ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2017

നവരാത്രി

നവരാത്രി

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വസന്ത നവരാത്രി
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

അശാത നവരാത്രി
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാർക്ക് അഥവാ അനുയായികൾക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരിൽ ഒരാളാണ് വരാഹി. ഹിമാചൽ പ്രദേശിൽഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും
ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളി പൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ.

തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്‌  തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു.

ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്.

നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.

പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്.

നവരാത്രി വ്രതം

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, കാളികാ പുരാണം, മാർക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുർഗ്ഗാഷ്ടമി :- ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.

മഹാനവമി :- പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്.

വിജയ ദശമി :- കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയ സൂചകമായ ഈ പുണ്യ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു.

ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ

എന്നാണ് പ്രമാണം. സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു.

നവരാത്രി വ്രതത്തിന്റെ പ്രത്യേകതകൾ?

വിജയദശമിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും ദേവീഭാഗവതത്തിൽ വേദവ്യാസൻ നവരാത്രിപൂജയെപ്പറ്റി ജനമേജയനോടു പറയുന്നു. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

വാത്മീകി രാമായണത്തിൽ പറയുന്നു: ശ്രീരാമന്‍ രാവണന് മോക്ഷപ്രാപ്തി കൊടുത്തത് നവരാത്രി വ്രതം അനുഷ്ഠിച്ചാണത്രെ. ഉത്തരേന്ത്യയിൽ രാമലീല എന്ന പേരിൽ ആഘോഷിക്കുന്നു. മഹാസാഗരം (പ്രളയം) കാലത്തിനൊടുവിൽ ദൈവം ലോകം പുനഃസൃഷ്ടിക്കാൻ ആഗ്രഹിച്ചുവത്രെ. അങ്ങനെ ലോകത്തിന്റെ സൃഷ്ടിയുണ്ടായി. അതിൽ ദേവിക്കു നന്ദി പ്രകടിപ്പിച്ചു. കടുത്ത വേനൽക്കാലവും മഴക്കാലവും യമന്റെ രണ്ടു കൂർത്ത പല്ലുകളായാണ് കരുതുന്നതത്രേ. ഇവ പകർച്ചവ്യാധികൾ മനുഷ്യർക്കു നൽകുന്നു. ആരോഗ്യം നശിക്കുന്നു, ദുരിതം വിതയ്ക്കുന്നു, മനസ്സ് ക്ഷയിക്കുന്നു, ഇവയിൽ നിന്നു നമ്മെ രക്ഷിക്കുന്നവളാണ് ഉമ. ലക്ഷ്മീദേവിക്കു നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയാണു നവരാത്രി എന്ന പേരിൽ 9 രാത്രികൾ ഉമയെ ആരാധിക്കുന്നത്.

ഒന്നാം ദിവസം കുമാരീപൂജ നടത്തണം. ഒന്നാംദിവസം രണ്ടു വയസ്സായ കുട്ടിയെ കുമാരി എന്ന പേരിൽ ആരാധിക്കുമ്പോൾ ദാരിദ്ര്യവും ദുഃഖവും ഇല്ലായ്മ ചെയ്ത് ഐശ്വര്യം ലഭിക്കുന്നു.

