ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 September 2017

ഈശ്വരന്റെയല്ല ഈശ്വരനെയാണ് ആവിശ്യം

“ഈശ്വരന്റെയല്ല ഈശ്വരനെയാണ് ആവിശ്യം”

" ഹിരണ്മയേന  പാത്രേണ സത്യാസ്യാപിഹിതം മുഖം   
തത്ത്വം പൂഷന്നപാവൃണോ സത്യധർമ്മായ ദൃഷ്ടയേ" 
(ഈശാവാസ്യോപനിഷത്ത്...  )

സത്യദർശനതൽപരനായ സാധകൻ സത്യത്തെ പൊൻകിരണങ്ങൾ വിതറുന്ന പൊൻതളികയാൽ മറച്ചിരിക്കുന്ന സൂര്യനോട് പ്രാർത്ഥിക്കുകയാണ് "അല്ലയോ, പുഷവേ; സത്യധർമ്മനായയിരിക്കുന്ന എനിക്ക് സത്യത്തെ കാണുവാൻ വേണ്ടി ആ പൊൻപാത്രത്തെ മാറ്റുക" 

ചാക്ഷുഷോപനിഷത്ത് മന്തിക്കുന്നു  "തമസോമ ജ്യോതിർഗമയ" അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിച്ചാലും .

ഇതു രണ്ടും പ്രഥമദൃഷ്ട്യാ വിരോധാഭാസമായി തോന്നും. ഒരു ഉപനിഷത്ത്  ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് നയിച്ചാലും എന്ന് പ്രാർത്ഥിക്കുമ്പോൾ മറ്റൊന്ന് സത്യത്തെ ദർശിക്കുവാൻ പ്രകാശത്തെ മാറ്റിയാലും എന്ന് പ്രാർത്ഥിക്കുന്നു.   ഇവിടെ എന്താണ് ഇരുളെന്നും, പ്രകാശമെന്നും നാം സാമാന്യമായി അറിയാത്തിടത്തോളം കാലം ഇത് ചിന്താപരമായ വൈകാരികപ്രഹേളിക സൃഷ്ടിക്കും...

ഇരുളിൽ കണ്ണിന് കാഴ്ചയില്ല. എന്നാൽ എത്ര ഗാഢമായ ഇരുട്ടിലും അല്പനേരം ഇരുന്നാൽ ചെറിയ കാഴ്ച അനുഭവപ്പെടുന്നു. അപ്പോൾ ഇരുട്ടിലും പ്രകാശമുണ്ട്.  എന്നാൽ അതുപോലെ  അതിശക്തമായ പ്രകാശത്തിലും ഒന്നും കാണാൻ സാാധിക്കുന്നില്ല.  അവിടെ കണ്ണുതുറക്കുവാൻ പോലും സാധിക്കുന്നില്ല. അപ്പോൽ പ്രകാശത്തിലും ഇരുട് ഉണ്ട് എന്ന് അറിയാം. ഈ അനുഭവത്തിൽ നിന്നും. ഇരുളും വെളിച്ചവും രണ്ടല്ല ഒരേ സത്യത്തിന്റെ രണ്ടു വ്യത്യസ്താവസ്ഥ-  ദ്വന്ദ്വാവസ്ഥയാണെന്നു അറിയാം. ദ്വന്ദ്വാവസ്ഥയ്ക്ക് അതീതമായ   നിത്യതയാണ് അദ്വൈതം.  അതാണ് അറിയേണ്ടുന്ന - ദർശിക്കേണ്ടുന്ന സത്യം.

    നാം ശരിയായ പ്രകാശത്തെ കാണുന്നില്ല.  പ്രത്യുത കാണുന്നത് പ്രകാശം പ്രസരിപ്പിക്കുന്ന വസ്തുവിനെയും, പ്രാകാശത്തെ  പ്രതിഫലിപ്പിക്കുന്ന വസ്തുവിനെയുമാണ്.  യഥാർത്ഥത്തിൽ പ്രകാശത്തെ ആരും കാണുന്നില്ല. പ്രകാശം ഉണ്ട് എന്നു പറയുന്നത് പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുവിനെയും പ്രാകാശം പ്രസരിപ്പിക്കുന്ന വസ്തുവിനെയും കാണുമ്പോഴാണ്.  ഇങ്ങനെ രണ്ടു വസ്തുവിനെയും  കാണാത്ത അവസ്ഥയെ നാം ഇരുട്ട് എന്നു പറയുന്നു.    തമസ്സിൽ നിന്നും ജ്യോതിസ്സിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന സാധകൻ ധ്യാനിക്കുന്നു.  തപസ്സു ചെയ്യുന്നു.  ധ്യാനാവസ്തയിൽ സാധകന്റെ അന്തരംഗം മഹാപ്രകാശത്തിൽ പ്രശോഭിതമാകുന്നു.   കോടിസൂര്യപ്രഭയാണ് സംഭവിക്കുന്നത്. അവിടെ ആ പ്രകാശം ഏതെങ്കിലും വസ്തുവിൽ ഉണ്ടാകുന്നതോ പ്രതിഫലിക്കുന്നതോ അല്ല.  അതു തികച്ചും ആന്തരികമായി  സഹജതയോടെ സംഭവിക്കുന്നതാണ്. അതിന് പ്രഭവസ്ഥാനവും പ്രതിഫലനസ്ഥാനവുമില്ല . പ്രാകാശത്തിനപ്പുറത്താണ് സത്യം ഇരിക്കുന്നത്.   സത്യത്തെ മറച്ചിരിക്കുന്ന പൊങ്കിരണം വിതറുന്ന പൊൻ തളിക മാറ്റിയാലും എന്നാണല്ലോ പ്രകാശധാമമായ പൂഷാവിനോട് - സ്ദൂര്യനോട്  - പ്രാർത്ഥിക്കുന്നത്. അപ്പോൾ അവിടെ സ്വഭാവികമായും ചില സംശയങ്ങളുണ്ടായേക്കാം.  ഈശ്വരൻ പ്രകാശമല്ലേ ? പ്രകാശം മാറ്റി കഴിഞ്ഞാൽ പിന്നെ ഇരുട്ടാല്ലേ ഉണ്ടാവുക?  ആ ഇരുട്ടിൽ സത്യത്തെ ദർശിക്കാൻ കഴിയുമോ?

