ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2017

വിജയദശമിയും വിദ്യാരംഭവും

വിജയദശമിയും വിദ്യാരംഭവും

സരസ്വതിനമസ്തുഭ്യം
വരദേജ്ഞാനരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

ശരദ് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി.

മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.

ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ്. പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട്.

വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്.

ജീവിത യാത്രയില്‍ ശത്രുസംഹാരിണിയായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് തമോ ഗുണങ്ങളെ അഥവാ തടസ്സങ്ങളെ തരണം ചെയ്ത് മഹാലക്ഷ്മിയുടെ കൃപയാല്‍ രജോഗുണം അഥവാ ഐശ്വര്യം സമ്പാദിച്ച് സത്വഗുണത്തിലെത്തി ജീവിത വിജയംവരിക്കുക എന്ന ആശയമാണ് ഈ അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളിലെ ആരാധനാരീതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. വിത്തവും വിദ്യയും ശാന്തിയും ആ പരബ്രഹ്മരൂപിണി പ്രദാനം ചെയ്യുന്നു. ദേവിയെ ഉപാസിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടശ്വൈര്യദായിനിയാണ്. ആയിരം അശ്വമേധയാഗത്തിന്റെ പുണ്യമാണ് നവരാത്രിയിലെ നവാക്ഷരീ മന്ത്രജപമായ ഓം സരസ്വതയൈ നമ കൊണ്ട് സിദ്ധിക്കുന്നത്. ഭക്തരുടെ ഭാവത്തിനനുസരിച്ച് ഭക്തിയോ ഭുക്തിയോ മുക്തിയോ ദേവി പ്രസാദമായി നല്കുന്നു.

കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.

ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയുംu സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു. നവരാത്രി പൂജയുടെഅവസാനദിനമായ വിജയദശമിദിവസമാണ് വിദ്യാരംഭം നടത്തുന്നത്.

ഹരിശ്രീ കുറിക്കുക്ക, വിദ്യാരംഭം നടത്തുക എന്നത് വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടയിൽ   വിദ്യാരംഭം നടത്തണം.

തിരുവാതിര, ഊണ്‍ നാളുകളായ അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നാളുകള്‍ വിദ്യാരംഭത്തിന് അനുയോജ്യമാണ്.

സരസ്വതിയോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. (ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ), സ്ഥിരരാശികളും മീനം രാശിയും ബുധന് മൌഡ്യം ഉള്ള കാലവും വിദ്യാരംഭത്തിന് ശുഭമല്ല. ചൊവ്വ, ശനി എന്നീ ദിവസങ്ങളിലും ജന്മനക്ഷത്രം വരുന്ന ദിനങ്ങളിലും വിദ്യാരംഭം നടത്തരുത്. സരസ്വതി പ്രീതിയുള്ള ബുധനാഴ്ച വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ചയും വിദ്യാരംഭത്തിന് ഉത്തമമാണ്.

ക്ഷേത്രാങ്കണത്തില്‍ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നല്‍കാം. കൊല്ലൂര്‍ മുകാംബിക, തിരുവുള്ളക്കാവ്,  ചോറ്റാനിക്കര, പറവൂര്‍ മൂകാംബിക, പനച്ചിക്കാട് എന്നീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ഉണ്ട്. 

വിദ്യ നല്‍കാന്‍ ഏറ്റവും ഉത്തമന്‍ ദക്ഷിണാമൂര്‍ത്തിയാണ് എന്ന് പലര്‍ക്കും അറിയില്ല. കാരണം സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കല്‍പവൃക്ഷച്ചുവട്ടില്‍ തെക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തിക്കുമുന്നില്‍ നിന്നാണ് ദേവഗുരു ബ്രുഹസ്പതിയും, ദേവി മൂകാംബികയും വിദ്യ ഗ്രഹിച്ചത് എന്നാണ് ഐതീഹ്യം. അതിനാലാണ് ദക്ഷിണാമൂര്‍ത്തി വിദ്യാദായകന്‍ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ് ദക്ഷിണാമൂര്‍ത്തി. വൈക്കം ക്ഷേത്രത്തില്‍ രാവിലെ ശിവന് ദക്ഷിണാമൂര്‍ത്തി രൂപമാണ്. കണ്ടിയൂര്‍ ശിവക്ഷേത്രം, ചേന്ദമംഗലം പുതിയ തൃക്കോവില്‍ എന്നിവടങ്ങളിലും വിദ്യാരംഭം കുറിയ്ക്കാന്‍ ഉത്തമാങ്ങളാകുന്നു. 

ആചാര്യന്‍, പിതാവ്, അമ്മാവന്‍ തുടങ്ങി സരസ്വതി പ്രീതിയുള്ള ആര്‍ക്കുവേണമെങ്കിലും വിദ്യാരംഭം നല്‍കാനാവും. വിദ്യനല്‍കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ അഷ്ടമരാശികൂറു (ജനിച്ച നക്ഷത്രം അടങ്ങിയ നക്ഷത്രകൂറിന്റെ എട്ടാമത്തെ നക്ഷത്രകൂറില്‍ ഉള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം) വരാതിരിക്കുന്നത് ഉത്തമം. വിദ്യനല്‍കുന്നയാള്‍ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതണം. ശേഷം ഉരുളിയില്‍ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയില്‍ ഹരിശ്രീ തുടങ്ങിയ അക്ഷരങ്ങള്‍ കുട്ടിയുടെ മോതിരവിരല്‍ കൊണ്ട് എഴുതിപ്പിക്കണം. കുട്ടിയെ എഴുതിക്കാന്‍ ഉപയോഗിച്ച ഉണക്കലരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസാദമാക്കി കുടുംബത്തിലുള്ളവര്‍ കഴിക്കണമെന്നും ആചാരം നിലനില്‍ക്കുന്നുണ്ട്. സരസ്വതിവ്രതദിനങ്ങളായ നവരാത്രിയിലെ അവസാനദിനമായ വിജയദശമി വിദ്യാരംഭം നടത്തുന്നത് ഏറെ ഉത്തമമാണ്. വിദ്യാരംഭം നടന്നതിനു ശേഷം ദിവസവും സരസ്വതി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കുന്നതാണ്. ജാതകത്തില്‍ ബുധന്റെ അഷ്ടവഗ്ഗം ഇട്ടതില്‍ കൂടുതല്‍ അഷ്ടവര്‍ഗ്ഗം ഉള്ള രാശികളില്‍ ബുധന്‍ ചാരവശാല്‍ വരുന്ന സമയം വിദ്യാരംഭത്തിന് ഉത്തമമാണ്.

പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൾ

തുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല

ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം

പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം

മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ

എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം

തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, തൃശ്ശൂർ

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി

ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം)

വിജയദശമി ദിവസം എല്ലാവരിലും ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല്ലരീതിയില്‍ സദ് രൂപത്തില്‍ പ്രകാശിക്കട്ടെ .

No comments:

Post a Comment