രണ്ടാം ദിവസം 3 വയസ്സുള്ള പെൺകുട്ടി, ത്രിമൂർത്തി എന്ന ഭാവത്തിൽ പൂജിക്കണം. ധർമാർഥകാമഫലങ്ങളും സന്താനലാഭവും നല്ല ബുദ്ധിയും ഉണ്ടാകും. 4 വയസ്സ് തികഞ്ഞവളെ കല്യാണി എന്ന പേരിൽ മൂന്നാം ദിവസം പൂജിക്കണം. വിദ്യയും ധനവും ജീവിത വിജയവും സുഖകരമായ ജീവിതവും ലഭിക്കുന്നു. 4-ാം ദിവസം രോഗശാന്തിക്കായി 5 വയസ്സുള്ള കുട്ടിയെ രോഹിണി എന്ന പൂജ ചെയ്യുന്നു. കാളിക എന്ന പേരിൽ 6 വയസ്സായ കുട്ടിയെ 6-ാം ദിവസം പൂജ ചെയ്താൽ ശത്രുനാശമുണ്ടാകും. അടുത്ത ദിവസം 7 വയസ്സുള്ള ചണ്ഡികയെ പൂജിക്കും. ഐശ്വര്യം ലഭിക്കും. അതേ ദിവസം സാംബവി എന്ന കുട്ടിയെ പൂജിച്ചാൽ ജീവിതവിജയവും നേടാം. 8-ാം ദിവസം 9 വയസ്സുകാരി ദുർഗ്ഗയെ പൂജിച്ചാൽ ശത്രുനാശം ഉണ്ടാകും ഒപ്പം പരലോകസുഖവും ലഭിക്കും. നവമി ദിവസം 10 വയസ്സുള്ള സുഭദ്രയെ പൂജിച്ചാൽ സർവാഭീഷ്ടങ്ങളും ലഭിക്കും. ദമ്പതിമാരെ പൂജിക്കുന്നതും ഐശ്വര്യലബ്ധി ഉണ്ടാകുന്നതാണ്. ഇവർക്ക് പുതുവസ്ത്രങ്ങൾ, പഴങ്ങൾ, പൂക്കൾ, ചീപ്പ്, കണ്ണാടി, കുങ്കുമം, ദക്ഷിണ, വിഭവസമൃദ്ധമായ ഭക്ഷണവും നൽകണം. ഉത്തരേന്ത്യയിൽ ദസറ എന്ന പേരിൽ വമ്പിച്ച ആഘോഷമായി കൊണ്ടാടുന്നു. തിന്മയ്ക്കുമേൽ നന്മ വിജയം വരിച്ച ദിവസമാണ് വിജയദശമി.

നവരാത്രി വ്രതത്തിന്റെ ഫലം മൂഢാത്മാവായ മനുഷ്യനെ കുബേരനാക്കി ലോകപ്രശസ്തി നൽകുന്നതാണ്. പണമില്ലാത്തവന്‍ പിണമാണ്, വിദ്യയില്ലാത്തവൻ മൂഢനുമാണ്. സർവ ഐശ്വര്യങ്ങളും ലഭിക്കുന്നതിനാണ് നവരാത്രികളിൽ ദേവിയെ പൂജിക്കുന്നത്. 10-ാം ദിവസം വിജയലക്ഷ്മിയായും വിദ്യാലക്ഷ്മിയായും ആഘോഷിക്കുന്നു. സീതയെ രാവണൻ മോഷ്ടിച്ചു കൊണ്ടുപോയതിനെ തുടർന്ന് ശ്രീരാമചന്ദ്രപ്രഭു ഈ വ്രതം അനുഷ്ഠിക്കുകയും രാവണനെ പരാജയപ്പെടുത്തി സീതാദേവിയെ വീണ്ടെടുക്കുകയും ചെയ്തു.

ദുർഗമൻ എന്ന അസുരനെ നിഗ്രഹിക്കാൻ ദേവന്മാർ ദേവിയെ ഭജിക്കുകയും ദേവി ദുർഗാഷ്ടമി ദിവസം ദേവന്മാരുടെ മുന്നിൽ പ്രത്യക്ഷയാകുകയും മഹാനവമി ദിവസം ദുർഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുർഗയായി ആരാധിച്ച് ദേവന്മാർ വിജയാഘോഷം കൊണ്ടാടുകയും ചെയ്തതായി ഐതിഹ്യം. അതു മനുഷ്യന്റെ ദോഷങ്ങൾ തീർക്കുവാനും ഐശ്വര്യം വരുന്നതിനും വേണ്ടിയുള്ള സങ്കൽപമാണ്. 9 ദിവസവും വ്രതം എടുക്കാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളിൽ വ്രതം എടുക്കണം. മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയെയാണു പൂജിക്കുന്നത്. ഈ ദിവസങ്ങളിൽ. എല്ലാ ദേവന്മാരും ശക്തിയെയാണു പൂജിക്കുന്നത്. ദുർഗാഭാവത്തെ ആരാധിക്കുമ്പോൾ ജീവിതവിജയവും, ലക്ഷ്മീ ഭാവത്തെ ആരാധിക്കുമ്പോൾ ധനവും സരസ്വതീഭാവത്തെ ആരാധിക്കുമ്പോൾ വിദ്യയും ലഭിക്കും.

