ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2017

അഷ്ട്തീർത്ഥങ്ങൾ

അഷ്ട്തീർത്ഥങ്ങൾ.

"സത്യം തീർത്ഥം, ക്ഷമാതീർത്ഥം 
തീർത്ഥമിന്ദ്രിയ നിഗ്രഹം   
ബ്രഹ്മചാര്യം  പരം തീർത്ഥം, 
അഹിംസാതീർത്ഥമുച്യതേ, 
സർവ്വഭൂതദയാതീർത്ഥം
തീർത്ഥമാർജ്ജവമേവച 
തീർത്ഥാനാമുത്തമം തീർത്ഥം
വിശുദ്ധിർ മനസാ പുനഃ....

ജീവിതചര്യയെ എങ്ങനെ ഈശ്വരോന്മുഖമാക്കാം  എന്നു ഈ ശ്ലോകം വ്യക്തമാക്കുന്നു.  സത്യം, ക്ഷമ, ഇന്ദ്രിയനിഗ്രഹം, ബ്രഹ്മചാര്യം, അഹിംസ, സർവ്വഭൂതദയ, ആർജ്ജവം, മനഃശുദ്ധി എന്നി എട്ടെണ്ണമാണ് അഷ്ട്തീർത്ഥങ്ങൾ.  ഈ തീർത്ഥങ്ങളിലൂടെ തീർത്ഥയാത്ര നടത്താം.

സത്യം
"സത്യസന്ധത ഉണ്ടായിരിക്കുക"  എന്നതാണ് പ്രഥമ തീർത്ഥമായി പറയുന്നത്. നാഴികയ്ക്കു നാല്പതു വട്ടം കള്ളം പറയുന്നതു ശീലമാക്കിയ ആധുനിക മനുഷ്യൻ ഈശ്വരനിൽ നിന്നും ഏറെ അകലെയാണ്. എന്തെന്നാൽ  നുണയുടെ പ്രവർത്തനശൈലി കുതന്ത്രങ്ങൾ മെനഞ്ഞെടുക്കലാണ്.  നന്മ വിതച്ചാലേ നന്മ കൊയ്തെടുക്കാൻ  കഴിയൂ. 

ക്ഷമ
'ക്ഷമാബലമശക്താനാം  ശക്താനാം ഭൂഷണം ക്ഷമ'  എന്നാണ് ചൊല്ല്.  അശക്തന്മാർക്ക് ആയുധമായും ,  ശക്തന്മാർക്ക് ആഭരണമായും ക്ഷമാ ശീലം  പരിലസിക്കുന്നു.  ഈ ശീലത്തിന് ഉടമയാവുന്നതോടെ  നിരന്തരമായ സംഘർഷങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികമനുഷ്യൻ 'ടെൻഷൻ ഫ്രീ' ആയി മാറുന്നു.  അവരുടെ മനസ്സ് ഈശ്വരോന്മുഖമാവുന്നു. 

ബ്രഹ്മചാര്യം
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണിത്.  വൈവാഹിക ജീവിതത്തെ  നിഷേധിക്കുന്നതാണ്.  ബ്രഹ്മചാര്യം  എന്ന വ്യഖ്യാനമാണ് അതിൽ മുഖ്യം . ഇത് അർദ്ധ സത്യം മാത്രമാണ്. നൈഷ്ഠിക ബ്രഹ്മചാരി സർവ്വേന്ദ്രിയങ്ങളെയും തന്നിൽത്തന്നെയടക്കി ചിന്തയെ ഏകമുഖമാക്കി  ജീവിക്കുന്നവനാണ്. എന്നാൽ ഗാർഹസ്ഥ്യം അനുഭവിച്ചുകൊണ്ടു  തന്നെ അമിതഭോഗവാസനെയെ  നിയന്ത്രിച്ച് സച്ചരിതരായി വർത്തിക്കുന്നവർക്കും ബ്രഹ്മചാര്യം അനുഷ്ഠിക്കാം .  കാണേണ്ടതുമാത്രം കാണുക, കേൾക്കേണ്ടതുമാത്രം കേൾക്കുക എന്നിങ്ങനെയുള്ള മിതത്വം പാലിച്ചാൽ മതി.

