ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2017

സദ്യ

സദ്യ

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യഎന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു ഉത്സവങ്ങൾ, വിവാഹം, പിറന്നാൾ, നാമകരണം, ശ്രാദ്ധം തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക. ഇത് സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. ആറന്മുള വള്ളസദ്യ ഇത്തരത്തിൽ ഇന്നും നടത്തപ്പെടുന്നുണ്ട്. ഇക്കാലത്ത് വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേൽ ഇലയിട്ട് വിളമ്പാറുമുണ്ട്. 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ കേരളീയ സദ്യയാണ്‌ വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിവായി ഉണ്ടായിരുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങൾ സാധാരണയായി ചോറ്, കറികൾ, പായസം, പഴം, മോര്‌, തൈര്, പപ്പടം, ഉപ്പേരി തുടങ്ങിയവയും മറ്റുമാണ്‌. വിവിധ ഇനം കറികൾ ഉള്ളതിനാൽ ഊണുകഴിക്കുന്നവരുടെ വൈവിധ്യമാർന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്നു എന്നത് സദ്യയുടെ പ്രത്യേകതയാണ്‌.

ഉള്ളിയോ വെളുത്തുള്ളിയോപരമ്പരാഗതമായി കറികളായി സദ്യയിൽ ഉപയോഗിക്കാറില്ല, എന്നാൽ പണ്ട് സദ്യയിൽ പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. മാത്രവുമല്ല പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ വ്യത്യാസം കാണാം. ചില സമുദായങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പുന്നു. കോഴി, മത്സ്യം, ഇറച്ചിക്കറികൾ ഇവ ഇന്ന് പലവിഭാഗങ്ങളുടെയും വിവാഹസദ്യകളിൽ സാധാരണമാണ്.

ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം' എന്ന് അർഥമുള്ള 'സഗ്ധിഃ' എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് 'സദ്യ' എന്ന മലയാളവാക്കിന്റെ ഉദ്ഭവം. ലളിതമായി 'സഹഭോജനം' എന്ന് അർഥം.
സമാനാ മഹ വാ ജഗ്ധിഃ സഗ്ധിഃ

തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്‌. ഇതാണ്‌ യഥാർത്ഥത്തിൽ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങൾ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെൽ‍‌വേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്ന സദ്യ ആയുർ‌വേദത്തിലും പരാമർശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും പറയുന്നു.

സദ്യ വിളമ്പുന്നവിധം

സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടൽ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ (അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികൾ ചോറിൽ (നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.

സദ്യ ഉണ്ണുന്ന വിധം

വലത്തു കൈ കൊണ്ടാണ് സദ്യ കഴിക്കുക. ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരിയും ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനു ശേഷം സാമ്പാർ കൂട്ടി ചോറുണ്ണുന്നു. പിന്നീട് പായസങ്ങൾ വിളമ്പുന്നു. അടപ്രഥമൻ പഴവും (ചിലർ പപ്പടവും) ചേർത്ത് ആണ് കഴിക്കുക. ഒടുവിൽ തൈർ ചേർത്ത് ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

സദ്യയിലെ സാധാരണ വിഭവങ്ങൾ

❉ കായ വറവ്
➖➖➖➖➖➖➖➖➖
മൂത്ത നേന്ത്രക്കായ കുല വെട്ടിയ ഉടനെ വറുക്കണമെന്നാണ് പഴമക്കാരുടെ അഭിപ്രായം. ശര്‍ക്കര ഉപ്പേരി വഴറ്റുന്നത് ഓട്ടുരുളിയിലാണെങ്കില്‍ കേമം.
കായ ഉപ്പേരി
അഞ്ചു നേന്ത്രക്കായ, രണ്ട് സ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമടങ്ങിയ അരഗ്ലാസ് വെള്ളം.
മൂത്ത നേന്ത്രക്കായ നാലുകീറി നുറുക്കി മഞ്ഞള്‍ പൊടിയില്‍ കറ പോകും വിധം കഴുകിയെടുത്ത് വെട്ടിത്തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇടണം. വറവ് മൂക്കുന്നതിനു തൊട്ടുമുമ്പ് മഞ്ഞളും ഉപ്പും ചേര്‍ന്ന വെള്ളം എണ്ണയിലേക്കൊഴിക്കണം. മൊരിഞ്ഞു ചുവന്നാല്‍ കോരിയെടുക്കാം.

❉ ശര്‍ക്കര ഉപ്പേരി
➖➖➖➖➖➖➖➖➖
അഞ്ചു നേന്ത്രക്കായ, ശര്‍ക്കര അരകിലോ, ചുക്കുപൊടി 50 ഗ്രാം, ജീരകപ്പൊടി 25 ഗ്രാം,നെയ്യ് ഒരു ടീസ്പൂണ്‍.

