ബലിതർപ്പണവും കാക്കയും
ഹൈന്ദവ വിശ്വാസികള്‍ പുരാണത്തിന്റെയും ഐതീഹ്യങ്ങളുടേയും പിന്‍ബലത്തോടു കൂടി വാവുബലിയെ അടയാളപ്പെടുത്തുന്നതെങ്ങനെയാണെന്ന് നമുക്ക് നോക്കാം. പണ്ട് മഹിരാവണന്‍ (പാതാളരാവണന്‍) എന്ന ഒരു അസുരചക്രവര്‍ത്തി പാതാളം വാണിരുന്നത്രെ. ദേവന്മാരില്‍ നിന്ന് പല വരങ്ങളും സ്വായത്തമാക്കിയ മഹിചക്രവര്‍ത്തിയോട് അസുരകുലാചര്യനായ ശുക്രന്‍ ദേവന്മാരോട് യുദ്ധംചെയ്ത് ദേവലോകം കീഴടക്കാന്‍ ആജ്ഞാപിച്ചു.
മഹിചക്രവര്‍ത്തി അസുരഭടന്മാരോടൊപ്പം ദേവലോകാധിപനായ ഇന്ദ്രന്റെ ദിക്കായ കിഴക്കേ കോണില്‍ ചെന്ന് ഇന്ദ്രനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. അഗ്നികോണില്‍ ചെന്ന് അഗ്നി ഭഗവാനെയും നിലം പരിശാക്കി. യമന്റെ ദിക്കായ തെക്ക് ഭാഗത്തെ കോണില്‍ ചെന്ന് യമഭഗവാനെ യുദ്ധത്തിന് വെല്ലുവിളിച്ചു. യമന് ക്ഷതം സംഭവിച്ചാല്‍ അണ്ഡകടാഹങ്ങളുടെ തന്നെ താളം പിഴക്കും.
യമന്‍ ഓടിച്ചെന്ന് വസിഷ്ഠ മഹര്‍ഷിയെ അഭയം പ്രാപിച്ചു. പരകായ പ്രവേശം എന്ന മന്ത്രം ജപിച്ച് തന്റെ ശരീരത്തില്‍ നിന്നും ആത്മാവിനെ ഒരു കാക്കയിലേക്ക് ആവഹിച്ചു മാറ്റാന്‍ വസിഷ്ഠ മഹര്‍ഷി ഉപദേശിച്ചു. തുടര്‍ന്ന് യമന്റെ ജീവന്‍ കാക്കയില്‍ പ്രവേശിക്കുകയും യമന്‍ ജഡാവസ്ഥയിലാവുകയും ചെയ്തു. മഹിരാവണന്‍ വന്ന്കണ്ടത് ജഡാവസ്ഥയിലുള്ള യമനെയായിരുന്നതുകൊണ്ട് യുദ്ധം ചെയ്യാന്‍ എതിരാളി ഇല്ലാത്തതിനാല്‍ തെക്ക് ദിക്കും പിടിച്ചെടുത്തതായി പ്രഖ്യപിച്ച് അസുരവംശത്തിന്റെ ധ്വജം നാട്ടി പാതാളത്തിലേക്ക് തിരിച്ചുപോയി.
പുനര്‍ ജനിച്ചയമന്‍ തന്നെ രക്ഷിച്ച കാക്കയെ തലോടി. എന്റെ പ്രീതിക്കുവേണ്ടി ഈ ലോകത്ത് മനുഷ്യര്‍ ബലിയിട്ട് നനഞ്ഞ കൈ അടിച്ചു വിളിക്കുമ്പോള്‍ നീ ചെന്ന് അത് ഭുജിച്ചാല്‍ ഞാന്‍ തൃപ്തിപ്പെടുമെന്ന് യമന്‍ അരുളി ചെയ്തു. ഇതനുസരിച്ചാണ് പരേതര്‍ക്കുവേണ്ടി ഇഹലോകവാസികള്‍ മരണത്തിന് ഹേതു മെനയുന്ന യമഭഗവാന്‍ വഴി പിതൃക്കളെ തൃപ്തിപെടുത്താന്‍ ബലി ഇടുന്നതെന്നാണ് ഐതിഹ്യം.
ദക്ഷിണകാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാടും, ഭാരതപുഴയുടെ തീരത്തെ തിരുനാവായയിലും, ആലുവയിലുമാണ് ബലിതര്‍പ്പണത്തിന് പ്രാധാന്യം. വിശ്വസമാണല്ലോ സംതൃപ്തിയുടെ വാഹകന്‍.
No comments:
Post a Comment