ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2017

തെയ്യം കെട്ടുന്നവർ

തെയ്യം കെട്ടുന്നവർ

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.

വണ്ണാന്മാർ
പെരുമണ്ണാൻ
അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.ഇവർ മരുമക്കത്തായം സംബ്രദായം തുടരുന്നു

മലയർ*
മലയർ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന 'ഭദ്രദേവവർഗ'മാണ് തങ്ങളെന്ന് ഇവർ 'കണ്ണേർപാട്ടി'ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും. മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല, കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്. ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ.

വേലന്മാർ
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികൾകൂടി പങ്കുകൊള്ളാറുണ്ട്.

അഞ്ഞൂറ്റാൻ
അഞ്ഞൂറ്റാൻ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ അംഗസംഖ്യ കൂടുതൽ ഉള്ളത്. ഇവർ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലൻ അഞ്ഞൂറ്റാൻ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റു വേലന്മാരുമായി ഇവർക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ തുടങ്ങി ഏതാനും തെയ്യങ്ങൾ മാത്രമേ മുന്നൂറ്റാന്മാർ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാർ മുത്തപ്പൻ ദൈവത്തെ കെട്ടിയാടാറുണ്ട്.

മുന്നൂറ്റാൻ
കുട്ടിച്ചാത്തൻ തെയ്യമാണ് ഇവർ കെട്ടിയാടുന്ന പ്രധാന തെയ്യം.നാഗഭഗവതി,ചെറിയ ഭഗവതി, പുള്ളിവേട്ടയ്ക്കൊരുമകൻ,വലിയ തമ്പുരാട്ടി,വസൂരിമാല,ശ്രീപോർക്കലി, തുടങ്ങിയ തെയ്യങ്ങളും ഇവർ കെട്ടിയാടാറുണ്ട്.

മാവിലർ
മാവിലർ ഹോസ്ദുർഗ്, തളിപ്പറമ്പ് താലൂക്കുകളിൽ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരിൽ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുർഗ് താലൂക്കിലെ ചിറവർ. മാവിലർ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി, ചാമുണ്ഡി, കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, വേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലർ ഈ തെയ്യങ്ങൾക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.

ചിങ്കത്താന്മാർ
ചിങ്കത്താൻ ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിൽ (കണ്ണൂർ ജില്ലയിൽ) വസിക്കുന്ന ചിങ്കത്താന്മാർ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങൾ തെയ്യം കെട്ടുവാൻ തുടങ്ങിയതെന്നും അവരിൽ ചിലർ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങൾക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവർക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങൾ ചിങ്കത്താന്മാർ കെട്ടിയാടാറുണ്ട്.

കോപ്പാളർ
കോപ്പാളർ കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കണ്ടുവരുന്ന കോപ്പാളർ നൽക്കദായ എന്ന വിഭാഗക്കാർ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാർചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമാഭഗവതി, ഗുളികൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പുലയർ
പുലയർ കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ പുലയർ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂർവികരായ കാരണവന്മാരുടെയും മൺമറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങൾ ധരിച്ചാടുന്നതിൽ പുലയർ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ), മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം,  പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള എന്നീ തെയ്യങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളിൽപ്പെടുന്നു.

No comments:

Post a Comment