ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 09

ഉപനിഷത്ത് കഥകൾ

ഭാഗം 09

ആത്മജ്ഞാനം

പ്രജകളുടെ സ്രഷ്ടാവായ പ്രജാപതി ഒരു ദിവസം ദേവന്മാരെയും അസുരന്മാരെയും വിളിച്ചുവരുത്തി ഇപ്രകാരം ഉപദേശിച്ചു: “പാപക്കറ പുരളാത്തതും ജരയും മരണവും ഇല്ലാത്തതും ശോകമോഹാദികൾ ഏൽക്കാത്തതുമായ ആത്മാവിനെ നിങ്ങൾ അന്വേഷിച്ചറിയുക! ആ ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നവന് സർവ്വലോകങ്ങളെയും ആഗ്രഹങ്ങളെയും എളുപ്പം പ്രാപിക്കാൻ കഴിയും.” ഉപദേശം കേട്ടപ്പോൾ ദേവന്മാരിൽ ഇന്ദ്രനും അസുരന്മാരിൽ വിരോചനനും പരസ്പരം അറിയിക്കാതെയും സ്നേഹം കാണിക്കാതെയും അന്വേഷണത്തിന് പുറപ്പെട്ടു. ത്രലോക്യാധിപത്യത്തെക്കാൾ ഗൗരവമുള്ളതാണ് കാര്യം. ജ്ഞാനഫലം തങ്ങൾക്ക് പൂർണ്ണമായും ലഭിക്കണം. അതു കൊണ്ട് അന്യോന്യം രഹസ്യങ്ങളൊന്നും അറിയാതിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ദ്രവിരോചനന്മാർ മുമ്പ് പരസ്പരം ഈഷയുള്ളവരായിരുന്നുവെങ്കിലും വിദ്യാപ്രാപ്തി അതീവ ഗൗരവമുള്ളതാകയാൽ അവർ സ്നേഹപൂർവ്വം മുപ്പത്തിരണ്ടു വർഷക്കാലം ബ്രഹ്മചര്യവ്രതത്തോടെ ബ്രഹ്മപുരിയിൽ വസിച്ചു. വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം അവരോട് പ്രജാപതി പറഞ്ഞു: “കണ്ണുകൊണ്ടു കാണുന്ന പുരുഷൻ തന്നെയാണ് ആത്മാവ് അതുതന്നെയാണ് ബ്രഹ്മവും.” അപ്പോൾ അവർക്ക് സംശയം തോന്നി. അവർ ചോദിച്ചു: “അപ്പോൾ കണ്ണാടിയിലും ജലത്തിലും കാണുന്നതോ?"