ഇരുട്ടിനും പ്രകാശത്തിനും അതീതമായ ഒരു അവസ്ഥയുണ്ട്.  അഥവാ ഇരുളിനും   വെളിവിനും നടുവിലായ ഒരു അവസ്ഥയുണ്ട്.  അവിടെയാണ് - അതാണ് സത്യം അഥവാ ഈശ്വരൻ . ഈ ആന്തരീകമായ അവസ്ഥയെന്തെന്ന് വാക്കുകളാൽ പ്രകാശിപ്പിക്കാവുന്നതല്ല. ആ പരമമായ വെളിവിൽ സത്യദർശനം  ആനുഭൂതികമാകും . ഇത് അനുഭവിച്ചേ   അറിയാൻ പറ്റൂ ..  അതാണ് "നാരായണഗുരു"      ""അനുഭവിയാതറിവീല"" എന്ന്   ആത്മോപദേശശതകമെന്ന ജ്ഞാനാമൃതത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്.    ആന്തരികമായ അനുഭവതലത്തെ  - ഇരുളിനും വെളിവിനും ഇടയിലുള്ള  തലത്തെ - പ്രതീകവൽക്കരിച്ചുകൊണ്ടാണ് രണ്ട് സന്ധ്യകളിലും ഈശ്വരാാധന നടത്തുന്നത്. 

സൂര്യൻ അസ്ത്മിച്ചാലുടൻ ഇരുട്ട് പരക്കുന്നില്ല ഇതിനു രണ്ടിനുമിടയിൽ ഒരവസ്ഥയുണ്ട്. ഇതിനെ സന്ധ്യയെന്നു പറയുന്നു.  ഇതേ പോലെ പ്രഭാതത്തിലും  ഒരു സന്ധ്യയുണ്ട്. ഈ അവസ്ഥ പകലുമല്ല രാത്രിയുമല്ല.    വേദാന്തപരമായി പറഞ്ഞാൽ  സത്യവുമല്ല അസത്യവുമല്ല.    സത്യന്വേഷിയായ സാധകൻ  ഇരുളിനെയും വെളിവിനെയും  കടന്ന് അഥവാ സത്യത്തെ മറച്ചിരിക്കുന്ന പൊൻ കിരണം വീശുന്ന പൊൻ പാത്രമാകുന്ന മൂടി മാറ്റിക്കിട്ടി സത്യത്തെ ആനുഭൂതികമാക്കി സത്യം തന്നെയായി മാറുന്ന അവസ്ഥക്ക് സമാനമായി നടത്തുന്ന  സായാംസന്ധ്യ  പ്രഭാതസന്ധ്യ, ഈശ്വരാരധനകൾ അത്യന്തം അർത്ഥവത്താണ്.

അനുപമേയമായ  ഈ ആനുഭൂതികയെ പൊൻ പ്രകാശത്തിൽ പ്രലോഭിതരായവർക്ക് അഥവാ ധ്യാനത്തിലൂടെ  സംഭവിക്കുന്ന അഷ്ട്സിദ്ധിയെന്ന സമ്മോഹനമഹിമയിൽ മയങ്ങുന്നവർക്ക് ലഭിക്കുകയില്ല,  ശരിയായ ലക്ഷ്യബോധമുള്ള തപസ്വി ഈ സന്മോഹന പൊൻ കിരണങ്ങൾ കാണുമ്പോൾ അതു വരെ മൗനമായിരുന്ന് ധ്യാനിച്ചിരുന്ന അവസ്ഥയിൽ നിന്നും മാറി ഈശ്വരനോട് ഉറക്കെ പ്രാർത്ഥിക്കുന്നു.  അല്ലയോ ദൈവമേ  അഥവാ പൂഷാവേ, സത്യത്തിന്റെ മുഖം മറച്ചിരിക്കുന്ന പൊൻ കിരണം വീശുന്ന  പൊൻ തളികമറ്റി ഈ സത്യധർമ്മനെ   സത്യത്തെ ദർശിപ്പിച്ചാലും.  " നമുക്ക് ഈശ്വരന്റെയല്ല ഈശ്വരനെയാണ് ആവിശ്യം".

   സത്യത്തെ മറച്ചിരിക്കുന്ന പൊൻ കിരണം മാറ്റുകയെന്ന മഹദ്പ്രാർത്ഥനയോടെ സത്യന്വേഷി   ദൈതാവസ്ഥക്ക് അതീതമായ നിത്യമായ സത്യത്തെ സാക്ഷാത്ക്കരിച്ച് അദ്വൈതിയാകുന്നു. അവിടെ സത്യന്വേഷി, സത്യം എന്നീ ദ്വന്ദ്വങ്ങളില്ലാതാകുന്നു.  ജ്ഞാനത്തെ അന്വേഷിക്കുന്ന  ജ്ഞാനജിജ്ഞാസു  ജ്ഞാനം തന്നയായി മാറുന്നു. അവിടെ ജ്ഞാതാവും ജ്ഞേയവുമില്ല ഉള്ളത് ജ്ഞാനം മാത്രം.

No comments:

Post a Comment