മൂപ്പെത്തിയ നേന്ത്രക്കായ രണ്ടു കീറായി നുറുക്കി കഴുകിയെടുത്ത് ഉപ്പു ചേര്‍ക്കാതെ വറുത്തെടുക്കണം. തുടര്‍ന്ന് വെള്ളവും ചുക്കുപൊടിയും നെയ്യും ചേര്‍ത്ത് ശര്‍ക്കര പാവുകാച്ചണം. ചട്ടുകം കൊണ്ട് കോരിയെടുത്ത് നൂല്പരുവത്തിലെത്തുമ്പോള്‍ ജീരകപ്പൊടി ചേര്‍ത്തിളക്കണം. പാവു തണുക്കുന്നതിനു മുമ്പായി കായ വറുത്ത് വെച്ചത് അതിലേക്കിട്ട് നന്നായി ഇളക്കിയാല്‍ ശര്‍ക്കര ഉപ്പേരി റെഡി.

❉ മുളക് കൊണ്ടാട്ടം
➖➖➖➖➖➖➖➖➖
മുളക് കഴുകിയെടുത്ത് ഓരോന്നും ഒരു ഈർക്കിൽ കൊണ്ടോ കത്തിമുനകൊണ്ടോ 1-2 ദ്വാരങ്ങൾ ഉണ്ടാക്കിയശേഷം സ്റ്റീമറിന്റെ തട്ടിൽ നിരത്തി ആവിയിൽ ഒന്നു വാട്ടിയെടുക്കുക(ഇതിനുപകരം വെയിലത്തിട്ട് വാട്ടിയെടുത്താലും മതി).
മോരിൽ പാകത്തിന് ഉപ്പു ചേർത്തിളക്കിയശേഷം ഈ മുളകുകൾ അതിലിട്ടു വയ്ക്കുക. നല്ല അടപ്പുള്ള എതെങ്കിലും പാത്രമെടുക്കണം. ഒരു ദിവസം മുഴുവൻ മുളക് തൈരിൽ കിടക്കട്ടെ. പാത്രം അടച്ചുവയ്ക്കുക. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. പിറ്റേദിവസം മുളക് മോരിൽനിന്നെടുത്ത് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ, പായയിലോ, വലിയ പ്ലേറ്റിലോ മറ്റോ നിരത്തി വെയിലത്തു വയ്ക്കുക. മോര് കളയരുതേ... മുളകിനെ വീണ്ടും അതേ മോരിൽ ഇടുക. നന്നായി ഇളക്കി, മോര് എല്ലാ മുളകിലും പുരണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രിമുഴുവൻ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക. ഓരോ ദിവസം കഴിയുന്തോറും പാത്രത്തിലെ മോര് കുറഞ്ഞുവരും. അങ്ങനെ മോര് തീരെ ഇല്ലാതാവുന്നതുവരെ ഈ പരിപാടി തുടരുക. മൂന്നുനാലു ദിവസം മതിയാവും. അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. കൊണ്ടാട്ടം മുളക് റെഡിയായി. ഇനി ഇത് അടപ്പുള്ള ഏതെങ്കിലും പാത്രത്തിലോ ഭരണിയിലോ ആക്കി സൂക്ഷിക്കാം. കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ചോറിന്റെ കൂടെ ഉപയോഗിക്കാം.

❉ തോരൻ
➖➖➖➖➖➖➖➖➖
തോരന്‍ പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും തോരന് മുഖ്യ ചേരുവയാകാം.
പയര്‍ തോരന്‍ പച്ച പയര്‍ ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടു മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇട്ട് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും പച്ചമുളകും ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക. 

❉ നാരങ്ങാ അച്ചാര്‍ 
➖➖➖➖➖➖➖➖➖
നാരങ്ങാ അച്ചാര്‍  നല്ലെണ്ണയില്‍ നാരങ്ങ വാഴറ്റി എടുക്കുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ചു അതില്‍ മുളകുപൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക. നാരങ്ങ കറി തയ്യാര്‍. 

❉ പരിപ്പ്
➖➖➖➖➖➖➖➖➖
പരിപ്പ് ആദ്യം ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക. പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക. വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടയ്ക്കുക. 
തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ച് അതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക. ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക. 

❉ പപ്പടം
➖➖➖➖➖➖➖➖➖
പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. 

❉ പച്ചടി
➖➖➖➖➖➖➖➖➖
പച്ചടി വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. 
തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. 

