ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2021

രഘുപതി രാഘവ രാജാറാം – നാം കേട്ടത് തെറ്റായ വരികൾ

രഘുപതി രാഘവ രാജാറാം – നാം കേട്ടത് തെറ്റായ വരികൾ

രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം എന്ന വരികൾ കേട്ടിട്ടില്ലാത്ത ഭാരതീയർ അധികമുണ്ടാവില്ല. പക്ഷേ മഹാത്മാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന ഈ ഗാനത്തിന്റെ യഥാർത്ഥ വരികൾ ഇന്ന് ഭൂരിഭാഗം പേർക്കുമറിയില്ല. 

“രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം.. ഈ ഭജന്റെ അടുത്ത വരി അറിയാമോ? ഈശ്വർ അല്ലാഹ് തേരേ നാം.. സബ്‌കോ സന്മതി ദേ ഭഗവാൻ.. റാം റഹീം കരീം സമാൻ.. ഹം സബ് ഹേ ഉൻകീ സന്താൻ.. എന്നാണോ? അങ്ങനെയാവും കേട്ടിട്ടുള്ളതും പാടി പതിഞ്ഞതും എന്നറിയാം. ഗാന്ധിജിയുടെ ഇഷ്ട ഭജൻ എന്ന നിലയിൽ അങ്ങനെയൊരു വേർഷൻ ആണല്ലോ കഴിഞ്ഞ 70 വർഷമായി ഈ രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ശരിയായ വരികൾ അങ്ങനെയല്ല. അത് പറയും മുൻപ് മറ്റൊരു ഭജനെ പറ്റി ചോദിക്കാം. വൈഷ്ണവ ജനതോ തേനേ കഹിയെജേ.. പീഡ് പരായി ജാനേ രേ.. ഈ ഭജന്റെ അർത്ഥം അറിയാമോ?

ഗാന്ധിജിയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഭജൻ എന്നതിൽ അപ്പുറം എന്തെങ്കിലും അറിയുമോ?....

അഞ്ചു നൂറ്റാണ്ടു മുൻപ് ജീവിച്ച ഗുജറാത്തി ഭക്ത കവി നരസിംഹ മേഹ്ത രചിച്ച വിഷ്ണു ഭജനമാണത്. യഥാർത്ഥ വൈഷ്ണവന്റെ ലക്ഷണങ്ങൾ എന്ത്‌ എന്നാണ് ആ കാവ്യം വിശദീകരിക്കുന്നത്. വിഷ്ണു ഭക്തന്റെ ജീവിതവും, ആദർശങ്ങളും, മനസ്ഥിതിയും എങ്ങനെയാവണം എന്നൊരു ഭജനിലൂടെ അദ്ദേഹം പറഞ്ഞു തരികയാണ്.

"വൈഷ്ണവ ജനതോ തേനേ കഹിയെജേ.. പീഡ് പരായി ജാനേ രേ.." [വൈഷ്ണവ ജനം എന്ന് അവരെയാണ് പറയുന്നത്.. ആരെ? അപരന്റെ പീഡയെ തന്റേതെന്ന പോലെ അറിയുന്നവരെ.]

"പര ദുഖേ ഉപകാർ കരേ തോയേ.. മൻ അഭിമാൻ നാ ആനേരേ.." [മറ്റുള്ളവരുടെ ദുഃഖങ്ങളെല്ലാം പരിഹരിക്കുമ്പോളും അതിന്റെ പേരിൽ മനസ്സിലൊട്ടും അഭിമാനമോ അഹന്തയോ കടന്ന് കൂടാത്തവരെ.] എത്ര സുന്ദരമായ വരികൾ ആണല്ലേ? ഇതിലും സുന്ദരവും അർത്ഥഗർഭവും പ്രൗഢവുമാണ് ബാക്കി വരികളും. എന്നാൽ അതിലെ അർത്ഥമോ തത്വമോ നമ്മൾ ഒട്ടും ഉള്ളിലേക്കെടുത്തില്ല. ആകെ എടുത്തത് ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ട ഭജൻ എന്ന വിജ്ഞാനവും അർത്ഥമറിയാത്ത കുറേ വരികളും അതിന്റെയൊരീണവും മാത്രമാണ്. അങ്ങനെയാ വൈഷ്ണവ ഭജനത്തിൽ നിന്ന് വൈഷ്ണവരും വിഷ്ണുവും തന്നെ പുറത്തായി. ഇപ്പോൾ വൈഷ്ണവരുടെ മൂല പ്രമാണങ്ങളിൽ ഒന്നായ ഗോഭക്തിയ്ക്കും ഗോഹത്യാ വിരുദ്ധതയ്ക്കും എതിരായ ധർണ്ണകളിലും ഉപവാസങ്ങളിലും വരെ വൈഷ്ണവ ജനതോ കേൾക്കാറുണ്ട്.