നവരാത്രി സമയത്ത് ദേവീഭാഗവതവും ദേവീമാഹാത്മ്യവും വായിക്കേണ്ടതാണ്. വിദ്യയാണ് ജീവിതവിജയത്തിന് അത്യാവശ്യം, പിന്നെ ധനവും. മഹിഷാസുരൻ അജ്ഞാനത്തിന്റെ പ്രതീകമാണ്, അതിനെ വധിച്ച് ജ്ഞാനം തെളിയിക്കുന്ന ദിവസമാണു വിജയദശമി.

നവരാത്രിയും ആചാരങ്ങളും

ആര്‍ഷഭാരതത്തില്‍ കന്യാകുമരി മുതല്‍ ഹിമാലയം വരെയുള്ള മുക്കിലും മൂലയില്‍മുള്ളവര്‍ എല്ലക്കൊല്ലവും ആഘോഷിക്കാറുള്ളതാണ് നവരാത്രി ദിനങ്ങള്‍. ഇരുട്ടിനു മേല്‍ അസുരതയുടെ മേല്‍ അജ്ഞതയുടെ മേല്‍ ഒക്കെയുള്ള വിജയമാണ് ഈ ദിനങ്ങളുടെ സന്ദേശം.

ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ ''കാലം.'' എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു; ഒപ്പം പ്രപഞ്ചവും. കാലത്തിന്റെ ഈ അധീദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത്‌ കാലചക്രരൂപിണിയായ ഈ കാളീദേവിയാണ്‌. എന്നാല്‍ കേരളത്തില്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം എന്നോര്‍ക്കണം. എന്നാല്‍ മറ്റുള്ള ഇടങ്ങളില്‍ അങ്ങനെയല്ല. ശക്തിയേ ആരാധിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനേ കാണുന്നത്. എഴുനൂറ്‌ മന്ത്രശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവീമാഹാത്മ്യമാണ്‌ നവരാത്രികാലത്ത്‌ പാരായണം ചെയ്യുക. ഇത്‌ ഒരു പ്രത്യേക ക്രമമനുസരിച്ചാണ്‌. പാരായണവേളയില്‍ നിശ്‌ചിത ക്രമത്തില്‍ വ്യത്യസ്‌തങ്ങളായ പൂജകളും നടത്തപ്പെടുന്നു. ഇങ്ങനെ ഒമ്പതു ദിവസങ്ങള്‍കൊണ്ട്‌ ദേവീമാഹാത്മ്യത്തിന്റെ ആധാരദേവതയായ ചണ്ഡികാദേവിയെ ഉപാസിക്കുന്ന ക്രിയാസമുച്ചയമാണ്‌ നവചണ്ഡികായജ്‌ഞം എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇങ്ങനെയുള്ള ചണ്ഡീയജ്‌ഞം സകലവിധ ആരാധനകളിലും വച്ച്‌ ഏറ്റവും വിശിഷ്‌ടം എന്ന്‌ അറിയപ്പെടുന്നു. വ്യക്‌തിഗതമായ അടിസ്‌ഥാനത്തില്‍ ചെയ്യാവുന്ന നവരാത്രികര്‍മങ്ങളില്‍ ഒന്നാമത്തേത്‌ വിദ്യാരംഭമാണ്‌. വെറുതെ എഴുത്തിനിരുത്തുക എന്നതല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പകരം താന്ത്രികദീക്ഷാവിധിയനുസരിച്ചുതന്നെ നടത്തപ്പെടുന്ന ക്രിയയാണ്‌ താന്ത്രികവിദ്യാദീക്ഷ. [എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ വിദ്യാരംഭമെന്നത് കച്ചവടമായതും വികലമായ അനുകരണങ്ങളായതിനാലും ഇതേപ്പറ്റി പലര്‍ക്കും ഗ്രാഹ്യമില്ല]