❉ കിച്ചടി
➖➖➖➖➖➖➖➖➖
കിച്ചടി മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. 
തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ത്ത് വാങ്ങാം. 

❉ പുളിയിഞ്ചി
➖➖➖➖➖➖➖➖➖
പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.
ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്‍ കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്‍ സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്‍ക്കാം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. 
ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്‍ കലക്കി, ചെറുതീയില്‍, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കല്‍ച്ചട്ടിയാണ് ഇതിനു പറ്റിയത്.
കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. (കരടുണ്ടാവാന്‍ സാധ്യതയുള്ള ശര്‍ക്കരയാണെങ്കില്‍ കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്‍ക്കുന്നതായിരിക്കും നല്ലത്). ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം‌കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്‍ നില്‍ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും. ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി! 

❉ അവിയൽ
➖➖➖➖➖➖➖➖➖
അവിയല്‍ അവിയലില്‍ സാധാരണയായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ തൈരോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞത് (തൈര്‍) ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേര്‍ക്കുക. 
അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ താളിച്ച് കറിവേപ്പില വിതറി അടച്ചു വയ്ക്കുക. 

❉ കൂട്ടുകറി
➖➖➖➖➖➖➖➖➖
ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക. കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധിക വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തുനു മാത്രം ചേര്‍ക്കുക. വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.
1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.വാങ്ങിയിട്ട്, കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചെടുക്കുക.
ബാക്കിയുള്ള തേങ്ങ അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. 

❉ ഓലൻ
➖➖➖➖➖➖➖➖➖
ഓലന്‍ കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കുക. 
ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്. 

❉ ചോറ്
➖➖➖➖➖➖➖➖➖
അരി വെള്ളത്തിലിട്ട്‌ ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ്‌ ചോറുകിട്ടുന്നത്‌. അരിയുടെ വ്യത്യാസമനുസരിച്ച്‌ ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന്‌ വളരെ നേർത്ത ചുവപ്പു നിറമുണ്ട്‌. സദ്യയിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.

❉ കാളൻ
➖➖➖➖➖➖➖➖➖
കാളന്‍ നേന്ത്രപ്പഴം കൊണ്ടും നേന്ത്രക്കായും ചേനയും ചേര്‍ത്തും കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം. പച്ചമുളക് കഴുകി നെടുകെ പിളര്‍ന്ന് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. 
വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവും കൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവാപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം. 

❉ പുളിശേരി
➖➖➖➖➖➖➖➖➖
മാങ്ങ തൊലി കളഞ്ഞ് മഞ്ഞള്‍ പൊടി ,മുളക് പൊടി ,പച്ചമുളക് എല്ലാം ചേര്‍ത്ത് കുറച്ച് വെളളത്തില്‍ വേവിക്കുക.
ഈ സമയം കൊണ്ട്‌ തേങ്ങ, കുരുമുളക്, ജീരകം, ചെറിയ ഉളളി, വെളുത്തുളളി, ഇഞ്ചി എല്ലാം ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക. വെന്ത് വരുന്ന മാങ്ങയിലേക്ക് നാളികേരം അരച്ചതും, ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ തൈര് ചേര്‍ത്ത് ഇളക്കി ചൂടായി വരുമ്പോള്‍ ഇറക്കി വെക്കുക.
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക് ഇട്ട് പൊട്ടി വരുമ്പോള്‍ ഉലുവ,ഉണക്കമുളക്,കറിവേപ്പില കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കണം, മാമ്പഴ പുളിശേരി തയ്യാര്‍….!!!!
(പുളിയുളള മാങ്ങ ആണെങ്കില്‍ കുറച്ച് പഞ്ചസാര ചേര്‍ക്കണം )

❉ എരിശേരി
➖➖➖➖➖➖➖➖➖
എരിശ്ശേരി ചേരുവകള്‍ മത്തങ്ങ -500 ഗ്രാം വന്‍പയര്‍ -100 ഗ്രാം വെളുത്തുള്ളി -4 അല്ലി ചുവന്നുള്ളി -2 വറ്റല്‍മുളക്- 2  ജീരകം -അര ടീസ്പൂണ്‍ മുളകുപൊടി  ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത്  ഉപ്പ് -ആവശ്യത്തിന്  കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന്  കറിവേപ്പില -ആവശ്യത്തിന്
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക. 
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍. 

❉ ഇഞ്ചിക്കറി
➖➖➖➖➖➖➖➖➖
ഇഞ്ചിക്കറി ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തുപൊടിച്ചു വയ്ക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. 
വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക. ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക. (ശര്‍ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു വേണം ചേര്‍ക്കാന്‍). 