അഹിസയും സർവ്വഭൂത ദയയും

അഹിസയും സർവ്വഭൂത ദയയും ….  തീർത്ഥങ്ങൾ തന്നെ അവസാനം വരെ അനുഗമിച്ച ശുനകൻ ധർമ്മപുത്രർക്ക് സ്വർഗപ്രാപ്തിക്ക് ഹേതുവായ കഥ പ്രസിദ്ധമാണല്ലോ.  ഈ പ്രപഞ്ചത്തിലുള്ള സമസ്ത ചരാചരങ്ങളും ഏകസത്തയുടെ മാത്രാഭേദങ്ങൾ മാത്രമാണെന്ന  സത്യം മനസ്സിലാക്കി ഒന്നിനെയു ഉപദ്രവിക്കാതെ ജീവിക്കുക.  ഇങ്ങനെ ചെയ്യുന്നവർക്ക് ഈശ്വരസാക്ഷാത്ക്കാരം സ്വായത്തമാണ്. 'തത്ത്വമസി ' എന്ന മഹാവാക്യത്തിന്റെ പൊരുളും ഇതു തന്നെ.     

ആർജ്ജവം
കാര്യം നേടാൻ ഏതു കുടിലതന്ത്രവും ആവിഷ്ക്കരിക്കുന്നവർ പെരുകിവരുന്ന ഇക്കാലത്തെ 'നേർവഴി' എന്നത് സ്വപനം മാത്രമായി മാറിയിരിക്കുന്നു. പക്ഷേ ഒന്നോർക്കുക, പ്രത്യക്ഷത്തിൽ  അല്പം പ്രയാസമുള്ളതെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യത്തോടടുക്കുമ്പോൾ നേർവഴിതന്നെയായിരിക്കും  സുതാര്യവും സുഗമവുമാവുക. അതു കൊണ്ടുതന്നെയാണ് ആർജ്ജവവും -നേർവഴി - ഈ തീർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.  

മനഃശുദ്ധി
ഈ ശ്ലോകത്തിൽ  ഒടുവിലാണ് പരമർശിക്കുന്നതെങ്കിലും പ്രഥമ പരിഗണയർഹിക്കുന്ന തീർത്ഥം മനഃശുദ്ധി തന്നെയാണ്.  'തീർത്ഥാനാമുത്തമം തീർത്ഥം ' എന്നാണ് മനഃശുദ്ധിക്ക് നൽകിയിട്ടുള്ള വിശേഷണം മനോവാക്കായ കർമ്മങ്ങൾ സദ്പ്രവൃത്തിക്കായി  ഏകീഭവിക്കുമ്പോഴാണ് ഈ ആന്തരശുദ്ധി കൈവരിക.    ചെയ്യുന്ന പ്രവൃത്തിയിലും പറയുന്ന വാക്കുകളിലും ആത്മാർത്ഥത ഉണ്ടാവണമെങ്കിൽ മനസ്സ് ശുദ്ധമാവണം.  ആർക്കോ വേണ്ടി  ചെയ്യുന്നു,  പറയുന്നു എന്ന തോന്നൽ  ഉണ്ടാവരുത്. സത്യം, ക്ഷമ, തുടങ്ങിയ ഗുണങ്ങളൊന്നും മനശുദ്ധിയില്ലാത്തവന്റെ അടുത്തവരികയില്ല. അതു കൊണ്ടാണ് തീർത്ഥങ്ങളിൽ ശ്രേഷ്ഠം  മനഃശുദ്ധിയാണെന്ന് പറയുന്നത്.  ആന്തര തീർത്ഥടനത്തിലൂടെ  ലഭിക്കുന്ന ധനോർജ്ജം (Possitive Energy) വ്യക്തിയെ സമ്പൂർണമായി ആനന്തനിർവൃതിയിൽ ആറാടിക്കുന്നു.

No comments:

Post a Comment