ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2021

ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം

ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം

സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക് പോകാൻ, വികാരത്തിൽ നിന്നും വിചാരത്തിലേക്ക് പോകാൻ, വാക്കിൽ നിന്നും പൊരുളിലേക്ക് പോകാൻ മനുഷ്യന് വിശേഷബുദ്ധിയുണ്ട്. ഇതിനെ നാം ജ്ഞാനം എന്ന് പറയുന്നു. ജ്ഞാനത്തിന്റെ, ബുദ്ധിയുടെ, വിദ്യയുടെ ഒക്കെ ജ്യോതിഷ സാന്നിധ്യമാണ് ബുധൻ എന്ന ഗ്രഹം. അജ്ഞാന ത്തിന്റെ ഇരുട്ടറകളിൽ കിടന്നുഴലുമ്പോൾ ജ്വലിക്കുന്ന അറിവായി വന്നെത്തുന്നത് ബുധൻ അല്ലാതെ മറ്റാരും അല്ല സൂര്യനെപ്പോലെ പ്രഭ ചൊരിയുന്ന വാക്ക് എവിടെയുണ്ടോ അവിടെ ബുധനുണ്ട് ചാണക്കല്ലിലുരച്ച രത്നം പോലെ എവിടെ ബുദ്ധി പ്രവർത്തിക്കുന്നുവോ അവിടെ ബുധൻ ഉണ്ട്. എഴുത്തിൽ മഷിയായി, ഗണിതത്തിൽ യുക്തി യായി, കളിയിൽ ചിരിയായി ബുധൻ നിറയുന്നു. നാം വിദ്യാഭ്യാസത്തിലൂടെ വിജയ കിരീടം ചൂടി ഉയരങ്ങളിൽ എത്തുന്നതും പാണ്ഡിത്യത്തിലൂടെ വിജ്ഞാനത്തിന്റെ നിറകുടമായി ആദരവ് നേടുന്നതും താർക്കിക മായ കരുത്തുകൊണ്ട് വ്യവഹാരലോകം കീഴടക്കുന്നതും ബുധൻ കഴിഞ്ഞു നൽകുന്ന കൃപാവരങ്ങളാലാണ്. ഭൂമിയായി, ഗന്ധമായി, പ്രാണവായുവായി ബുധൻ പ്രപഞ്ചത്തിൽ തുളുമ്പുന്നു വിദ്യതന്നെ വിവേകം എന്നും ബുദ്ധി തന്നെ ശക്തി എന്നും തിരിച്ചറിയുമ്പോൾ നാം പരോക്ഷമായി ബുധന്റെ പ്രവർത്തനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ അംഗീകാരം നൽകുകയാണ് ചെയ്യുന്നത്

ബുധന്റെ ഉല്പത്തി

ദേവലോകത്ത് കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ചന്ദ്രന്റേത്. ആ പ്രണയ ബന്ധത്തിലെ നായിക ദേവഗുരുവായ ബൃഹസ്പതിയുടെ പത്നിയായ താരയായിരുന്നു എന്നതുതന്നെ കാരണം. അവളെ ചൊല്ലി ചന്ദ്രനും ബൃഹസ്പതിയും നെടുനാൾ കലഹത്തിലുമേർപ്പെട്ടു. ദേവന്മാർ അതിൽ പക്ഷം പിടിച്ചതോടെ കലഹം യുദ്ധമായി. ബ്രഹ്മദേവൻ ഇടപെട്ട് പ്രശ്നം ഒരു വിധം  രമ്യമാക്കി തീർത്തപ്പോഴാണ് താര ഗർഭിണിയാണെന്ന വാർത്തയെത്തിയത്. അതോടെ അവളുടെ ഗർഭത്തിന് ഉത്തരവാദി തങ്ങളാണെന്ന് ചന്ദ്രനും ബൃഹസ്പതിയും വീണ്ടും വഴക്കും വക്കാണവും ആയി. ഒടുവിൽ താര തന്നെ മൗനം ഭഞ്ചിച്ചു. ഗർഭസ്ഥശിശുവിന് അവകാശി ചന്ദ്രൻ ആണെന്നും താര വ്യക്തമാക്കി. അങ്ങനെ ചന്ദ്ര താര ദമ്പതികളുടെ പുത്രനായി ജനിച്ച നവഗ്രഹ പദവിയിലേക്ക് ഉയർന്ന ദേവനാണ് ബുധൻ.

ദേവഗുരുവായ ബൃഹസ്പതി തന്നെയാണ് ബുധന്റെ വിദ്യാഭ്യാസം നിർവഹിച്ചതും സകല വിദ്യകളിലും ജ്ഞാനശാസ്ത്രങ്ങളിലും ബുധൻ പാരംഗതനായി . യൗവനത്തിൽ ബുധൻ ഇള എന്ന സുന്ദരിയെ വിവാഹം കഴിച്ചു. അവർക്കുണ്ടായ പുത്രനാണ് പുരൂരവസ്സ് സൂര്യ വംശവും ചന്ദ്രവംശ വും ആയിരുന്നു പ്രാചീന ഭാരതത്തിലെ രാജവംശങ്ങൾ അതിൽ സൂര്യവംശത്തിന്റെ കഥ രാമായണത്തിലും ചന്ദ്രവംശത്തിന്റെ കഥ മഹാഭാരതത്തിലും പ്രതിപാദിക്കുന്നു. ചന്ദ്രൻ, ബുധൻ, പുരൂരവസ്സ് എന്നിവരിലൂടെയാണ് ചന്ദ്രവംശം വികസിക്കുന്നത്. ഒടുവിലത് ധർമ്മരാഷ്ട്രൻമാരിലും പാണ്ഡവന്മാരിലും വന്നെത്തുന്നു.

ബുധന്റെ നാമങ്ങൾ

"രൗഹിണേയോ ബുധസൗമ്യസമൗ" എന്നിങ്ങനെ അമരകോശം. ചന്ദ്രന്റെ യഥാർത്ഥ ഭാര്യമാർ അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു നക്ഷത്രങ്ങൾ ആയിരുന്നു. അവരിലൊരാൾ ആയ രോഹിണിയാണ് ബുധനെ ലാളിച്ചു വളർത്തിയത്. അതുകൊണ്ടാണ് രോഹിണിയുടെ പുത്രൻ എന്ന അർത്ഥത്തിൽ ചന്ദ്രനെ,'രൗഹിണേയൻ ' എന്ന് പറയുന്നത് ' ബുധൻ ' എന്ന വാക്കിന് എല്ലാമറിയുന്നവൻ എന്നാണ് അർത്ഥം സോമന്റെ ( ചന്ദ്രന്റെ) പുത്രനായതിനാൽ ' സൗമ്യൻ' എന്ന പേരുണ്ടായി

സിംഹാരൂഡം ചതുർബാഹും
ഹഡ്ഗ ചർമ ഗദാന്വിതം
ധ്യായേത് അഭയദം സൗമ്യം പത്രശ്യാമളസുന്ദരം

No comments:

Post a Comment