❉ സാമ്പാര്‍
➖➖➖➖➖➖➖➖➖
സാമ്പാര്‍  പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുത്തത്. ചിലയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കാറുണ്ട്) പുളി വെള്ളവും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. 
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക. 

❉ പച്ചമോര് 
➖➖➖➖➖➖➖➖➖
നല്ലതു പോലെ പുളിച്ച തൈര് കട്ടയില്ലാതെ ഉടച്ചെടുക്കുക. അര ലിറ്റര്‍ തൈരിന് അര ലിറ്റര്‍ വെള്ളം എന്ന അളവില്‍ പച്ചവെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഏഴ് പച്ചമുളക്, അഞ്ച് ചെറിയ ഉള്ളി, ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൈകൊണ്ട് തിരുമ്മി ഇടുക. 

❉ രസം
➖➖➖➖➖➖➖➖➖
ഒരു ചെറുനെല്ലിക്കാ വലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 15 മിനിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക. ചെറിയ മണ്‍ ചട്ടി ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. 
എണ്ണ ചൂടാകുമ്പോള്‍ കടുക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം 2 ഉള്ളി, വെളുത്തുള്ളി, കുരുമുളക് ഇവ നന്നായി ചതച്ചെടുക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന കൂട്ട് ഇതിലേക്കിട്ട് പച്ചമണം മാറുന്നതു വരെ വഴറ്റുക. 
ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കിട്ട് വഴറ്റുക. തക്കാളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ചേര്‍ക്കാം. 
ഇനി ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും ചേര്‍ത്ത് വഴറ്റണം. അതിലേക്ക് അര ലിറ്റര്‍ വെള്ളവും ചേര്‍ത്ത് മൂടിവയ്ക്കാം. തിള വന്നു കഴിഞ്ഞാല്‍ വാങ്ങാം. 

❉ പരിപ്പ് പ്രഥമൻ
➖➖➖➖➖➖➖➖➖
പരിപ്പ് പ്രഥമന്‍ ചേരുവകള്‍  ചെറുപയര്‍ പരിപ്പ് -250 ഗ്രാം ശര്‍ക്കര -500 ഗ്രാം നെയ്യ് -100 ഗ്രാം അണ്ടിപ്പരിപ്പ് -50 ഗ്രാം കിസ്മിസ് -25 ഗ്രാം ഏലക്കാപ്പൊടി -5 ഗ്രാം ചുക്കുപൊടി -5 ഗ്രാം തേങ്ങ -2 ഉണങ്ങിയ തേങ്ങ -1
തയ്യാറാക്കുന്ന വിധം  പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.
6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. 
ചെരുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക. പരിപ്പ് പ്രഥമന്‍ തയ്യാര്‍.

❉ പഴപ്രഥമൻ
➖➖➖➖➖➖➖➖➖
പഴം നന്നായി വേവിച്ചു കുരുവും നാരുകളും കളഞ്ഞ് ഉടച്ചെടുക്കുക. ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. ആവശ്യത്തിനു നെയ്യും ഉപയോഗിക്കാം.
പാത്രത്തിൽ വെള്ളവും പകുതി രണ്ടാം പാലും അരിപ്പൊടിയും പഴം വരട്ടിയതും എടുത്ത് വേവിക്കുക. വെന്തു കുറുകിയാൽ ആവശ്യത്തിനു ശർക്കരയിട്ട് വീണ്ടും തിളപ്പിക്കുക. ശർക്കര അലിഞ്ഞു വെന്തുകഴിഞ്ഞാൽ ബാക്കിയുള്ള രണ്ടാം പാലും ഏലക്കാ പൊടിച്ചതും ചേർത്ത് വീണ്ടും വേവിക്കുക. എല്ലാം കൂടെ വെന്തുകഴിഞ്ഞാൽ ഒന്നാം പാലൊഴിച്ചു ചൂടാക്കി വാങ്ങിവെയ്ക്കുക.
ഒരു പാത്രത്തിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക. കൊപ്ര ചെറിയ കഷണങ്ങളാക്കി നുറുക്കിയതും ചേർക്കാം. ചുക്കുപൊടിയും വറവും പായസത്തിൽ ചേർത്തിളക്കുക.