“രണ്ടും ഒന്നുതന്നെയാണ്.'' പ്രജാപതി പറഞ്ഞു. അനന്തരം പ്രജാപതി തുടർന്നു: “നിങ്ങൾ ജലപാത്രത്തിൽ നോക്കി ആത്മാവിനെ സംബന്ധിച്ച് എന്താണ് മനസ്സിലാകാത്തത് എന്ന് എന്നോടു പറയൂ.” രണ്ടുപേർക്കും ഒരു സംശയവും ഉണ്ടായില്ല. അവർ വെള്ളത്തിൽ കാണുന്ന മായാത്മാവുതന്നെയാണ് സത്യാത്മാവെന്ന് വിശ്വസിച്ചുപോലും! പക്ഷേ, സത്യം മനസ്സിലാക്കാൻ കഴിയാത്ത ശിഷ്യന്മാരെ ഉപേക്ഷിക്കാൻ പാടില്ലെന്നു കരുതി പ്രജാപതി വീണ്ടും ചോദിച്ചു. “നിങ്ങൾ എന്തു കാണുന്നു?” അതിന് അവർ മുടിയും താടിയും നഖവുമുള്ള സ്വപ്രതിരൂപംതന്നെയാകുന്ന ആത്മാവിനെ കാണുന്നുവെന്ന് ഛായാത്മാവിനെ നോക്കി പറഞ്ഞു. അതു കേട്ടപ്പോൾ പ്രജാപതി പറഞ്ഞു: “മുടി വെട്ടി നല്ല വസ്ത്രങ്ങൾ ധരിച്ച് അലങ്കരിച്ചുവന്ന് ജലം നിറച്ച പാത്രത്തിൽ നോക്കാൻ ഉപദേശിച്ചു.'' അവർ പറഞ്ഞ പ്രകാരം പ്രവർത്തിച്ച് ജലപാത്രത്തിൽ നോക്കി. “ഇപ്പോൾ നിങ്ങൾ എന്തുകാണുന്നു?” പ്രജാപതി ആരാഞ്ഞു. ഛായാത്മാവാണ് യഥാർത്ഥത്തിലുള്ള ആത്മാവെന്നുള്ള അവരുടെ തെറ്റിദ്ധാരണ നീക്കാനാണ് പ്രജാപതി അലങ്കാരങ്ങളും വസ്ത്രങ്ങളും മറ്റും അണിഞ്ഞ് വെള്ളത്തിലേക്കു നോക്കാൻ പറഞ്ഞത്. അപ്പോൾ പുതിയ അലങ്കാരങ്ങളും മറ്റും കാണുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി അതിൽ നിന്ന് അവരുടെ തെറ്റിദ്ധാരണ നീങ്ങിയിട്ടില്ലെന്ന സത്യം പ്രജാപതി തിരിച്ചറിഞ്ഞു. അവരുടെ മനസ്സും ശുദ്ധമല്ലെന്നും യഥാർത്ഥ തത്ത്വം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രജാപതിക്ക് മനസ്സിലായി. അദ്ദേഹം അവർക്ക് സത്യബോധം താമസിയാതെ ഉണ്ടാകാൻ അനുഗ്രഹിച്ചുകൊണ്ട് അവരെ പോകാൻ അനുവദിച്ചു. പക്ഷേ, അവർ അപ്പോഴും മിഥ്യാ ബോധത്തിൽ തന്നെ കൃതാർത്ഥരായി സ്വഗൃഹങ്ങളിലേക്ക് മടങ്ങി പോയി.

അപ്പോൾ ഇന്ദ്രവിരോചനന്മാരെ നോക്കി പ്രജാപതി പറഞ്ഞു: “പാവം! വിഡ്ഢികൾ ആത്മജ്ഞാനം നേടാൻ കഴിയാത്ത ഇവർ ദേവനായാലും അസുരനായാലും എന്തു കാര്യം? ഇവർ ആത്മവിദ്യ ഇവരുടെ അനുയായികൾക്ക് എങ്ങനെ ഉപദേശിക്കും?'' വിരോചനന് യാതൊരു സംശയവും ഉണ്ടായില്ല. അയാൾ അസുരന്മാരുടെ അടുത്തുചെന്ന് അവർക്ക് ഉപദേശം നൽകി. അന്നു മുതൽ അവർ ദേഹാത്മബോധത്തിൽ ദൃഢവിശ്വാസികളായിത്തീർന്നു. അവർ മരിച്ചവന്റെ ശരീരത്തെ ആഡംബരപൂർവ്വം സംസ്കരിക്കുന്നതുകൊണ്ട് സുഖങ്ങളെല്ലാം അനുഭവിക്കാൻ കഴിയുമെന്ന് വിശ്വസിച്ചു. തൻമൂലം അസുരന്മാർ ശവസംസ്കാരകർമ്മം കേമമായി ആഘോഷിക്കാൻ തുടങ്ങി. പക്ഷേ, ഇന്ദ്രൻ സത്വഗുണസമ്പന്നനായതിനാൽ ദേവന്മാരുടെ അടുത്തെത്തുന്നതിനു മുമ്പുതന്നെ തിരിച്ചു പോന്നു.'' “എന്താ തിരിച്ചുപോന്നത്?'' പ്രജാപതി ചോദിച്ചു. പ്രജാപതിക്ക് കാര്യമറിയാമായിരുന്നുവെങ്കിലും അത് ഇന്ദ്രനിൽനിന്നുതന്നെ കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ഇന്ദ്രന്റെ മറുപടിയിൽ പ്രജാപതി പറഞ്ഞപ്രകാരമുള്ള ഗുണങ്ങളൊന്നും അവിടെ കണ്ടില്ല. അതു കൊണ്ട് ശരിയായ ആത്മതത്ത്വം ഉപദേശിച്ചുതരാൻ ഇന്ദ്രൻ പ്രജാപതിയോട് അപേക്ഷിച്ചു. അപ്പോൾ വീണ്ടും മുപ്പത്തിരണ്ടു കൊല്ലം ബ്രഹ്മചര്യവതത്തോടെ ഇവിടെ താമസിക്കാൻ പ്രജാപതി പറഞ്ഞു. അതു പ്രകാരം ഇന്ദ്രൻ മുപ്പത്തിരണ്ട് വർഷം അവിടെ പാർത്തു. അതിനുശേഷം പ്രജാപതി അവന് വീണ്ടും ആത്മതത്ത്വം ഉപദേശിച്ചു. എന്നിട്ടും ഇന്ദ്രന് ഒന്നും മനസ്സിലായില്ല. അപ്പോൾ വീണ്ടും മുപ്പത്തിരണ്ടു വർഷംകൂടി ഇവിടെ ബ്രഹ്മചര്യം അനുഷ്ഠിച്ച് ജീവിക്കാൻ പ്രജാപതി പറഞ്ഞു..