എഴുത്തിനിരുത്തപ്പെടുന്ന കുട്ടിക്ക് ശക്‌തി പ്രദീക്ഷ നല്‍കുന്നതാണ് താന്ത്രിക വിദ്യാദീക്ഷയുടെ മര്‍മ്മഭാഗം. മനുഷ്യ ശരീരത്തില്‍ ഏഴ് ശക്തി ചക്രപീഠങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്‌ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്‌ഞ തുടങ്ങിയ ഈ ചക്രങ്ങളിലൂടെ ശക്‌തി മന്ത്രാക്ഷരങ്ങള്‍ ഉപയോഗിച്ച്‌ ചൈതന്യലേഖനം നടത്തുന്ന ക്രിയയാണ് ശക്തിപ്രദീക്ഷ. ഇതിനു ശേഷം മാത്രമേ സര്‍വസാധാരണരീതിയിലുള്ള സാമാന്യ വിദ്യാരംഭക്രിയ നടത്തി പൂര്‍ണമാക്കുന്നു. മന്ത്രലേഖന സഹിതമായ ഈ മഹാവിദ്യാദീക്ഷ ലഭിക്കുന്ന കുട്ടി ഭാവിയില്‍ പണ്ഡിതനും സാഹിത്യകാരനുമായിത്തീരാം. വലിയ കലാകാരന്‍മാരോ കലാകാരികളോ ആയേക്കാം. പ്രഗത്ഭ നേതാക്കളും ആചാര്യന്‍മാരും ആയിത്തീരുന്നതിനും സാധ്യതകാണുന്നു. ഇങ്ങനെ മഹാശാക്‌തേയദീക്ഷ ലഭിക്കുകയെന്നത്‌ അനവധി ജന്മാന്തരങ്ങളിലെ മഹാപുണ്യം തന്നെയാകുന്നു എന്നത്‌ വസ്‌തുതയാണ്‌. 

നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില്‍ മറ്റു പ്രാധാന്യമുള്ളവയായി പറയുന്നത്‌ അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്‌. അത്ഭുതകരമായ സര്‍വസമ്പല്‍സമൃദ്ധി നല്‍കുന്ന കര്‍മമാണ്‌ അഷ്‌ടലക്ഷ്‌മീബലി. മഹാലക്ഷ്‌മിയും മറ്റ്‌ അഷ്‌ടലക്ഷ്‌മീമാരും സമഗ്രമായി ഉപാസിക്കപ്പെടുന്ന ഈ ചടങ്ങ്‌ നടക്കുന്നതെവിടെയോ അവിടെ പന്ത്രണ്ടുവര്‍ഷത്തേക്ക്‌ യാതൊരുവിധത്തിലുള്ള ദാരിദ്ര്യകലകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം. സര്‍വകാര്യങ്ങളിലും വിജയം സാധകന്‌ നേടിത്തരുന്ന കര്‍മമാണ്‌ ജയദുര്‍ഗാപൂജ. ജയിക്കുന്നതിന്‌ ദുഷ്‌കരമായ സാഹചര്യത്തില്‍പോലും വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ്‌ ഇത്‌. സകലവിധ കലകളുടെയും അധിദേവതയാണ്‌ മാതംഗി. രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്‌തി കലാരംഗത്ത്‌ അതിപ്രശസ്‌തിയും ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത്‌ ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട കര്‍മമാണ്‌ രാജമാതംഗീപൂജ. വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക്‌ ആ തടസങ്ങള്‍ എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്‌തി നല്‍കുന്ന മഹാകര്‍മമാണ്‌ മംഗളാഗൗരീപൂജ. വാഗ്‌വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു വ്യവഹാരങ്ങള്‍ ഇവയില്‍ ജയം നേടിത്തരുന്നതാണ്‌ ഹംസവാഗീശ്വരീപൂജ. ഇങ്ങനെ നിത്യജീവിതത്തിലെ സാമാന്യകാര്യങ്ങളിലും നമുക്ക്‌ ഉദ്ദേശ്യസാധ്യത്തിനായി അനുഷ്‌ഠിക്കാവുന്ന വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ്‌ നവചണ്ഡികാപൂജകളും അതിനോടനുബന്ധമായ കാര്യങ്ങളും. ശരിയായ രീതിയില്‍ ഇവ നിര്‍വഹിച്ചാല്‍ സര്‍വാഭീഷ്‌ടസിദ്ധിയാണ്‌ ഫലം.

No comments:

Post a Comment