തെക്കൻ കേരളത്തിലെ ഒരു രീതി
പഴം നന്നായി വേവിച്ചു ഉടച്ചെടുക്കുക. ആവശ്യത്തിനു ശർക്കരയിട്ട് തയ്യാറാക്കിയ ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. പാത്രത്തിൽ മൂന്നാം പാലും പഴം വരട്ടിയതും എടുത്ത് അടുപ്പത്ത് കയറ്റുക.. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി ഏകദേശം കുടിക്കാവുന്ന പരുവമാകുന്നതിനു മുന്നേ, രണ്ടാം പാലൊഴിക്കുക. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി കുടിക്കാവുന്ന പരുവമാകുംബം അടുപ്പിൽ നിന്നും വാങ്ങി തലപ്പാൽ ഉരുളിയിൽ വീശി/പരത്തി ഒഴിക്കുക. തേങ്ങാപ്പൂൾ അരിഞ്ഞത് നെയ്യിൽ വറുത്തത് വാങ്ങി വച്ച പായസത്തിലിട്ട് പാത്രപാകത്തിനായി അരമണിക്കൂർ അടച്ച് വയ്ക്കുക.

❉ പാലട പ്രഥമൻ (അട പ്രഥമൻ)
➖➖➖➖➖➖➖➖➖
ശര്‍ക്കരയും അടയും ഉപയോഗിച്ചാണ് അട പ്രഥമന്‍ ഉണ്ടാക്കുന്നതെങ്കില്‍, അരിയും തേങ്ങാപ്പാലും ഉപയോഗിച്ചാണ് പാലട പ്രഥമന്‍ തയ്യാറാക്കുന്നത്. പാലട പ്രഥമന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ചേരുവകള്‍
അരി അട - അര കപ്പ്
തേങ്ങാ പാല്‍ - മൂന്നു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്‌ക്കാ പൊടി- കാല്‍ ടീസ്‌പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
നെയ്യ് - അര ടീ സ്‌പൂണ്‍

ചൂടാക്കിയ വെള്ളത്തില്‍ അട കുതിര്‍ത്തു വെക്കുക. കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴിവാക്കുക.
മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് ഇട്ടു വേവിക്കുക. അട നല്ലതുപോലെ കട്ടിയില്ലാതാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്‌ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും ചേര്‍ത്തു കുറച്ചുനേരം ഇളക്കിയെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്‌പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക. ഇപ്പോള്‍ മധുരമേറും പാലട പ്രഥമ തയ്യാറായിട്ടുണ്ട്... 

ഇല നിറയെ വിഭവങ്ങൾ, ഒപ്പം പഴവും പപ്പടവും പായസങ്ങളും.. ഓണ സദ്യ കണ്ടാൽ ഇതെവിടെ നിന്ന് കഴിച്ച് തുടങ്ങണമെന്ന സംശയം സ്വാഭാവികം. എന്നാൽ തൊടുകറികളക്കെ അങ്ങനെ വെറുതേ കഴിച്ച് വയറു നിറയ്ക്കാനുള്ളതല്ല… സദ്യയിൽ കറികൾ വിളമ്പുന്നതിന് ഒരു ചിട്ട ഉള്ളത് പോലെ കഴിക്കുന്നതിനും ഉണ്ട്  ചിട്ടകൾ.

അതിങ്ങനെ…
ആദ്യം ചോറിലൊഴിക്കുന്ന പരിപ്പ് കറിയ്ക്ക് ഒപ്പം കൂട്ടാനുള്ളതാണ് എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ. രണ്ടാമത്തെ ട്രിപ്പിൽ വരുന്ന സാമ്പാരിനൊപ്പം കിച്ചടിയും, മധുരക്കറിയും കൂട്ടാം.. പിന്നെയാണ് പായസം. പായസം കഴിഞ്ഞാൽ പുളിശ്ശേരി കൂടി ഒരു പിടിപിടിക്കാം. അതിന് മുമ്പായി നാരങ്ങാ അച്ചാർ തൊട്ടു കൂട്ടണം. പുളിശ്ശേരി ഒഴിച്ച ചോറ് മാങ്ങാ അച്ചാർ കൂട്ടി കഴിക്കാം. ഒപ്പം ഓലനും. അവസാനം രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. ഒടുവിൽ ഒരു കൈക്കുമ്പിൾ മോരും കൂടി കഴിച്ചാൽ പിന്നെ വായു ക്ഷോഭവും, സദ്യ കഴിച്ചതിന്റെ മന്ദതയും ഒഴിവാക്കാം.

ഈ രീതിയിൽ ഇന്നും സദ്യ കഴിക്കുന്ന പഴമക്കാരുണ്ട്. ഇത്തവണ സദ്യ കഴിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ..ഇത് വരെ കഴിച്ച സദ്യയുടെ ഫീൽ ആയിരിക്കില്ല.. ഈ പുതിയ ചിട്ട തരുന്നത്.. എന്നാൽ ഒന്ന് ശ്രമിച്ച് നോക്കുകയല്ലേ…

No comments:

Post a Comment