എന്നിട്ടും ഇന്ദ്രന്റെ സംശയം തീർന്നില്ല. അപ്പോൾ അഞ്ചു വർഷം കൂടി താമസം നീട്ടി. അങ്ങനെ പ്രജാപതിയുടെ ലോകത്ത് ഇന്ദ്രൻ 101 വർഷം പൂർത്തിയാക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലയോ ഇന്ദ്ര, ഈ ശരീരം മരണത്തിന് വിധേയമായതും അമർത്യമായ ആത്മാവിന്റെ ഇരിപ്പിടവുമാകുന്നു. നശ്വരമായ ഈ ശരീരത്തിൽ അഭിമാനമുള്ള കാലത്ത് ഒരിക്കലും തൃപ്തിയോ ആനന്ദമോ ഉണ്ടാകില്ല. ശരീരമുള്ളവന് എപ്പോഴും ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകും. എന്നാൽ ആത്മാവിന് അതില്ല. അതുകൊണ്ട് വിഷയവിരക്തനായി ദേഹാഭിമാനത്തിൽനിന്ന് നിവർത്തിക്കുകയാണു വേണ്ടത്. വായു, മേഘം, ഇടി, മിന്നൽ മുതലായവ ശരീരമില്ലാത്തവയാകുന്നു. എന്നാൽ ഇവ സൂര്യതേജസ്സേറ്റ് ചിലപ്പോൾ രൂപം ധരിക്കുന്നു. ആത്മാവും അപ്രകാരമാണ്. അതാണ് ഉത്തമ പുരുഷൻ. അദ്ദേഹമാണ് എല്ലാം നയിക്കുന്നത്. പ്രാണൻ വെറും സാരഥിമാത്രം.'' ഇന്ദ്രൻ പ്രജാപതിയിൽ നിന്ന് ആത്മതത്ത്വം മനസ്സിലാക്കി അത് മറ്റു ദേവന്മാർക്ക് ഉപദേശിച്ചു. അതിനാൽ സർവ്വാത്മഭാവം പ്രാപിച്ച് അവർക്ക് എല്ലാ സുഖഭോഗങ്ങളും സ്വാധീനങ്ങളായിത്തീർന്നു. അതിനുവേണ്ടിയാണ് ഇന്ദ്രൻ നൂറ്റിഒന്ന് വർഷം പ്രജാപതിയുടെ അടുത്തു വസിച്ചത്. അതിന്റെ ഫലം ദേവന്മാർക്ക് ലഭിക്കുകയും ചെയ്തു. ദേവന്മാരെപ്പോലെ മനുഷ്യർക്കും അതിനു കഴിയും. ആത്മ ജ്ഞാനവും അതിന്റെ ഫലപ്രാപ്തിയും എല്ലാവർക്കും തുല്യമാണ്.

തുടരും...

No comments:

Post a Comment