുനാദേകേമവധീ: കാമമോഹിതം "

"മാനിഷാദ, ഭവാൻ നേടുകേറെനാൾ നിലനില്പിനെ
കൊന്നല്ലോ ക്രൗഞ്ചയുഗ്മത്തിൽ കാമപ്പിച്ചാളു - മാണിനെ "
(വാ.ബാ.കാ.-സർഗം -2,ശ്ലോകം - 15. )

വാല്മീകി ആശ്രമത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിനടുത്ത്‌ ബ്രഹ്മദേവൻ എത്തി. തുടർന്ന് ബ്രഹ്മാദിദേവൻ വാല്മീകിയോട് പറഞ്ഞു

അങ്ങയാൽ നിർമ്മിക്കപ്പെട്ടത് ശ്ലോകം തന്നെയാണ്. ഇതിൽ യാതൊരു ചിന്തയും വേണ്ട. ഇതെല്ലാം എന്റെ നിശ്ചയം തന്നെയാണ്. അങ്ങ് നാരദനിൽ നിന്നും കേൾക്കപ്പെട്ട ശ്രീരാമചരിതം എപ്രകാരമാണോ, അതു പ്രകാരം തന്നെ വിസ്തരിച്ചു രചിച്ചാലും. രാക്ഷസരുടെയും ലഷ്മണ സഹിതനും ധീമാനുമായ ആ ശ്രീരാമന്റെയും വൈദേഹിയുടെയും രഹസ്യവും പരസ്യവുമായ യാതൊരു വൃത്താന്തമുണ്ടോ അവയെല്ലാം അറിയാത്തതാണെങ്കിലും അങ്ങേയ്ക്ക് മുഴുവൻ അറിയാൻ കഴിയും.
ഈ കാര്യത്തിൽ അങ്ങയുടെ ഒരു വാക്ക് പോലും അസത്യമായി ഭവിക്കില്ല. ഈ ലോകത്തിൽ പർവ്വതങ്ങളും നദികളും എത്ര കാലം നിലനിൽക്കുമോ അത്രയും കാലം ഈ രാമകഥയും നിലനിൽക്കും. ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അപ്രത്യക്ഷനായി.

ബ്രഹ്മാവ് പോയതിനു ശേഷം വാല്മീകിയും ശിഷ്യരും

വളരെ സന്തോഷത്തോടെ ഈ ശ്ലോകത്തെ വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു. തുടർന്ന് വാല്മീകി ഉത്തമങ്ങളായ വൃത്തങ്ങളും അർത്ഥങ്ങളും പദങ്ങളും നിറഞ്ഞവയും മനോഹരങ്ങളും ഒത്ത അക്ഷരസംഖ്യകളോടു കൂടിയതുമായ അനേകം ശ്ലോകങ്ങളാൽ രാമായണ കഥ വിരചിച്ചു.

No comments:

Post a Comment