അതിലും കഷ്ടമാണ് രഘുപതി രാഘവ രാജാറാം എന്ന രാം ഭജന്റെ കാര്യം. അതാണല്ലോ നമ്മൾ പറഞ്ഞു തുടങ്ങിയത്. വൈഷ്ണവ ജനതോയുടെ അർത്ഥം മാത്രമാണ് നഷ്ടപ്പെട്ടതെങ്കിൽ രഘുപതി രാഘവയുടെ വരികൾ തന്നെ എടുത്തു കളഞ്ഞും വളച്ചൊടിച്ചും അതിന്റെ നട്ടെല്ലൊടിച്ചു നമ്മുടെ മതേതരത്വം. ആ വക്രീകരിച്ച മതേതര വേർഷൻ ആണ്, റാമും റഹീമും കരീമും സമാനർ ആവുന്ന, ഈശ്വരനെന്നതും അള്ളാഹുവെന്നതും അവന്റെ തന്നെ പേരാകുന്ന, സർവ മത പ്രാർത്ഥന പോലെ തോന്നിക്കുന്ന ഏക ദൈവ സ്തുതി ഗീതം. യഥാർത്ഥത്തിൽ, ഭക്ത കവി ലക്ഷ്മണാചര്യ രചിച്ച ശ്രീ നാമ രാമായണത്തിന്റെ ഭാഗമാണ് രഘുപതി രാഘവ എന്ന ഭജൻ. ഏഴ് അദ്ധ്യായങ്ങളിലായി 108 ശ്ലോകങ്ങളിലൂടെ നാമങ്ങളായി വിവരിക്കുന്ന രാമ കഥയാണ് ശ്രീ നാമ രാമായണം. അതിലെ ‘രാം ധൂൻ’ എന്നറിയപ്പെടുന്ന ഭാഗമാണ് രഘുപതി ഭജൻ.

അതിനെയാണ് 1930ൽ നടത്തിയ 240 മൈൽ ദണ്ഡി യാത്രയിൽ അണികൾക്ക് ആലപിക്കാനായി ഗാന്ധി മതേതരമാക്കിയത്. പിന്നീടതിന് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിഷ്ണു ദിഗംബർ പുലിസ്‌കർ ഈണം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം ഐക്യം വളർത്താനായി ക്ഷേത്രങ്ങളിൽ നിർബന്ധമായും ഈ ഭജൻ ആലപിക്കണമെന്ന് ആഹ്വാനം ചെയ്ത ഗാന്ധി തന്നെ പള്ളികളിൽ പക്ഷെ അത് ആലപിക്കേണ്ടതില്ല എന്ന നിലപാടെടുത്തു എന്നത് മറ്റൊരു മതേതര കൗതുകമാണ്. വെട്ടി തിരുത്തിയിട്ട് പോലും അവശേഷിച്ച രഘുപതിയും രാഘവയും രാമും സീതയും ഒക്കെ ശിർക് ആയത് കൊണ്ട് അവ ചൊല്ലാൻ നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് പ്രയാസം ഉണ്ടാവും എന്നാ മഹാത്മാവ് തിരിച്ചറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. എന്തൊരു കരുതൽ ആണല്ലേ ആ മനുഷ്യന്? അങ്ങനെ രാം ധൂൻ സർവ്വ മത പ്രാർത്ഥനയായി.

യഥാർത്ഥ പാഠം വിസ്‌മൃതം ആവുകയും മതേതര പാഠാന്തരം പ്രചാരത്തിൽ ആവുകയും ചെയ്തു. 1942ൽ ഇറങ്ങിയ ഭാരത് മിലാപിൽ മുതൽ ഏറ്റവുമൊടുക്കം 2006ൽ ഇറങ്ങിയ ലഗേ രഹോ മുന്നാഭായിൽ വരെ നമ്മൾ കേട്ടത് ആ പാഠാന്തരം ആണ്. ഇപ്പോൾ രഘുപതി രാഘവ അറിയുമോ എന്ന് ചോദിച്ചാൽ ഈശ്വർ അല്ലാഹ് തേരേ നാം എന്നാണ് ഈ നാട് കോറസായി പാടുക. പക്ഷെ, അത് മാറാൻ പോവുകയാണ്. കാരണം രാം ധൂനിന്റെ ഒറിജിനൽ വേർഷൻ പ്രചാരത്തിലേക്ക് മടങ്ങി വരികയാണ്. അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം രാം ലല്ല തന്നെ അയോധ്യയിലേക്ക് മടങ്ങി വരുമ്പോൾ മറവിയിലേക്ക് വീണു പോയ രാം ഭജനകൾക്കും തിരിച്ചു വരാതെ വയ്യല്ലോ.അങ്ങനെ ഒരു നൂറ്റാണ്ടോളം നമ്മുടെ മതേതരത്വം ഒളിച്ചു വെച്ച ലക്ഷ്മണാചര്യയുടെ ശ്രീ നാമ രാമായണത്തിലെ യഥാർത്ഥ വരികൾ ജന മനസ്സുകളിലേക്ക് തിരിച്ചെത്തുകയാണ്.

ENGLISH

Raghupati Raghava Rajaram Patita Paavana Sitaram

Sundara Vigraha Meghashyam Ganga Tulasi Salagram

Bhadra Girishwara Sitaram Bhagat Janapriya Sitaram

Janaki Ramana Sitaram Jaya Jaya Raghava Sitaram

MALAYALAM

രഘുപതി രാഘവ രാജാറാം.. പതീത പാവന സീതാറാം..

സുന്ദര വിഗ്രഹ മേഘശ്യാം.. ഗംഗാ തുളസി സാളഗ്രാം..

ഭദ്ര ഗിരീശ്വര സീതാറാം.. ഭഗത് ജനപ്രിയ സീതാറാം..

ജാനകി രമണാ സീതാറാം.. ജയ ജയ രാഘവ സീതാറാം..”

हिंदी

रघुपति राघव राजाराम पतित पावन सीताराम ॥

सुंदर विग्रह मेघश्याम गंगा तुलसी शालग्राम ॥

भद्रगिरीश्वर सीताराम भगत-जनप्रिय सीताराम ॥

जानकीरमणा सीताराम जयजय राघव सीताराम ॥

No comments:

Post a Comment